മലയാളം ഇ മാഗസിൻ.കോം

ഫെയ്സ്ബുക്കിൽ വൈറലായ ഒരു പ്രണയകഥ: പ്രിയദർശിനി ടീച്ചറുടെ കഥ

കഴിഞ്ഞ ദിവസം തലശ്ശേരിയുടെ തെരുവോരങ്ങളിൽ സ്നേഹത്തിന്റെ നീറുന്ന മുറിവുമായി അലയുന്ന പ്രിയദർശിനി ടീച്ചറിനെക്കുറിച്ചു ചിലർ പങ്കുവെച്ചിരുന്നു. പലരും അത് ഫേക്ക് ആണെന്നും അങ്ങിനൊരാളില്ലെന്നും പറഞ്ഞു. ആയതിനാൽ പ്രിയദർശിനി ടീച്ചറിനെ കുറിച്ച്  അറിഞ്ഞ കാര്യങ്ങൾ ഇവിടെ വിശദമായി പങ്കു വെക്കുകയാണ്.

ചങ്ക് പറിച്ച് കൊടുത്ത പ്രണയിച്ച പ്രിയപ്പെട്ട കാമുകന്റെ മരണം അതിസുന്ദരിയായിരുന്ന ടീച്ചറെ എത്തിച്ചത് അഗാധമായ വിഭ്രാന്തിയുടെ കാണാക്കയങ്ങളില്‍, തലശ്ശേരി റെയില്‍വേ സ്സ്‌റ്റേഷന്‍ പരിസരത്ത് സ്വബോധം നഷ്ടപ്പെട്ട് അലയുന്ന പ്രിയദര്‍ശിനി ടീച്ചറുടെ നെഞ്ച് പിടപ്പിക്കുന്ന ജീവിത കഥ ഇങ്ങനെ. 

പ്രിയദര്‍ശിനി ടീച്ചറുടെ കഥ അറിഞ്ഞാല്‍ ഒരു തുള്ളി കണ്ണീരെങ്കിലും നമ്മുടെ കണ്ണിലും നെഞ്ചിലും പൊടിയും. അതില്‍ അനവദ്യമായ പ്രണയമുണ്ട്, കാത്തിരുപ്പുണ്ട്, നഷ്ടത്തിന്റെ തീരാ സങ്കടങ്ങളില്‍ സ്വയം മറന്നു പോകുന്ന ലോകമുണ്ട്.

അറിഞ്ഞ കഥ ചുരുക്കത്തില്‍ ഇതാണ്…
ടീച്ചര്‍ വളരെ സുന്ദരിയായിരുന്നു. പഠിപ്പിക്കുന്ന സമയത്തു ട്രെയിന്‍ ഓടിക്കുന്ന ഒരു ലോക്കേ പൈലറ്റുമായി അടുത്തു. സൗഹൃദം പ്രണയമായി രൂപാന്തരപ്പെട്ടു. മംഗലാപുരം ചെന്നൈ റൂട്ടില്‍ ആയിരുന്നു ടീച്ചര്‍ സനേഹിച്ച ആള്‍ക്ക് അക്കാലത്ത് ജോലി . എന്നും തലശ്ശേരി സറ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ അവര്‍ കണ്ടുമുട്ടുമായിരുന്നു. ഒരു ദിവസം ടീച്ചര്‍ സ്‌നേഹിക്കുന്ന വ്യക്തിയും ട്രെയിനും വന്നില്ല. കാത്തു കാത്തിരുന്ന ടീച്ചര്‍ക്ക് മനസ്സിനെയും ജീവിതത്തെയും പിടിച്ചുലക്കുന്ന ആ വാര്‍ത്ത കേള്‍ക്കേണ്ടി വന്നു. അത് ടീച്ചര്‍ സ്‌നേഹിച്ച വ്യക്തി ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടു എന്നായിരുന്നു. ആ വാര്‍ത്തയുടെ ആഘാതം സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും മഹാ പര്‍വതത്തില്‍ നിന്ന് അഗാധമായ നിരാശയുടെ, വിഭ്രാന്തിയുടെ കാണാ കയങ്ങളിലേക്കായിരുന്നു ടീച്ചറെ എടുത്തെറിഞ്ഞത് .
സമനില തെറ്റിയ ടീച്ചറെ വീട്ടുകാര്‍ ഒരു പാട് ചികിത്സിച്ചു. അസുഖം മാറിയില്ല മറ്റൊരര്‍ത്ഥത്തില്‍ നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നിന്നവര്‍ക്ക് പുറത്തു കടക്കാന്‍ ആയില്ല എന്ന് പറയുന്നതാവും ശെരി. അഗാധമായ ആഴങ്ങളില്‍ തിരയൊടുങ്ങാത്ത പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും കടലിലെ ചുഴികളില്‍ പെട്ട് അവര്‍ കാലത്തിനും അപ്പുറത് സഞ്ചരിക്കാന്‍ തുടങ്ങി. എന്നും വീട്ടില്‍ നിന്ന് ഇറങ്ങും. പഴയതു പോലെ തന്നെ ഒരുങ്ങി സുന്ദരിയായി ! നേരെ തലശ്ശേരി റെയില്‍വേ സ്‌റ്റേഷനിലേക്ക്. അത് യഥാര്‍ത്ഥത്തില്‍ ധന്യമായ ജീവിതത്തിലേക്കും ഓര്‍മ്മകളിലേക്കും ഉള്ള യാത്ര തന്നെ ആയിരുന്നു. എല്ലാവരും പറഞ്ഞു അവരുടെ സ്വബോധം നഷ്ടമായിരിക്കുന്നു എന്ന് .

നിമിഷ നേരം കൊണ്ട് ഇന്നലെകളേയും ബന്ധങ്ങളെയും മറക്കുന്ന ലോകത്തിനാണോ സ്‌നേഹത്തിന്റെ ഊഷ്മളമായ ഓര്‍മ്മകളെ മറവിക്ക് കൊടുക്കാതെ നെഞ്ചോടടുക്കി പിടിച്ചു നടക്കുന്ന പ്രിയദര്‍ശിനി ടീച്ചര്‍ക്കാണോ സ്വബോധം നഷ്ടമായിട്ടുള്ളത് ? ആ പ്രണയ കാലത്തില്‍ തന്നെയാണ് അവര്‍ വസ്ത്രം ധരിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് എന്നും അവര്‍ കണ്ടുമുട്ടാറുണ്ടായിരുന്ന ട്രെയിന്‍ വരുമ്പോള്‍ തലശ്ശേരി റെയില്‍വേ സ്സ്‌റ്റേഷനില്‍ പോയി കാത്ത് നിന്ന് മടങ്ങും. അത് ഇന്നും തുടരുന്നു…

കടപ്പാട്‌: സോഷ്യൽ മീഡിയ

Staff Reporter