മലയാളം ഇ മാഗസിൻ.കോം

ഒരു ഉളുപ്പുമില്ലാതെ നമ്മുടെ ടെലിവിഷൻ സീരിയലുകൾ കാട്ടിക്കൂട്ടുന്ന 10 \’തട്ടിപ്പുകൾ\’, ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം!

വീട്ടമ്മമാരെ ടെലിവിഷനു മുന്നില പിടിച്ചിരുത്തുന്നതിൽ സീരിയലുകൾ വൻ വിജയമാണ് ദിനം പ്രതി കൈവരിച്ചു കൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കഥയും കഥാപാത്രങ്ങളും യഥാർത്ഥ കുടുംബജീവിതങ്ങളിൽ പോലും സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല.

\"\"

സ്ഥിരം വിഷയങ്ങളും സംഭവങ്ങളും കുത്തി നിറച്ച സീരിയലുകൾ മടുപ്പുളവാക്കുന്നില്ല എന്നത് അതിശയകരം തന്നെ. വിദേശചാനലുകളിലും സീരിയലുകൾ ഉണ്ട്, അവയൊക്കെ കഥയിലും കൈകാര്യം ചെയ്യുന്ന വിഷങ്ങളിലും വ്യത്യസ്ഥമായ സമീപനങ്ങൾ കാലാകാലങ്ങളിൽ സ്വീകരിക്കുന്നുണ്ട്, എന്നാൽ നമ്മുടെ നാട്ടിലെ സീരിയലുകൾ ഇവയൊന്നും ബാധകമല്ലാത്ത രീതിയിൽ ക്ലീഷേ വിഷങ്ങളുമായി മുന്നോട്ട് പോകുന്നു. അത്തരം സീരിയലുകളിൽ സ്ഥിരം കാണുന്ന ചില കഥാ സന്ദർഭങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. വിവാഹമോചനം നേടാതെ തന്നെ നിങ്ങൾക്ക് എത്ര വിവാഹം വേണമെങ്കിലും കഴിക്കാം.
അതെ, മിക്ക സീരിയലുകളുടെയും അവസ്ഥ ഇതാണ്. മിക്കവാറും സീരിയലുകളിലെ വിവാഹിതനായ പ്രാധാന കഥാപാത്രത്തിന് ആദ്യത്തെ ബന്ധത്തിൽ നിന്നും വിവാഹം മോചനം നേടാതെ തന്നെ മറ്റൊരു വിവാഹം കഴിക്കാം. ഈ രീതി 3-4 തവണ ആവർത്തിക്കുകയും ചെയ്യാം. ചിലപ്പോൾ സീരിയലിന്റെ പ്രൊഡ്യൂസറിന് ആ വ്യക്തിക്ക് സീരിയലിൽ ഉണ്ടായിരുന്ന എല്ലാ ഭാര്യമാരുടെയും/ഭർത്താക്കനമരുടെയും പേരുപോലും ചിലപ്പോൾ ഓർക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇത്തരം കഥാപാത്രങ്ങളിലൂടെ സീരിയൽ പടച്ചിറക്കുന്നവർ സമൂഹത്തിന് നൽകുന്ന പാഠം എന്തായിരിക്കും?

2. മിക്കവാറും കഥാപാത്രങ്ങൾ എല്ലാം പണക്കാരായിരിക്കും
ലോകത്തെ ഏറ്റവും വലിയ പണക്കാരായ ടാറ്റ, ബിർല, അംബാനി ഇവരെയൊക്കെ മാറ്റി നിർത്തിയിട്ട്, സീരിയലുകളിലെ കഥാപാത്രങ്ങളിലേയ്ക്ക് വന്നാൽ ഇവിടെ എല്ലാവർക്കും പറയാനുള്ളത് 50-100 കോടികളുടെ കണക്കുകളാണ്. ചിലപ്പോൾ ആരെയെങ്കിലും തട്ടി കൊണ്ട് പോയിട്ട് ചോദിക്കുന്ന മോചന ദ്രവ്യത്തിന്റെ രൂപത്തിൽ, അല്ലെങ്കിൽ ബ്ലാക് മെയിലിംഗിൽ നിന്ന് രക്ഷപ്പെടാൻ കൊടുക്കുന്ന തുകയുടെ രൂപത്തിൽ, അതുമല്ലെങ്കിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കൽ.., അങ്ങനെ പല സംഘർഷഭരിതമായ സംഭവവികാസങ്ങൾ കുത്തി നിറയ്ക്കുക സീരിയലുകളുടെ സ്ഥിരം ടെക്നിക്കുകളാണ്.

3. എല്ലാവരും പാതിരാത്രി പോലും വെൽ ഡ്രസ്ഡ്
നിനച്ചിരിക്കാതെ രാത്രി 3 മണിയ്ക്ക് വന്ന ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ ഞെട്ടി ഉണർന്നാലും, അല്ലെങ്കിൽ രാവിലെ സാധാരണ പോലെ ഉണർന്നാലും സീരിയലിനെ കഥാപാത്രങ്ങൾ എല്ലാം ഒരു വിവാഹ പാർട്ടിയ്ക്ക് പങ്കെടുക്കാൻ ഒരുങ്ങിയിറങ്ങിയത് പോലെയുള്ള ഗറ്റപ്പിലായിരിക്കും. ഒരിക്കലും സാധാരണ വീട്ടിലെ വേഷത്തിൽ ഒരാളെയും നമുക്ക് സീരിയലിൽ കാണാൻ കഴിയില്ല. രാവിലെ എഴുന്നേറ്റപാടെ വന്നാലും അവർ പാർട്ടി വെയറിലായിരിക്കും.

4. സീരിയലിലെ എല്ലാ കഥാപാത്രങ്ങളൂം എല്ലായിപ്പോഴും വീട്ടിൽ തന്നെ കാണും
സീരിയലിലെ കുടുംബാംഗങ്ങൾ എല്ലാവരും എല്ലായിപ്പോഴും കുടുംബത്തിൽ തന്നെ ഉണ്ടാകും. ആർക്കും ഓഫീസിലോ, സ്കൂളിലോ കോളേജിലോ ഒന്നും പോകണ്ട. പകലായാലും രാത്രിയായാലും ഇതിൽ മാറ്റമൊന്നും ഉണ്ടാകില്ല. അപരിചിതർ ആരെങ്കിലും വീട്ടിലേയ്ക്ക് കടന്നുവന്നാൽ കുടുംബാംഗങ്ങൾ എല്ലാവരും ആ വ്യക്തിയെ തുറിച്ച് നോക്കി നിൽക്കുന്ന ഒരു സീനെങ്കിലും ഇല്ലാതെ എന്ത് സീരിയൽ??? അതാണ് സീരിയലിലെ സസ്പെൻസ്.

\"\"

5. ഒരു പ്ലാസ്റ്റിക് സർജറിയിലൂടെ എല്ലാം തിരിത്തിക്കുറിക്കാൻ കഴിയും
അതെ, പ്ലാസ്റ്റിക് സർജരിയുടെ അർത്ഥം തന്നെ ടി വി സീരിയലുകൾ തിരുത്തിക്കുറിച്ചു. ഇത് പ്രത്യക്ഷമായി തന്നെ എല്ലാം മാറ്റി മറിയ്ക്കും, ചിലരുടെ ചർമ്മത്തിന്റെ നിറം മുതൽ ശബ്ദം വരെ മാറ്റിക്കളയും, എന്തിനധികം പറയുന്നു ഒരാളുടെ പൊക്കവും വണ്ണവും വരെ കുറയ്ക്കാനും കൂട്ടാനും പ്ലാസ്റ്റിക് സർജറി വഴി കഴിയുമെന്നാണ് സീരിയലുകൾ തെളിയിച്ചിരിക്കുന്നത്.

6. ഏത് ആയുധവും ഉപയോഗിക്കാൻ കഴിയും
എന്തെങ്കിലും ആപത്ഘട്ടം വന്നാൽ ടിവി സീരിയലുകളിലെ കഥാപാത്രങ്ങൾക്കെല്ലാം, തോക്ക് എടുക്കാനും, ഒരു ട്രെയിനിങ്ങും ഇല്ലാതെ, മുൻപരിചയം ഇല്ലാതെ തന്നെ വെടിവയ്ക്കാനും, കൃത്യമായി വില്ലന്റെ തലയിൽ അല്ലെങ്കിൽ നെഞ്ചിൽ ഹൃദയത്തിന്റെ ഭാഗത്ത് തന്നെ കൊള്ളിക്കാനും കഴിയും എന്നത് സീരിയലിന് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.

7. മരണത്തിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പ്
അതെ, അമരത്വം അല്ലെങ്കിൽ മരണമില്ലായ്മ എന്ന് തന്നെ പറയണം, സീരിയലുകൾ ഒരിക്കലും നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കില്ല. ഒരാൾ മരിച്ചു എന്ന് ഡോക്ടർ വിധി എഴുതിയാലും, കത്തിക്കരിഞ്ഞ് ചാമ്പലായാലും, മണ്ണിനടിയിൽ കുഴിച്ചിട്ടാലും, ഏതു നിമിഷവും അവൾ/അവൻ ഉയിർത്തെഴുന്നേറ്റ് നമുക്ക് മുന്നിൽ എത്താം. അത് എപ്പോൾ സംഭവിക്കും എന്ന പറായൻ പറ്റില്ല, അത്രയ്ക്ക് ദുരൂഹതകൾ നിറഞ്ഞതാണ് നമ്മുടെ സീരിയലുകൾ.

8. എല്ലാവരും ഒരു കൂരയ്ക്ക് കീഴിൽ തന്നെ
അതെ, അമ്മുമ്മയും, അപ്പൂപ്പനും, അമ്മയും, അച്ഛനും, മകനും, മകളും, മരുമകനും, മരുമകളും, അമ്മാവനും, അമ്മായിയും, ചിറ്റപ്പനും, ചിറ്റമ്മയും, മാമനും, മാമിയും… തുടങ്ങി എല്ലാബന്ധുമിത്രാദികളും ഒരു വീട്ടിൽ തന്നെ താമസം ഉണ്ടാകും. അങ്ങോട്ടും ഇങ്ങോട്ടും കൊല്ലാനും, കൊല്ലിക്കപ്പെടാനും, കൊല്ലിപ്പിക്കാനും സാധ്യതകൾ നിരവധി.

9. നായിക മരുമകൾ തന്നെ
സീരിയലിലെ ആദർശവതിയായ മരുമകൾക്ക് എല്ലാം അറിയാം. ചേട്ടത്തിമാരെ സന്തോഷിപ്പിക്കാൻ വീട്ടിലെ ജോലികൾ മുഴുവനും ചെയ്യുന്നവൾ, ഭർത്താവിനെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നവൾ, മക്കൾക്ക് മുന്നിൽ പാറപോലെ ഉറച്ച് നിൽക്കുന്ന ഒരു അമ്മ അങ്ങനെ എല്ലാമേഖലയിലും കരുത്ത് തെളിയിക്കുന്ന സർവ്വം സഹയായ വീട്ടിലെ മരുമകൾ ഒരു വകീൽ, ഡോക്ക്ടർ, കുറ്റാന്വേഷക, അദ്ധ്യാപിക, രാഷ്ട്രീയ നേതാവ്, അങ്ങനെ പലതും നിമിഷനേരം കൊണ്ട് ആകാൻ കഴിയുന്നവളായിരിക്കും.

10. ആയുസ്സിന്റെ കാര്യത്തിൽ ആമയെ പോലും തോൽപിക്കും ചിലർ
മുത്തശ്ശിയും, മുതു മുത്തശ്ശിയും വരെ ആയി, മക്കളുടെ മക്കളെയും അവരുടെ മക്കളെയും കണ്ട് കഴിഞ്ഞാലും മരിക്കാതെ, കൂടുതൽ ഊർജ്ജസ്വലതയോടെ, ഒരു മുടിപോലും നരയ്ക്കാതെ, ചർമ്മത്തിൽ ചുളിവ് വീഴാതെ ജീവിക്കുന്ന കഥാപാത്രങ്ങളെ നമ്മുടെ സീരിയലുകളിൽ മാത്രമേ കാണാൻ കഴിയു.

യാഥാർത്ഥ്യത്തിന് നിരക്കാത്തവയായിട്ടും സീരിയലുകൾ നമ്മുടെ നാട്ടിൽ സൂപ്പർ ഹിറ്റുകൾ. വൻ തുക മുടക്കി വൻ താര നിരയോടെ സിനിമകൾ തീയറ്ററിൽ എത്തേണ്ട താമസം പരാജയപ്പെട്ട് തകർന്നടിയുമ്പോഴും, വീട്ടിലെ ടെലിവിഷന് വിശ്രമമേ ഇല്ല. നമ്മുടെ സമൂഹം എന്തേ ഇങ്ങനെ???

Avatar

Gayathri Devi

Gayathri Devi | Executive Editor