എല്ലാവരെയും പോലെ തന്നെ കോവിഡും ലോക്ക്ഡൗണും വന്നപ്പോൾ പകച്ചു നിന്നു പോയവരാണ് കൊല്ലം പടിഞ്ഞാറേകല്ലട കണത്താർകുന്നം സ്വദേശി ഷാനവാസും ഭാര്യ മുബീനയും. കോവിഡ് അടച്ചിടൽ കാരണം മെത്തക്കച്ചവടക്കാരനായ ഷാനവാസിന് നഷ്ടമായത് തൊഴിലും ഒപ്പം വരുമാനവും. പക്ഷെ പ്രതീക്ഷ കൈവിടാൻ ഷാനവാസും മുബീനയും ഒരുക്കമായിരുന്നില്ല. അങ്ങനെയാണ് സധൈര്യം മുന്നോട്ട് പോകാൻ തീരുമാനിച്ചത്. വീട്ടിൽ സ്വന്തമായി കുറച്ച് പൂച്ചകളെ വളർത്തുന്നുണ്ടായിരുന്നു ഇരുവരും. അങ്ങനെ അതൊന്ന് വിപുലീകരിച്ചാലോ എന്ന ചിന്തയിൽ നിന്നാണ് അല്ലൂസ് പെറ്റ് ഷോപ്പ് എന്ന ആശയത്തിലേക്ക് എത്തിയത്.
വിവിധ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചകളായിരുന്നു ഷാനവാസിന്റെ വീട്ടിൽ ഉണ്ടായിരുന്നത്. അവയുടെ കുട്ടികളും പിന്നെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന പ്രാവുകളും ഒപ്പം കുറച്ച് മത്സ്യങ്ങളുമായിട്ടാണ് ഷാനവാസ് പെറ്റ് ഷോപ്പ് ആരംഭിക്കുന്നത്. പിന്നീട് പതിയെ പതിയെ വിവിധ തരം അരുമ പക്ഷികളും വളർത്തു നായകളും വിവിധ ഇനത്തിൽപ്പെട്ട അലങ്കാര കോഴികളും പല ഇനത്തിലുള്ള മുയലുകളും അരയന്നത്തിന് സമാനമായ വാത്തകളും എന്തിന് ഇഗ്വാനയും മക്കാവുവും വരെ ഇപ്പോൾ ഇവരുടെ കളക്ഷനിൽ ഉണ്ട്. ഒരു പക്ഷെ ഇത്രയധികം അരുമകളെ ഒരു കുടക്കീഴിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന അപൂർവ്വം പെറ്റ് ഷോപ്പുകളിൽ ഒരെണ്ണമായിരിക്കും കാരാളിമുക്കിന് സമീപമുള്ള ഈ അല്ലൂസ് പെറ്റ് ഷോപ്പ്. ഷാനവാസും ഭാര്യ മുബീനയും തന്നെയാണ് ഇവിടുത്തെ നടത്തിപ്പുകാരും. കൊല്ലം ജില്ലയുടെ മാത്രമല്ല സമീപ ജില്ലകളിൽ നിന്നു പോലും പെറ്റ് സ്നേഹികൾ ഇവിടെ വന്ന് അവർക്ക് ഇഷ്ടമുള്ള അരുമകളെ വാങ്ങിക്കോണ്ട് പോകാറുണ്ട്. തൊഴിൽ നഷ്ടമായെങ്കിലും ഇതുപോലെ ഒരു സംരംഭം തുടങ്ങാനായതും അത് വിജയകരമായി നടത്തിക്കൊണ്ട് പോകാൻ സാധിച്ചതും പുതിയ പ്രതീക്ഷകളാണ് ഇരുവർക്കും നൽകിയിരിക്കുന്നത്.
ഏതൊരു സംരംഭത്തിന്റെയും വിജയം എന്നത് അമിതമായി ലാഭം കൊയ്യലല്ല എന്നതാണ് ഷാനവാസിന്റെ പക്ഷം. അതുകൊണ്ട് തന്നെ ഇവിടെ നിന്നും ഏറ്റവും വിലക്കുറവിൽ അരുമകളെ വാങ്ങാം. ഒരുപക്ഷെ 3000 – 4000 രൂപയ്ക്ക് പേർഷ്യൻ പൂച്ചകളെ വാങ്ങാൻ മറ്റൊരിടത്തു നിന്നും സാധിക്കില്ലെന്ന് ഷാനവാസ് പറയുന്നു. അതുപോലെ തന്നെയാണ് പ്രാവുകളുടെയും നായ്ക്കളുടെയും കാര്യം. ഇനി അഥവാ ഇവയൊന്നും വിറ്റു പോയില്ലെങ്കിലും വളരുന്തോറും വില കൂടുന്നവയാണ് അരുമകൾ എല്ലാം.
അരുമകളുടെ വിൽപന മാത്രമല്ല ഇവിടെ. അവയ്ക്കുള്ള കൂടുകളും തീറ്റകളും ഉൾപ്പടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കൽ വരുന്നവർ വീണ്ടും വീണ്ടും ഷോപ്പിലേക്ക് വരികയും പുതിയ അരുമകളെ വാങ്ങുകയും ചെയ്യാറുണ്ടെന്ന് ഷാനവാസ് പറഞ്ഞു. അതിനുള്ള മറ്റൊരു കാരണം ആര് എന്ത് ആവശ്യത്തിനു വന്നാലും അത് കൊടുക്കാൻ സാധിക്കും എന്നതു തന്നെ. 20 രൂപ മുതൽ 100 രൂപ വരെ വിലയുള്ള വിവിധ ഇനങ്ങളിൽപ്പെട്ട കോഴികളുടെ മുട്ടയ്ക്ക് വരെ ഇവിടെ ആവശ്യക്കാരുണ്ട്. തന്നെയുമല്ല പെറ്റ് ഷോപ്പ് സംരംഭം വലിയ കഠിനാധ്വാനം വേണ്ട ബിസിനസ് അല്ലെന്ന് മാത്രമല്ല രാവിലെ 2 മണിക്കൂർ സമയം മാത്രം തീറ്റ കൊടുക്കാനും കൂടു വൃത്തിയാക്കാനും ചെലവഴിച്ച ശേഷം ബാക്കി സമയം കസ്റ്റമേഴ്സ് വരുമ്പോൾ അവർക്കൊപ്പം ചെലവഴിക്കാം.
മഹാമാരി കവർന്നെടുന്ന നാളുകൾക്ക് ശേഷം നാട് പുതിയ പ്രതീക്ഷയിലാണ്. 2022ൽ ഏറ്റവും തിളങ്ങാൻ പോകുന്ന സംരംഭങ്ങളിലൊന്ന് പെറ്റ് ബിസിനസ് ആണെന്ന് സാമ്പത്തിക – ബിസിനസ് വിദഗ്ദർ ഇതിനോടകം നിരീക്ഷിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ഷാനവാസിനും മുബീനയ്ക്കും. പെറ്റ് ഷോപ്പ് തുടങ്ങാൻ വളരെ വലിയ മുടക്കുമുതലോ സ്ഥലസൗകര്യങ്ങളോ ആവശ്യമില്ലെന്ന് ഇവരുടെ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ ഏതൊരാൾക്കും മനസിലാകും. ഇതിന്റെ ബിസിനസ് – വരുമാന സാധ്യതകളും ഇരുവരും നമുക്കൊപ്പം പങ്കു വച്ചു. അതുകൊണ്ട് തന്നെ തങ്ങളുടെ സംരംഭത്തെ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. കുതിരയും അപൂർവ്വ വിദേശയിനം അരുമകളെയുമൊക്കെ പെറ്റ് ഷോപ്പിൽ എത്തിച്ച് ഇതിനെ ഒരു വലിയ ഫാം ആക്കി മാറ്റണമെന്നാണ് ഇരുവരുടെയും ആഗ്രഹം. അരുമകളെ ഇത്രയധികം സ്നേഹിച്ച് അമിതലാഭം നോക്കാതെ ഷോപ്പിൽ വരുന്നവരോടെല്ലാം ക്ഷമയോടെ സംസാരിച്ച് അവർക്ക് വേണ്ടതൊക്കെയും ചെയ്തുകൊടുത്ത് ഒറ്റമകൻ അല്ലുവുമൊത്ത് ഇവരുടെ ലോകം ഇപ്പോൾ അതീവ സന്തോഷത്തിലാണ്. Also watch this video!