മലയാളം ഇ മാഗസിൻ.കോം

അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതോടെ സോളാർ കേസ് ദിലീപിന് വിനയാകുമോ തുണയാകുമോ?

സോളാര്‍ കേസ് ദിലീപിന് തുണയാകുമോ അതോ കെണിയാകുമോ ? സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതോടെ ദിലീപിന്‍റെ കേസിലും അനിശ്ചിതത്ത്വം.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന എസ്പി സുദര്‍ശനും സോളാര്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നടപടിക്ക് വിധേയനായി സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സ്വാഭാവികമായും നടി ആക്രമണത്തിന് ഇരയായ കേസും അന്വേഷിക്കുക തുടര്‍ന്ന് മറ്റേതെങ്കിലും ഉദ്യോഗസ്ഥനാകും.

നിലവിലെ സാഹചര്യത്തില്‍ ദിലീപിനെ കുടുക്കാന്‍ തക്ക തെളിവുകളോ സാക്ഷികളോ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിലീപിന് നിഷ്പ്രയാസം കേസില്‍ നിന്ന് രക്ഷപെടാം എന്നും ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചവരെ കേസില്‍ പെടുത്താം എന്നുമാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയാല്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ട് പോയേക്കും എന്നതാണ് സ്ഥിതി. പുതുതായി വരുന്ന ഉദ്യോഗസ്ഥന് പുതിയ തെളിവുകള്‍ കണ്ടെത്താനായാല്‍ അത് ദിലീപിന് വിനയാകും.

എന്നാല്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും അതിന് ശേഷം പുതിയ ഉദ്യോഗസ്ഥന്‍ വരികയും ചെയ്താലും ദിലീപിന് വലിയ കുഴപ്പമില്ല എന്നും നിയമവിദഗ്ധര്‍ കണക്ക് കൂട്ടുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി നടന്‍ ദിലീപിനെ അറസ്റ്റു ചെയ്ത് തുറങ്കിലടച്ചിരുന്ന പൊലീസ് സോളാര്‍ കേസില്‍ എന്തു ചെയ്യും? 

ബലാത്സംഗ കുറ്റമടക്കം ആരോപിക്കപ്പെട്ടവരില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല, എ.ഡി.ജി.പി പത്മകുമാറുമുണ്ട്. ദിലീപിനെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി.സന്ധ്യയുടെ ബാച്ച്‌മേറ്റ്‌സ് ആണ് ഇദ്ദേഹം. ദിലീപിനെതിരെ പൊലീസ് ചുമത്തിയ കുറ്റത്തേക്കള്‍ അതീവ ഗുരുതരമാണ് സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയും, മുന്‍ മുഖ്യമന്ത്രിയും, മുന്‍ മന്ത്രിമാരും എം.പിയും, എം.എല്‍.എമാരും അടക്കമുള്ളവര്‍ക്കെതിരെ ചുമത്തപ്പെടുന്ന കേസുകളെന്ന് എക്സ്പ്രസ് കേരളയുടെ റിപ്പോർട്ടിൽ പറയുന്നു.

ദിലീപിന്റെ കാര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക മാത്രമല്ല ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെല്ലാം കൊണ്ട് നടന്ന് ആഘോഷിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ദിവസവും തല്‍സമയ ദൃശ്യം നല്‍കി റേറ്റിങ്ങ് കൂട്ടാന്‍ മത്സരിച്ചു. പലരും നിറം പിടിപ്പിച്ച കഥകളാണ് നല്‍കിയിരുന്നത്.

ഈ സാഹചര്യങ്ങളെല്ലാം സോളാര്‍ കേസില്‍ ആവര്‍ത്തിച്ചാല്‍ എ.ഡി.ജി.പിയെയും മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെയും അറസ്റ്റു ചെയ്ത് തെളിവെടുപ്പിന് പീഡനം നടന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന് കൊണ്ടു നടക്കേണ്ടി വരും. നിയമവും നീതിയും എല്ലാവര്‍ക്കും ബാധകമാകണമല്ലോ ? ഇവിടെ എ.ഡി.ജി.പി പത്മകുമാറോ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പൊലീസല്ല ജുഡീഷ്യല്‍ കമ്മിഷനാണ്. അതിന് അതിന്റേതായ ഗൗരവമുണ്ട്.

സോളാര്‍ സംഭവത്തിലെ പ്രതികളോട് ഇനി എങ്ങനെയാണ് പൊലീസ് ‘പെരുമാറുന്നതെന്ന് ‘ കേരളം ആകാംക്ഷയോടെയാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com