17
February, 2019
Sunday
07:02 AM
banner
banner
banner

സ്ഫടികം രണ്ടാം ഭാഗം ഇറക്കാൻ ഇനി കഴിയില്ല, ആരും ശ്രദ്ധിക്കാത്ത ആ ലോജിക്കൽ കാരണം വെളിപ്പെടുത്തി സംവിധായകൻ ഭദ്രൻ!

മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കണം ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നതിനെചൊല്ലി ഇത്രയധികം വിമർശനങ്ങളുയരുന്നത്. മോഹൻലാൽ നായകനായെത്തി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി ഓടിയ ചിത്രമായിരുന്നു സ്ഫടികം. ചിത്രത്തിലെ ആടുതോമയും തോമയുടെ റെയ്ബാൻ ഗ്ലാസും മുണ്ടു പറിച്ചുള്ള അടിയും ചെകുത്താൻ ലോറിയും ഇന്നും ജനഹൃദയങ്ങളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്‌.

ഭൂഗോളത്തിന്റെ സ്പന്ദനം മുഴുവൻ മാത്തമാറ്റിക്സിലാണെന്നു വിശ്വസിച്ചിരുന്ന ചാക്കോ മാഷും ഏഴിമല പൂഞ്ചോലയുമായി യുവഹൃദയങ്ങളെ കുളിരണിയിച്ച സില്ക്ക് സ്മിതയേയും മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ്‌. എന്നിട്ടും സ്ഫടികം 2 തിയറ്ററിൽ കാണാൻ ഒരു മലയാളിയും ആഗ്രഹിക്കുന്നില്ല.

ഒന്നോർക്കണം ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ മൂന്നും നാലും അഞ്ചും ഭാഗങ്ങൾ സൂപ്പർ ഹിറ്റായി ഓടിയ മലയാളത്തിലാണ്‌ സ്ഫടികം 2 ന്‌ ഇത്രയധികം പ്രേക്ഷക എതിർപ്പുകൾ ഉയരുന്നത്. ആരുവന്നാലും സ്ഫടികം 2 ന്‌ അനുമദി കൊടുക്കില്ലെന്ന്‌ തീർത്ത് പറഞ്ഞിരിക്കുകയാണ്‌ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രൻ. അതിന്‌ വളരെ വ്യക്തമായ കാരണങ്ങളും അദ്ദേഹത്തിനു പറയാനുണ്ട്.

സ്ഫടികം ഇറങ്ങിയിട്ട് ഇന്നേക്ക് 23 വർഷങ്ങൾ കഴിഞ്ഞു. ഇന്നും ആളൂകൾ ആ സിനിമയെ നെഞ്ചോട് ചേർത്ത് വച്ചിരിക്കുകയാണ്‌. ആ സിനിമയിലെ ഓരോ പഞ്ച് ഡയലോഗുകളും ആളുകൾ ഇന്നും ഏറ്റുപറയുകയാണ്‌. ചിത്രത്തിലെ തുണി പറിച്ചുള്ള അടിയോ റെയ്ബാൻ ഗ്ളാസോ മുട്ടനാടിന്റെ ചോര കുടിക്കുന്ന രംഗമോ ഒന്നുമല്ല ആളുകളെ വശീകരിച്ചത്. ചിത്രത്തിൽ വളരെ ശക്തമായ ഒരു പ്രമേയം ഉണ്ടായിരുന്നു. രണ്ടു മൂന്നു വർഷമെടുത്തു സ്ഫടികം എന്ന ചിത്രം തയാറാക്കാൻ.

ഒരുപാട് പ്രാവശ്യം ചിത്രത്തിന്റെ കഥ മാറ്റിയെഴുതി. ആണത്തമുള്ള ഒരു കഥാപാത്രമായിരുന്നു ആട് തോമയുടേത്. സിനിമ ഓടാൻ വേണ്ടി കമേഴ്സ്യലായി പ്രത്യേക സീനുകളൊന്നും ചേർത്തിരുന്നില്ല. എല്ലാവരെയും പോലെ സില്ക്ക് സ്മിതയും വളരെ പ്രതീക്ഷയോടേ കണ്ട കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൈല എന്ന ക്യാരക്ടർ. അതുവരെ ക്യാബറെ ഡാൻസ് വേഷങ്ങൾ മാത്രമായിരുന്നു അവർ ചെയ്തിരുന്നത്. എന്നാൽ സ്ഫടികത്തിൽ സില്ക്ക് സ്മിതയെ വളരെ വ്യത്യസ്തമായിട്ടായിരുന്നു ഉപയോഗിച്ചത്.

പണത്തിനു വേണ്ടി ഞാൻ സിനിമ ചെയ്യാറില്ല. അങ്ങനെയായിരുന്നെങ്കിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഓഫർ ചെയ്ത മെഴ്സിഡസ് ബെൻസ് വാങ്ങി പണ്ടേ സ്ഫടികം 2 ചെയ്യാമായിരുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ എന്റെ വീട്ടിൽ വന്നു. അന്നത്തെ കാലത്ത് ഏകദേശം 64 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എനിക്ക് ഓഫർ ചെയ്തു. എന്നിട്ട് പറഞ്ഞു സഫടികം 2 ചെയ്യണം. സിനിമയുടെ കഥയൊന്നും പ്രശ്നമല്ല പക്ഷേ രണ്ടുകാര്യങ്ങൾ ഉറപ്പായും ചിത്രത്തിൽ ഉണ്ടാവണം. തുണി പറിച്ചടിയും കറുപ്പും ചുവപ്പും ഷോർട്സിട്ട് റെയ്ബാൻ ഗ്ലാസ്സ് വച്ചുള്ള രംഗങ്ങളും.

ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ചെയ്ത സിനിമ നിങ്ങൾക്ക് മനസിലായില്ലല്ലൊ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ചെകുത്താൻ എന്നെഴുതിയ അപ്പൻ, തന്റെ മകൻ ചെകുത്താനായിരുന്നില്ല സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ്‌ സിനിമയുടെ കാതൽ. അങ്ങനെയൊരു മകൻ അപ്പനെ കൊന്നവരോട് പ്രതികാരം ചെയ്യുകയും ജയിലിലേക്ക് പോകുകയും ചെയ്യുന്നു.

തിരിച്ച് ജയിലിൽ നിന്നും ഇറങ്ങുന്ന മകൻ വീണ്ടും ഗുണ്ടയാകുമോ? അപ്പൻ മകനെ തിരിച്ചറിയുന്നിടത്ത് കഥ തീരുകയാണ്‌ അവിടെ ചെകുത്താൻ മാറി ആടു തോമ സ്ഫടികമായി മാറുകയാണ്‌. ഇങ്ങനെയുള്ള ഒരു കഥയ്ക്ക് എങ്ങനെ രണ്ടാം ഭാഗം ചെയ്യും? അന്ന് ചിത്രത്തിന്‌ രണ്ടാം ഭാഗം ചെയ്യാതിരുന്നതുന്റെ കാരണങ്ങൾ ഇതായിരുന്നു.

അങ്ങനെയുള്ള സിനിമയുടേ രണ്ടാം ഭാഗമാണ്‌ ഇപ്പോൾ ആരോ പ്രഖ്യാപിച്ചിരിക്കുന്നത്. ആ വാർത്ത വന്നതിനു ശേഷം ആളുകളുടെ പ്രതികരണം നോക്കിയാൽ അറിയാം അവരുടെ വികാരം. ഇത്രയും ജനശ്രദ്ധ നേടിയ ഒരു ചിത്രം അതിന്‌ ഒരിക്കലും ഒരു രണ്ടാം ഭാഗം നിർമ്മിക്കാനാവില്ല. ഇനി ആടു തോമയ്ക്ക് ഒരു മകൻ ഉണ്ടായി എന്നിരിക്കട്ടെ ഒരു കാരണവശാലും ആ മകൻ റൗഡിയാകില്ല. കാരണം താൻ തന്റെ അപ്പനിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് ആട് തോമ തന്റെ മകന്‌ നല്കും.

സ്ഫടികത്തിന്റെ 25-ആം വർഷം ഈ പടത്തിന്റെ ഡിജിറ്റലൈസ് ചെയ്ത പ്രിന്റ് വീണ്ടും തിയറ്ററുകളിൽ എത്തിക്കും അതിന്റെ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. എന്റെ അനുവാദമില്ലാതെ ആർക്കും സ്ഫടികം 2 ചെയ്യാനാവില്ല. എന്നോട് ചോദിച്ചാലും ഞാൻ അനുവാദം കൊടുക്കില്ല. സിനിമയ്ക്ക് ഒരു പഞ്ച് വേണം ഒരു ബഞ്ച് മാർക്ക് വേണം. എങ്ങനെയൊക്കെ നോക്കിയാലും സ്ഫടികം 2 ചെയ്താൽ അതുണ്ടാവില്ല. അതുകൊണ്ട് സ്ഫടികം 2 എടുക്കേണ്ട ആവശ്യമില്ല.

[yuzo_related]

CommentsRelated Articles & Comments