22
February, 2019
Friday
11:14 AM
banner
banner
banner

സമൂഹം ചോദിക്കുന്നു ഇതാണോ കമൽ സാറേ ആവിഷ്കാര സ്വാതന്ത്യം? അഭിപ്രായങ്ങളെ ഭയക്കുന്നവർ എന്തിനു സിനിമ പൊതുസമൂഹത്തിനു മുമ്പിൽ റിലീസ് ചെയ്യണം?

ഫാസിസ്റ്റുകൾക്ക് പുകഴ്ത്തലുകളോടും മൗനങ്ങളോടുമാണ് പഥ്യം അവർകെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിശ്ശബ്ദമാക്കും. അഭിപ്രായ സ്വാതന്ത്യത്തെ ഇല്ലാതാക്കുന്ന ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന വ്യക്തിയാണ് എന്ന് സ്വയം മേനിനടിക്കുന്ന സംവിധായകനാണ് കമൽ. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാതിൽ പിന്നെ അഭിപ്രായ സ്വാതന്ത്യം കുറയുന്നു എന്ന് പറഞ്ഞ കമൽ തന്റെ പുതിയ ചിത്രമായ ആമിയെ പറ്റി സിനിമാ-മാധ്യമ മേഖയിൽ നിന്നുള്ളവർ സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ ചില നെഗറ്റീവായ വിലയിരുത്തലുകളെ റീൽ ആന്റ് റിയൽ സിനിമയുടെ ആവശ്യപ്രകാരം ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് മങ്കട തന്റെ ഫേസ്ബുക്കിൽ ആമിയെ പറ്റി എഴുതിയ പോസ്റ്റ് ഇവരുടെ ഇടപെടലുകളെ തുടർന്ന് ഫേസ്ബുക്ക് എടുത്തു കളയുകയായിരുന്നുവത്രെ. ഒടുവിൽ അദ്ദേഹം “ആ പോസ്റ്റും ഭീരുക്കൾ എടുത്തു കളഞ്ഞു“ എന്ന ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മാത്രമല്ല മറ്റു ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. പകർപ്പവകാശ ലംഘനമെന്ന് പറഞ്ഞാണ് ഇവരുടെ പൊസ്റ്റുകൾ ഒഴിവാക്കിയിരിക്കുന്നത്, ഇത് ഫേസ്ബുക്കിനെ തെറ്റിദ്ധരിപ്പിച്ചാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രമുഖ സൈബർ വിദഗ്ദൻ വിനോദ് ഭട്ടതിരി ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്.

അദ്ദേഹം പറഞ്ഞത് ശരിയാണെങ്കിൽ ആമിയുടെ അണിയറക്കാർ അല്ലെങ്കിൽ പ്രമോഷൻ ചെയ്യുന്നവർ നടത്തിയത് ഫേസ്ബുക്കിനെ തെറ്റിദ്ധരിപ്പിച്ചു പല വ്യക്തികളുടേയും അഭിപ്രായ സ്വാതന്ത്യത്തെ തടഞ്ഞു എന്നതാണ്. ഇതിനു കമലിനു മറുപടി ഇല്ലായിരുന്നു. ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞത് പഴയ കാല നിരൂപകരായ കോഴിക്കോടനെ പറ്റിയൊക്കെയാണ്. കോഴിക്കോടൻ പല സിനിമകളെയും അതി നിശിതമായി വിമർശിച്ചിരുന്നു എന്നത് കമൽ സൗകര്യപൂർവ്വം മറച്ചുവെക്കുന്നു.

മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ കൃത്യമായ ചോദ്യം ഉയർന്നത് ആവിഷ്കാര സ്വാതന്ത്യത്തെ തടയുന്നതല്ലെ താങ്കളുടെ നിലപാട് എന്താണ് എന്നായിരുന്നു. ഇത് ഉയർത്തിയ അവതാരകനായ മഞ്ജുഷ് ഗോപാലിനോടും ബി.ജെ.പി നേതാവ് ജെ.പത്മകുമാർ ഉൾപ്പെടെ ഉള്ള മറ്റു രണ്ടു പേരോടും കമൽ വളരെ രോഷം കൊള്ളുകയുണ്ടായി. ചോദ്യം കൃത്യമായിരുന്നെങ്കിലും ചില ഓൺലൈനുകാർ നിർമ്മാതാവിൽ നിന്നും പ്രമോഷനായി പണം ചോദിച്ചുവെന്നും അതു നൽകിയില്ലെങ്കിൽ മോശം റിവ്യൂ എഴുതുമെന്ന് ഭീഷണിപ്പെടുത്തുമെന്നുമാണ് കമൽ പറഞ്ഞത്.

അങ്ങിനെയെങ്കിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി അത്തരക്കാർക്കെതിരെ നടപടിയെടുപ്പിക്കുവാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടെയായ അദ്ദേഹത്തിനു ഉത്തരവാദിത്വമില്ലെ? മറ്റൊരു കാര്യം ഓൺലൈൻ പ്രമോഷൻ പേജുകളുടെയോ സൈറ്റുകളുടേയോ പോസ്റ്റുകളല്ല മറിച്ച് ഒരു സിനിമാ സംവിധായകന്റെയും മാധ്യമപ്രവർത്തകന്റെയും അടക്കം പോസ്റ്റുകളാണ് നീക്കം ചെയ്യപ്പെട്ടത്. ആമിയെ കുറിച്ച് നെഗറ്റീവായ റിവ്യൂസ് എഴുതുന്നവർ എല്ലാം പണം ലഭിക്കാത്തവരാണോ? എന്ന ചോദ്യത്തിൽ നിന്നും കമൽ വഴുതിമാറി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ചർച്ചയിൽ കമൽ പറയുന്ന മറ്റൊരു കാര്യം ചിത്രം പൂർത്തിയായതോടെ തന്റെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നും പന്ത്രണ്ട് കോടി ചിലവിട്ട സിനിമ എന്ന ഉല്പന്നം വിപണം ചെയ്യുവാൻ പ്രൊഡ്യൂസർക്ക് അധികാരം ഉണ്ടെന്നുമാണ്. അത് ആരും തടഞ്ഞിട്ടില്ല. എന്നാൽ തങ്ങളുടെ മുമ്പിൽ എത്തുന്ന സിനിമ എന്ന ഉല്പന്നത്തെ പറ്റി അഭിപ്രായം പറയുവാൻ പൊതുസമൂഹത്തിനു അവകാശമുണ്ട്. ആ അവകാശമാണ് അഭിപ്രായ സ്വാതന്ത്യം. പണം നൽകി സിനിമകാണുന്നവരും ഒരു സേവനമോ ഉല്പന്നമോ വാങ്ങുന്നവരും അതേ പറ്റി തങ്ങളുടെ അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്. അത് പാടില്ല എന്ന നിലപാടാണ് ആവിഷ്കാര സ്വാതന്ത്യത്തെ പറ്റി പ്രസംഗിച്ചു നടക്കുന്ന കമൽ തന്റെ സിനിമയുടെ കാര്യത്തിൽ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ അഭിഭാഷകൻ ഹരീഷ് വാസുദേവ് എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിലെ ഫുഡ് ട്രാക്ക് എന്ന പേരിലുള്ള ഭക്ഷണശാലയെ പറ്റി നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ അനേകം പേർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തും.

പ്രേമം എന്ന സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയപ്പോൾ അതിൽ കുഴപ്പില്ല എന്ന രീതിയിൽ പരസ്യമായി പ്രസംഗിച്ച വ്യക്തിയാണ് കമൽ. സിനിമയെന്ന വ്യവസായത്തെ തകർക്കുന്ന പൈറസിക്കെതിരെ സംസാരിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനില്ലെ? ഒരു മുതിർന്ന സംവിധാകനായ കമലിനു അറിയാത്തതാണൊ പ്രേമത്തിന്റെ നിർമ്മാതാവിനു നഷ്ടം സംഭവിക്കും എന്നത്? തന്റെ ചിത്രത്തിന്റെ നിർമ്മാതാവിനു മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്യത്തെ ഇല്ലാതാക്കി തന്റെ ഉല്പന്നം വിറ്റ് കാശാക്കുവാൻ അവകാശമുണ്ടെന്ന് പറയുന്നതിലൂടെ കമലിന്റെ ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തം. മാത്രമല്ല പ്രേമത്തെ പറ്റി മോശം അഭിപ്രായം പറഞ്ഞത് സൊഷ്യൽ മീഡിയയിൽ അല്ല എന്ന ഒരു വിചിത്ര ന്യായവും അദ്ദേഹം നിരത്തുന്നു. അഭിപ്രായം രേഖപ്പെടുത്തുന്നത് ഏതു മാധ്യമത്തിൽ എന്നതിനപ്പുറം അത് പൊതു വേദിയിൽ വച്ചാണെന്നും സദസ്സിൽ ഇരുന്നവരും വാർത്തകളിലൂടെയും സമൂഹത്തിൽ എത്തി എന്നതും അറിയാത്ത ആളാണോ അദ്ദേഹം?

സിനിമയെ പറ്റി മോശമാണെന്ന അഭിപ്രായം കുറിച്ചവരിൽ മംഗളത്തിലെ സിനിമാ നിരൂപകൻ ഇ.വി.ഷിബുവിന്റെ പോസ്റ്റ് ആദ്യം അപ്രത്യക്ഷമായവയിൽ ഒന്നാണ്. അദ്ദേഹം എഴുതിയ പോസ്റ്റ് റീൽ ആന്റ് റിയൽ സിനിമയുടെ ആവശ്യപ്രകാരമാണത്രെ ഫേസ്ബുക്ക് നീക്കം ചെയ്തത്. ആവിഷ്കാര സ്വാതന്ത്യത്തിനു വേണ്ടി നിലവിളിക്കുന്ന ഒരു കാപട്യക്കാരന്റെ സിനിമയെ തൊട്ടപ്പോഴുള്ള കോമഡി എന്ന് പറഞ്ഞ് വായിക്കാത്തവര്‍ക്ക് വേണ്ടി അദ്ദേഹം വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രം പരമ ബോറാണെന്നും നാടകം അതു പോലെ ഷൂട്ട് ചെയ്ത് പ്രദർശിപ്പിച്ചാൽ അതിനെ സിനിമെയെന്ന് വിളിക്കമെന്നേ ഉള്ളൂ എന്ന് അദ്ദേഹം പരിഹസിക്കുന്നു. മാധവിക്കുട്ടിയെപ്പോലെ ഒരു സവിശേഷ വ്യക്തിത്വത്തെക്കുറിച്ചുള്ള ബയോപിക് ഒരുക്കുമ്പോള്‍ ചെയ്യേണ്ട ബേസിക് റിസര്‍ച്ച് പോലും ചെയ്യാതെ, ഒരു ആരാധകന്റെ മനസോടെ മാത്രം ചെയ്ത ശരാശരിയിലും താഴ്ന്ന സിനിമയാണ് ആമി എന്ന് ഷിബു പറയുന്നു.

പരാതിയെ തുടർന്ന് പോസ്റ്റ് ഒഴിവാക്കപ്പെട്ട മറ്റൊരാൾ സിനിമാ മേഖയിൽ പ്രവർത്തിക്കുന്ന സംവിധായകൻ കൂടെയായ വിനോദ് മങ്കരയാണ്. മുമ്പ് അദ്ദേഹത്തിന്റെ സിനിമയ്ക്ക് അനുകൂലമായ നിലപാട് എടുക്കാത്തതിന്റെ പേരിലാണ് തന്റെ സിനിമക്കെതിരെ പോസ്റ്റ് ഇട്ടതെന്നാണ് അതിനു ചാനൽ ചർച്ചയിൽ കമൽ പറയുന്ന ന്യായം.

അഭിപ്രായസ്വാതന്ത്യത്തിന്റെ വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന കമൽ എന്തിനാണ് സ്വന്തം സിനിമയെ പറ്റി പ്രേക്ഷകർ എഴുതുന്ന അഭിപ്രായങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ അത് ശരിയല്ല എന്ന് പരസ്യമായി പറയുവാൻ മടികാണിക്കുന്നത്? എന്തിനാണ് വളഞ്ഞ വഴിയിലൂടെ അത് ഒഴിവാകുവാൻ ശ്രമിക്കുന്നത്? മുഖം മോശമായതിനു കണ്ണാടി തല്ലിയുടക്കുന്നതു പോലെ ഉള്ള ഒരു നടപടിയാണിത്. ആമി ഒരു മോശം ചിത്രമാണെന്ന വിലയിരുത്തലുകൾ ഇതിനോടകം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

മഞ്ജുവാര്യർ, അനൂപ് മേനോൻ തുടങ്ങിയവരുടെ കൃത്രിമത്വം നിറഞ്ഞ അഭിനയവും സ്വാഭാവികതയില്ലാത്ത ഡയലോഗുകളും ഒപ്പം ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും ചേർന്ന് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്ന അനേകം പ്രേക്ഷകർ ഉണ്ട്. സിനിമ കണ്ടിറങ്ങുന്നവർ മറ്റുള്ളവരോടും തങ്ങൾ അംഗങ്ങളായ സാമൂഹ്യ മാധ്യമങ്ങളിലും അഭിപ്രായം രേഖപ്പെടുത്തും. ലക്ഷക്കണക്കിനു ഫേസ്ബുക്ക് അക്കൗണ്ടുകളും വാട്സാപ്പ് പോലുള്ള സംവിധാനവും ഉള്ള നാട്ടിൽ എത്ര പേരുടെ അക്കൗണ്ടുകളിൽ നിന്നും ഇത്തരം അഭിപ്രായങ്ങൾ നീക്കുവാൻ ഇവർക്ക് ആകും? മനുഷ്യരുടെ വായകെട്ടുവാൻ ഇവർക്കാകുമോ? അതോ ഇനി സാമ്പത്തികതട്ടിപ്പ് കേസിൽ പെട്ടെ ഇടത് എം.എൽ.എയുടെ മകൻ തനിക്കെതിരെ വാർത്തകൾ നൽകരുതെന്ന് ഒരു കോടതി വിധി നേടിയെടുത്ത പോലെ ആമിക്കെതിരെ ആരും പറയുകയോ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമോ?

കമൽ എന്ന സംവിധാകന്റെയും സാംസ്കാരികപ്രവർത്തകന്റെയും അഭിപ്രായസ്വാതന്ത്യത്തെ കുറിച്ചുള്ള ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ തന്നെ പ്രതികരണങ്ങൾ സ്വയം വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. ആമിയെ പറ്റി നല്ലത് അല്ലാത്തതെല്ലാം പണം നൽകാത്തതിന്റെ യോ സിനിമയ്ക്ക് അനുകൂല നിലപാടെടുക്കാത്തതിന്റെ നിരാശയോ എന്നൊക്കെ ഒരു നല്ല ന്യായീകരണമേ അല്ല. സിനിമ മോശമായാൽ ആളുകൾ പറയും നല്ലതായാൽ നല്ലതെന്നും പറയും. സമീപകാലത്തിറങ്ങിയ എത്രയോ സിനിമകൾക്ക് ഓൺലൈനിൽ മികച്ച അഭിപ്രായം ആളുകൾ എഴുതി, ചില സിനിമകൾ ഓൺലൈനിലെ അഭിപ്രായത്തിന്റെ വിജയിച്ചതു പോലും എന്നത് ശ്രദ്ധിച്ചാൽ തന്നെ അറിയാം ആമിയെ പറ്റി ഉള്ള നെഗറ്റീവ് റിവ്യൂസ് വരുന്നത് ആരുടെ എങ്കിലും പ്രതികാരമല്ല എന്ന്.

എസ്‌ കെ

[yuzo_related]

CommentsRelated Articles & Comments