22
November, 2017
Wednesday
06:14 PM
banner
banner
banner

അന്യഗ്രഹമൊന്നുമല്ല: ഇത്‌ അപൂർവ്വ കാഴ്ചകൾ നിറച്ച സൊകോത്ര എന്ന വിചിത്രമായ ദ്വീപ്‌

സൊകോത്ര ദ്വീപിലെ കാഴ്ചകള്‍ കണ്ട് മറ്റേതെങ്കിലും ഗ്രഹത്തിലോ യുഗത്തിലോ എത്തിയെന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല. അത്രയും വ്യത്യസ്തമാണ് ഇവിടത്തെ കാഴ്ചകള്‍.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യെമന്റെ തീരത്തിന് 250 മൈല്‍ ദൂരത്താണ് വ്യത്യസ്തതകളുടെ നേര്‍ക്കാഴ്ചയായ സൊകോത്ര ദ്വീപുകള്‍. നാലു ദ്വീപുകള്‍ കൂടിച്ചേര്‍ന്നതാണിത്. ഇതിലെ ഏറ്റവും വലിയ ദ്വീപായ സൊകോത്രയുടെ പേരില്‍ തന്നെയാണ് ദ്വീപസമൂഹം മൊത്തത്തില്‍ അറിയപ്പെടുന്നത്.

socotra-island1

ഭൂമിയില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത വ്യത്യസ്തമായ സസ്യജാലങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 825ഓളം അപൂര്‍വ സസ്യങ്ങളാണ് സൊകോത്രയിലുള്ളത്. ഇതില്‍ മൂന്നിലൊന്നും ഇവിടെയല്ലാതെ മറ്റൊരിടത്തും കാണാന്‍ സാധിക്കുകയുമില്ല. ജീവജാലങ്ങളിലും ഈ പ്രത്യേകതയുണ്ട്. 90 ശതമാനം ഉരഗവര്‍ഗങ്ങളും ഭൂമിയില്‍ മറ്റൊരിടത്തും ഇല്ലാത്തവയാണ്. തീരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഞണ്ട്, കൊഞ്ച്, മത്സ്യങ്ങള്‍ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല

ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന വന്‍കരകളെല്ലാം 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ചായിരുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അക്കാലത്ത് പോലും സൊകോത്ര ഒറ്റപ്പെട്ടു നില്‍ക്കുകയായിരുന്നു. അക്കാരണത്താല്‍ മറ്റു വന്‍കരകളില്‍ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊകോത്രയെ ബാധിച്ചില്ല.

socotra-island2

ഡ്രാഗണ്‍സ് ബ്ലഡ് ട്രീ(ഡ്രാസീന സിന്നബാരി)യാണ് സൊകോത്രയിലെ ഏറ്റവും ആകര്‍ഷകമായ വൃക്ഷം. ഒരു വലിയ കുടയുടെ രൂപമാണ് ഈ വൃക്ഷത്തിന്. ഇതിന്റെ ചുവന്ന നിറത്തിലുള്ള നീര് വ്യാളിയുടെ രക്തമാണെന്നായിരുന്നു പണ്ടത്തെ വിശ്വാസം. മരുന്നായും വസ്ത്രങ്ങളില്‍ നിറം പിടിപ്പിക്കാനും പണ്ട് ഈ വൃക്ഷത്തിന്റെ നീരുപയോഗിച്ചിരുന്നു. ഇന്നും പെയ്ന്റും വാര്‍ണിഷുമായി ഇത് ഉപയോഗിക്കപ്പെടുന്നു.

ഡെസെര്‍ട്ട് റോസാണ് മറ്റൊന്ന്. ഉയരം കുറഞ്ഞ വണ്ണമുള്ള തടിയില്‍ കടുത്ത റോസ് നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞിരിക്കുന്ന കാഴ്ച ആരെയും ആകര്‍ഷിക്കും. മണ്ണിന്റെ പോലും ആവശ്യമില്ലാത്ത, നേരിട്ട് പാറയില്‍ വേരുകള്‍ ഉപയോഗിച്ച് പറ്റിപ്പിടിച്ചു വളരുന്ന ഡോര്‍സ്‌റ്റെനിയ ജൈജാസ് എന്നിവയുടെ അപൂര്‍വകാഴ്ചയും സൊകോത്രയ്ക്ക് മാത്രം സ്വന്തം. കണ്ടു പരിചയിച്ച വെള്ളരിക്കച്ചെടി വള്ളിച്ചെടിയാണെങ്കില്‍ സൊകോത്രയില്‍ വെള്ളരിക്കയുണ്ടാകുന്നത് ഭീമാകാരമായ മരത്തിലാണ്. വെള്ളം ശേഖരിച്ചു വെയ്ക്കാനായി വണ്ണമുള്ള തടിയാണ് ഇവിടത്തെ വൃക്ഷങ്ങള്‍ക്ക്. കുറഞ്ഞ നിരക്കിലുള്ള പ്രത്യുല്‍പാദനം ഈ വൃക്ഷങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്നുമുണ്ട്.

socotra-island3

കാലാവസ്ഥ വളരെ കഠിനമാണ്. കടുത്ത ചൂടും വരള്‍ച്ചയും. മണല്‍ നിറഞ്ഞ ബീച്ചുകള്‍. ചുണ്ണാമ്പുകല്ല് അടിഞ്ഞ് തീരപ്രദേശത്ത് വന്‍ കുന്നുകള്‍ രൂപംകൊണ്ടിരിക്കുന്നു. പലയിടത്തും 1500 മീറ്ററില്‍ അധികമാണ് ഉയരം. ഗുഹകളും സാധാരണകാഴ്ചകള്‍ തന്നെ. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൊകോത്രയില്‍ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50,000ഓളം പേരാണ് ഇന്ന് ഇവിടെ താമസിക്കുന്നത്. മത്സ്യബന്ധനവും മൃഗപരിപാലനവും കൃഷിയുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.

വ്യത്യസ്ത തരത്തിലുള്ള 140 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പത്തെണ്ണം ഭൂമിയില്‍ മറ്റൊരിടത്തും കണ്ടെത്താന്‍ സാധിക്കാത്തവയാണ്. ജൈവവൈവിധ്യത്തില്‍ ലോകത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലമാണിത്.

socotra-island4

റോഡുകള്‍ അപൂര്‍വമായ സൊകോത്രയില്‍ എത്തിപ്പെടുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് യെമന്‍ സര്‍ക്കാര്‍ ഇവിടെ ആദ്യത്തെ റോഡ് നിര്‍മ്മിച്ചത്. യുനെസ്‌കോ സൊകോത്രയെ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സൊകോത്രയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള യെമനി സര്‍ക്കാരിന്റെ നടപടി വ്യാപകമായി വമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ദ്വീപിന്റെ തനിമയും വൈവിധ്യവും ഇതിലൂടെ നശിപ്പിക്കപ്പെടുകയാണ് എന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments