മലയാളം ഇ മാഗസിൻ.കോം

പള്ളീലച്ചൻമാർ കേസുകളിൽ നിന്ന് പുല്ലുപോലെ രക്ഷപ്പെടുന്നത് ഇത് ആദ്യമല്ല, കേരളത്തെ ഞെട്ടിച്ച ചില കേസുകളിലെ നീതി നിഷേധങ്ങൾ ഇങ്ങനെ

പ്രതികളായ പുരോഹിതർ നിയമത്തിന് മുന്നിലൂടെ സ്വതന്ത്രരായി നടന്നു പോകുന്ന കാഴ്ച്ച കേരളത്തിന് പുതുമയുള്ളതല്ല. കേരളത്തിലെ പുരോഹിതർ പ്രതികളായ പല കേസുകളിലും അവർ പിന്നീട് കുറ്റവിമുക്തരാകുകയാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് പുരോഹിതൻ പ്രതിയായ ആദ്യ കേസ് മുതൽ ഒടുവിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വരെ അത്തരത്തിൽ രക്ഷപെട്ടവരാണ്.

സിസ്റ്റർ അഭയ കൊലക്കേസിൽ നീതി ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് 28 വർഷങ്ങളാണ്. കേരളത്തിൽ പുരോഹിതൻ പ്രതിയായ ആദ്യ കേസിൽ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ച പ്രതിയെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. മാടത്തരുവി കേസ് എന്ന് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യയിൽത്തന്നെ ക്രൈസ്തവ പുരോഹിതൻ അറസ്റ്റുചെയ്യപ്പെട്ട ആദ്യത്തെ കൊലക്കേസിൽ പ്രതി ഫാ. ബെനഡിക്ട് എന്ന പുരോഹിതനായിരുന്നു.

മാടത്തരുവി കൊലക്കേസ്, മന്ദമരുതി കൊലക്കേസ് എന്നീ പേരുകളിലും ഈ കേസ് അറിയപ്പെട്ടിരുന്നു. 1966 ജൂൺ 15-ന് രാത്രി 11.45-നായിരുന്നു കേസിനാസ്പദമായ സംഭവം. റാന്നിക്കുസമീപം മന്ദമരുതിയിലെ മാടത്തരുവിയിലായിരുന്നു ഇത്. അന്ന് ഈ കേസ് കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കി.

ഫാ. ബെനഡിക്ട്(37) ആലപ്പുഴയിലെ പുരോഹിതനായിരുന്നു. ആലപ്പുഴ അവലൂക്കുന്നു സ്വദേശിനി മറിയക്കുട്ടി(43) എന്ന വിധവയാണു കൊല്ലപ്പെട്ടത്. ഫാ. ബെനഡിക്ട് അവിടെ പള്ളിയിൽ പുരോഹിതനും. അച്ചൻ പിന്നീട് സ്ഥലംമാറി ചങ്ങനാശ്ശേരിയിലേക്കുപോയി. ആലപ്പുഴയിൽ വെച്ചുണ്ടായ അവിഹിതബന്ധം മുതലെടുത്ത് അച്ചനെ ഭീഷണിപ്പെടുത്തി പണമീടാക്കാൻ മറിയക്കുട്ടി ചങ്ങനാശ്ശേരിയിൽ പോയിരുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചു. ഇളയകുട്ടി അച്ചന്റേതെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്ന മറിയക്കുട്ടിയെ എന്നെന്നേക്കുമായി ഒഴിവാക്കാൻ സ്നേഹംനടിച്ച് കൂട്ടിക്കൊണ്ടുപോയി മാടത്തരുവിക്കു സമീപംവെച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

കൊല്ലം ജില്ലാസെഷൻസ് കോടതിയിലായിരുന്നു വിചാരണ. ജഡ്ജി പി. കുഞ്ഞിരാമൻ വൈദ്യർ പ്രതിയെ അഞ്ചുവർഷം തടവിനും മരണംവരെ തൂക്കിക്കൊല്ലാനും വിധിച്ചു. ഹൈക്കോടതിയിൽ അപ്പീൽപോയ ഈ കേസിൽ കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കി. കുറ്റംതെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ഹൈക്കോടതിയുടെ വിധിയിൽ പറയുന്നു. അതിരമ്പുഴയിൽ വിശ്രമജീവിതം നയിച്ച ഫാ. ബെനഡിക്ട് 2001 ജനുവരി 11-ന്‌ അന്തരിച്ചു.

സിസ്റ്റർ അഭയയുടെ കേസ് 28 വർഷം നീണ്ടുപോയെങ്കിൽ മറിയക്കുട്ടി കൊലക്കേസ് പര്യവസാനിച്ചത് കേവലം പത്തുമാസംകൊണ്ട്. 1966 ജൂൺ 15-നായിരുന്നു കൊലപാതകം. ഒൻപതു ദിവസത്തിനകം ജൂൺ 24-ന്‌ ഫാ. ബെനഡിക്ട് അറസ്റ്റിലായി. കൊല്ലം സെഷൻസ് കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് നവംബർ 19-ന്‌ ശിക്ഷാവിധി വന്നു. ഹൈക്കോടതിയിൽ അപ്പീൽ പോയപ്പോൾ വെറുതേവിട്ട് വിധിവന്നത് അഞ്ചുമാസത്തിനുള്ളിൽ 1967 ഏപ്രിൽ ഏഴിന്.

കേസന്വേഷിച്ച രീതിയിൽ പലതരം വീഴ്ചകളും കണ്ടെങ്കിലും പ്രതി പുരോഹിതനാണെന്നതിനാൽ കുറ്റകൃത്യത്തെ ഗൗരവമായെടുത്ത് കഠിനമായ ശിക്ഷ വിധിക്കുകയായിരുന്നു സെഷൻസ് കോടതി. കീഴ്‌ക്കോടതിയുടെ ഈ നിലപാട് ബെനഡിക്ടിന്റെ അപ്പീൽ പരിഗണിച്ച കേരള ഹൈക്കോടതിയിലെ രണ്ടംഗ ബഞ്ച് അംഗീകരിച്ചില്ല. ന്യായാധിപന്മാരായ പി.ടി. രാമൻ നായരും വി.പി. ഗോപാലനുമായിരുന്നു ആ ബെഞ്ചിലെ അംഗങ്ങൾ.

മറിയക്കുട്ടി കൊലക്കേസിനെ ആധാരമാക്കി ‘മാടത്തരുവി’, ‘മൈനത്തരുവി കൊലക്കേസ്’ എന്നീ പേരുകളിൽ രണ്ടു സിനിമകളുണ്ടായി. ‘മൈനത്തരുവി’യുടെ നിർമാതാവും സംവിധാനവും കുഞ്ചാക്കോയായിരുന്നു. ‘മാടത്തരുവി’യിൽ കൊല ചെയ്യപ്പെട്ട സ്ത്രീയായി വേഷമിട്ടത് നടി ഷീല. കേസിലെ പ്രതിയായ പുരോഹിതനെ രണ്ടുചിത്രങ്ങളിലും നിരപരാധിയായാണ്‌ ചിത്രീകരിച്ചിരുന്നത്.

ALSO, WATCH THIS VIDEO

Avatar

Content Editor

Content Editor