മലയാളം ഇ മാഗസിൻ.കോം

അറിയണം ഈ പ്രതിഷ്ഠയ്ക്ക്‌ പിന്നിലെ ചരിത്രകഥ: കാലങ്ങളായി തുടരുന്ന പ്രായശ്ചിത്തം, ഇത്തവണയും തിരുവോണം ഉണ്ണാതെ 3 കുടുംബങ്ങൾ

തലമുറകൾക്ക് മുമ്പ് അറിഞ്ഞോ അറിയാതെയോ ചെയ്ത പിഴവിന് അന്നദാന പ്രഭുവായ തിരുവാറന്മുളയപ്പന് മുന്നിൽ ഉണ്ണാവ്ര തവുമായി മൂന്ന് നമ്പൂതിരി ഇല്ലങ്ങൾ. കാണം വിറ്റും ഓണം ഉണ്ണണം എന്ന് നിർബ്ബന്ധമുള്ള മലയാളക്കരയിൽതന്നെ വള്ളസദ്യകളുടെ നാടായ ആറൻമുള ദേശത്തെ ഓണാഘോഷം ഏറെ പ്രശസ്തമാണ്.

എന്നാൽ ലോകമെല്ലാം ഓണം ആഘോഷിക്കുമ്പോഴും ക്ഷേത്രത്തിന് സമീപത്തെ മൂന്ന് ഇല്ലങ്ങളിലെ മുതിർന്ന കാരണവർ ഉണ്ണാവ്രതം ആചരിക്കുകയാണ്. 800 വർഷത്തോളം പഴക്കമുള്ളതായി പറയുന്ന ആചാരത്തിന് പിന്നിൽ ഈ കുടുംബങ്ങളുടെ മൂലകുടുംബമായ കാഞ്ഞിരവേലിക്ക് സമീപമുള്ള കണ്ണങ്ങാട്ട് മീത്തിലെ പൂർവ്വികർ ചെയ്തു പോയ ഒരു തെറ്റിന്റെ പ്രായശ്ചിത്തമാണെന്നാണ് പറയപ്പെടുന്നത്.

ചാതുർവർണ്യം ശക്തമായിരുന്ന കാലത്ത് പ്രദേശത്തെ ജന്മി കുടുംബമായ കണ്ണങ്ങാട്ട് മഠത്തിൽ നിന്നും എല്ലാ ഓണനാളുകളിലും പണിക്കാർക്ക് നെല്ല് അളന്ന് നൽകുന്ന ചടങ്ങുണ്ടായിരുന്നു. ഒരു കൊല്ലം തിരുവോണത്തിന്റെ തലേന്നാൾ നെല്ല് അളക്കുന്നതിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായി. എല്ലാവർക്കും നെല്ല് നൽകിയതായി കരുതി അളന്നുകൊണ്ടിരുന്നവർ അളവ് അവസാനിപ്പിച്ച് മടങ്ങി.

എന്നാൽ അൽപ്പം താമസിച്ച് എത്തിയ ഒരു സ്ത്രീ മഠത്തിന് പുറത്ത് നിന്ന് വിളിച്ചെങ്കിലും മഴയുടെ ഇരമ്പൽ കാരണം ആരും കേട്ടില്ല. ആ രാത്രി മുഴുവൻ മഴയത്ത് മുറം ചൂടി തന്റെ കുടുംബത്തിന് ഓണമുണ്ണാനുള്ള നെല്ലിനായി കാത്തു നിന്ന ആ സാധു സ്ത്രീ പുലർച്ചയോടെ അവിടെ വീണ് മരിക്കുകയായിരുന്നുവെന്ന് കണ്ണങ്ങാട്ട് മഠത്തിലെ ഇപ്പോഴത്തെ സൂക്ഷിപ്പ് കാരനായ ഗോപാലപിള്ള പറഞ്ഞു.

പിന്നീട് കുടുംബത്തിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് പരിഹാരം തിരക്കിയപ്പോഴാണ് അടിയാള സ്ത്രീയുടെ ശാപത്തിന്റെ ശക്തി ബ്രാഹ്മണ കുടുംബത്തിന് ബോദ്ധ്യമായത്. ആറൻമുള ക്ഷേത്രത്തിന്റെ കൊടിമരം സ്വർണ്ണം പൂശാമെന്നും വള്ളസദ്യ നടത്താമെന്നും തുടങ്ങി പല പരിഹാരമാർഗ്ഗങ്ങളും പ്രശ്നത്തിൽ ആരാഞ്ഞെങ്കിലും ഒന്നിനും ശാപമോക്ഷത്തിന് ഫലപ്രദമായി കണ്ടില്ല.

തുടർന്ന് കുടുംബത്തിലെ കാരണവർ തിരുവോണ നാളിൽ ഉപവസിക്കാമെന്നും മുറം ചൂടിയ രൂപത്തിൽ ഒരാളുടെ പ്രതിമ ഇല്ലത്തിന് പുറത്ത് സ്ഥാപിച്ച് യഥാവിധി പൂജകൾ നൽകിക്കൊള്ളാമെന്നും പറഞ്ഞപ്പോഴാണ് മഠത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായതെന്ന് തെക്കേടത്ത് ഇല്ലത്ത് അഡ്വ. സുബ്രഹ്മണ്യൻ മുസത് പറഞ്ഞു.

ഇന്ന് കണ്ണങ്ങാട്ട്മഠം നിന്ന സ്ഥാനത്ത് ഒരു ക്ഷേത്രമാണ് ഉള്ളത്. ക്ഷേത്രത്തിലേക്ക് ദർശനമായി ക്ഷേത്ര മുറ്റത്തെ ആൽത്തറയിൽ മുറം ചൂടിയ സ്ത്രീയുടെ പ്രതിമ മാറ്റമില്ലാതെ നിൽക്കുന്നുണ്ട്. കഴിഞ്ഞ 27 വർഷമായി ഇല്ലത്തെ കാരണവ സ്ഥാനത്ത് നിന്ന് ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന അഡ്വ. സുബ്രഹ്മണ്യൻ മുസത്തിനൊപ്പം ഇക്കൊല്ലം പുത്തേഴത്ത് മഠത്തിൽ രാധാകൃഷ്ണൻ മുസത്, പുഴക്ക് മറുകരയുള്ള പാലക്കാട്ട് മഠത്തിലെ മുതിർന്ന അംഗം എന്നിവരും ഉണ്ണാവ്രതം അനുഷ്ഠിക്കുന്നുണ്ട്.

Avatar

Staff Reporter