മലയാളം ഇ മാഗസിൻ.കോം

ദുരൂഹതകൾ ചൂഴ്ന്ന് നില്ക്കുന്ന, ഭയപ്പെടുത്തുന്ന കാര്യങ്ങൾ തുറന്നു പറഞ്ഞ്‌ ഒടിയപ്പേടിയിൽ ശ്രീയ രമേഷ്‌

പാലക്കാടൻ ഭൂമികയിൽ തലയുയർത്തി നില്ക്കുന്ന കരിമ്പനകളെ തലോടിവരുന്ന കാറ്റിനു കാതോർത്താൽ നാടോടിക്കഥകൾ കേൾക്കാം എന്നാണ്‌ പറയാറ്‌. ആ കഥകളിൽ അല്പം ഭീതിയുടെ മേലാപ്പുമായി ഒടിയൻ എന്ന സങ്കല്പം പലപ്പോഴും കടന്നു വരാറുണ്ട്. യക്ഷിയും ഗന്ധർവ്വനും എന്നപോലെ അതേ സമയം ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങിയ ഒരു സങ്കല്പം. ഗ്രാമങ്ങളിൽ രാത്രികാലങ്ങളിൽ ഭീതിയുണർത്തിയിരുന്ന ഒടിയന്മാർ, മന്ത്രസിദ്ധിയിൽ രൂപം മാറാൻ കഴിവുള്ളവർ.

\"\"

രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർക്ക് മുമ്പിൽ പോത്തിന്റെയോ മറ്റോ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന, ദുരൂഹതകൾ ചൂഴ്ന്ന് നില്ക്കുന്ന ഒടിയന്മാർ ഓരോ ഗ്രാമങ്ങളിലും ഉണ്ടയിരുന്നത്രെ.

ഒടിപ്രയോഗം എന്നത് ശത്രുവിനെ നിഗ്രഹിക്കുകയോ നിശ്ശബ്ദനാക്കുകയോ ചെയ്യുവാൻ അക്കാലത്തെ ജന്മികളുടെ ഒരു തന്ത്രമായിരുന്നു എന്നും കേട്ടിട്ടുണ്ട്. ആളുകൾ ഭീതിയോടെ കണ്ടിരുന്നെങ്കിലും മിടുക്കരായ ഒടിയന്മാർക്ക് ഇക്കൂട്ടരുടെ ഇടയിൽ നല്ല ഡിമാന്റും ഉണ്ടായിരുന്നു.

കഥകളിൽ ഡ്രാക്കുളയെയും യക്ഷികളേയും ഗന്ധർവ്വന്മാരെയും കുറിച്ച് വായിച്ചിട്ടുണ്ട്. പത്മരാജൻ സാറിന്റെ ഞാൻ ഗന്ധർവ്വൻ എന്ന എനിക്കേറെ പ്രിയപ്പെട്ട സിനിമ ഗന്ധർവ്വനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇടയാക്കി.

\"\"

ഗന്ധർവ്വൻ സുന്ദരനും സൗമ്യനും കലകളിൽ അപൂർവ്വമായ കഴിവുകൾ ഉള്ള സുന്ദരനായ “ഒരാൾ” ആയി ഒടുവിൽ ഒരു വേദനയായി മനസ്സിൽ കുടിയേറി. കുറച്ച് നാൾ മുമ്പ് ഒരു യാത്രയിൽ പാലപൂത്തമണം അനുഭവിച്ചപ്പോൾ അവിടെ എവിടെയെങ്കിലും ഗന്ധർവ്വൻ ഉണ്ടാകുമോ യക്ഷിയുണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു. എന്നാൽ ഒടിയനെ കുറിച്ച് അങ്ങിനെ അധികം ഒന്നും കേൾക്കുവാനോ വായിക്കുവാനൊ അവസരം ഉണ്ടയിരുന്നില്ല.

ഞാൻ ആദ്യമായി ഒടിയനെ കുറിച്ച് കേൾക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ ആയിരിക്കുമ്പോൾ പാലക്കാട്ടുകാരിയായ ഒരു സ്ത്രീയെ യാദൃശ്ചികമായി പരിചയപ്പെട്ടപ്പോൾ ആയിരുന്നു. അവരാണ്‌ പാലക്കാടൻ ഗ്രാമങ്ങളെയും അവിടത്തെ പൂതനും തിറയും പോലെ ഉള്ള ആചാരങ്ങളെയും പറ്റിയൊക്കെ പറഞ്ഞപ്പ്പോൾ ഒടിയനെ പറ്റിയും പറയുന്നത്. അവരുടെ സംഭാഷണത്തിൽ നിന്നും ഒടിയൻ ഒരു ഭീതിയായി മനസ്സിൽ കയറി.

\"\"

പിന്നീട് വർഷങ്ങൾക്കിപ്പുറം ഒടിയൻ എന്ന പേരിൽ ലാലേട്ടന്റെ ഒരു സിനിമ വരുന്നു എന്ന് അറിഞ്ഞു. അതിലേക്ക് എന്നെയും ക്ഷണിച്ചു. വലിയ കാൻവാസിൽ ഒരുക്കുന്ന ആചിത്രത്തിൽ ഒടിയനായി ലാലേട്ടൻ!! കഥയും തിരക്കഥയും ഒരുക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണൻ സാർ. സംവിധാനം ശ്രീകുമാർ സാർ. പ്രകാശ് രാജ്സാർ, മജ്ജുവാര്യർ. നിർമ്മാണം ആന്റണി പെരുമ്പാവൂർ സാർ അങ്ങിനെ മികച്ച ഒരു കൂട്ടായ്മ. അത്തരം ഒരു പ്രോജക്ടിന്റെ ഭാഗമാകുവാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തൊഷം തോന്നി.

പക്ഷെ ഒടിയൻ എന്നിൽ ഒരു ഭീതിയായി ഉള്ളിൽ കിടന്നിരുന്നു. ഷൂട്ടിംഗിനായി മലമ്പുഴയിൽ എത്തിയപ്പോൾ എന്തോ ഒരു ഭീതി എനിക്ക് അനുഭവപ്പെടുവാൻ തുടങ്ങി. പോരാത്തതിനു കാനായി കുഞ്ഞിരാമൻ സാറിന്റെ കരവിരുതിൽ തീർത്ത കൂറ്റൻ യക്ഷിയുടെ സമീപത്ത് എത്തിയപ്പോൾ ശരിക്കും ഞാനാകെ വല്ലാത്ത ഒരു അവസ്ഥ.

\"\"

പ്രകശ് രാജ് സാറിന്റെ ഒപ്പം അഭിനയിക്കുമ്പോളും മനസ്സിൽ ഒടിയപ്പേടിയായിരുന്നു. എന്നാൽ പിന്നീട് ഒടിയൻ എന്റെ മനുഷ്യന്റെ ജീവിതത്തെയും മാനസികാവസ്ഥയെ പറ്റി കൂടുതൽ അറിഞ്ഞപ്പോൽ അല്പം മാറ്റം വന്നു. എങ്കിലും രാത്രിയിൽ ഇപ്പോഴും ജനാലക്കരികിൽ പോത്തിന്റെയോ മറ്റൊ രൂപത്തിൽ ഒടിയൻ ഉണ്ടാകുമോ എന്ന് ഇടക്ക് മനസ്സിൽ തോന്നാതില്ല.അന്നേരം പുതപ്പെടുത്ത് തലവഴി പുതച്ച് അർജ്ജുന്റെ പത്തു പേരുകൾ ഉരുവിട്ട് ഭഗവാനെയും പ്രാർഥിച്ച് കിടന്നുറങ്ങും.

എന്തായാലും കേട്ടതിൽ നിന്നും വായിച്ചതിൽ നിന്നും വ്യത്യസ്ഥമായി ഞാൻ ഗന്ധർവ്വനു ശേഷം ഒടിയൻ മലയാള സിനിമയിൽ മലയാളികളുടെ മനസ്സിൽ മറ്റൊരു കഥപാത്രമായി, സിനിമയായി മാറും എന്ന് തീർച്ചയാണ്‌.

ശ്രീയ രമേഷ്‌, അഭിനേത്രി

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor