കഷ്ടപ്പെടുന്നവനെ ജീവിതമുള്ളൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു തന്ന നടൻ, നിങ്ങളുടെ ആഗ്രഹം അത്രമേൽ ദൃഢമാണെകിൽ അത് നേടിയെടുക്കാൻ സാധിക്കും എന്ന് അടിവരയിട്ട് തെളിയിച്ച നടൻ, രാമലക്ഷ്മണൻ മുത്തുസ്വാമി എന്ന സൂരി മുത്തുസ്വാമി.
തമിഴകത്തെ ഹാസ്യസാമ്രാട്ട് എന്ന് വിശേഷിപ്പിക്കാവുന്ന അസാധ്യ നടനാണ് സൂരി. സഹനടനായാണ് സിനിമ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. എന്നാൽ ഇന്ന് തെന്നിന്ത്യയിൽ നൂറുമേനിയാണ് ഈ നടന്.
പട്ടിണിയും പരിവട്ടവും മാത്രമായിരുന്നു ഒരുകാലത്ത് സൂരിക്ക് കൂട്ട്. അതിൽ നിന്ന് സിനിമ എന്ന സ്വപ്നം നേടിയെടുക്കാൻ വർഷങ്ങളുടെ പ്രയത്നമായിരുന്നു സൂരിക്ക് വേണ്ടിവന്നത്. അതിനായി വീടും വീട്ടുകാരെയും ഉപേക്ഷിച്ച് 1996 ൽ ചെന്നൈക്ക് വണ്ടി കയറി. അഭിനയിക്കാനുള്ള കഴിവ് വെച്ച് ചാൻസ് ചോദിച്ച് പലരുടെയും മുന്നിൽ കേണപേകേഷിചെങ്കിലും ക്ഷീണിച്ച് ഉണങ്ങിയ രൂപം കണ്ട് എല്ലാവരും ആട്ടിയോടിച്ചു. അങ്ങനെ പട്ടിണി കിടന്ന് കണ്ണീർ കുടിച്ച ആ യുവാവ് ഇന്ന് തമിഴകത്തെ സൂപ്പർ ഡ്യൂപ്പർ സ്റ്റാറാണ്.
ചിരി വേഷങ്ങളിലൂടെയാണ് സൂരി ജനപ്രിയനായകനാവുന്നത്. 2009 ൽ ഇറങ്ങിയ ‘വെണ്ണിലാ കബഡിക്കുഴു’ എന്ന സിനിമ അവന്റെ തലവര തന്നെ മാറ്റി മറിച്ചു. പൊറോട്ട തിന്നുന്ന രംഗമായിരുന്നു അത്. ഒറ്റയിരുപ്പിൽ 50 പൊറോട്ട കഴിച്ച സൂരി അതിനു ശേഷം ഏവർക്കും പ്രിയപ്പെട്ട പൊറോട്ട സൂരിയായി മാറി. ശേഷം വെച്ചടി വെച്ചടി കയറ്റമായിരുന്നു. പോരാളി ,കളവാണി,നാൻ മഹാനല്ലൈ, ആടുപുലി, തൂങ്കാനഗരം, മാനംകൊതി പറവൈ, സുന്ദരപാണ്ഡിയൻ, കെഡി ബില്ല കില്ലാഡി രംഗ, വരുത്തപ്പെടാത്ത വലിർസംഗം, പാണ്ഡ്യനാട്, രജനി മുരുഗൻ, നമ്മവീട്പിള്ളൈ, അണ്ണാത്തൈ, ഡോൺ, പ്രിൻസ് അങ്ങനെ ആളുകളെ ചിരിപ്പിച്ച് കയ്യിലെടുത്തു ഈ കലാകാരൻ. ശിവകർത്തികേയനുമായുള്ള കൂട്ടുകെട്ടാണ് സിനിമയിൽ സൂരിക്ക് മറ്റൊരു വഴിത്തിരിവായത്, പിന്നീട് എപ്പോഴായിരിക്കും ഇവരുടെ ജോഡി സിനിമ ഇറങ്ങുക എന്ന കാത്തിരിപ്പിലായി ആരാധകർ. ഇപ്പോൾ ശിവകാർത്തികേയൻ പറയുന്നത് ഇങ്ങനെയാണ് “സൂരി അണ്ണാ നീങ്ക എപ്പോതുമേ ഹീറോ താ…നിങ്ങളുടെ കൂടെ എത്ര സിനിമ അഭിനയിച്ചാലും എനിക്ക് മതിയാകില്ല, നിങ്ങൾ സൂപ്പറാണ് “. പിന്നീടങ്ങോട്ട് അവാർഡുകളുടെ ഒരു പെരുമഴക്കാലമായിരുന്നു. മികച്ച ഹാസ്യനടനുള്ള നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡ്, സൈമ അവാർഡ്, വിജയ് അവാർഡ് അങ്ങനെയങ്ങനെ. എന്നാൽ ചിരിപ്പിക്കാൻ മാത്രമല്ല ചിന്തിപ്പിക്കാനും തനിക്ക് സാധിക്കുമെന്ന് വിടുതലൈ സിനിമയിലെ നായക വേഷത്തിലൂടെ തെളിയിച്ചു. മികച്ച നടനുള്ള ആനന്ദ വികടൻ സിനിമാ അവാർഡും ലഭിച്ചു. ആരാധകരെ മുഴുവൻ അമ്പരപ്പിച്ച പ്രകടനമായിരുന്നു വിടുതലയിലൂടെ സൂരി കാഴ്ചവെച്ചത്. പോലീസിൻ്റെ ക്രൂരതകളും അവരുടെ അതിരുകടന്ന നടപടികളുമാണ് ചിത്രം കൈകാര്യം ചെയ്തത്. സിനിമ കണ്ട സൂരി തന്നെ ഇങ്ങനെ പറഞ്ഞു ” ഞാൻ സ്ക്രീനിൽ കണ്ട സൂരി തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ ഒന്നായിരുന്നു, പ്രേക്ഷകരിലും ആ വികാരം എനിക്ക് കാണാൻ സാധിച്ചു. ഞാൻ സിനിമക്കായി ചെയ്ത കഠിനാധ്വാനങ്ങൾക്ക് ഇന്നെനിക്ക് ഫലം ലഭിച്ചു”.
വിടുതലൈയിലെ സൂരി പ്രേക്ഷകർക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു, അതുപോലെതന്നെയായിരുന്നു വെട്രിമാരൻ്റെ കഥയിൽ ആർ എസ് ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത “ഗരുഡൻ” എന്ന സിനിമ. സൊക്കൻ എന്ന കഥാപാത്രത്തെ അസാധ്യമായി അവതരിപ്പിച്ച് വീണ്ടും ആളുകളെ കയ്യിലെടുത്തു. ഇന്ന് വെറുമൊരു സിനിമാനടൻ മാത്രമല്ല സൂരി, വിശക്കുന്നവന്റെ വിശപ്പകറ്റുന്ന 2 ഹോട്ടലുകളുടെ ഉടമ കൂടിയാണ്. ഒരിക്കൽ താൻ അനുഭവിച്ച വിശപ്പ് ഇനിയാർക്കും ഉണ്ടാകരുതെന്ന് ഈ മനുഷ്യൻ ആഗ്രഹിക്കുന്നു. ഏത് കയറ്റത്തിനും ഒരു ഇറക്കമുണ്ടെന്ന് പറയും പോലെയാണ് ഈ നടന്റെ ജീവിതം, കഴിഞ്ഞ കാലത്തെ ചിരിയുടെ കുടചൂടി മറച്ചുപിടിച്ചു. ഈ അസാധ്യ കലാകാരന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
Pani Movie Theatre Response | Movie Review | Joju George | N18V