മലയാളം ഇ മാഗസിൻ.കോം

ഓർമ്മയുണ്ടോ 30 വർഷം മുൻപുള്ള ആ മഹാ ഒഴിപ്പിക്കൽ, ഈ തള്ളിമറിക്കൽ കാണുമ്പോൾ ചില പ്രവാസികൾക്കെങ്കിലും ചിരിവരും

ഒരു പാവം പ്രവാസി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണ്‌ ചർച്ചയാവുന്നത്‌. കുവൈറ്റ്‌ യുദ്ധകാലത്ത്‌ പ്രവാസികളെ നാട്ടിലെത്തിച്ച അന്നത്തെ സർക്കാരിന്റെ ഇടപെടലുകളെക്കുറിച്ചാണ്‌ വിവരണം. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

ഈ ചരിത്രവും പ്രവാസികൾ മറന്നിട്ടില്ല.
ഗൾഫ് യുദ്ധത്തെത്തുടർന്ന് മലയാളികളുൾപ്പെടെ 1.70 ലക്ഷം ഇന്ത്യക്കാരെ ഇവാക്വേറ്റ് ചെയ്തത് 1990 ലാണ്.. കൃത്യമായി പറഞ്ഞാൽ 1990 ഓഗസ്ത് മുതൽ ഒക്ടോബർ 11 ന് അവസാനിക്കുമ്പോൾ 488 എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ യുദ്ധമേഖലയിലൂടെ പറന്നിരുന്നു.. ലോകം കണ്ട ഏറ്റവും വലിയ കുടി ഒഴിപ്പിക്കൽ ആയിരുന്നു ഇന്ത്യ പൂർത്തിയാക്കിയത്‌. ഈ ഇവാക്വേഷന് ചുക്കാൻ പിടിച്ച വിദേശ കാര്യ മന്ത്രി നേരിട്ട്‌ ഗൾഫിൽ എത്തി സ്വന്തം പൗരന്മാരെ രക്ഷിച്ചു കൊണ്ട്‌ വന്നതായിരുന്നു ചരിത്രം.

മുപ്പത്‌ കൊല്ലം മുമ്പുള്ള ആ ചരിത്രം പോലും അറിയാത്തവർ പലതും തള്ളിമറിക്കുന്നത്‌ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയില്ല.. സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിക്കുമ്പോള്‍ വി.പി സിങ്ങായിരുന്നു പ്രധാനമന്ത്രി, ഐ.കെ ഗുജ്‌റാള്‍ വിദേശകാര്യ മന്ത്രിയും. അമ്പത്താറു ഇഞ്ചു നെഞ്ചളവൊന്നുമുള്ളവരല്ല, കഷ്ടിച്ചു നാല്പതിയഞ്ചു വരും.

പക്ഷെ, കഴിഞ്ഞ മൂന്നു മാസമായി കൊറോണ പേടിച്ചു വീടിനു പുറത്തിറങ്ങാത്ത അമ്പത്താറുകാരെപോലെയല്ല, യുദ്ധവിമാനങ്ങളും മിസൈലുകളും കൂസാതെ, അമേരിക്കയുടെ ഭീഷണി വകവെക്കാതെ ഐ.കെ ഗുജ്‌റാള്‍ നേരിട്ട് ബാഗ്ദാദിലേക്ക് പറന്നു, സദ്ദാം ഹുസൈനെ കണ്ടു, കുവൈറ്റില്‍ കുടുങ്ങിയ ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ സദ്ദാം ഹുസൈനോട് ആവശ്യപ്പെട്ടു.

കുവൈറ്റിലെയോ ബാഗ്ദാദിലേയോ വിമാനത്താവളങ്ങള്‍ തുറക്കാന്‍ അമേരിക്ക സമ്മതിച്ചില്ല. അമ്മാന്‍ എയര്‍പോര്‍ട്ട് തുറന്നു തരാന്‍ ഇന്ത്യ ജോര്‍ദാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് മുഴുവന്‍ പേരെയും ഇറാഖിലെ റോഡുകളിലൂടെ അമ്മാനിലേക്ക് കൊണ്ട് വന്നു, സുരക്ഷിതമായി. അവിടെനിന്നു മുഴുവന്‍ ഇന്ത്യക്കാരെയും സൗജന്യമായി ബോംബെ വിമാനത്താവളത്തിലെത്തിച്ചു. മുംബൈയില്‍ നിന്ന് അവരവരുടെ നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റും കൊടുത്തു, കൂടെ ആയിരം രൂപ പോക്കറ്റ് മണിയും.

ഈ ഇവാക്വേഷന് ചുക്കാൻ പിടിച്ച അന്നത്തെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുടെ പേര് കെപി ഉണ്ണികൃഷ്ണൻ… വി മുരളീധരനെ പോലെ വീരസ്യം പറഞ്ഞു നടക്കുന്ന ആളല്ല. ഉണ്ണികൃഷ്ണന്‍ അമ്മാനിലേക്ക് പോയി, വിമാനം കാത്തു കഴിയുകയായിരുന്ന ഇന്ത്യക്കാരുടെ ക്ഷേമം അന്വേഷിച്ചു, മിക്കവരെയും വിമാനം കയറ്റി വിടുന്നവരെ അവരുടെ കൂടെ താമസിച്ചു. ഉണ്ണികൃഷ്ണന്‍ ഇപ്പോഴും കോഴിക്കോട് താമസിക്കുന്നുണ്ട്, കൂടുതല്‍ അറിയേണ്ടവര്‍ക്ക് അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം.

ഈ ഐതിഹാസിക മിഷനോടെ സിവിലിയൻ എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റ് നടത്തിയതിനു എയർ ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു. കുവൈത്ത് മലയാളിയായ മാത്തുണ്ണി മാത്യൂസും, ടൊയോട്ട സണ്ണിയും, പ്രവാസി വ്യവസായിയായ ഹർഭജൻ സിങ് വേദിയും ആയിരുന്നു ഈ ചരിത്രപ്രധാനമായ ഒഴിപ്പിക്കലിനു മുന്നിൽ നിന്നത്. ഇന്നത്തെ പത്രങ്ങളില്‍ കൊട്ടിഘോഷിക്കുന്ന എയര്‍ലിഫ്റ്റ്, ഇവാക്വേഷന്‍, രക്ഷപെടുത്തല്‍, ഒഴിപ്പിക്കല്‍ എന്നൊക്കെ കാണുമ്പോള്‍ ചിരിയാണ് വരുന്നത്.

വിവരണം: ഒരു പാവം പ്രവാസി

Avatar

Staff Reporter