മലയാളം ഇ മാഗസിൻ.കോം

സ്ത്രീ-പുരുഷ സൗഹൃദത്തിൽ വയറ്റിൽ \’പൂമ്പാറ്റ പറന്നാൽ\’ അപകടം

Facebook, Twitter, LinkedIn, Pinterest അങ്ങനെ പല സോഷ്യൽ നെറ്റ്‌ വർക്കുകളും ഉണ്ടെങ്കിലും സാധാരണക്കാരു മുതൽ പ്രശസ്തരുടെവരെ ഇടയിൽ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആണ്‌ ഫേസ്ബുക്ക്‌. ലോകത്തിന്റെ പലഭാഗത്തുമുള്ള ആളുകളെ തമ്മിൽ ഒരേസമയം ബന്ധിപ്പിക്കുന്നതിന്‌ ഈ മീഡിയകൾ സഹായിക്കുന്നു. 3Gയും 4Gയും Wifi യും ഒക്കെ അനായാസേന ലഭിക്കുന്നതുകൊണ്ട്‌ മിക്കവാറും എല്ലാവരെയും തന്നെ ഫേസ്ബുക്ക്‌ വശീകരിച്ച്‌ കഴിഞ്ഞിരിക്കുന്നു.

മെസേജുകൾ ചെയ്യുന്നതിനും കണ്ട്‌ കൊണ്ട്‌ സംസാരിക്കുന്നതിനും ഫോട്ടോകൾ കൈമാറുന്നതിനും ഒക്കെ വളരെ പരിമിതമായ ചിലവിൽ സൗകര്യപ്രദമായ രീതിയിൽ വീട്ടിൽ ഇരുന്നുകൊണ്ട്‌ തന്നെ കഴിയുന്നതുകൊണ്ട്‌ എല്ലാ പ്രായക്കാരുടേയും മനസ്സിൽ വളരെ വേഗം ഫേസ്ബുക്ക്‌ ഇടം നേടിയെടുത്തു. ഇങ്ങനെ ഉള്ള ധാരാളം ഗുണങ്ങൾ ഉള്ളതോടൊപ്പം തന്നെ ഇതിനു ചില ദൂഷ്യവശങ്ങളുമുണ്ട്‌.

ഫേസ്ബുക്കിന്റെ പ്രധാന നേട്ടങ്ങൾ
ലോകം മുഴുവൻ നമ്മുടെ കൈയ്യിലിരിക്കുന്ന മൊബെയിൽ ഫോണിലോ കമ്പ്യൂട്ടറിലോ ഒതുക്കുവാൻ കഴിയുന്നു എന്നതാണു ഏറ്റവും വലിയ നേട്ടം. കൂട്ടുകാരും വീട്ടുകാരുമായി ഏതു സമയത്തും ഏറ്റവും തൊട്ടടുത്തിരുന്നു സംവദിക്കുന്നത്‌ പോലെ ഉള്ള സൗകര്യം ഫേസ്ബുക്ക്‌ ഉൾപടെയുള്ള മീഡിയകൾ നൽകുന്നു.

വർഷങ്ങൾക്ക്‌ മുൻപ്‌ കൂടെ പഠിച്ച സുഹൃത്തിനേയും ദൂരെയുള്ള ബന്ധുവിനെയും ഒക്കെ ഒരു സേർച്ച്‌ ഓപ്ഷനിലൂടെ കണ്മുൻപിൽ എത്തിക്കുന്ന ഫേസ്ബുക്ക്‌ തുടക്കകാർക്ക്‌ മായാജാലക്കാരനെപോലെയാണ്‌. വാർത്തകൾ വളരെ വേഗം അനേകം ആളുകലേയ്ക്ക്‌ എത്തിക്കുന്നതിനും അതിന്റെ പ്രതികരണം ശേഖരിക്കുന്നതിനും ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ മീഡീയകൾക്ക്‌ കഴിയുന്നു. ഫേസ്ബുക്കിലൂടെയുള്ള പ്രതികരണങ്ങൾ സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കാൻ മതിയായവ ആണെന്നു അടുത്ത ദിവസങ്ങളിലും കാണുകയുണ്ടായി. പുതിയ ജോലികൾ കണ്ട്‌ പിടിക്കുന്നതിനും മറ്റുചിലർക്ക്‌ അർഹമായ സഹായങ്ങൾ കിട്ടുന്നതിനും ഫേസ്ബുക്ക്‌ കാരണമായി കൊണ്ടിരിക്കുന്നു.

ഫേസ്ബുക്കിന്റെ ദൂഷ്യവശങ്ങൾ
ഫേസ്ബുക്കിലെ ഏറ്റവും പ്രധാന വില്ലന്മാർ ഫേക്ക്‌ ഐഡികളാണ്‌. ആരെ പറ്റിയും എന്തും പറഞ്ഞു പരത്താനുള്ള ലൈസൻസുണ്ടെന്നു കരുതുന്ന ഇക്കൂട്ടർ സഭ്യതയുടെ വരമ്പുകൾ വരെ മറി കടക്കാറുണ്ട്‌. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആരും ഇവർക്ക്‌ ഇരകളായേക്കാം. വ്യക്തിഹത്യക്കും അപവാദങ്ങൾക്കും മാത്രമായി ചിലർ ഫേക്ക്‌ ഐഡികളിൽ പ്രത്യക്ഷപെടുന്നതാണു ഫേസ്ബുക്കിലെ പ്രധാന ദോഷം.

ശരിയോ തെറ്റോ എന്ന്‌ തിരിച്ചറിയപെടാതെ വളരെ വേഗം പടരുന്ന വാർത്തകൾ സമൂഹത്തിൽ തെറ്റിധാരണകൾ പടർത്താൻ കാരണമാകുന്നു. വാർത്തകളുടെ നിജ സ്ഥിതി മനസിലാക്കി ഷെയർ ചെയ്യുക എന്ന ഒരു പ്രതിവിധിയിലൂടെയേ ഇത്‌ തടയുവാൻ കഴിയൂ. ഉപഭോക്താവിന്റെ സ്വകാര്യതയിലേയ്ക്ക്‌ അന്യരുടെ എത്തി നോട്ടം ഫേസ്ബുക്കിൽ ഉണ്ടായേക്കാം. ശരിയായ സെറ്റിങ്ങ്സ്‌ ഉപയോഗിച്ച്‌ ഒരു പരിതിവരെ ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞേക്കും.

സോഷ്യൽ മീഡിയയും സുഹൃത്‌ ബന്ധങ്ങളും.
എത്രയൊക്കെ ദൂഷ്യവശങ്ങൾ ഉണ്ടെങ്കിലും ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്ത ആളുകൾ വിരളമാണ്‌. സുഹൃത്ത്‌ ബന്ധങ്ങൾ ദൃഡമാക്കുവാനും അതുപോലെ പുതിയ സുഹൃത്ബന്ധങ്ങൾ നേടുന്നതിനും ഫേസ്ബുക്കും വാട്ട്സ്‌ ആപും വലിയ പങ്കു വഹിക്കുന്നു. തമ്മിൽ കണ്ടിട്ടില്ലാത്തവർ പോലും തമ്മിൽ ഒൺലൈൻ സൗഹൃദം സൂക്ഷിക്കുന്നു. സോഷ്യൽ മീഡിയകൾ വഴി ധാരാളം സ്ത്രീപുരുഷന്മാർ ആരോഗ്യകരമായ സുഹൃത്‌ ബന്ധം സൂക്ഷിക്കുന്നുണ്ട്‌. പക്ഷെ ഇതേ മീഡിയ ചിലപ്പോഴൊക്കെ മാനഹത്യയ്ക്കും ലൈഗീക ചൂഷണങ്ങൾക്കുമായി ദുരുപയോഗപെടുകയും ചെയ്യാറുണ്ട്‌ .

സ്ത്രീപുരുഷ സൗഹൃദങ്ങൾ.
എതിർലിംഗത്തിൽപെട്ടവരുമായി ആരോഗ്യകരമായ സുഹൃത്‌ ബന്ധങ്ങൾ ഒട്ടുമിക്ക സ്ത്രീപുരുഷന്മാരും ആസ്വദിക്കുന്നു. വ്യക്തികളിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വർദ്ധിക്കുന്നതിന്‌ ഇത്തരത്തിലുള്ള സൗഹൃദങ്ങൾ സഹായിക്കുന്നു. തമ്മിൽ കടപ്പാടുകളും പ്രതീക്ഷകളും ഒന്നുമില്ലാത്ത സുഹൃദത്തെയാണു ആരോഗ്യകരമായ സൗഹൃദം എന്ന്‌ കരുതുവാൻ കഴിയുകയുള്ളൂ. ഇത്തരം സൗഹൃദങ്ങളിൽ ഇരുവരുടേയും വയറ്റിൽ പൂമ്പാറ്റകൾ പറന്നെന്നും വരാം. അത്‌ നമ്മുടെ ഹോർമോണുകൾ ശരിയായി വർക്ക്‌ ചെയ്യുന്നത്‌ കൊണ്ടുള്ള ഒരു സുന്ദര പ്രതിഭാസം മാത്രമാണ്‌. അതൊരു തെറ്റായി കാണേണ്ടതില്ലെങ്കിലും ചില സമയങ്ങളിൽ ഈ പൂമ്പാറ്റകൾ അപകടകാരികൾ ആയിതീർന്നേക്കാം. അതുകൊണ്ട്‌ ചാറ്റുകൾക്ക്‌ അതിന്റേതായ ഒരു ലൈൻ ഓഫ്‌ കണ്ട്രോൾ വയ്ക്കുവാൻ ശ്രദ്ധിക്കേണ്ടതുമാണ്‌.

