22
November, 2017
Wednesday
06:30 PM
banner
banner
banner

സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ദമ്പതികൾ ‘പണികിട്ടാതിരിക്കാൻ’ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ഒരു നേരം ആഹാരമില്ലെങ്കിലും ഇന്നത്തെ തലമുറ വളരെ കൂളായി അതങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യും. അതേസമയം മൊബൈൽ ഫോണും ഇന്റർനെറ്റും ഇല്ലാതെ ഒരു പത്ത്‌ മിനിട്ട്‌ തികയ്ക്കാൻ അവന്‌ കഴിയില്ല. ഇന്റർനെറ്റും സോഷ്യൽ മീഡിയയും മുന്തിയ ഇനം സ്മാർട്ട്‌ ഫോണും കയ്യിലുള്ളപ്പോൾ പിന്നെ ആഹാരം അത്‌ വെച്ചാലായി കഴിച്ചാലായി അത്രമാത്രം. ആഹാരം പാകം ചെയ്യാനും പിന്നെയത്‌ കഴിക്കാനും ചിലവാക്കുന്ന സമയം കൂടി ഫ്രണ്ട്സുമായി ചാറ്റ്‌ ചെയ്യാം, സോഷ്യൽ മീഡിയയിലെ വൈറൽ ന്യൂസു കൾ വീണ്ടും വീണ്ടും വൈറലാക്കി രസിക്കാം, ഇനി അതിനൊന്നും കഴിഞ്ഞില്ലെങ്കിൽ ലേറ്റസ്റ്റ്‌ സെൽഫിയിട്ട്‌ കമന്റ്സിന്റേയും ലൈക്സിന്റേയുമൊക്കെ എണ്ണം നോക്കി സായൂജ്യമടയാം.

What’s on your mind? ഈ ചോദ്യം കാണാത്ത ഒരാൾ പോലും ഇന്ന്‌ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരുടെ ഇടയിൽ കാണില്ല. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമായ ഫേസ്ബുക്ക്‌ വോളിലാണ്‌ ഇങ്ങനെയൊരു ചോദ്യം. നിങ്ങളുടെ മനസ്സിൽ എന്താണ്‌? അവരവരുടെ മനസ്സിൽ തോന്നുന്നതെന്തും മാച്ചിങ്ങ്‌ ഫീലിങ്ങ്‌ ഐക്കൺസും, പിക്ചേഴ്സും, ലൊക്കേഷൻ മാപ്പും സഹിതം ഈ ലോകത്തോട്‌ വിളിച്ചു പറയുമ്പോൾ ചില കാര്യങ്ങളിലെങ്കിലും കുറച്ചു ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. പ്രത്യേകിച്ചും നിങ്ങൾ സ്റ്റാറ്റസ്‌ കോളത്തിൽ ‘മാരീഡ്‌’ എന്നാണ്‌ എഴുതുന്നതെങ്കിൽ. സന്തുഷ്ട ദാമ്പത്യ ജീവിതത്തിന്‌ ചില ഓൺലൈൻ മുൻകരുതലുകൾ എടുക്കുന്നത്‌ നന്നായിരിക്കും.

ചില സുഹൃദ്‌ ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിൽ അഭിമാനിക്കാം
നിങ്ങളുടെ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്‌ ഭീഷണിയാകുന്ന സുഹൃത്തുക്കളെ പാടേ ഉപേക്ഷിക്കുന്നതിൽ വൈമനസ്യം കാണിക്കരുത്‌. റിലേഷൻഷിപ്പിന്‌ ദോഷകരമാകുമെന്ന്‌ തോന്നുന്ന ആളുകളുമായുള്ള സഹകരണം നിങ്ങൾക്ക്‌ സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിൽ അത്‌ ഉപേക്ഷിക്കുന്നത്‌ തന്നെയാണ്‌ നല്ലത്‌. തുടക്കത്തിൽ ഈ തീരുമാനം നിങ്ങളെ വിഷമിപ്പിച്ചാലും അത്‌ നിങ്ങളുടെ പങ്കാളിയുമായുള്ള ഊഷ്മളമായ ബന്ധത്തിന്‌ സഹായകരമാകുമെങ്കിൽ പിന്നീട്‌ നിങ്ങൾക്കതിൽ അഭിമാനം തോന്നും.

അമിത സ്വകാര്യത അവസാനിപ്പിക്കുക
പങ്കാളിയെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ്‌ ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ അടിത്തറ. നിങ്ങൾ വിവാഹതരോ ഉടൻ വിവാഹിതരാകാൻ പോകുന്നവരോ ആണെങ്കിൽ അമിതമായ സ്വകാര്യത ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌. നിങ്ങൾ കൂടുതൽ സ്വകാര്യത സൂക്ഷിക്കുന്നത്‌ പങ്കാളിയിൽ നിന്നും പലതും മറയ്ക്കുന്നതിന്റെ സൂചനയായാണ്‌ അവർക്ക്‌ തോന്നുക. അങ്ങനെയല്ലെങ്കിൽ ഫേസ്ബുക്ക്‌ പാസ്സ്‌വേഡും മറ്റും പങ്കാളിയുമായി പങ്കുവയ്ക്കാം. ചിത്രങ്ങളും പോസ്റ്റുകളും പങ്കാളിയിൽ നിന്നും മറച്ച്‌ വയ്ക്കാൻ ശ്രമിക്കരുത്‌ ഇത്‌ സംശയങ്ങൾക്കിടവരുത്തുകയും ബന്ധം തകർക്കുകയും ചെയ്യും.

റിലേഷൻഷിപ്പ്‌ സ്റ്റാറ്റസ്‌ മറച്ച്‌ വയ്ക്കരുത്‌
സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമിൽ റിലേഷൻഷിപ്പ്‌ സ്റ്റാറ്റസ്‌ വ്യക്തമാക്കുന്ന ഭാഗം മറച്ചുവയ്ക്കുന്നവരുണ്ട്‌. വർഷങ്ങളായി ഒരാളുമായി സ്നേഹബന്ധത്തിലായിരിക്കുകയും പെട്ടന്ന്‌ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത്‌ സുഹൃത്തുക്കളിൽ നിന്നും മറച്ച്‌ വയ്ക്കേണ്ട ആവശ്യമില്ല. പരസ്പരമുള്ള ബന്ധം അഭിമാനത്തോടെ എല്ലാവരുടെയും മുമ്പിൽ വ്യക്തമാക്കുക.

RELATED ARTICLES  ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമുള്ള കുട്ടികൾ ഉണ്ടാകാൻ അച്ഛനും വേണം ഈ ജാഗ്രത!

പങ്കാളിയെ നിങ്ങൾ ഫ്രണ്ട്‌ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ?
ചില വിരുതന്മാർക്ക്‌ ഒന്നിലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാകും. പങ്കാളിയെ ഉൾപ്പെടുത്തിയിട്ടുള്ള യഥാർത്ഥ അക്കൗണ്ട്‌ നല്ല രീതിയിൽ സംരക്ഷിക്കുകയും അതേസമയം ചില ചുറ്റിക്കളികൾക്കായി വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കുകയും ചെയ്യുന്നവർ. നിങ്ങൾ ഇത്തരത്തിലൊരാളാണെങ്കിൽ ഈ ശീലം അങ്ങ്‌ ഉപേക്ഷിച്ചേക്കുക. വ്യാജ ഐഡിയെ കുറിച്ച്‌ പങ്കാളി അറിയുന്നത്‌ വരെ മാത്രമായിരിക്കും ഇതിൽ നിന്നും നിങ്ങൾക്ക്‌ ലഭിക്കുന്ന സുഖം. പല നാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും എന്ന പഴഞ്ചൊല്ല്‌ മറക്കാതിരിക്കുക.

എല്ലായ്പ്പോഴും സിംഗിൾ സെൽഫീസല്ല
പങ്കാളിയുടെ ഫോട്ടോസിട്ട്‌ നിങ്ങളുടെ വോൾസ്‌ നിറയ്ക്കണമെന്നല്ല. പകരം ഇടയ്ക്കൊക്കെ നിങ്ങളുടെ പിക്ചേഴ്‌സിനൊപ്പം പങ്കാളിയുടെ പിക്ചേഴ്സും ഇടാം. നിങ്ങൾ അവരെയും പരിഗണിക്കുന്നുണ്ട്‌ എന്ന ഒരു തോന്നൽ പോലും പങ്കാളിയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. പങ്കാളിയെ വിഷമിപ്പിക്കുന്നതോ ഇൻസൾട്ട്‌ ചെയ്യുന്നതോ ആയ പിക്ചേഴ്സ്‌ ഒരു തരത്തിലും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കരുത്‌. വ്യത്യസ്തമായ എന്തെങ്കിലും ആണെങ്കിൽ പങ്കാളിയുടെ അനുവാദത്തോടെ മാത്രം ചെയ്യുക.

നിങ്ങൾ ആരാണ്‌ എന്ന്‌ പങ്കാളി അറിയട്ടെ
ടൈം ലൈൻ എന്ന ആശയം മാർക്ക്‌ സുക്കർ ബർഗ്ഗ്‌ സൃഷ്ടിച്ചത്‌ വെറുതേയല്ല. ഇതുവഴി ഫേസ്ബുക്കിൽ സജീവമായ ഒരാളുടെ ഭൂതകാലം മുഴുവനും ചികഞ്ഞെടുക്കാൻ കഴിയും. നിങ്ങളുടെ സുഹൃത്തുക്കൾ ആരൊക്കെയായിരുന്നുവെന്നും, ആക്ടിവിറ്റീസ്‌ എന്തൊക്കെയായിരുന്നുവെന്നും എല്ലാം. ആവശ്യമില്ലാത്ത എല്ലാ പോസ്റ്റുകളും ദാമ്പത്യ ജീവിതത്തിന്റെ നന്മയെ കരുതി ഇന്ന്‌ തന്നെ ഡിലീറ്റ്‌ ചെയ്യാം. നിങ്ങൾ ആരായിരുന്നു എന്ന്‌ കാണിക്കുന്നതിനു പകരം ഇന്ന്‌ നിങ്ങൾ ആരാണ്‌ എന്ന്‌ മാത്രം പങ്കാളി അറിയട്ടെ.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments