മലയാളം ഇ മാഗസിൻ.കോം

ഏപ്രിൽ 9 വരെ ശുക്രൻ ഉച്ചരാശിയിൽ, ഈ നാളുകാർക്ക്‌ ഇപ്പോൾ നേട്ടങ്ങളുടെ കാലം ആയിരിക്കും

മീനം 2 ന് / മാര്‍ച്ച് 16 ന്, 50 നാഴിക 24 വിനാഴികയ്ക്ക് ശുക്രന്‍ കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് സംക്രമം തുടങ്ങിക്കഴിഞ്ഞു. മീനം 26 / ഏപ്രില്‍ 9 വരെ ഇത്‌ തുടരും. ഇനി ഏതാനും നാളുകൾ കൂടി.

മീനം ശുക്രന്റെ ഉച്ചരാശിയാണ്. ശുക്രനുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇത് ഈ വര്‍ഷത്തിലെ സുവര്‍ണ ദിനങ്ങളായിരിക്കും. ‘മാനസികവും ലൗകികവുമായ ആനന്ദത്തിന്റെ ദിനങ്ങള്‍ ‘ എന്ന് ശുക്രന്‍ ഉച്ചക്ഷേത്രത്തില്‍ തുടരുന്ന ദിവസങ്ങളെ നിര്‍വചിക്കുന്നതില്‍ തെറ്റില്ല. അതിന്റെ വിശദാംശങ്ങള്‍ നോക്കാo.

ശുക്രന്റെ നക്ഷത്രങ്ങള്‍ ഭരണി, പൂരം, പൂരാടം എന്നിവയാണ്. ശുക്രന്റെ രാശികള്‍ ഇടവം, തുലാം എന്നിവയും. ഈ മൂന്ന് നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും ഇടവം, തുലാം എന്നീ രാശികള്‍ കൂറോ ലഗ്‌നമോ ആയിട്ടുള്ളവര്‍ക്കും മെച്ചപ്പെട്ട ദിവസങ്ങളായിരിക്കും ശുക്രന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന 25 ദിവസങ്ങള്‍! അവരുടെ സാമ്പത്തിക പിരിമുറുക്കത്തിന് അയവ് വരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ നല്ല തീരുമാനം ഉണ്ടാകും. കര്‍മ്മരംഗം ഉണരും. കൂടാതെ ശുക്രദശ, ശുക്ര അപഹാരം, ശുക്ര ഛിദ്രം എന്നിവയിലൂടെ കടന്നുപോകുന്നവര്‍ക്കും സമുന്നത ഫലങ്ങള്‍ പ്രതീക്ഷിക്കാം. അവരുടെ മനസ്സിന്റെ മങ്ങല്‍ മാറിക്കിട്ടും. ആത്മവിശ്വാസം വര്‍ദ്ധിക്കും. ധനപരമായി അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കും.

കന്നിക്കൂറ് കന്നിലഗ്‌നം, മിഥുനക്കൂറ്/ മിഥുനലഗ്‌നം എന്നിവയില്‍ ജനിച്ചവര്‍ക്കും ഭാഗിക നേട്ടങ്ങള്‍ വന്നെത്തും. അടഞ്ഞു പോയിരുന്ന അവസരങ്ങള്‍ തുറന്നു കിട്ടും. ഭാഗ്യവാനാണ് / ഭാഗ്യവതിയാണ് എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ ഉദയം ചെയ്യാം.

മകരം, കുംഭം രാശികളില്‍/ ലഗ്‌നങ്ങളില്‍ ജനിച്ചവര്‍ക്ക് ശുക്രന്‍ യോഗകാരകഗ്രഹമാണ് അതിനാല്‍ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നവരില്‍ അവരും പ്രഥമ ഗണനീയരാണ്. ആട്ടിപ്പുറത്താക്കിയവര്‍ തന്നെ അനുനയിപ്പിച്ച് കൂടെ കൂട്ടും. വൃശ്ചികരാശി കൂറോ ലഗ്‌നമോ ആയിട്ടുള്ളവര്‍ക്ക് വിവാഹതടസ്സം നീങ്ങും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സ്‌നേഹോഷ്മളമായിത്തീരും. കാരണം അവരുടെ ഏഴാം ഭാവാധിപനാണല്ലോ ഉച്ചാവസ്ഥയില്‍ എത്തിയിരിക്കുന്നത്. മേടക്കൂറുകാര്‍ക്ക് നല്ല കാര്യങ്ങള്‍ക്ക് ചെല വേര്‍പ്പെടും. ( വാഹനം വാങ്ങാനോ ആഭരണം വാങ്ങാനോ മക്കളുടെ പഠന – വിവാഹാദികള്‍ക്കോ ഒക്കെയായി ) കര്‍ക്കിടകക്കൂറുകാര്‍ക്ക് ഭാഗ്യവര്‍ദ്ധന, ദേവീ ക്ഷേത്ര ദര്‍ശനം, ഗുരു ജനപ്രീതി എന്നിവ ഭവിക്കും. പൈതൃക സ്വത്തിന്മേലുള്ള തര്‍ക്കങ്ങള്‍ക്കും തീര്‍പ്പുവരാം.

ചിങ്ങക്കൂറുകാര്‍ക്ക് സഹോദരരില്‍ നിന്നും പിന്തുണയും സഹായവും കിട്ടും. ചികിത്സ ഫലപ്രദമാവും. മീനക്കൂറുകാര്‍ക്ക് ആഢംബര ജീവിതം, പ്രണയസാഫല്യം , കലാ പരമായ പ്രശസ്തി എന്നിവ അനുഭവത്തില്‍ വരാം. ധനുക്കൂറുകാര്‍ക്ക് വീട് വാങ്ങാനോ / പുതുക്കിപ്പണിയാനോ / വാഹനം വാങ്ങാനോ ഉള്ള ആലോചനകള്‍ ലക്ഷ്യത്തിലെത്തും.

ശുക്രന്‍ കലകളുടെ കാരകനാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള കലാപരമായ വാസനകളും സിദ്ധികളുമുള്ളവര്‍ക്ക് അത് പ്രദര്‍ശിപ്പിക്കാനും അംഗീകാരം നേടാനുമാവും. ശുക്രനെ ഒരു സ്ത്രീഗ്രഹമായി കരുതുന്നു. അതിനാല്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആദരണീയത ഏറുന്ന കാലമാവും. സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടും. പൊതുവേ ശുക്രന്‍ ഉച്ചത്തില്‍ വരുമ്പോള്‍ മനുഷ്യന്‍ ആഢംബരങ്ങളുടെ പിറകേ പോകുന്നതായി കണ്ടുവരുന്നു. ദാരിദ്ര്യം പറയുന്നവര്‍ പോലും അത്ര അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി പണം വാരിക്കോരി ചെലവഴിക്കുന്നത് കാണാനാകും. കൂടാതെ പലര്‍ക്കും മുടങ്ങിക്കിടന്ന വിദേശ യാത്രകള്‍ക്ക് അവസരം ലഭിക്കും. സ്വര്‍ണ വിപണി സജീവമാകുന്ന കാലമായിരിക്കും. പ്രണയബന്ധങ്ങള്‍ക്ക് ശുഭപര്യവസാനമുണ്ടാകും. വിവാഹ നിശ്ചയം/ വിവാഹങ്ങള്‍ കൂടും. ആര്‍ഭാടം / പണക്കൊഴുപ്പ് ഏറും.

എന്നാല്‍ ഇതെല്ലാം കാര്യങ്ങളുടെ ഒരുവശം മാത്രമാണ്. കുംഭം 10 / ഫെബ്രുവരി 22 മുതല്‍ മേടം 9 / ഏപ്രില്‍ 22വരെ ഏതാണ്ട് രണ്ടു മാസക്കാലം ശുക്രന്‍ മൗഢ്യത്തിലാണ്. സൂര്യ സാമീപ്യം കൊണ്ടാണ് ഗ്രഹങ്ങള്‍ക്ക് മൗഢ്യം വരുന്നത്. മൂഢത, ബലക്ഷയം, മരണ തുല്യമായ അവസ്ഥ എന്നൊക്കെയാണ് ജ്യോതിഷഗ്രന്ഥങ്ങളില്‍ ഗ്രഹമൗഢ്യം വിവരിക്കപ്പെടുന്നത്. ശുക്രന്‍ ഉച്ചത്തിലായിരിക്കുന്ന ദിവസങ്ങളിലെല്ലാം തന്നെ മൗഢ്യത്തിലുമാണ്. ആകയാല്‍ ഉച്ചത്തിലിരിക്കുന്ന ഒരു ഗ്രഹം നല്‍കേണ്ട നന്മകളും ശ്രേയസ്സും ഒന്നും നല്‍കാന്‍ ശുക്രന് കഴിഞ്ഞെന്നുവരില്ല. യുദ്ധം ജയിച്ചിട്ടും തനിക്ക് എല്ലാം നഷ്ടപ്പെട്ടല്ലോ എന്ന് വിലപിക്കുന്ന ധര്‍മ്മപുത്രരെ മഹാഭാരതത്തില്‍ കാണാം. ഏതാണ്ട് അത്തരം തോന്നലാവും ( പൂര്‍ണമായിട്ടല്ലെങ്കില്‍ തന്നെയും ) ബാക്കിയാവുക. ഇത് നേട്ടമാണോ കോട്ടമാണോ എന്ന അന്ധാളിപ്പും സന്ദിഗ്ദ്ധതയുമാവും ശേഷിക്കുക … അതിനാല്‍ ഓരോതീരുമാനവും അത്യന്തം ശ്രദ്ധാപൂര്‍വം വേണം കൈക്കൊള്ളുവാന്‍. ഓരോ ചില്ലിയും ശരിയായ മൂല്യം ഉള്‍ക്കൊണ്ടു വേണം ചെലവഴിക്കാനും.

ശുക്രപ്രീതിക്ക് വെള്ളിയാഴ്ച വ്രതം, ദേവീ ക്ഷേത്ര ദര്‍ശനം, ഭാഗ്യസൂക്തമോ ശ്രീ സൂക്തമോ കൊണ്ടുള്ള പുഷ്പാഞ്ജലി എന്നിവ ഉത്തമം. മഹാലക്ഷ്മി/ അന്നപൂര്‍ണാ/ ഭുവനേശ്വരി സൗമ്യസ്വരൂപിണികളായ അമ്മദൈവങ്ങള്‍ എന്നിവരെ പ്രാര്‍ത്ഥിക്കുന്നത് സന്താപനാശത്തിനും സന്തോഷസിദ്ധിക്കും കാരണമാകുന്നതാണ്.

സ്‌നേഹാദരങ്ങളോടെ, എസ്. ശ്രീനിവാസ് അയ്യര്‍, മൊബൈൽ: 9846023343, അവനി പബ്‌ളിക്കേഷന്‍സ്

Avatar

Staff Reporter