സുഹൃത്‌ ബന്ധങ്ങൾ വഴിമാറുമ്പോൾ
എതിർലിംഗത്തിലുള്ളവർ തമ്മിലുള്ള സുഹൃത്ബന്ധങ്ങൾ, പ്രത്യേകിച്ച്‌ വിവാഹിതരായവരിൽ അപകടകരമാകുന്നത്‌ ഒരാളിലോ രണ്ടുപേരിലുമോ പ്രതീക്ഷകൾ ആരംഭിക്കുമ്പോൾ ആണ്‌. അങ്ങനെ ഉണ്ടാകുന്ന അവസരങ്ങളിൽ രണ്ടുപേരും പരസ്പരധാരണയിൽ ആ ബന്ധം അവസാനിപ്പിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.ഈ സൈബർയുഗത്തിൽ ബന്ധങ്ങൾ പിരിയുമ്പോൾ ഉപയോഗിക്കപെടുന്ന, ബോംബിനേക്കാൾ വീര്യമുള്ള ആയുധമാണ്‌ സ്ക്രീൻ ഷോട്ടുകൾ. അതുകൊണ്ട്‌ സ്ത്രീകളും പുരുഷന്മാരും ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത്‌ ഇത്തരം ആയുധങ്ങൾക്ക്‌ ഇടം കൊടുക്കാതിരിക്കുക എന്നതാണ്‌. ഏതാനും ദിവസങ്ങൾക്ക്‌ മുൻപ്‌ ഒരു യുവ ഡോകടരുടെ ചാറ്റ്‌ സ്ക്രീൻ ഷോട്ട്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആ ഡോക്ടർ ചെയ്തത്‌ തെറ്റാണെന്ന അഭിപ്രായം ഉണ്ടെങ്കിലും ചിലർക്കെങ്കിലും ആ പെൺകുട്ടിയോടും പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞേക്കില്ല.

വില്ലൻ പുരുഷൻ മാത്രമോ?
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ആളുകൾ ഉണ്ട്‌. ചിലർ വെറും ഹായ്‌ ഹലോ ബന്ധം ആഗ്രഹിക്കുന്നവർ, ചിലർ സൈബർ സെക്സിന്റെ ഏതറ്റം വരേയും പോകാൻ ആഗ്രഹിക്കുന്നവർ. ഇതിനൊക്കെ പരിഹാരമായി പലതരത്തിലുള്ള സെറ്റിങ്ങ്സും ഫേസ്ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം സ്ത്രീകൾ മനസിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്‌. സ്ത്രീകൾ സാധാരണയായി പുരുഷന്മാ മാരോട്‌ ഹായ്‌ പറഞ്ഞ്‌ ഇൻബോക്സിൽ ചെല്ലാറില്ലെങ്കിലും പുരുഷന്മാർ അതിനു മടി കാണിക്കാറില്ല. ആ സ്വഭാവം ദൈവം അവർക്ക്‌ കൊടുത്തിരിക്കുന്നതാണെന്നു കരുതിക്കൊള്ളൂ. അല്ലാതെ എല്ലാത്തിനും അവർ നാണിച്ച്‌ നിന്നാൽ മനുഷ്യകുലം പണ്ടേ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി പോയേനെ. അതുകൊണ്ട്‌ അവരുടെ ആ സ്വഭാവത്തെ മഹാപാപമായി കാണേണ്ട ആവശ്യം ഇല്ല.

ഇങ്ങനെ ഉള്ള അവസരങ്ങളിൽ സ്ത്രീകളുടെ നിലപാടുകൾക്ക്‌ വളരെ പ്രസക്തിയുണ്ട്‌. ഒരു കുടുംബത്തെ നന്നായി നയിക്കാൻ കഴിവുള്ള അവർക്ക്‌ ഒരു ഫേസ്ബുക്ക്‌ അക്കൗണ്ട്‌ മാനേജ്‌ ചെയ്യുന്നതിന്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. ആരെങ്കിലും ഒരു ഹായ്‌ പറഞ്ഞ്‌ ഇൻബോക്സിൽ വരികയും നിങ്ങൾ തിരിച്ച്‌ പറയാൻ ആഗ്രഹിക്കുന്നുമില്ലെങ്കിൽ അവരെ മനപൂർവം കണ്ടില്ല എന്ന്‌ കരുതുക. എന്നിട്ടും അവർ നിർത്താൻ ഭാവമില്ലെങ്കിൽ ബ്ലോക്ക്‌ ചെയ്യുക. വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നത്തെ അങ്ങോട്ട്‌ വീണ്ടും ചോദ്യങ്ങൾ ചോദിച്ച്‌ പ്രോത്സാഹിപ്പിച്ചിട്ട്‌ പിന്നെ കുറ്റം പറയുന്നതിൽ എന്ത്‌ യുക്തിയാണൂള്ളത്‌?

