മലയാളം ഇ മാഗസിൻ.കോം

ഇത്‌ പ്രതികാരം: സുകുമാരനോട്‌ ഒരിക്കൽ മലയാള സിനിമ ചെയ്തതിനോടുള്ള മധുര പ്രതികാരം ഇങ്ങനെ വീട്ടിക്കോണ്ടിരിക്കുന്നു!

സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നതിനിടയിലാണ് സുകുമാരൻ എന്ന ചെറുപ്പക്കാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ ഒരു ക്ഷണം വന്നത്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും മലയാളികൾക്ക് സുകുമാരൻ എന്ന നടൻ പ്രീയപ്പെട്ടവനായി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. കാലം എത്ര കഴിഞ്ഞാലും മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല സുകുമാരൻ എന്ന കലാകാരനെ. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നതുകൊണ്ട് നിഷേധിയെന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു കൊണ്ടേയിരുന്നു.

അതുകൊണ്ട് തന്നെ സിനിമാ ജീവിതത്തിൽ പലപ്പോഴും അദ്ദേഹത്തിന് സിനിമാ സംഘടനകളുമായി പിണങ്ങേണ്ടി വന്നുകൊണ്ടേയിരുന്നു. അങ്ങിനെ ഒരു പിണക്കം സംഘടനക്കാരുമായി ഉണ്ടായപ്പോൾ ഒക്കെയും പല സിനിമകളിലും സുകുമാരന് വേണ്ടി മാറ്റിവെച്ച പല റോളുകളും മറ്റുപലർക്കുമായി വഴി മാറി പോവുന്നത് വേദനയോടെ അദ്ദേഹം നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ അവസരങ്ങൾ കൈവിട്ടുപോയ ഒരു സന്ദർഭത്തിൽ സൗഹൃദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് ഷാജികൈലാസിനോട് അദ്ദേഹം ഒരു ഡയലോഗ് പറഞ്ഞു. “അതേടോ, എന്റെ മക്കളുടെ ഡേറ്റിനായി ഒരിക്കൽ ഈ മലയാളസിനിമ കാത്തിരിക്കേണ്ടിവരും.”.

അന്ന് അത് ഒരു വലിയ തമാശ പോലെ ഷാജി കൈലസ് ഉൾപ്പെടെ പലരും ചിരിച്ച് ഉപേക്ഷിച്ചുവെങ്കിലും ആ വാക്കുകൾ അക്ഷരം പ്രതി ശരിവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാലം നമുക്ക് ഓരോരുത്തർക്കും മുൻപിൽ കാട്ടിത്തന്നത്.

കയ്യിൽ എത്തിയ അവസരങ്ങൾ പോലും കൈവിട്ടുപോയപ്പോൾ സുകുമാരൻ എന്ന ആ അതുല്യ കലാകാരന്റെ മനസ്സിൽ ഉണ്ടായ ആ മുറിവ് ആയിരിക്കും വാക്കുകളായി പുറത്തേക്ക് വന്നത്. തന്റെ മക്കളിൽ ആ അച്ഛന് തോന്നിയ ആ ആത്മവിശ്വാസം ആയിരിക്കും ആ അച്ഛനെകൊണ്ട് അത് പറയിപ്പിച്ചത്. കാലങ്ങൾക്കിപ്പുറം പ്രിത്വിരാജ് സുകുമാരൻ “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയിൽ പറഞ്ഞത് പോലെ വാക്കാണ് ഏറ്റവും വലിയ സത്യം.. അതേ ആ അച്ഛന്റെ അല്ല മലയാളം കണ്ട ഏറ്റവും മികച്ച നടന്റെ ആ വാക്കുകൾ തന്നെയായിരുന്നു ഏറ്റവും വലിയ സത്യം.

ആ വാക്കിന്റെ സത്യം കൊണ്ടാവും ഇന്നത്തെ മലയാള സിനിമാ ലോകത്ത് ഇളം തലമുറക്കാരിൽ ഏറെ ശ്രദ്ധേയരായ രണ്ട് താരങ്ങളായി ഇന്ദ്രജിത്തും പൃഥ്വിരാജും മാറിയത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ രണ്ട് താരങ്ങൾ എന്നും മലയാള സിനിമയില് യുവനിരയിലെ ഏറെ ശ്രദ്ധേയരായി നില്ക്കുന്ന താരങ്ങൾ വിശേഷണങ്ങൾ ഏറെയാണ് എങ്കിലും ഈ മക്കൾക്കും അഭിമാനവും ആവേശവും സുകുമാരന്റെ മക്കൾ എന്നറിയപ്പെടാൻ ആണ്.

അത് ഒരുപക്ഷേ മലയാള സിനിമാലോകം കൈവിട്ട് കളഞ്ഞ ആ അച്ഛന് വേണ്ടി അധവാ മക്കളിൽ വിശ്വാസം ആർപ്പിച്ചിരുന്ന ആ അച്ഛന് വേണ്ടി ഈ മക്കൾ മലയാള സിനിമയോട് ചെയ്യുന്ന ഒരു മധുരമുള്ള പ്രതികാരവും ആകാം.

24 വയസ്സിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും കോളിവുഡും ടോളിവുഡും ബോളിവുഡും വരെ കീഴടക്കി തുടർച്ചയായി ബോക്സ് ഓഫീസ് ഹിറ്റുകൾ മാത്രം സൃഷ്ടിച്ച് പുരസ്ക്കാരങ്ങളുടെ കൂമ്പാരവുമായി മലയാളസിനിമയുടെ കിരീടം വയ്ക്കാത്ത യുവരാജാവായി മാറിയപ്പോൾ പ്രിത്വിരാജ് സുകുമാരൻ എന്ന നടൻ മനസ്സുകൊണ്ട് എങ്കിലും അഹങ്കരിച്ചത് ഈ നേട്ടങ്ങളുടെ പേരിൽ ആകില്ല മറിച്ച് സുകുമാരൻ എന്ന അച്ഛന്റെ മകനായി ജനിക്കാൻ കഴിഞ്ഞതിലും അച്ഛന് വേണ്ടി അച്ഛന് കിട്ടാതെ പോയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതിലും ആയിരിക്കും.

ആ വാക്കുകൾ ഇന്ന് സത്യമാണ് മലയാള സിനിമ മുഴുവൻ വീട്ടുപടിക്കൽ കാവൽ നിന്നാൽ പോലും ഇനി 2020 വരെ പ്രിഥ്വിയ്ക്ക് ഡേറ്റില്ല. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ബോളിവുഡിൽ നിന്നും വരെ ഓഫറുകൾ രാജുവിനെ തേടി എത്തിക്കൊണ്ടിരിക്കുകയാണ്.

മൂത്ത മകൻ ഇന്ദ്രജിത്തും അഭിനയത്തിൽ ഒട്ടും മോശമല്ല. ചെറുതും വലുതുമായ സിനിമകളുടെ വിജയത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്ദ്രജിത്തും. വില്ലനായും നായകനായും ഹാസ്യതാരമായും അഭിനയത്തിന്റെ അത്ഭുത പ്രതിഭാസമായി നിറഞ്ഞുനിൽക്കുകയാണ് ഇന്ദ്രജിത്ത്.

ഇപ്പോഴിതാ മലയാളസിനിമയുടെ വ്യാവസായിക ലോകം മുഴുവൻ എന്നും സുകുമാരന്റെ വീട്ടുപടിക്കൽ കാവൽ നിൽക്കുകയാണ്. ഒന്നുകിൽ ചേട്ടന് വേണ്ടി അല്ലെങ്കിൽ അനിയന് വേണ്ടി കാത്തുകൊണ്ട്. ഇത് കാലം കാത്തുവച്ചിരുന്ന ഒരു പ്രതികാരത്തിന്റെ കഥയാണ്. മൗനമായി ഒരു നിശബ്ദ സാന്നിധ്യമായി എന്നും മക്കളോടൊപ്പം ഉള്ള ഒരച്ഛന്റെ വിജയത്തിന്റെ കഥ. തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുമ്പിൽ മക്കളിലൂടെ ജയിച്ച ഒരു അതുല്യ നായകന്റെ കഥ…

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor