താര സങ്കല്പങ്ങള് കാറ്റില്‍ പറത്തിയ വിനായകന് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അവാര്‍ഡ്.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വിട്ട് നിന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന സദസ്സില്‍ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ചത്. അവാര്‍ഡ് ലഭിക്കുന്നവര്‍ മാത്രമല്ല, മലയാള സിനിമയുടെ ഭാഗമായ മുഴുവന്‍ ആളുകളും വിളിക്കാതെ തന്നെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കണം എന്ന് പിണറായി വിജയന് അഭിപ്രായപ്പെട്ടു.
നീണ്ട കരഘോഷത്തോടെയാണ് സദസ്സ് വിനായകന്റെ അവാര്‍ഡ് സ്വീകരണത്തില്‍ പങ്ക് ചേര്‍ന്നത്. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രം എത്രത്തോളം ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തി എന്നതിന്റെ നേര് സാക്ഷ്യമായിരുന്നു അവാര്‍ഡ് സമര്‍പ്പണ ചടങ്ങ്.
പ്രമുഖ താരങ്ങളെയും നായക നടന്മാരെയും പരിഗണിക്കാതെ ,അഭിനയ മികവിലൂടെ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്‍കിയത് യതാര്‍ത്ഥ കലാകാരന്മാരെ കേരളം അംഗീകരിക്കുന്നതിന്റെ തെളിവാണ്. ജെ.സി.ഡാനിയല്‍ പുരസ്കാര തുക അഞ്ച് ലക്ഷമായി വര്‍ദ്ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Photo Credit: Rajeevan Francis