മലയാളം ഇ മാഗസിൻ.കോം

ചാനൽ ചർച്ചാ നേതാക്കന്മാരുടെയും സൈബർ പോരാളികളുടെയും വാദങ്ങൾ പൊളിച്ചടുക്കി നടി ശ്രീയ രമേഷ്‌, ഒടുവിൽ കൊല്ലല്ലേ എന്ന യാചനയും!

ചാനൽ ചർച്ചകളിലെ നേതാക്കളുടേയും സൈബർ പോരാളികളുടേയും വാദങ്ങൾ പൊളിച്ചടക്കിക്കൊണ്ട് നടി ശ്രീയ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒടുവിൽ കൊല്ലല്ലെ എന്ന യാചനയും!

\"\"

കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞൊഴിയുന്ന രാഷ്ടീയ നേതാക്കളുടെ പതിവ് ന്യായത്തെ പൊളിച്ചടക്കിക്കൊണ്ട് നടി ശ്രീയ രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടി എന്നു പറയുന്നത് വ്യക്തികൾ ചേർന്ന് രൂപീകരിക്കുകയും മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന സംവിധാനമല്ലെ. അല്ലാതെ അത് യന്ത്രമൊന്നും അല്ലല്ലൊ? അപ്പോൾ തീർച്ചയായും പാർട്ടി പ്രവർത്തകരും നേതാക്കളും നടത്തുന്ന പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങളുടെ ഉത്തരവാദിത്വം അതാത് രാഷ്ടീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ട് എന്നാണ് അവർ പറയുന്നത്.

നിങ്ങൾ എല്ലാ പാർട്ടിക്കാരും എതിരാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഈ നാട്ടിൽ രാഷ്ടീയ കൊലപാതകവും അക്രമവും നടക്കുക? സ്ത്രീകൾ വിധവകളാകുക? കുട്ടികൾ അനാഥരാകുക? യുവാക്കൾ കേസിൽ പെട്ട് ജയിലിൽ പോകുക?

കേരളത്തിലെ ഒരു രാഷ്ടീയ നേതാവിന്റെ മക്കളും സംഘർഷത്തിൽ കൊല്ലപ്പെടുന്നില്ലെന്നും അവരാരാരും കൊലക്കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടക്കുന്നില്ലെന്നും മറിച്ച് അധികാരസുഖങ്ങൾ പങ്കുപറ്റി കുടുമ്പം സമ്പൽസമൃദ്ധിയിൽ ജീവിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേതാക്കൾ പരസ്പരം കണ്ടു മുട്ടുമ്പോൾ കെട്ടിപ്പിടിച്ച് സൗഹൃദം പങ്കുവെക്കുമ്പോൾ അണികൾ എന്തിനു പരസ്പരം വെട്ടാനും കൊല്ലാനും നടക്കുന്നു എന്നാണ് ശ്രീയ ചോദിക്കുന്നത്. നേതാക്കളുടെ കുടുമ്പം സുരക്ഷിതമായിരിക്കുമ്പോൾ കൊല്ലപ്പെടുന്നവരുടെ മാത്രമല്ല പ്രതികളാക്കപ്പെടുന്നവരുടേയും കുടുമ്പം അനാഥമാക്കപ്പെടുന്നു എന്ന കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.

\"\"

എങ്ങിനെയാണ് മറ്റൊരു മനുഷ്യനെ കൊത്തിനുറുക്കിയത് കാണുമ്പോളും കേൾക്കുമ്പോഴും സന്തോഷിക്കുവാനും ആവേശം കൊള്ളുവാനും തോന്നുക? കൊലകളുടെ പേരിലല്ല മറിച്ച് നാടിനു വേണ്ടി കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ പേരിലാണ് അണികളെ ആവേശം കൊളിക്കേണ്ടതെന്നും ജനാധിപത്യ സംവിധാനത്തിൽ രാഷ്ടീയ പ്രസ്ഥാനങ്ങൾ സമൂഹത്തിനു ഗുണകരമാകുവാനാണ് നിലകൊള്ളേണ്ടതെന്നും പോസ്റ്റിൽ പറയുന്നു. നിങ്ങൾക്ക്ശേഷം മക്കളുടെയും ചെറുമക്കളുടേയും കാലത്ത് ഇന്നത്തെ വിദ്വേഷപ്രചാരകരും അക്രമികളും അസഹിഷ്ണുതനിറഞ്ഞ മനസ്സുള്ളവരും നേതൃനിരയിൽ എത്തിയാൽ എന്താകും ഉണ്ടാകുക എന്ന് ഒരു നിമിഷം ഓർക്കുവാൻ നേതാക്കളോട് ആവശ്യപ്പെടുന്ന ശ്രീയ. നമ്മുടെ മക്കൾ ജീവിക്കുന്ന നാളെയുടെ സമൂഹത്തിൽ സമാധാനവും സുരക്ഷിതത്വവും ഉണ്ടാകണമെങ്കിൽ നമ്മൾ ഇന്ന് അതിനുള്ള അടിത്തറപാകേണ്ടതിന്റെ ആവശ്യകതയെപറ്റിയും ശ്രീയ ഓർമ്മപ്പെടുത്തുന്നു.

സമാനതകളില്ലാത്തവിധം ക്രൂരമായ രാഷ്ടീയ കൊലപാതകങ്ങൾ തുടർച്ചയാകുന്ന കേരളത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ഏതൊരാളുടെ മനസ്സിലും തൊന്നുന്ന വികാരങ്ങളും ചിന്തകളുമാണ് ശ്രീയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. സിനിമാ മേഖലയിൽ നിന്നും സംവിധായകൻ കമൽ ഉൾപ്പെടെ പലരും രാഷ്ടീയവിഷയങ്ങളിൽ ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിൽ രാഷ്ടീയ കൊലപാതകങ്ങളെ പറ്റി പൊതുവെ മൗനം പാലിക്കാറാണ് പതിവ്. അതിനു കാരണം ഒരു പക്ഷെ അവരുടെ രാഷ്ടീയ താല്പര്യങ്ങൾ കൂടെയാകാം. എന്നാൽ ശ്രീയ തന്റെ പോസ്റ്റിന്റെ തുടക്കത്തിൽ തന്നെ പറയുന്നു താൻ ഒരു രാഷ്ടീയ പാർട്ടിയുടെ ഭാഗമായും പ്രവർത്തിക്കുന്നില്ല ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ കാര്യവുമല്ലെന്ന്. മതിയാക്കൂ ഇനിയെങ്കിലും രാഷ്ടീയ കൊലപാതകങ്ങൾ എന്ന് പറഞ്ഞാണ് ശ്രീയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

\"\"

\"\"

\"\"

\"\"

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor