മലയാളം ഇ മാഗസിൻ.കോം

ഏറെ പ്രശംസ പിടിച്ചുപറ്റി മുന്നേറുന്ന ‘#ഹോം’ സിനിമയിൽ അധികമാരും ശ്രദ്ധിക്കാത്ത ‘ഒരു വലിയ തെറ്റ്‌’ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

മലയാളത്തിന്റെ മഹാനടന്മാരുടെയും യുവതാരങ്ങളുടെയും സിനിമകളെക്കാൾ ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യുന്നത്‌ ഇന്ദ്രൻസ്‌ നായകനായി ശ്രീനാഥ്‌ ഭാസി, മഞ്ജു പിള്ള, വിജയ്‌ ബാബു, ശ്രീകാന്ത്‌ മുരളി തുടങ്ങിയവർ ചേർന്ന് അഭിനയിച്ച ഹോം എന്ന സിനിമയെക്കുറിച്ചാണ്‌. അതിൽ തന്നെ ഇന്ദ്രൻസിന്റെ പ്രകടനത്തെ വലിയ ആവേശത്തോടെയാണ്‌ പ്രേക്ഷകർ ഏറ്റെടുത്തത്‌. വിജയ്‌ ബാബു നിർമ്മിച്ച സിനിമ ആമസോൺ പ്രൈമിലൂടെയാണ്‌ റിലീസായത്‌.

കുടുംബപ്രേക്ഷകര്‍ സിനിമയെ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കുറേ നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ മനസ്സ് നിറഞ്ഞൊരു അനുഭവം സമ്മാനിച്ച സിനിമ കാണുന്നത് എന്നായിരുന്നു സിനിമ കണ്ട പലരുടേയും അഭിപ്രായം.

സിനിമയില്‍ എടുത്തു പറയേണ്ടുന്ന ഒരു പ്രധാന സംഗതി അഭിനേതാക്കളുടെ പ്രകടനമാണ്. സിനിമയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്ന തരത്തിലുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് എന്ന നടന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ് ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം.

മഞ്ജുപിള്ള, കൈനകിരി തങ്കരാജ്, ശ്രീനാഥ് ഭാസി, നസ്ലേന്‍, ജോണി ആന്റണി, വിജയ് ബാബു, ശ്രീകാന്ത് മുരളി തുടങ്ങി മിക്ക കഥാപാത്രങ്ങളും വളരെ മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിജയിച്ചു. സിനിമയില്‍ വളരെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ അതിഥി താരമായി കെപിഎസി ലളിതയും എത്തുന്നുണ്ട്. അന്നമ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ശ്രീകാന്ത് മുരളി അവതരിപ്പിച്ച ജോസഫ് ലോപസ് എന്ന കഥാപാത്രത്തിന്റെ അമ്മയാണ് അന്നമ്മ. സിനിമയില്‍ രണ്ട് സീനുകളില്‍ മാത്രമാണ് കഥാപാത്രം വരുന്നത് എങ്കിലും ആ സീനുകള്‍ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ സിനിമയുടെ അവസാനം അഭിനേതാക്കളുടെ പേര് എഴുതി കാണിക്കുമ്പോള്‍ കെപിഎസി ലളിതയുടെ പേര് തെറ്റിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ കൊടുത്തിരിക്കുന്നത്. എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിച്ച് ചെയ്തിട്ട് സീനിയര്‍ ആയൊരു ആക്ടറുടെ പേര് തെറ്റിച്ചതിനെ പറ്റി പല സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയും തുടങ്ങി. കെപിഎസി എന്നതിന് പകരം കെപിഎസ്‌സി എന്നാണ് സിനിമയില്‍ പേര് കൊടുത്തിരിക്കുന്നത്.

കെപിഎസി ലളിത എന്ന പേരിലെ കെപിഎസി കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് എന്നതിന്റെ ചുരുക്കപേരാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഏറെ നിർണ്ണായക സ്വാധീനം ചെലുത്തിയ കെപിഎസി കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ നാടക സംഘമാണ്‌. അതിലെ പ്രധാന അഭിനേതാക്കളില്‍ ഒരാളായിരുന്നു മഹേശ്വരി അമ്മ എന്ന ലളിത. അങ്ങനെയാണ് പേരിന് മുന്നില്‍ കെപിഎസി എന്ന് കൂടി വന്ന് ചേര്‍ന്നത്.

അതേസമയം ഈ തെറ്റിനെ ഒരു വലിയ തെറ്റായി കാണേണ്ടതില്ലെന്നും ഏറെ നാളുകൾക്ക്‌ ശേഷം മലയാളികൾക്ക്‌ കുടുംബ സമേതം ആസ്വദിക്കാൻ പറ്റിയ ഒരു നല്ല സിനിമ നൽകിയ അണിയറ പ്രവർത്തകരുടെ ഈ അശ്രദ്ധയെ ക്ഷമിക്കാമെന്നുമാണ്‌ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിന്റെ കമന്റ്‌.

ഫിലിപ്സ്‌ ആൻഡ്‌ ദി മങ്കിപ്പെൻ, ജോ ആൻഡ്‌ ദി ബോയ്‌ എന്നീ സിനിമകൾക്ക്‌ ശേഷം റോജിൻ തോമസ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ്‌ ഹോം.

Avatar

Staff Reporter