18
April, 2019
Thursday
08:48 PM
banner
banner
banner

സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ ചിത്രത്തിന്‌ പിന്നിൽ കണ്ണു നനയിക്കുന്നൊരു കഥ ഉണ്ട് ജിനേഷ് എന്ന ഈ ഉദ്യോഗസ്ഥന്‌ പറയാൻ..

ഇന്നലെ മുഴുവൻ സോഷ്യൽ മീഡിയയിൽ മനസാക്ഷിയുള്ള ഏതൊരാളുടെയും കണ്ണ് നനയിച്ച ഒരു ചിത്രം ഉണ്ടായിരുന്നു. മണ്ണില്‍നിന്നു കോരിയെടുത്ത ഒരു കുഞ്ഞ് ജീവനെ മാറോടു ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ചിത്രം. തൊടുപുഴ ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ ഡ്രൈവര്‍ പിആര്‍ ജിനേഷാണ് ആ കുഞ്ഞു ജീവനെ കൈകളിലെടുത്ത് ഓടിയത്. കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മഴദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മലയാളിക്കു മനസിലാക്കാൻ ആ ഒരു ചിത്രം മാത്രം മതി ആയിരുന്നു.

അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മണ്ണിനടിയില്‍ അകപ്പെട്ട കുരുന്നിനെ ആണ് ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന വഴിയിലേക്ക് ഓടുമ്പോഴും ജിനേഷിന്റെ മനസില്‍ ഒറ്റ പ്രാര്‍ഥനയായിരുന്നു, ദൈവമേ ഈ കുരുന്നിനു ജീവനുണ്ടാകണെ എന്ന്..

അടിമാലിയില്‍ ഉരുള്‍പൊട്ടല്‍, ഉടന്‍ പുറപ്പെടണമെന്ന സന്ദേശം ഓഫീസിലേക്കു വന്നുതും തൊടുപുഴയില്‍നിന്നു ജിനേഷ് അടങ്ങുന്ന സംഘം രാത്രിയില്‍ പുറപ്പെട്ടതും മുതലുള്ള ഓരോ കാര്യങ്ങളും ജിനേഷിന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ട്.ജില്ലാ ഓഫീസര്‍ റെജി പി കുര്യാക്കോസിനെയും കൊണ്ട് ദുരന്തമേഖലയിലേക്കു പോയ ജിനേഷിന് അവിടെ എത്തിയപ്പോഴാണ് ഒരു കുടുംബം മുഴുവന്‍ മണ്ണിനടിയിലാണെന്ന സത്യം അറിയുന്നത്.

ദേശീയപാതയോരത്തു താമസിച്ചിരുന്ന പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീട് പൂര്‍ണമായും ഒലിച്ചുപോകുകയും ഹസന്‍കുട്ടിയും ബന്ധുവും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജിബ്(38), ഭാര്യ ഷെമീന(35), മക്കളായ ദിയ(ഏഴ്), മിയ(അഞ്ച്) എന്നിവര്‍ മണ്ണിനടിയിലായിരുന്നു. അവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് ജില്ലാ ഓഫീസറുമായി ജിനേഷ് അവിടെ എത്തുന്നത്.

സഹപ്രവര്‍ത്തകരും ഫയര്‍മാന്മാരുമായ മറ്റുള്ളവർ മണ്ണു മാറ്റി തെരച്ചില്‍ നടത്തുന്നതിനൊപ്പം ജിനേഷും സാറും ചേര്‍ന്നു. മണ്ണ് മാറ്റുന്നതിനിടയില്‍ മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ ഹസന്‍കുട്ടിയും ബന്ധുവും രക്ഷപ്പെട്ടു. എന്നാല്‍, ഫാത്തിമ മരിച്ചു. തുടര്‍ന്നു വീണ്ടും മണ്ണു മാറ്റല്‍ തുടര്‍ന്നു. അതിനിടയിൽ ആണ് മുജീബും കുട്ടികളും കെട്ടിപ്പുണര്‍ന്നു കൊതുകുവലയ്ക്കുള്ളില്‍ ചുരുണ്ടു കൂടിയിരിക്കുന്ന കിടക്കയ്ക്കുള്ളിൽ കണ്ടത്. കുട്ടികള്‍ രണ്ടു പേരും പരസ്പരം കെട്ടിപ്പുണര്‍ന്നു കിടക്കുമ്പോള്‍ ആ കിടക്കയില്‍ത്തന്നെ കുട്ടികളെ തലോടി ബാപ്പ മുജീബിന്റെ കരം അവരുടെ മേലുണ്ടായിരുന്നു.

കൊതുകുവല കീറി മാറ്റി, വളരെ വിഷമിച്ചാണ് കുട്ടികളെ വേര്‍പെടുത്തിയത്. മുജിബിനെയും ഒരു കുട്ടിയെയും സ്ട്രെച്ചറില്‍ കയറ്റി ആംബുലന്‍സിലേക്കു കൊണ്ടുപോയി. അപ്പോഴാണ് ഒരു കുഞ്ഞ് ചെളിമണ്ണില്‍ കിടക്കുന്നത് കണ്ടത്. തുടർന്ന് ആ ജീവന്‍ നഷ്ടപ്പെട്ടു കാണുമെന്ന് ആരോ പറയുന്നതു കേട്ടെങ്കിലും ഒന്നും ചിന്തിക്കാതെ പരിക്കില്ലാത്തതുകൊണ്ട് അബോധാവസ്ഥയിലായിരിക്കുമെന്നു മനസിനെ വിശ്വസിപ്പിച്ചു കൊണ്ട് സ്ട്രെച്ചര്‍ വരുന്നതുവരെ നോക്കിനില്‍ക്കാതെ ഓടുകയായിരുന്നു ജിനേഷ്.അതിനുള്ള പ്രധാന കാരണം ജിനേഷിനും ഉണ്ട് ഈ പ്രായത്തിലുള്ള കുഞ്ഞ്.

ആ കുഞ്ഞ് മരിച്ചെന്നു പറഞ്ഞിട്ടും ജിനേഷിന്റെ മനസില്‍നിന്ന് ആ കുരുന്ന് മായുന്നില്ല. അവള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ ആണ് ജിനേഷിന് ഇപ്പോഴും. രക്ഷിക്കാനായില്ലല്ലോ എന്നോർക്കുമ്പോൾ ജിനേഷിന്റെ മനസ്സിൽ ഇപ്പോഴും ഒരു വിങ്ങൽ ബാക്കി നിൽക്കുകയാണ്. ശരീരത്തില്‍ മുറിവൊന്നും ഏല്പിക്കാതെ പിതാവ് അവരെ സംരക്ഷിച്ചതു പോലെ ആ രണ്ട് മാലാഖ കുഞ്ഞുങ്ങളെ കെട്ടുപുണർന്നു കിടക്കുന്ന ചിത്രം ആണ് ജിനേഷിന്റെ കണ്മുന്നിൽ ഇപ്പോഴും.

തൊടുപുഴ സ്വദേശിയായ ജിനേഷ് ആറുവര്‍ഷമായി ഫയര്‍ഫോഴ്സില്‍ ഫയര്‍മാന്‍ ഡ്രൈവറാണ്. ദീപിക പത്രത്തിലെ ഫോട്ടോഗ്രാഫര്‍ ബിബിന്‍ സേവ്യറാണ് ആ കുരുന്നു ജീവനും കൊണ്ട് പായുന്ന ചിത്രം പകർത്തിയത്.

[yuzo_related]

Comments


Priya Parvathi | Staff Reporter


Related Articles & Comments