മലയാളം ഇ മാഗസിൻ.കോം

അനേകം പേർക്കൊപ്പം നടി ശ്രീയ രമേഷും ഇപ്പോൾ ആ ഭീതിയിലാണ്, ഈ അവസ്ഥയിൽ നിന്ന് മോചനം വേണമെന്ന് താരം!

അനേകം പേർക്കൊപ്പം നടി ശ്രീയ രമേഷും ഇപ്പോൾ ആ ഭീതിയിലാണ്, ഈ അവസ്ഥയിൽ നിന്ന് മോചനം വേണമെന്ന് താരം! നാടു നീളെ വീടുകൾ തോറും ബ്ലാക്ക്‌ സ്റ്റിക്കർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് താരം പങ്കു വച്ചിരിക്കുന്നത്‌. ശ്രീയയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ.

\"\"

ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന സിനിമയിൽ വിചിത്ര സ്വഭാവമുള്ള ഒരു കൊലയാളിയെ പറ്റി പറയുന്നുണ്ട്. വൃദ്ധരെ കൊന്ന് കെട്ടിയിട്ട് വായിൽ ചകിരിതിരുകി വക്കുന്ന ആ കൊലയാളിയെ പറ്റി ആലോചിച്ച് പരിഭ്രാന്തരാകുന്ന പ്രായമായവർ. ചെറിയ അനക്കം പോലും അവരെ അസ്വസ്ഥരാക്കുന്നു. ഉടനെ അവർ പോലീസിനെ വിളിക്കുന്നു. അത്തരം ഒരു ഹൊറർ സിനിമ കാണുന്ന തീയേറ്ററിൽ ഇരിക്കുന്ന ഭീതിയാണ് മനസ്സിൽ. രാത്രിയിൽ വീട്ടിലെ ലൈറ്റുകൾ അണക്കുവാൻ പോലും ഭയം. വല്ലാത്ത ഒരു സുരക്ഷിതത്വമില്ലായ്മയാണ് ചുറ്റിലും പടരുന്നത്. തലസ്ഥാന നഗരിമുതൽ ചെറു ഗ്രാമങ്ങൾ വരെ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കുന്ന വാർത്തകൾ. ജാഗ്രതയോടെ ഇരിക്കൂ എന്ന മുന്നറിയിപ്പുകൾ.

വാട്സാപ്പ് നിറയെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും വീടിന്റെ ജനലിൽ ബ്ലാക്ക് സ്റ്റിക്കർ ഒട്ടിക്കുന്നതുമായ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും. ദിവസങ്ങളായി ഇതിങ്ങനെ തുടരുന്നു.

\"\"

വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഫോണിലൂടെയും വാട്സാപ്പിലൂടെയും മറ്റും നിങ്ങളുടെ അവിടെയൊക്കെ വീടിന്റെ ജനലിൽ ബ്ലാക്ക് സ്റ്റിക്കർ കണ്ടോ എന്ന് മിക്കവാറും ദിവസങ്ങളിൽ തിരക്കും. വീടിന്റെ പുറത്ത് ഇറങ്ങി ജനലിൽ നോക്കുവാൻ ഭീതിയായി തുടങ്ങി. എന്റെ മാത്രം പ്രശ്നമല്ല എന്നാണ് മനസ്സിലാക്കുന്നത് ഈ ബ്ലാക്ക് സ്റ്റിക്കറിനെ പറ്റി കേട്ടിട്ടുള്ള കേരളത്തിലെ മിക്കവീടുകളിലെയും വീട്ടമ്മമാർ ഭീതിയിലാണെന്ന് കരുതുന്നു. വീടുകളിൽ ഇന്ന് അംഗങ്ങൾ കുറവാണ്, അതിൽ പലയിടത്തെയും പുരുഷന്മാർ വിദേശത്താണ്. പ്രായമായ മാതാപിതാക്കളും യുവതികളായ ഭാര്യമാരും കുട്ടികളോ കൗമാരക്കാരോ ആയ മക്കളാകും മിക്ക വീടുകളിലും. ഒരു ബ്ലാക്ക് സ്റ്റിക്കറും അതിന്റെ പേരിലുള്ള ഊഹാപോഹങ്ങളും മൂലം ലക്ഷക്കണക്കിനു മനുഷ്യർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്ര വലുതാണ്.

\"\"

ഈ ബ്ലാക്ക് സ്റ്റിക്കറിനു പിന്നിൽ മോഷണ സംഘങ്ങളാണ് എന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇത്രയും റിസ്കെടുത്ത് കഷ്ടപ്പെട്ട് മുകൾ നിലയിൽ വരെ കയറിൽ ജനലുകളിൽ ആരെങ്കിലും സ്റ്റിക്കറുകൾ പതിക്കുമോ? നമ്മുടെനാട്ടിൽ ഇന്ന് മിക്കവരും രാത്രികാലങ്ങളിൽ പലരും ഫോണിൽ സംസാരിച്ചും ഓൺലൈനിൽ ചാറ്റ് ചെയ്തും മറ്റും സമയം പോക്കുന്നവരാണെന്ന് കേൾക്കുന്നു. അത് ശരിയാണെങ്കിൽ എങ്ങിനെയാ ഇത്ര ധൈര്യത്തോടെ സ്റ്റിക്കറൊട്ടിക്കാൻ ആൾക്കാർ ഇറങ്ങി നടക്കുക? ഇനി അഥവാ മോഷ്ടിക്കുവാൻ ആണെങ്കിൽ തന്നെ ഈ സ്റ്റിക്കർ മാർക്ക് രാത്രിയിൽ എങ്ങിനെ കാണുവാനാണ്?

കള്ളന്മാർക്ക് വീടുകൾ മാർക്ക് ചെയ്യുവാൻ മതിലിൽ തന്നെ സൗകര്യമില്ലെ? അതല്ലെങ്കിൽ ഫോട്ടോ എടുത്താലും പോരെ? ഇങ്ങനെ ചോദ്യങ്ങൾ അനവധി മനസ്സിൽ ഉയർന്നു വരുന്നു. ശ്രദ്ധേയമായ ഒരു കാര്യം ഫ്ലാറ്റുകളിൽ ഇത്തരം സ്റ്റിക്കർ പതിപ്പിക്കുന്നത് ഇതുവരെ ആരും പറഞ്ഞ് കേട്ടില്ല എന്ന്താണ്. ഇത് കുട്ടികളെ തട്ടിക്കൊണ്ടുപോകുവാനോ മോഷ്ടിക്കുവാനോ വേണ്ടി ഏതെങ്കിലും സംഘം മാർക്ക് ചെയ്യുന്നതാണെന്ന് എനിക്ക് വിശ്വസിക്കുവാനാകില്ല. ഇതിനു പിന്നിൽ മറ്റെന്തൊ സംഭവം ഉണ്ട്.

\"\"

ഒന്നുകിൽ എന്തെങ്കിലും വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കുവാനുള്ള തന്ത്രം. ജനങ്ങൾ പരിഭ്രാന്തരാകുന്നു എന്ന് വന്നാൽ അതോടെ വാർത്തകളുടെ അതിലേക്ക് ഫോക്കസ് മാറുമല്ലൊ. അതല്ലെങ്കിൽ ഇത്തരം സ്റ്റിക്കർ വാർത്ത പ്രചരിചതോടെ ഓരോ നാട്ടിലും ഉള്ള ഏതെങ്കിലും സാമൂഹ്യ വിരുദ്ധരുടെ ഒരു കുസൃതി. എന്തു തന്നെയായാലും ജനങ്ങളുടെ ഭീതിയകറ്റുവാൻ വേണ്ട നടപടികൾ എടുക്കട്ടെ. ഒപ്പം ക്ലബ്ബുകളും സംഘടനകളും കൂടെ ഉൽസാഹിച്ചാൽ ഒരു പക്ഷെ ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുവാൻ സാധിക്കും എന്നാണ് കരുതുന്നത്. കണ്ടെത്തണം ഈ ഭീതിതമായ അവസ്ഥയിൽ നിന്നും മോചനം ഉണ്ടാകണം.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor