മലയാളം ഇ മാഗസിൻ.കോം

വീട്ടുകാർ പ്രാകിയിട്ടും വീൽ ചെയറിൽ നിന്ന് എഴുനേൽക്കാൻ കഴിയാത്ത രഞ്ജിനിയെ കല്യാണം കഴിച്ചതിന് രാജീവന് ഒരു കാരണം ഉണ്ടായിരുന്നു!

രഞ്ജിനിയുടെ നഗ്നമായ ശരീരത്തിൽ രാജീവൻ സോപ്പ് തേച്ച് കുളിപ്പിച്ചു. അവന്റെ സ്പർശം അവനിലോ അവളിലോ വികാരത്തിന്റെ വേലിയേറ്റങ്ങളോ വേലിയിറക്കങ്ങളോ ഉണ്ടാക്കിയില്ല. തന്റെ കൊച്ചു കുട്ടിയെ ഒരു പിതാവ് എങ്ങനെയാണോ ശുശ്രുഷിക്കുന്നത് അതെ കരുതലോടെ ആണ് രാജീവൻ രഞ്ജിനിയെ സ്നേഹിക്കുന്നത്.

\"\"

കുളിപ്പിച്ചു കഴിഞ്ഞ് രഞ്ജിനിയുടെ ശരീരം നല്ലപോലെ തുടച്ച് അവൾക് പ്രീയപ്പെട്ട ചുവന്ന ചുരിദാർ അണിയിച്ചു. അവളെ എടുത്ത് കൊണ്ട് രാജീവ്‌ കട്ടിലിൽ ചാരി ഇരുത്തി.. കുറച്ച് രാസ്നാദി പൊടിയെടുത്ത് അവളുടെ തലയിൽ നല്ലപോലെ തേച്ച് പിടിപ്പിച്ചു. അവളുടെ നീണ്ട തലമുടി കുറച്ച് തെന്നിയിട്ടു. രാവിലെ അമ്പലത്തിൽ നിന്ന് കൊണ്ട് വന്ന ചന്ദനം കുറച്ച് അവളുടെ നെറ്റിയിൽ ചാർത്തി. ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിലും ചാർത്തി.. അപ്പോഴേക്കും അവളുടെ കണ്ണുനീർ കവിളിൽ കൂടി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…

\”നിനക്ക് ഇത് ഇതുവരെ നിർത്താറായില്ലേ……\” കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ തുടച്ചുകൊണ്ടാണ് രാജീവൻ അത് പറഞ്ഞത്. രഞ്ജിനി മുഖത്ത് ഒരു ചിരിവരുത്തുവാൻ ശ്രമിച്ചു. \”ദേ നോക്കിക്കേ സുന്ദരി ആയോ എന്ന്…\” മേശപ്പുറത്ത് ഇരുന്ന കണ്ണാടി അവളുടെ മുഖത്തിന്‌ നേരെ പിടിച്ചുകൊണ്ട് രാജീവൻ ചോദിച്ചു. \”ഇനിയിപ്പോ ഞാൻ സുന്ദരി ആയിട്ട് എന്തിനാ…. \”

ഉള്ളിലെ നിരാശയും വിഷമവും വാക്കുകൾ കൊണ്ട് അവൾ പറയാതെ പറഞ്ഞു. \”നീ എന്നും എനിക്ക് ചുന്ദരികുട്ടി തന്നെയാണ്… നീ ഈ കണ്ണാടിയും നോക്കി ഇരിക്ക് ഞാൻ പോയി ചായ ഇട്ടുകൊണ്ട് വരാം……\” \”എന്നെ ആ വീൽ ചെയറിലോട്ട് ഇരുത്തിക്കെ ഞാൻ ഇടാം ചായ.\” സ്വയം നിയന്ത്രിക്കാൻ കഴിയുന്ന ആ വീൽ ചെയറിൽ നോക്കി അവൾ പറഞ്ഞു. \”നിനക്ക് എന്നും എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ചായ കുടിക്കാൻ അല്ലേ ആഗ്രഹം ഇന്ന് ഞാൻ ഇടാം….\” രഞ്ജിനിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് കൊണ്ട് രാജീവൻ അടുക്കളയിലേക്ക് പോയി.

\"\"

ഈശ്വരാ അദ്ദേഹത്തിന് ഒരു ആപത്തും വരുത്തരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ രഞ്ജിനിക്ക് എപ്പോഴും ഉള്ളൂ. വർഷങ്ങൾക്ക് മുന്നേ തുടങ്ങിയ സൗഹൃദം അതൊരു പ്രണയം ആയി തീരുക ആയിരുന്നു. രണ്ട് കുടുംബക്കാരുടെയും അനുഗ്രഹത്തോടെ അത് വിവാഹത്തിലേക്ക് നീങ്ങി. വിവാഹദിനത്തിന് ഒരാഴ്ച്ച മുന്നേയാണ് വിധി എന്ന വില്ലൻ ഒരു അപകടത്തിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിൽ കടന്ന് വന്നത്. രഞ്ജിനിയുടെ മാതാപിതാക്കളെ മരണം തട്ടിയെടുത്തു ഒപ്പം അവളുടെ അരയ്ക്ക് താഴേക്കുള്ള ചലനവും.

ആരൊക്കെ എതിർത്തിട്ടും ആശുപത്രി കിടക്കയിൽ കിടക്കുന്ന രഞ്ജിനിയുടെ കഴുത്തിൽ രാജീവൻ താലി ചാർത്തി. ആശുപത്രിയിൽ നിന്ന് നേരെ രാജീവന്റെ വീട്ടിലേക്ക് ആണ് അവളെ കൊണ്ട് വന്നത്. വീട്ടുകാരുടെ പല കുത്തു വാക്കുകളും പ്രവർത്തികളും രഞ്ജിനി പുറത്ത് പറയാതെ മനസ്സിലൊളിപ്പിച്ചു. ഒരിക്കൽ വീട്ടുകാർ രഞ്ജിനിയെ പ്രാകുന്നതും കേട്ടുകൊണ്ടാണ് രാജീവൻ വീട്ടിലേക്ക് ചെന്നത്. ആരോടും പരാതിയോ പരിഭവമോ പറയാതെ അവളെയും എടുത്ത് കൊണ്ട് വീടുവിട്ട് ഇറങ്ങി. ഇന്നിപ്പോൾ അവളുടെ അമ്മയും, അച്ഛനും, കാമുകനും, സുഹൃത്തും, ഭർത്താവും എല്ലാം രാജീവൻ ആണ്.

\"\"

\”ഇതെന്താ സ്വപ്നം കൊണ്ടിരിക്കുന്നത്….\” ചായയും ആയി വന്ന രാജീവന്റ ശബ്‌ദം കേട്ടാണ് രഞ്ജിനി ചിന്തയിൽ നിന്ന് ഉണർന്നത്. \” ഏയ് ഒന്നുമില്ല…\” കൊണ്ട് വന്നതിൽ നിന്ന് ഒരു ചായ അവൾക്ക് നേരെ നീട്ടി രാജീവൻ. അവൾ അത് വാങ്ങി ചുണ്ടോട് അടുപ്പിച്ചു ഇഞ്ചിയുടെയും ഏലയ്ക്കയുടെയും മണം അവളുടെ മൂക്കിലേക്ക് അടിച്ചു കയറി. അവളുടെ പ്രീയപ്പെട്ട ചായ ആണത്. അല്ലേലും അവളുടെ ഇഷ്ടങ്ങൾ അവൾ പറയാതെ തന്നെ രാജീവൻ അറിഞ്ഞു ചെയ്യുമ്പോൾ അവൾക്ക് അത്ഭുതം തോന്നാറുണ്ട്.

\”വാ നമുക്ക് പുറത്തോട്ട് ഇരുന്ന് കുടിക്കാം… \” അത് പറഞ്ഞ് രാജീവൻ അവളെ എടുത്ത് വീൽ ചെയറിൽ ഇരുത്തി. രണ്ടാളും ഉമ്മറത്ത് ചെന്ന് പുറത്തേക്ക് നോക്കി ഇരുന്ന് ചായ കുടിച്ചു. തന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന രാജീവന്റെ വലത് കയ്യിൽ രഞ്ജിനി ഇടത് കൈ കൊണ്ട് അമർത്തി പിടിച്ചു. ആ പിടുത്തത്തിൽ ഒരുപാട് അർഥങ്ങൾ ഉണ്ട്. അവനും അവൾക്കും മാത്രം മനസ്സിലാവുന്ന ഒരുപാട് അർഥങ്ങൾ. \”ഞാൻ ഒരുകാര്യം പറഞ്ഞാൽ എട്ടായി എന്നോട് ദേഷ്യപെടുമോ… ?\”

\"\"

\”എന്താ കാര്യം..\”. \”ദേഷ്യപ്പെടുമോ ഇല്ലയോ അത് പറ..\”. \”എനിക്ക് അറിയാം നീ എന്താ പറയാൻ പോകുന്നത് എന്ന്… നിന്നെ ഏതെങ്കിലും അനാഥ മന്ദിരത്തിൽ കൊണ്ടാക്കണം, എന്നിട്ട് ഞാൻ ഒരു പെണ്ണ് കെട്ടി സുഖമായി ജീവിക്കണം അതല്ലേ…\”. \”അയ്യേ അതല്ല…\”. \”അതല്ലേ പിന്നെന്താ….\”. \”എന്നെയെങ്ങാനും കയ്യൊഴിഞ്ഞാൽ നിന്നെയും കൊന്ന് ഞാനും ചാകും…. കേട്ടോടാ തെമ്മാടി…\”, \”ഓ… അപ്പൊ എന്നെ നീ വെറുതെ വിടില്ല ല്ലേ…\”

\”എന്റെ അവസാന ശ്വാസം വരെ ഇതിനുള്ളിലെ സ്നേഹം എനിക്ക് മാത്രം അനുഭവിക്കണം. അത് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല….\” അവന്റെ നെഞ്ചിൽ കൈവച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുക ആയിരുന്നു.. അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ആ സിന്ദൂരരേഖയിൽ അമർത്തി ഒരു ചുംബനം നൽകികൊണ്ട് അവളെ ചേർത്ത് പിടിച്ചു രാജീവൻ.. അതവൾക്ക് ഒരു വിശ്വാസം ആണ് അവളെ കൈവിടാതെ എന്നും അവളുടെ കൂടെ കാണുമെന്ന വിശ്വാസം. ആ വിശ്വാസം ആണ് അവളെ മുന്നോട്ട് നയിക്കുന്നതും.

നല്ല പാതി – രചന: ശ്രീ

Avatar

Staff Reporter