മലയാളം ഇ മാഗസിൻ.കോം

സംഘി ചാപ്പയും സൈബർ പോരാളികളും, സോഷ്യൽ മീഡിയ ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോട് ചെയ്തത് ഇക്കാര്യങ്ങൾ

കാള പിഞ്ഞാണക്കടയിലേക്ക് മുന്നിലൂടെ വന്നപ്പോൾ ദേ കാള കട നശിപ്പിക്കാൻ വരുന്നേ ഞങ്ങൾ അതിനെ ശരിപ്പെടുത്താം എന്ന് പറഞ്ഞ് കടയിലേക്ക് ഓടിക്കയറി. കാളയ്ക്കെതിരെ അവർ പ്രതിരോധം തീർക്കും എന്നാണ് കടയുടമ കരുതിയത്. എന്നാൽ കടക്കകത്തുണ്ടായിരുന്ന പിഞ്ഞാണളും ഭരണികളും എടുത്ത് കാളക്ക് നേരെ എറിയുകയാണ് അവർ ചെയ്തത്. അവർ കടയെ കാളയിൽ നിന്നും രക്ഷിക്കുകയല്ല മറിച്ച് കടയിൽ ഉണ്ടായിരുന്നത് നശിപ്പിക്കുകയായിരുന്നു എന്ന് കടയുടമ തിരിച്ചറിയുവാൻ വൈകി. ഏതാണ്ട് അതേ അനുഭവമാണ് നവമാധ്യമ കാലത്തെ ചില ഫേസ്ബുക്ക് ജീവികളെകോണ്ട് ഇടതു പക്ഷത്തിനുണ്ടായത്.

\"\"

നവമാധ്യമങ്ങളുടെ വരവോടെ വ്യക്തികൾക്ക് മാത്രമല്ല രാഷ്ടീയ പാർട്ടികൾക്കും ആശയ പ്രചാരണത്തിനുള്ള വലിയ ഒരു പ്ലാറ്റ് ഫോം ആണ് ലഭിച്ചത്. വളരെ എളുപ്പത്തിൽ ആയിരക്കണക്കിനു ഫോളോവേഴ്സിനെ നേടുവാൻ കഴിഞ്ഞ അനവധി പേർ ഉണ്ട്. ലക്ഷക്കണക്കിനു പ്രൊഫൈലുകൾക്കിടയിൽ നിനും തങ്ങൾക്ക് ശ്രദ്ധപിടിച്ചു പറ്റുവാനുള്ള ശ്രമങ്ങൾ പലരും പല രീതിയിൽ നടത്താറുണ്ട്. വിവദ പരാമർശങ്ങൾ മുതൽ ഹോട്ട് ചിത്രങ്ങൾ ഇട്ടുള്ള തരം താഴ്ന്ന രീതികൾ വരെ പലരും പരീക്ഷിക്കും. ചിലർ കൂലികൊടുത്ത് എഴുതിപ്പിച്ച് പോസ്റ്റുകൾ ഇടുന്ന പ്രവണത വരെ ഉണ്ട്.

നവമധ്യമങ്ങളിൽ പൊയ്മുഖങ്ങൾ വേണ്ടുവോളം ഉണ്ട്. കടുത്ത വർഗ്ഗീയ വാദികൾ മുതൽ അസ്സൽ പിന്തിരിപ്പന്മാർ വരെ പുരോഗമന പൊയ്മുഖം എടുത്തണിയും. സംഘപരിവാറിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുന്നതായ പ്രതീതിയും സൃഷ്ടിക്കും. വലതു പക്ഷ നേതാക്കളെയും അണികളേയും ആവോളം പരിഹസിക്കും, എല്ലാം തികഞ്ഞവരായി ഇടതു പക്ഷ നേതാക്കളെ പാടിപ്പുകഴ്ത്തും. സിപിഎമ്മിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയോ എതിരഭിപ്രായം പറയുകയോ ചെയ്യുന്ന വരെ സംഘിചാപ്പയോ വർഗ്ഗീയ വാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചോ അടിച്ചിരുത്തുക എന്ന ദൗത്യവും ഭംഗിയായി നിർവ്വഹിക്കും. പ്രത്യക്ഷത്തിൽ തോന്നുക അവർ ഇടതു പക്ഷത്തിനായി സൈബർ ലോകത്ത് പോരാടുകയാണെന്നായിരിക്കും എന്നാൽ സത്യത്തിൽ പലരും സ്വന്തം പ്രശസ്തി വർദ്ധിപ്പിക്കുവാനുള്ള കുറുക്കു വഴിയായാണ് ഇതിനെ പ്രയോജനപ്പെടുത്തുന്നതെന്ന് തിരിച്ചറിയാതെ പോകുന്നു.

\"\"

തൃശ്ശൂരിൽ നിന്നും ദീപ നിശാന്ത്, ക്യാനഡയിൽ നിന്നും സുനിതാ ദേവദാസ് , ബിക്കിനി മോഡൽ രശ്മി രാഹുൽ പശുപാൽ അങ്ങിനെ പുരോഗമന നവോഥാന പോസ്റ്റുകളുമായും സംഘപരിവാർ വിരുദ്ധ പോരാട്ടവുമായി സാമൂഹ്യ മാധ്യമങ്ങളിലെ ഇടതു സൈബർ സേനയിൽ നിറഞ്ഞു നിൽക്കുന്ന വനിതകൾ അനവധിയുണ്ട്. നൊസ്റ്റാൾജിയയിൽ പൈങ്കിളി ചാലിച്ചെഴുതിയെടുത്ത പോസ്റ്റുകൾ കൊണ്ട് ശ്രദ്ദേയയായ എഴുത്തുകാരിയാണ് ദീപ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റുകൾ ഉൾപ്പെടുത്തി ഭൂതകാല കുളിർ എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ അത് വലിയ തോതിൽ വിറ്റഴിക്കപ്പെടുകയും ഉണ്ടായി. പല തരം വിവാദങ്ങളും അവരെ തേടിയെത്തി. ദളിതന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരുവച്ച് പ്രസിദ്ധീകരിച്ചത് കയ്യോടെ പിടിക്കപ്പെട്ടയാളാണ് മലയാളം അധ്യാപികയായ ദീപ നിശാന്ത്.

സ്വന്തം കവിതയാണെന്ന് ആദ്യം പറഞ്ഞു നോക്കിയെങ്കിലും തെളിവുകളുമായി കവി രംഗത്തെത്തി യതോടെ മാപ്പു പറഞ്ഞ് തടി ഊരുകയായിരുന്നു. സുഹൃത്തും പുരോഗമന പ്രഭാഷകനുമായ ഒരാൾ അയാൾ എഴുതിയതാണെന്നും പ്രസിദ്ധീകരണത്തിനു നൽകിക്കോളൂ എന്നു പറഞ്ഞത് താൻ വിശ്വസിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. എന്തയാലും ഇതോടെ കോപ്പിയടിക്ക് #ദീപയടി എന്ന ഒരു ഇരട്ടപ്പേരും വന്നു. വിവാദമായ പെൺവാണിഭകേസിൽ അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയാണ് രശ്മി രാഹുൽ പശുപാൽ. അവരും സൈബൈർ ഇടങ്ങളിൽ ഇടതു പോരാളിയായാണ് വാഴ്ത്തപ്പെടുന്നത്.

ഫേസ്ബുക്കിൽ ഇവർ ഇടുന്ന പോസ്റ്റുകളിൽ നവോഥാനവും സ്തീശാക്തീകരണവും അന്ധവിശ്വാസങ്ങൾക്കെതിരെ ഉള്ള അഭിപ്രായങ്ങളും നിറഞ്ഞു കവിയാറുണ്ട്. എന്നാൽ കമന്റിടുന്നവരെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ കാണാം ഇതര മതസ്ഥരോടും രാഷ്ടീയത്തോടും ഉള്ള വെറുപ്പിനപ്പുറം ഇക്കൂട്ടരിൽ പലരും സ്ത്രീ സ്വാതന്ത്യത്തെ അനുകൂലിക്കുന്നവർ അല്ല എന്നും സ്വന്തം മതവിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണെന്നും. ഇത് മൂലം പലരുടേയും വിശ്വാസവും വികാരവും മുറിപ്പെടുകയണ് ചെയ്യുന്നത് എന്ന് തിരിച്ചറിയാതെ പോകുന്നു. അവർ അത് പരസ്യമായി പ്രകടിപ്പിക്കാത്തത് ഇക്കൂട്ടരിൽ നിന്നുള്ള അവഹേളനം ഏറ്റുവാങ്ങേണ്ടിവരും എന്നതിനാലാണ്. എന്നാൽ ഇവർ പലപ്പോഴും തങ്ങളുടെ ഫ്രസ്ട്രെഷൻ തീർക്കുക വ്യാജ പ്രൊഫൈൽ മുതൽ വാട്സാപ്പ് വരെ ഉള്ള മറ്റു വഴികളിലൂടെ ആയിരിക്കും. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകും എന്നാൽ അത് സിപിഎമ്മിനു വലിയ ആഘാതമായിരിക്കും നൽകുക എന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു.

\"\"

ദീപടീച്ചർക്ക് രമ്യാ ഹരിദാസിന്റെ നന്ദി
ആലത്തൂരിൽ സിപിഎം എം.പി പി.കെ.ബിജുവിനെതിരെ അട്ടിമറി വിജയം നേടിയ രമ്യാ ഹരിദാസ് നന്ദിയുണ്ട് ടീച്ചറേ എന്ന് പറഞ്ഞത് ട്രോളാകാനിടയില്ല അത് ശരിക്കും മനസ്സിൽ തട്ടിയാകണം. കോൺഗ്രസിനു വിജയ പ്രതീക്ഷ ഇല്ലാത്ത രണ്ടു മണ്ഡലങ്ങളാണ് ആലത്തൂരും പാലക്കാടും. ആലത്തൂരിൽ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി ദിവസങ്ങളായിട്ടും മാധ്യമ ശ്രദ്ധ ഉണ്ടായിരുന്നില്ല രമ്യക്ക്. എന്നാൽ ദീപനിശാന്തിന്റെ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ് അവർക്ക് നൽകിക്കൊടുത്തത് വിജയത്തോളം എത്തിച്ച പ്രശസ്തിയാണ്. ആലത്തൂരിന്റെ അനിയത്തിക്കുട്ടി എന്ന കാപ്ഷൻ ജനഹൃദയങ്ങളിലേക്ക് നിമിഷങ്ങൾ കൊണ്ട് എത്തി. അതായത് ഇടതു പക്ഷത്തിന് ദീപ നിശാന്തിനെ പോലുള്ളവർ ചെയ്യുന്ന ദ്രോഹത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

അതുപോലെ മറ്റൊരു മാധ്യമ പ്രവർത്തക നടത്തുന്ന സംഘപരിവാർ വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന കമന്റുകളും ലൈവുകളും സത്യത്തിൽ പലപ്പോഴും ഭൂരിപക്ഷത്തെ അലോസരപ്പെടുത്തുന്നതാണ്. കേരളത്തിൽ 18% താഴെ മാത്രമാണ് ബിജെപി അനുകൂലികൾ ഉള്ളൂ. ബാക്കി വരുന്നവർ സിപിഎം അല്ലെങ്കിൽ കോൺഗ്രസ് അനുഭാവികളാണ്. അതിനാൽ തന്നെ സംഘപരിവാർ വിരുദ്ധം എന്ന പേരിൽ ശബർമല ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ ഇവർ നടത്തുന്ന പല പ്രയോഗങ്ങളും അവരെ ഇടതു പക്ഷത്തുനിന്നും അകറ്റുന്നു.

\"\"

ചാപ്പയടിക്കാർ ചെയ്യുന്ന ചതി
അപരന്റെ ശബ്ദം കാതിൽ സംഗീതമായി വീഴണം എന്ന മാർക്സിന്റെ വാക്കുകൾ ഇന്നത്തെ പല ഇടതു പക്ഷക്കാർക്കും വർജ്ജ്യമാണ്. പോരാളി ഷാജിമാർ അഴിഞ്ഞാടുന്ന സൈബർ ഇടങ്ങളിൽ നീ ഞങ്ങൾക്കൊപ്പമോ അവർക്കൊപ്പമോ എന്ന ഫാസിസ്റ്റ് ചോദ്യമാണ് ഉയരുന്നത്. ഫേസ്ബുക്കിൽ ആരെങ്കിലും സിപിഎമ്മിനെ വിമർശിക്കുമ്പോൾ ഉത്തരം മുട്ടിയാൽ ഉടനെ ചാപ്പയടിക്കുന്നവർ സത്യത്തിൽ ചെയ്യുന്നത് മാനസികമായി പലരേയും സംഘിയാക്കുകയാണ്. തുറന്ന സംവാദങ്ങൾക്ക് തയ്യാറാകാതെ ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റുകൾ വിലയിരുത്തി അതിൽ വേണ്ടനടപടിക്ക് തയ്യാറാകാതെ തങ്ങളാണ് ശരി മറ്റാരും ശരിയല്ല എന്ന നിലപാട് ഏതൊരു സംഘടനയുടേയും ആശയത്തിന്റെയും തകർച്ചയിലേക്കേ കൊണ്ടെത്തിക്കുകയുള്ളൂ.

ഇന്ത്യയിലെ ആദ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി ഇന്നിപ്പോൾ അഞ്ച് സീറ്റുമായാണ് പാർളമെന്റിലെക്ക് എത്തുന്നത്. 2 സീറ്റുമായി തുടങ്ങിയ ബിജെപിയാകട്ടെ ഒറ്റക്ക് ഭൂരിപക്ഷം ഉള്ള പാർട്ടിയായി രണ്ടാം തവണയും വിജയിച്ചു കയറിയിരിക്കുന്നു. മോദിവിരുദ്ധ തരംഗം പ്രതീക്ഷിച്ച ഈ തെരഞ്ഞെടുപ്പിൽ അവർ മുൻപ് ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റും വോട്ടു നേടിയപ്പോൾ സിപിഎം 9 സീറ്റിൽ നിന്നും 3 സീറ്റിലേക്ക് കൂപ്പ് കുത്തി. പുതു തലമുറയുടെ രാഷ്ടീയം രൂപീകരിക്കുന്നത് ഏറെ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന സൈബർ ഇടങ്ങളെ പോരാളിഷാജിമാരെയും ദീപാ നിശാന്തുമാരെയും പോലുള്ളവരെ നിലക്കു നിർത്തിയാൽ അത് ഇടതു പക്ഷത്തിനു നന്ന്.

Avatar

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor