മലയാള സിനിമാ ലോകത്ത് നിന്നും ഈയിടെയായി പുറത്തു വരുന്ന വാർത്തകൾ അത്ര സുഖകരമല്ല. പുറമേ കാണുന്നതും അറിയുന്നതുമൊന്നുമല്ല സിനിമയുടെ പിന്നാമ്പുറ രഹസ്യങ്ങൾ. ആരെയും മോഹിപ്പിക്കുന്ന സിനിമാ ലോകത്തെ ഉള്ളുകളികൾ പലതും ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. പ്രത്യേകിച്ച് സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങൾ പലപ്പോഴും പരിധിവിടാറുണ്ട്. സിനിമ ഉണ്ടാകാലം മുതൽക്കേ വെള്ളിവെളിച്ചത്തിൽ താരപരിവേഷമുണ്ടായിരുന്ന പലരുടെയും ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ബോളിവുഡിലെ പഴയകാലനടിയായിരുന്നു വിമി. യുവാക്കളെ ത്രസിപ്പിച്ച ഗ്ലാമർതാരം. 1977 ൽ മരണപ്പെട്ട വിമി ഇന്നും പ്രേക്ഷക മനസ്സിൽ ഒരു വിങ്ങലാണ്.ഹംരാസ്’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഭർത്താവും രണ്ട് മക്കളുമായ ശേഷമാണ് വിമി സിനിമാ രംഗത്ത് എത്തുന്നത്. ബിസിനസുകാരനായ ശിവ് അഗർവാളായിരുന്നു വിമിയുടെ ഭർത്താവ്. അക്കാലത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്ന വിമിയുടെ വീഴ്ച അവിശ്വസനീയമാണ്. മരിക്കുമ്പോൾ വിമിയ്ക്ക് വെറും 34 വയസായിരുന്നു
വീട്ടുകാരുടെ സമ്മതിമില്ലാതെ ശിവ് അഗർവാളിനെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു വിമി. ഈ സമയത്താണ് കൽക്കട്ടയിലെ ഒരു പാർട്ടിൽ ഭർത്താവിനൊപ്പം വിമി എത്തുന്നത്. അവിടെ വച്ച് സംഗീത സംവിധായകൻ രവി താരത്തെ കാണുന്നതോടെ വിമിയുടെ ജീവിതം മാറി മറഞ്ഞു. അദ്ദേഹം വിമിയേയും ഭർത്താവിനേയും മുംബൈയിലേക്ക് വിളിക്കുകയും ബിആർ ചോപ്രയുമായി ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തു.
നടിയുടെ ആദ്യ സിനിമ ചെയ്ത സംവിധായകൻ ബി.ആർ ചോപ്ര പിന്നീടുള്ള മൂന്ന് സിനിമകൾ തന്റെയൊപ്പം ചെയ്യണമെന്ന കരാറിൽ വിമിയെക്കൊണ്ട് ഒപ്പ് വെപ്പിച്ചു. ഇത് കാരണം നല്ല അവസരങ്ങൾ നടിക്ക് നഷ്ടമായി. ഒരുഘട്ടത്തിൽ ക്ഷമ നശിച്ച വിമി ബിആർ ചോപ്രയയുമായി വഴക്കിട്ടു. കരാർ വ്യവസ്ഥ ലംഘിച്ച വിമി മറ്റ് സിനിമകൾ ചെയ്തു.
തുടർച്ചയായി പരാജയ സിനിമകൾ ചെയ്തതോടെ വിമിയുടെ മാർക്കറ്റ് ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കവെ നടിയുടെ വിവാഹ ബന്ധത്തിലും പ്രശ്നങ്ങളായി. ഭർത്താവ് മദ്യത്തിനടിമയായി. പണത്തിന് വേണ്ടി ചെറിയ സിനിമകളിൽ അഭിനയിക്കാൻ ഭർത്താവ് വിമിയെ നിർബന്ധിച്ചു. ഇത് വിമിയുടെ കുടുംബ ജീവിതം തകർത്തു. ഭർത്താവുമായി വേർപിരിഞ്ഞ വിമി നിർമാതാവ് ജോളിയുമായി പ്രണയത്തിലായി. കാമുകൻ വിമിയെ വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചു. അക്കാലത്ത് വിമി മദ്യത്തിന് അടിമയാവുകയും കരൾരോഗിയാവുകയും ചെയ്തു.
ചികിത്സിക്കാൻ പോലും പണമില്ലാതായിരുന്നു. സർക്കാർ ആശുപത്രിയിൽ ജനറൽവാർഡിലായിരുന്നു ആ താരസുന്ദരി കിടന്നിരുന്നത്. മരണശേഷം മൃതദേഹം ഏറ്റുവാങ്ങാൻ പോലും ആരുമുണ്ടായിരുന്നില്ല.വിമിയുടെ മൃതദേഹം പൊതുശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഉന്തുവണ്ടിയിലായിരുന്നു.