മലയാളം ഇ മാഗസിൻ.കോം

ഒടിയൻ അവസാന ഷെഡ്യൂൾ ചിത്രീകരണത്തിനിടെ \’വമ്പൻ തള്ളുമായി\’ സംവിധായകൻ ശ്രീകുമാർ മേനോൻ!

ഒടിയൻ അവസാന ഷെഡ്യൂൾ ചിത്രീകരണത്തിനിടെ \’വമ്പൻ തള്ളുമായി\’ സംവിധായകൻ ശ്രീകുമാർ മേനോൻ, ഇതിന്റെ ആവശ്യമുണ്ടോ എന്ന്‌ സോഷ്യൽ മീഡിയ!

\"\"

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ചിത്രീകരണം പുരോഗമിക്കുന്ന ഒടിയൻ ഇപ്പോൾ ഫൈനല്‍ ഷെഡ്യൂളില്‍ ആണ്. 1950 കളിൽ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ഈ സിനിമ ഒരു ഫാന്റസി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. പുലി ആയും കാള ആയും മാന്‍ ആയും എല്ലാം വേഷം മാറാന്‍ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയന്‍ മാണിക്യന്‍ ആയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുക.

നാലു കാലില്‍ ഓടുകയും വലിയ മരങ്ങളില്‍ ചാടി കയറുകയും വന്യ മൃഗങ്ങളെ പോലെ ശത്രുക്കളെ ആക്രമിക്കാനും കരുത്തുള്ള ആളാണ് ഒടിയന്‍ മാണിക്യന്‍. മോഹൻലാലിന്റെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തെക്കുറിച്ചും രണ്ടാമൂഴം എന്ന ചിത്രത്തിലെ ഭീമസേനൻ ആയുള്ള മോഹൻലാലിന്റെ രൂപമാറ്റത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഈ രണ്ട് സിനിമകളുടെയും സംവിധായകൻ ആയ ശ്രീകുമാര്‍ മേനോന്‍ നടത്തിയ പ്രസ്താവനകൾ ചർച്ചയാവുകയാണ്.

\"\"

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക് ഓവര്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്.അൻപത്തിയൊന്നു ദിവസം നീണ്ട \’തപസ്സ്\’ കൊണ്ട് ശരീരത്തെയും മനസ്സിനെയും മെരുക്കി \’യൗവനം\’ തിരിച്ചുപിടിക്കാൻ കഠിനവ്രതത്തോടു കൂടിയ പരിശീലനം ആയിരുന്നു മോഹൻലാലിന്റേത്. ഒടുവിൽ 18 കിലോ തൂക്കം കുറച്ചു പുതിയ രൂപത്തിൽ മോഹൻലാൽ അവതരിച്ചു. \’ഒടിയൻ\’ എന്ന സിനിമയിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലത്തിനു വേണ്ടിയായിരുന്നു ഈ ഒരുക്കം.

ഒരു സിനിമയ്ക്കുവേണ്ടി നായകൻ നടത്തുന്ന ഏറ്റവും കഠിനപരിശീലനങ്ങളിൽ ഒന്ന് എന്ന് തന്നെ ഈ രൂപമാറ്റത്തെ വിശേഷിപ്പിക്കാം. ഫ്രാൻസിൽനിന്നുള്ള ഡോക്ടർമാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ പരിശീലനം.

ഈ ചിത്രത്തില്‍ മോഹന്‍ലാലിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

അത്ര ഗംഭീരമായി ആണ് മോഹന്‍ലാല്‍ ഇതിലെ സംഘട്ടന രംഗങ്ങള്‍ ചെയ്തിട്ടുള്ളത് എന്നും അഞ്ചു മാസ്സ് സംഘട്ടന രംഗങ്ങള്‍ ഉള്ള ഈ ചിത്രത്തില്‍ വി എഫ് എക്സിനു വലിയ പ്രാധാന്യം ഉണ്ട് എന്നും അതൊക്കെ കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപെടുന്ന , അവരെ ഏറെ ആകര്‍ഷിക്കുന്ന ഒരു സൂപ്പര്‍ ഹീറോ ആയിരിക്കും ഈ ചിത്രത്തിലെ ഒടിയന്‍ മാണിക്യന്‍ എന്നും സംവിധായകന്‍ പറഞ്ഞു.

\"\"

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്നാണ് മോഹൻലാൽ അറിയപ്പെടുന്നത്. ഈ പേര് നിലനിർത്താൻ പുതിയൊരു ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് രണ്ടാമൂഴം എന്ന ചിത്രം. ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മഹാഭാരതത്തിലെ നായക വേഷം ചെയ്യുന്നത് മോഹൻലാൽ ആണ്. ആയിരം കോടി മുതൽ മുടക്കിൽ ബി ആർ ഷെട്ടി നിർമ്മിച്ച് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരിലെ ഇതിഹാസമായ എം ടി വാസുദേവൻ നായർ ആണ്.

അദ്ദേഹത്തെ ജ്ഞാനപീഠം അവാർഡിന് അർഹമാക്കിയ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ കേന്ദ്രകഥാപാത്രം ആകുന്ന ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമ സേനനെ അവതരിപ്പിക്കുന്ന മോഹൻലാൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു മേക് ഓവറിൽ ആണ് എത്താൻ പോകുന്നത് എന്നും സംവിധായകൻ പറയുന്നു .

ഒരു യോദ്ധാവിനെ പോലെയുള്ള രൂപമാറ്റം നടത്തിയാവും മോഹൻലാൽ ഈ ചിത്രത്തിൽ എത്തുക. വലിയ ചുമലുകളും വമ്പൻ ഭുജങ്ങളും വിരിഞ്ഞ മാറിടവുമൊക്കെയായി മോഹൻലാൽ എത്തുന്നത് അജയ്യനായ ഭീമ സേനന്റെ സകല രൂപ ഭാവങ്ങളും ആവാഹിച്ചു കൊണ്ടായിരിക്കും. അതിനു വേണ്ടി ഇപ്പോഴേ ട്രെയിനിങ് തുടങ്ങിയ മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിന് ശേഷം ഒരു പതിനഞ്ചു കിലോയോളം ശരീര ഭാരം വർധിപ്പിക്കും. പേർസണൽ ട്രെയ്നറിനെ വെച്ച് ഇപ്പോഴേ മോഹൻലാൽ അതിനുള്ള ട്രെയിനിങ് തുടങ്ങി കഴിഞ്ഞു.

\"\"

മഹാഭാരതത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ് എന്നും അടുത്ത വർഷം ആദ്യം ഈ ചിത്രവും ആരംഭിക്കും എന്നും സംവിധായകൻ പറഞ്ഞു. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മറ്റു അനേകം വമ്പൻ താരങ്ങൾ അണി നിരക്കും എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

ഇതിനെല്ലാം പുറമെ രണ്ടാമൂഴത്തിലൂടെ മോഹന്‍ലാല്‍ ചിലപ്പോള്‍ ഇന്ത്യയിലേയ്ക്ക് ആദ്യ ഓസ്‌കാര്‍ കൊണ്ടുവന്നേക്കാമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. “രണ്ടാമൂഴത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത് വേറൊരു രൂപത്തിലുള്ള മോഹന്‍ലാലിനെയാണ്. രണ്ടാമൂഴം എന്ന സിനിമ തന്നെ ഭീമന്റെ മനസ്സിന്റെ യാത്രയാണ്. ഇമോഷണല്‍ ത്രില്ലറാണ് അത്. അതൊരു യുദ്ധ പടമൊന്നുമല്ല. ഭീമന്‍ അനുഭവിക്കുന്ന അപമാനങ്ങള്‍, ഒറ്റപ്പെടല്‍, കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കാത്തതിനാല്‍ വേദനിയ്ക്കുന്ന ഭീമന്‍.

\"\"

ഞാന്‍ മുമ്പ് പറഞ്ഞിരുന്നു ഇന്ത്യയിലേക്ക് ആദ്യം ഓസ്‌കാര്‍ കൊണ്ടുവരുന്ന നടന്‍ മോഹന്‍ലാലായിരിക്കുമെന്ന്, അത് ഒരു അതിശയോക്തിയല്ല. അതെനിയ്ക്കുറപ്പാണ്. കാരണം അത്രമാത്രം ആ കഥാപാത്രത്തെ അറിഞ്ഞു കൊണ്ട് അവതരിപ്പിക്കാന്‍ ഇന്നു ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമേയുള്ളു”.

മലയാളത്തിന്റെ മഹാനടന്റെ കഴിവുകൾ അറിയാത്തവരല്ല മലയാളികൾ പക്ഷെ ഒടിയനും രണ്ടാമൂഴവും മോഹൻലാലിനെ തന്നെ നായകനാക്കി ചെയ്യുന്ന സംവിധായകൻ എന്ന നിലയ്ക്ക് ശ്രീകുമാർ മേനോന്റെ \”തള്ള്\” എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സംവിധായകന്റെ ഈ അഭിമുഖം.

Avatar

Malu Sheheerkhan

Malu Sheheerkhan | Executive Editor