കുരുക്കാകുന്ന ചാറ്റ്‌ ബോക്സുകൾ
ചാറ്റുകൾ സുഹൃദ്ബന്ധങ്ങളെ ഉറപ്പിക്കുന്നു. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ അതൊരു വലിയ കെണിയായി തീർന്നേക്കാം. ചാറ്റു ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചിലതുണ്ട്‌. ചാറ്റ്‌ ചെയ്യുന്നതും സുഹൃത്ബന്ധങ്ങൾ സൂക്ഷിക്കുന്നതും തെറ്റല്ല. പക്ഷെ ഇന്നു നിങ്ങൾ മറ്റൊരാളോട്‌ പറയുന്ന കാര്യങ്ങൾ നാളെ നിങ്ങൾക്ക്‌ ഭയപെടാൻ കാരണം ആകും എങ്കിൽ അതു പറയാതിരിക്കുക. നാളെ പണി കിട്ടി കഴിയുമ്പോൾ മുഖം മറച്ച്‌ വച്ച്‌ നടക്കാൻ ഇടവരാതിരിക്കട്ടെ. സ്ത്രീകളും രഹസ്യങ്ങളെല്ലാം പറഞ്ഞശേഷം അബന്ധമായി എന്ന്‌ മനസിലായി കഴിഞ്ഞ്‌ അവൻ ചീത്തയാണ്‌ ചതിയനാണ്‌ എന്നിങ്ങനെ കരഞ്ഞോണ്ട്‌ നടന്നിട്ട്‌ ഒരു കാര്യവും ഇല്ല. അതുകൊണ്ട്‌ സൂക്ഷിക്കേണ്ടപ്പോൾ സൂക്ഷിക്കുക.

പുരുഷന്മാരോട്‌ ഒരുവാക്ക്‌
ഇന്നത്തെ കാലത്തെ സ്ത്രീകൾ സോഷ്യൽ മീഡിയകളിൽ തുറന്നു പ്രതികരിക്കുന്നതിനു മടിയില്ലാത്തവരാണ്‌. സ്ത്രീകൾ സ്വന്തമായ വീക്ഷണങ്ങൾ ഉള്ളവരാണ്‌. അവരെ നിങ്ങളുടെ ചോൽപടിയ്ക്ക്‌ നിർത്തണമെ ന്നാഗ്രഹിക്കുകയും, അല്ലെങ്കിൽ എങ്ങനെയെങ്കിലും അവരെ അധിക്ഷേപിക്കണം എന്നും ചിന്തിക്കുന്നത്‌ ആധുനിക പുരുഷ ലക്ഷണമല്ല. സ്ത്രീകൾ സോഷ്യൽ മീഡിയകളിൽ പ്രതികരിക്കുന്നത്‌ കൊണ്ട്‌ അവർ പുരുഷവിരോധികൾ ആണെന്നും കരുതേണ്ടതില്ല. സ്ത്രീകൾ നിങ്ങളുടെ ഫ്രെണ്ട്‌ റിക്വെസ്റ്റ്‌ സ്വീകരിക്കുന്നുവെങ്കിൽ അതിന്റെ അർത്ഥം അവർ ചാറ്റ്‌ ചെയ്യാൻ റെഡിയാണ്‌ എന്നും ഫേസ്ബുക്കിൽ ആക്റ്റീവ്‌ ആയിട്ടുള്ള സ്ത്രീകൾ പച്ച നിറത്തിൽ ചാറ്റ്‌ ഓൺ ചെയ്ത്‌ വച്ച്‌ ഇരപിടിക്കാനിരിക്കുന്നവരാണ്‌ എന്നും ഉള്ള മനോഭാവവും മാറ്റേണ്ടിയിരിക്കുന്നു. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെപോലെ തന്നെ എല്ലാ സ്ത്രീകളും ബഹുമാനം അർഹിക്കുന്നു എന്ന്‌ ഓർമയിലിരിക്കട്ടെ.

  • സിസ്സി സ്റ്റീഫൻ

Staff Reporter