22
November, 2017
Wednesday
06:25 PM
banner
banner
banner

ലൈംഗികത, സാഹസികത, പ്രദർശനം, അധിക്ഷേപം, ലഹരി, കീഴടങ്ങൽ = സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയകളിലേയ്ക്കു കടന്നു ചെല്ലുന്ന ഒരാൾക്കു പ്രകടമാകുന്ന സവിശേഷതകൾ എന്തെല്ലാമാണ്‌? പൊതുകാര്യങ്ങളിന്മേൽ അഭിപ്രായം പറയാനുള്ള ഇടം, സമാന ആശയങ്ങൾ പങ്കിടാനുള്ള ഇടം, സാമൂഹ്യമായ വിഷയങ്ങളിൽ പൊതു വികാരം പ്രകടിപ്പിക്കാനും പ്രശ്നപരിഹാരം തേടുവാനും ഉള്ള ഇടം, വ്യക്തി കേന്ദ്രീകൃതമായ ഇഷ്ടങ്ങൾ അതിർവരമ്പുകളില്ലാതെ പ്രകടിപ്പിക്കാനുള്ള ഇടം, കമ്പോളവും പരസ്യ ലോകവും പരുവപെടുത്തുന്ന ഭ്രമാത്മകതയിൽ വീണു പോയി സ്വയം വിപണന വസ്തുക്കളായി മാറുന്നവരുടെ അഭിപ്രായങ്ങൾ, ഇമേജുകൾ, ക്ലിപ്പിങ്ങുകൾ , പരസ്യങ്ങൾ ഇവയ്ക്കുള്ള ഇടം, യഥാർത്ഥ വ്യക്തിത്വം മറച്ചു വെച്ചു സൃഷ്ടിച്ചെടുക്കുന്ന വ്യക്തിത്വം വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ നില നിൽക്കുക, വ്യക്തി ബന്ധങ്ങൾ ദുരുപയോഗം ചെയ്യുക, ലൈംഗികതയുടെയും ഉൽപന്നങ്ങളുടെയും ആത്മീയതയുടെയും വിൽപ്പന, പ്രചാരണം ഇതിനൊക്കെയുള്ള വേദി ഇങ്ങനെ മേൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന്‌ ഇമാധ്യമങ്ങളിൽ വ്യാപരിക്കുന്ന ഓരോ വിഭാഗക്കാരുടെയും ചിന്തകളൂം മനോഭാവവും മനസ്സിലാക്കാം.

പലവിധത്തിലുള്ള വ്യക്തിത്വവൈകല്യങ്ങളോ, മനോരോഗങ്ങളോ ഉള്ളവർ സോഷ്യൽ നെറ്റുവർക്ക്‌ മീഡിയകളെ അനാരോഗ്യകരമായി ഉപയോഗിക്കാം. ഉദാഹരണമായി ഒബ്സ്സസ്സീവ്‌ കംപൽസീവ്‌ ഡിസോർഡർ (OCD), സെക്ഷ്വൽ ഡിസോർഡർ (Sexual Disorders) എന്നിവ. ശ്രദ്ധരഹിത അമിത പ്രവർത്തനം എന്ന വൈകല്യം (Active Deficit Hyper Active Disorder) ഉള്ള കുട്ടികളും അച്ചടക്കം, നിയമം ഇവയുമായി കൊമ്പു കോർക്കുന്ന ദൂഷ്യസ്വഭാവ വൈകല്യം (Conduct Disorder), സാമൂഹ്യ വിരുദ്ധ വ്യക്തിത്വ വൈകല്യം (Anti Social Personality Disorder) ഇവ ഉള്ള ചെറുപ്പക്കാരും സോഷ്യൽ നെറ്റുവർക്കുകളെ ദുരുപയോഗം ചെയ്യാനും നിയമ വിധേയമല്ലാത്ത കാര്യങ്ങൾക്കായി ഉപയോഗിക്കാനും ഉള്ള സാധ്യത വളരെ വളരെ കൂടുതലാണ്‌.

നമ്മുടെ ചുറ്റുപാടുകൾ സദാലൈംഗിക ചോദനകളെ ഉണർത്തുന്നതാണ്‌. അടക്കി വെയ്ക്കുന്ന ഈ വികാരങ്ങൾ ഉണ്ടാക്കുന്ന പ്രഷർ ഏകാന്തതകളിലും രാത്രികളിലും ഫണം വിടർത്തുവാനുള്ള പ്രവണത മനുഷ്യ മസ്തിഷ്കത്തിലുണ്ട്‌. അനന്തമായി വിരിച്ചിട്ടിരിക്കുന്ന വെബ്ബ്‌ കടലിൽ ലൈംഗികത, സാഹസികത, ലഹരി, കീഴടങ്ങൽ തുടങ്ങിയ ബുദ്ധിയുടെ ഘടകം കുറഞ്ഞതും വൈകാരിക അംശം കൂടിയതുമായ പ്രവർത്തികളിൽ നീന്തി തുടിക്കുകയും ജീവിതം ഏറെക്കുറെ ഭ്രമാത്മകതയും സ്വപ്നാടനവും കലർന്നതും ആക്കുന്നു.

ലൈംഗിക വൈകൃതങ്ങളായ എക്സ്ബിഷനിസം, ഫെറ്റിഷിസം, ഫ്രൊട്ടുറിസം, ഹൈപ്പർ ആക്റ്റിവ്‌ സെക്ഷ്വൽ ഡിസൈർ ഡിസോർഡർ ഇവ ഉള്ളവർ ഫേസ്ബുക്കും സോഷ്യൽ നെറ്റുവർക്ക്‌ മീഡിയകളും വഴി സ്വന്തം ശരീരത്തിന്റെ ലൈംഗിക പ്രദർശനം നടത്തുന്നു.

മാർക്കറ്റിൽ വിൽപ്പനയിൽ സ്ത്രീ ലൈംഗികതയ്ക്ക്‌ പ്രിയം കൂടുതലായതിനാൽ സ്വയം സെലിബ്രിറ്റികൾ ആകാൻ ആഗ്രഹിക്കുന്നവരും റേറ്റ്‌ കൂട്ടാൻ ആഗ്രഹിക്കുന്നവരും പരമാവധി പ്രദർശനമാണ്‌ ഈ മീഡിയകളിലൂടെ കാഴ്ച്ചവെയ്ക്കുന്നത്‌. ഇതു മൂലം വിവേചന ബുദ്ധിയുറയ്ക്കാത്ത കൗമാര പ്രായക്കാരുടെ സമയം, ജീവിതലക്ഷ്യം എല്ലം വഴി തിരിഞ്ഞു പോകുന്നു എന്ന്‌ ചികിത്സ തേടി എത്തുന്ന പല യുവാക്കളുടെയും ആത്മ പരിശോധന വ്യക്തമാക്കുന്നു. ഈ വഴി രക്ഷപെടാം എന്നു കരുതി ഇറങ്ങി തിരിക്കുന്ന ബാല്യ കൗമാരങ്ങളും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ ദാരുണ മുഖങ്ങളാണ്‌. മുഖംമൂടി, മുഖംമറ എന്നീ അർത്ഥങ്ങളുള്ള ഗ്രീക്ക്‌ വാക്കായ പെർസൊണയിൽ നിന്നാണ്‌ പേഴ്സാണിലിറ്റി എന്ന വാക്ക്‌ ഉണ്ടായത്‌. ഇതും ഫേസ്ബുക്ക്‌ എന്ന വാക്കും കൂട്ടി വായിക്കുമ്പോൾ എന്തു തോന്നുന്നു?

പഞ്ചേന്ദ്രിയങ്ങളുടെയും സുഖം അന്വേഷിക്കുന്ന ജീവിയാണ്‌ മനുഷ്യൻ. അതിനു സ്പീഡ്‌ ഗവർണർ വയ്ക്കുന്ന പരിപാടിയാണ്‌ രക്ഷകർതൃത്വം, വിദ്യാഭ്യാസം, സാംസ്ക്കാരിക പരിപാടികൾ, രാഷ്ടീയം ഇവയൊക്കെ. എന്നാൽ ഇതെല്ലാം ദുർബലപ്പെടുകയും മലിനമായിരിക്കുകയും ചെയ്തിരിക്കുന്ന ഈ കാലത്ത്‌ മനുഷ്യ സമൂഹത്തെ ആരോഗ്യകരമായി മുന്നോട്ടു കൊണ്ടു പോകാൻ സോഷ്യൽ നെറ്റുവർക്കുകളും അവയുടെ മാധ്യമങ്ങളും വിവേചനബുദ്ധിയുടെ അകകണ്ണ്‌ തുറന്നു വയ്ക്കണം.

ഇ. നസീർ ഗാർസ്യ,
സോഷ്യൽ സയന്റിസ്റ്റ്‌, ഗവ. മെഡിക്കൽ കോളേജ്‌, തിരുവനന്തപുരം

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments