മലയാളം ഇ മാഗസിൻ.കോം

ആഡംബര വിവാഹം ഒപ്പം ഹണിമൂൺ, അത്‌ കഴിഞ്ഞാലുടൻ ഡൈവോഴ്സ്‌: വിവാഹ തട്ടിപ്പിലൂടെ ഈ യുവതി സമ്പാദിക്കുന്നത്‌ കോടികൾ

വിവാഹതട്ടിപ്പ് വീരൻമാരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ കാണാറുണ്ട്. എന്നാൽ വിവാഹതട്ടിപ്പ് നടത്തുന്ന ഒരു യുവതിയുടെ ജീവിതത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഡൽഹിയിലാണ് സംഭവം. ഒരു കോടീശ്വരനെ വിവാഹം കഴിച്ച യുവതി ഹണിമൂൺ കഴിഞ്ഞയുടൻ വിവാഹമോചനത്തിന് കേസ് കൊടുത്തതോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ തട്ടിപ്പ് പുറത്തായത്.

നാലു മാസത്തെ പ്രണയത്തിനൊടുവിൽ, ‘എന്നെ വിവാഹം കഴിക്കുമോ’ എന്ന ആശിഷിന്‍റെ അഭ്യർഥന ഒരു മടിയും കൂടാതെ സൗമ്യ അംഗീകരിച്ചു. അവൾ ഇത് ശരിക്കും ആഗ്രഹിച്ചിരുന്നു. ആഡംബരത്തോടെ അവരുടെ വിവാഹവും കഴിഞ്ഞു. വിവാഹം കഴിഞ്ഞ നാലു മാസം കഴിഞ്ഞപ്പോൾ വിവാഹമോചനം തേടി സൗമ്യ കേസ് കൊടുക്കുന്നു. വൻതുക ജീവനാംശം ആവശ്യപ്പെട്ടാണ് സൗമ്യ കേസ് കൊടുക്കുന്നത്. സൗമ്യ മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും ആ ബന്ധം നിയമപ്രകാരം വേർപെടുത്തിയെന്നും കേസിന്‍റെ വിചാരണ തുടങ്ങിയപ്പോഴാണ് ആശിഷ് അറിയുന്നത്.

സൗമ്യയുടെ ആദ്യ വിവാഹത്തിന്‍റെയും വിവാഹമോചനത്തിന്‍റെയും കഥ ഏറെക്കുറെ സമാനമായിരുന്നു. ആരെയും മനംമയക്കുന്ന സൌന്ദര്യവും ആകർഷണത്വവുമായിരുന്നു സൗമ്യയുടെ പ്രത്യേകത. ഗ്ലാമർ നിറഞ്ഞ കോളേജ് ജീവിതത്തിനുശേഷം ഒരു ജോലിയ്ക്കുവേണ്ടി സൗമ്യ കുറേ അലഞ്ഞു. ആരെയും ആശ്രയിക്കാതെ ഡൽഹി എന്ന മഹാനഗരത്തിൽ ഒറ്റയ്ക്കായിരുന്നു അവളുടെ താമസം. ഡൽഹിക്ക് സമീപത്തുള്ള ചെറിയ പട്ടണത്തിലായിരുന്നു സൌമ്യയുടെ കുടുംബം. എന്നാൽ കുട്ടിക്കാലം മുതൽക്കേ സ്വന്തം കാലിൽനിൽക്കാൻ പ്രാപ്തി കാട്ടിയിരുന്ന അവൾക്ക് ഒറ്റയ്ക്ക് മുന്നോട്ടുപോകാനാകുമെന്ന ആത്മവിശ്വാസം കുടുംബത്തിനുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ ഒരു മൾട്ടിനാഷണൽ കമ്പനി അവൾക്ക് ജോലി നൽകുന്നു. കാംപസ് ജീവിതത്തിലെന്ന പോലെ ജോലി സ്ഥലത്തും യുവാക്കൾ അവൾക്ക് പിന്നാലെ കൂടി. എന്നാൽ സ്വപ്നത്തിലെ രാജകുമാരന് വേണ്ടി അവളുടെ കാത്തിരിപ്പ് തുടർന്നു. ഒടുവിൽ അയാളെത്തി- നിഷാന്ത്. ഒരു ബിസിനസ് കോൺഫറൻസിൽ പങ്കെടുക്കവെയാണ് ഡൽഹിയിലെ വൻ വ്യവസായ കുടുംബത്തിൽനിന്നുള്ള നിഷാന്തിനെ അവൾ ആദ്യമായി കാണുന്നത്.

ആദ്യ കാഴ്ചയിൽ തന്നെ നിഷാന്തിന് അവളോട് പ്രണയം തോന്നി. ഉടൻ തന്നെ അവൾ വിവാഹ അഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ ഒറ്റയടിക്ക് സമ്മതം മൂളിയില്ലെങ്കിലും നിഷാന്തിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തികശേഷി അറിഞ്ഞ സൗമ്യ ശരിക്കും ഞെട്ടിത്തരിച്ചു. കോടികളുടെ ആസ്തിയുള്ള നിഷാന്തിനെ കൈവിടാൻ അവൾ തയ്യാറായില്ല. വിവാഹത്തിന് മുമ്പ് പരസ്പരം മനസിലാക്കാൻ കുറച്ചുനാൾ പ്രണയിക്കാമെന്ന നിർദേശമാണ് സൗമ്യ മുന്നോട്ടുവെച്ചത്. ഇത് നിഷാന്ത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവർ ഇരുപേരും പ്രണയത്തിലായി. ഇതിനിടയിൽ സൗമ്യ ജോലി രാജിവെച്ചു. ഇടയ്ക്കിടെ നിഷാന്ത് വിവാഹക്കാര്യം എടുത്തിടും. എന്നാൽ കുറച്ചുകൂടി കഴിയട്ടെയെന്ന സ്നേഹപൂർണമായ നിർബന്ധത്തിന് അവൻ എല്ലാത്തവണയും വഴങ്ങിക്കൊണ്ടിരുന്നു. പ്രണയകാലം രണ്ടുവർഷത്തോളം പിന്നിടുന്നു. ഇക്കാലമത്രയും നിഷാന്തിന്‍റെ ചെലവിലായിരുന്നു അവളുടെ ആഡംബരപൂർണമായ ജീവിതം. ഒടുവിൽ വിവാഹത്തിന് സൗമ്യ സമ്മതം മൂളുന്നു. ആഘോഷപൂർവം ഇരുവരും വിവാഹിതരായി.

വിവാഹശേഷം ഇരുവരും ഹണിമൂണിനായി സ്വിസ്റ്റർലൻഡിലേക്ക് പറക്കുന്നു. ഹണിമൂണിന് ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ നിഷാന്ത് ബിസിനസ് തിരക്കുകളിലേക്ക് കടക്കുന്നു. എന്നാൽ വൈകാതെ ഇവരുടെ ദാമ്പത്യത്തിൽ കല്ലുകടി തുടങ്ങുന്നു. ഇവർ തമ്മിൽ വഴക്ക് പതിവായി. വീട്ടുകാര്യങ്ങളിലും തന്‍റെ കാര്യങ്ങളിലും സൗമ്യ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു നിഷാന്തിന്‍റെ പരാതി. എന്നാൽ തന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് നിഷാന്ത് ശ്രമിക്കുന്നതെന്ന സൗമ്യ പറഞ്ഞു. നിഷാന്തിന്‍റെ കുടുംബവും സൗമ്യയ്ക്കെതിരെ രംഗത്തുവന്നു. വൈകാതെ നമുക്ക് വേർപിരിയാമെന്ന നിർദേശം സൗമ്യ മുന്നോട്ടുവെക്കുന്നു.

എന്നാൽ എല്ലാ പരിഹരിച്ചു ഒരുമിച്ചു മുന്നോട്ടുപോകാമെന്നായിരുന്നു നിഷാന്ത് ആഗ്രഹിച്ചത്. പക്ഷേ സൗമ്യ വിവാഹമോചനം തേടി കേസ് നൽകുന്നു. അവൾ ആഗ്രഹിച്ചപോലെ വിവാഹമോചനം ലഭിക്കുന്നു.നിഷാന്തിന്‍റെ ജീവിതത്തിൽനിന്ന് പടിയിറങ്ങിയ സൗമ്യ പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. വൈകാതെ നിഷാന്തിനെപ്പോലെ കോടീശ്വരനായ മറ്റൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അവന്‍റെ പേര് ആശിഷ് എന്നായിരുന്നു. നാലുമാസത്തോളം നീണ്ട പ്രണയത്തിനൊടുവിൽ അവർ വിവാഹിതരായി. സൌമ്യയുടെ രണ്ടാം വിവാഹമാണ് അതെന്ന് ആശിഷ് അറിഞ്ഞിരുന്നില്ല. ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അവൾ ആശിഷിൽനിന്ന് മറച്ചുവെച്ചു.

ആശിഷ്-സൗമ്യ ദാമ്പത്യം കുറച്ചുദിവസം പിന്നിട്ടപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങി. തന്‍റെ സ്വാതന്ത്യ്രത്തിൽ ആശിഷ് കൈകടത്തുന്നുവെന്നത് തന്നെയായിരുന്നു വഴക്കുണ്ടാക്കാൻ വേണ്ടി ഇത്തവണയും അവൾ പറഞ്ഞ കാരണം. വൈകാതെ അവൾ വിവാഹമോചനക്കേസ് ഫയൽ ചെയ്തു. രണ്ടരക്കോടി രൂപ ജീവനാശം ആവശ്യപ്പെട്ടാണ് സൗമ്യ കോടതിയിൽ കേസ് കൊടുത്തത്.

ഒരു ജോലിയുമില്ലാത്ത തനിക്ക് ജീവിക്കാൻ ഇത്രയും കാശ് വേണമെന്നായിരുന്നു അവൾ കോടതിയിൽ ഉന്നയിച്ച വാദം. ദിവസങ്ങൾ നീണ്ട വിവാഹജീവിതത്തിനൊടുവിൽ ഇത്രയും വലിയ തുക ആവശ്യപ്പെട്ടതിൽ ആശിഷിന് ചില സംശയങ്ങൾ തോന്നി. അങ്ങനെ സൗമ്യയെക്കുറിച്ച് അന്വേഷിക്കാൻ അയാൾ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയെ സമീപിക്കുന്നു. ആശിഷ് സംശയിച്ചതുപോലെ സൌമ്യയുടെ ഭൂതകാല ജീവിതത്തിന്‍റെ നിഗൂഢതകൾ ഒന്നൊന്നായി ചുരുളഴിഞ്ഞു.

ആശിഷിൽനിന്ന് വേർപിരിഞ്ഞ സൗമ്യ ആഡംബര സൌകര്യത്തോടെ ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസിക്കുന്നതെന്ന് ഡിറ്റക്ടീവ് ഏജൻസി കണ്ടെത്തുന്നു. വിവാഹത്തിനുമുമ്പും ഈ വീട്ടിലാണ് അവൾ താമസിച്ചിരുന്നതെന്നും അവർക്ക് മനസിലായി. നഗരത്തിലെ ധനാഢ്യർ താമസിക്കുന്ന കോളനിയിലായിരുന്നു ഈ വീട്. എന്നാൽ ഇക്കാര്യം ആശിഷിന് ഒരിക്കലും അറിയില്ലായിരുന്നു.

സൗമ്യയെക്കുറിച്ചുള്ള അന്വേഷണത്തിന് രണ്ട് സംഘത്തെയാണ് ഡിറ്റക്ടീവ് ഏജൻസി നിയോഗിച്ചത്. അതിൽ ഒരു സംഘം അവളുടെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മറ്റൊരു സംഘം സൌമ്യയെ പിന്തുടർന്നു. വിവാഹമോചനക്കേസ് വാദിച്ച അഭിഭാഷകരുമായും മറ്റ് സുഹൃത്തുക്കളുമായി നല്ല ബന്ധമാണ് സൗമ്യ തുടർന്നതെന്ന് മനസിലായി. കേസെല്ലാം അവസാനിച്ചിട്ടും രണ്ടു-മൂന്നു ദിവസത്തിനിടയിൽ അഭിഭാഷകരുമായി ക്ലബുകളിലും മറ്റുമുള്ള കൂടിക്കാഴ്ച എന്തിനാണെന്ന് അവർ അന്വേഷിച്ചു.

ഇതേക്കുറിച്ച് രണ്ട് സംശയങ്ങൾ ഉണ്ടായി. സാധാരണ ഒരു അഭിഭാഷകന് തന്‍റെ കക്ഷികളോടുള്ള ബന്ധമായിരുന്നില്ല, സൗമ്യയുമായി ഉണ്ടായിരുന്നത്, അത് എന്തുകൊണ്ടായിരിക്കാം. വിവാഹമോചനം ലഭിച്ചശേഷവും സൗമ്യയുടെ മുഖഭാവത്ത് അതിന്‍റേതായ ഒരു വിഷമവും ഇല്ലായിരുന്നു, തന്നെയുമല്ല അവൾ കൂടുതൽ സന്തോഷവതിയായാണ് കാണപ്പെട്ടത്, ഇത് എന്തുകൊണ്ടായിരിക്കാം.

സൗമ്യയുടെ അഭിഭാഷകനായ ആനന്ദിന്‍റെ ചില സുഹൃത്തുക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് ഡിറ്റക്ടീവ് സംഘം അന്വേഷണം തുടർന്നത്. വൈകാതെ തന്നെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ ലഭിച്ചു. ആശിഷുമായുള്ള വിവാഹത്തിന് മുമ്പ് സൗമ്യ വിവാഹം കഴിച്ചിരുന്നുവെന്നും ആ ബന്ധം വേർപിരിഞ്ഞതാണെന്നും മനസിലായി. വൈകാതെ ആദ്യ വിവാഹമോചനത്തിന്‍റെ രേഖകൾ കണ്ടെത്തിയ ഡിറ്റക്ടീവ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ സൗമ്യയുടെ ജീവിതം വേഗത്തിൽ ചുരുളഴിയാൻ തുടങ്ങി.

ആദ്യ ബന്ധം വേർപെടുത്തുന്നതിനും ഭർത്താവായിരുന്ന നിഷാന്തിനോട് സൗമ്യ ആവശ്യപ്പെട്ട ജീവനാംശം കോടികളായിരുന്നു. ആദ്യ വിവാഹമോചനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് ആശിഷിനെ സൗമ്യ വിവാഹം കഴിച്ചതെന്നും ബോധ്യമായി. ആശിഷിൽനിന്ന് കോടികൾ ജീവനാംശം തേടി കേസ് കൊടുക്കാൻ അവളെ സഹായിച്ചത് ആനന്ദ് ഉൾപ്പടെയുള്ള അഭിഭാഷക സുഹൃത്തുക്കളാണെന്നും, ഇവർ ഒരുമിച്ചു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ആശിഷുമായുള്ള വിവാഹവും വിവാഹമോചനവുമെന്ന് കണ്ടെത്തി.

രണ്ടാമത്തെ വിവാഹവും വിവാഹമോചനവും ആയതിനാൽ ആശിഷിനെതിരായ കേസിൽ സൗമ്യയ്ക്ക് വിജയിക്കാനാകുമോയെന്ന് പറയാനാകില്ലെന്ന് ഡിറ്റക്ടീവ് ഏജൻസി പറയുന്നു. കോടീശ്വരൻമാരെ വിവാഹം ചെയ്തു പണം തട്ടിയെടുക്കുകയെന്ന ജോലി ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു സൗമ്യ. ലഭ്യമായ എല്ലാ തെളിവുകളും ഡിറ്റക്ടീവ് ഏജൻസി ആശിഷിന് കൈമാറി. ഈ തെളിവുകൾ വെച്ചാണ് ആശിഷ് ഇപ്പോൾ കേസ് വാദിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും വെട്ടിലായിരിക്കുകയാണ് സൗമ്യ. കേസിൽ വാദം പൂർത്തിയായി വിധി പറയാനായി മാറ്റിയിരിക്കുന്നു. കേസിലെ വാദഗതികളെല്ലാം സൗമ്യയ്ക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ ഈ കോടികൾ തട്ടിയെടുക്കുന്നതിനുള്ള ഈ വിവാഹമോചനക്കേസ് അവളെ ജയിലിനുള്ളിലാക്കുമെന്ന വിശ്വാസത്തിലാണ് ആശിഷ്. ഇനിയൊരാൾക്കും തന്‍റെ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് ആഗ്രഹിക്കുന്നു.

കടപ്പാട്‌: ഭവേഷ് സക്സേന
(ഡൽഹിയിലെ തർലിക ലാഹിരി എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ശേഖരത്തിലുള്ള ഒരു കേസ് ഡയറിയെ ആസ്പദമാക്കിയുള്ളതാണ് ഈ കഥ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ യഥാർഥമല്ല)

Staff Reporter