ചിലരെയെങ്കിലും വിടാതെ പിന്തുടരുന്നവയാണ് തുമ്മലും ജലദോഷവും. പലപ്പോഴും അലർജി കൊണ്ട് ഉണ്ടാകുന്നതാണ് തുമ്മലും ജലദോഷവും അതുകൊണ്ട് തന്നെ വേഗം അവ വിട്ടുമാറുകയില്ല.അലർജ്ജികൊണ്ടുള്ള തുമ്മൽ, മറ്റ് രോഗങ്ങളോട് അനുബന്ധിച്ചുള്ള തുമ്മൽ.
മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി, സ്പ്രേ, പെയിന്റ് തുടങ്ങിയവയുടെ കണങ്ങൾ അലർജ്ജി മൂലമുള്ള തുമ്മലിനു കാരണമാകും. വളർത്തു മൃഗങ്ങളുടെ രോമം, വസ്ത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള പൊടി, മാറാലകളും അതിൽ തങ്ങി നിൽക്കുന്ന പൊടികളും ഇങ്ങനെ പലർക്കും തുമ്മലുണ്ടാക്കുന്ന കാരണങ്ങൾ നിരവധിയാണ്.

എന്നാൽ ചില ഒറ്റമൂലികളിലൂടെ തുമ്മലും ജലദോഷവും മാറ്റാൻ സാധിക്കും അവ വീട്ടിൽ തന്നെ പരീക്ഷിക്കുകയും ചെയ്യാം. ആ ഒറ്റമൂലികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഇഞ്ചി: ജലദോഷം, ചുമ എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ഇഞ്ചിയിട്ട ചൂട് വെള്ളം കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ മാറാൻ സഹായിക്കുന്നു.
തേൻ: തുമ്മൽ അകറ്റാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് തേൻ. രണ്ട് ടീസ്പൂൺ തേനിൽ അൽപം നാരങ്ങനീര് ചേർത്ത് കഴിക്കുന്നത് തുമ്മൽ ശമിക്കാൻ സഹായിക്കുന്നു. തേനിൽ ഡക്സ്ട്രോമിത്തോഫൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മൽ, ജലദോഷം എന്നിവ വേഗം മാറാൻ സഹായിക്കാറുണ്ട്. ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് കഴിക്കുന്നതും ചുമ, ജലദോഷം എന്നിവ അകറ്റാൻ സഹായിക്കും.

വേപ്പെണ്ണ: വേപ്പെണ്ണ തലയിൽ തേച്ച് കുളിച്ചാൽ തുമ്മൽ മാറി കിട്ടും.
വാതംകൊല്ലി: വാതംകൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി ശ്വസിക്കുന്നത് തുമ്മൽ മാറാൻ വളരെ നല്ലതാണ്.
പുതിനച്ചെടി: ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് പുതിനാച്ചെടി. ജലദോഷം, ചുമ എന്നിവ അകറ്റാൻ പുതിനച്ചെടി സഹായിക്കുന്നു. കൂടാതെ മുറിവുണ്ടായാൽ പെട്ടെന്ന് ഉണങ്ങാനും ഇത് സഹായിക്കുന്നു.

ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി കഴിച്ചാൽ ജലദോഷം, ചുമ, എന്നിവ ശമിക്കും. മാത്രമല്ല കുടവന്റെ ഇലയും കുരുമുളകും രണ്ടെണ്ണം വീതം ഒരുമിച്ച് ചവച്ചിറക്കിയാൽ തുമ്മലും മാറി കിട്ടും.
രക്തചന്ദനം, ചെറുനാരങ്ങ, പച്ചക്കർപ്പൂരം എന്നിവ വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിച്ച് തേച്ചു കുളിച്ചാൽ തുമ്മലിനു ശമനം ഉണ്ടാകും. കൂടാതെ ചൂടുള്ള ഭക്ഷണം ശീലമാക്കിയും ഫാനിന്റെയും എസിയുടേയും ഉപയോഗം കുറച്ച് ഒരു പരിധി വരെ നമ്മുക്ക് തുമ്മലും ജലദോഷവും നിയന്ത്രിക്കാൻ സാധിക്കും.