ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന ഒരു ഫോട്ടോയുടെ കാപ്‌ഷൻ കൊടുത്തിരിക്കുന്നത് കാണുക. ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല’.കഴിഞ്ഞ ദിവസം പാനൂര് ബൈക്ക് ആക്സിഡന്റിൽ മരിച്ച പ്ലസ് ടു വിദ്യാർത്ഥി ശ്രീരാഗിന്റെ ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രത്തിലെ കാപ്ഷനാണിത്.
എന്റെ വണ്ടി കൊണ്ട് ഞാൻ എന്തും കളിക്കും, എന്നെ ആരും ഉപദേശിക്കാൻ വരണ്ട എന്ന മട്ടിൽ പോകുന്നു അമിത അത്മവിശ്വാസത്തിന്റെ അഭ്യാസ പ്രകടനം. അപകടം വിളിച്ചു വരുത്തുന്ന രീതിയിലുള്ള ചിന്തയെ നിരുത്സാഹപ്പെടുത്തുന്നതിന് ആരും തയ്യാർ അല്ല. പകരം അഭിനന്ദിച്ചും സപ്പോർട്ട് ചെയ്തും കമന്റ് ചെയ്യാനും ലൈക്ക് കൊടുത്ത് ഉത്സാഹിപ്പിക്കാനും ഒരുപാട് പേർ.
ഒറ്റയും തെറ്റിയും എതിർത്ത് കമറ്റ് ഇട്ടവർക്ക് ദാർഷ്ട്യം നിറഞ്ഞ മറുപടി നൽകി ശ്രീരാഗ് വാ അടപ്പിച്ചു. ‘കണ്ണിൽ നിന്ന് വെള്ളം വരുന്നുവെങ്കിൽ അത് ബൈക്കിൽ ചീറിപ്പാഞ്ഞു പോകുമ്പോൾ ആയിരിക്കണം അല്ലാതെ പെണ്ണിന് വേണ്ടി ആയിരിക്കരുത്’ ഇത് മറ്റൊരു ചിത്രത്തിന് നൽകിയ അടിക്കുറുപ്പാണിത്. സൂക്ഷിച്ച് വണ്ടി ഓടിക്കാൻ മുന്നറിയിപ്പ് നൽകുന്ന ഒരു കമന്റ് ഇങ്ങനെ:
‘പച്ചയിറച്ചിയിൽ മണ്ണ് പറ്റുന്നത് ഞങ്ങളുടെ മുൻപിലെങ്ങാനും ആണെങ്കിൽ ഒരു പട്ടിക്ക് നൽകുന്ന പരിഗണന പോലും നിനക്കൊന്നും തരില്ല’. എന്നാൽ ഉപദേശം നൽകിയ ആളോട് ‘അതിന് വണ്ടി ഓടിക്കുന്നത് നീ അല്ല മുത്തേ ഞാൻ ആണ് ‘ എന്ന അമിത ആത്മവിശ്വസത്തിന്റെ മറുപടിയാണ് ശ്രീരാഗ് നൽകിയിരിക്കുന്നത്. സമാനരീതിയിലാണ് ശ്രീരാഗിന്റെ ഫേസ്ബുക്കിലെ മറ്റു ചിത്രങ്ങളും കമന്റുകളും കാപ്ഷനും.
ഇങ്ങനെ പ്രതികരിക്കാൻ വണ്ടി കസർത്ത് കണ്ട് കയ്യടിച്ചവർ നൽകിയ ആത്മവിശ്വാസമാകാം. കമന്റ് ചെയ്തവർ അറിയണം നൽകിയ പ്രോത്സാഹനം ആ ചെറുപ്പക്കാരന്റെ മരണത്തിലാണ് കലാശിച്ചതെന്ന്. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പാനൂര് വാഹനാപകടത്തിൽ മരിച്ച പ്ലസ്ടു വിദ്യാർത്ഥിയാണ് ശ്രീരാഗ്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥിയാണ് ശ്രീരാഗ്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഹാദി ഉനാസ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
കഴിഞ്ഞ ദിവസം പാനൂരിൽ നിന്ന് ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട പ്ലസ് ടു വിദ്യാർത്ഥി ശ്രീരാഗിന്റെ ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രം ആണ് ഇത്. അകാലത്തിൽ പൊലിഞ്ഞു പോയ ആ യുവഹൃദയത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഒപ്പം ഒരു തലമുറക്ക് തന്നെ പഠിക്കാൻ ഉള്ള പാഠപുസ്തകം തുറന്നു വച്ചിട്ടാണ് ആ ചെറുപ്പക്കാരൻ യാത്രയായത്. ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്ന ഒരു ഫോട്ടോയുടെ കാപ്‌ഷൻ കൊടുത്തിരിക്കുന്നത് കാണുക \”ഉപദേശങ്ങൾ സ്വീകരിക്കുന്നതല്ല\”. എന്റെ വണ്ടി കൊണ്ട് ഞാൻ എന്തും കളിക്കും, എന്നെ ആരും ഉപദേശിക്കാൻ വരണ്ട എന്നാണ് മുകളിലെ ഒറ്റ വാചകം കൊണ്ട് ഈ ചെറുപ്പക്കാരൻ ഉദ്ദേശിച്ചത്. അതിനെ നിരുത്സാഹപ്പെടുത്തുന്നതിന് പകരം അഭിനന്ദിച്ചും സപ്പോർട്ട് ചെയ്തും എത്ര പേരാണെന്നോ കമന്റ് ചെയ്തിട്ടുള്ളത്…
ആ കമന്റ് ചെയ്തവർ അറിയണം നിങ്ങളുടെ പ്രോത്സാഹനം ഇന്ന് ആ ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായി എന്ന്, ഒരു കുടുംബത്തിന് മകനെ ഇല്ലാതാക്കി എന്ന്. നിങ്ങളറിയണം – നിങ്ങൾ ഓരോരുത്തരും ആ മരണത്തിന്റെ കാരണക്കാർ ആണെന്ന്. ഇതേ പോസ്റ്റിലെ കമന്റുകളിൽ ഒരാൾ പറയുന്നുണ്ട്, മോനെ വല്ല അപകടവും പറ്റി പച്ചയിറച്ചിയിൽ മണ്ണ് പറ്റുന്നത് ഞങ്ങളുടെ മുന്പിലെങ്ങാനും ആണെങ്കിൽ ഒരു പട്ടിയെ പരിഗണിക്കുന്നത് പോലെയും നിന്നെയൊന്നും പരിഗണിക്കില്ല, അത് കൊണ്ട് സൂക്ഷിച്ച് വണ്ടി ഓടിച്ചോളൂ എന്ന്… അതിന് ഈ ചെറുപ്പക്കാരന്റെ മറുപടി എന്താണെന്നോ, ‘ അതിന് വണ്ടി ഓടിക്കുന്നത് നീ അല്ല മുത്തേ ഞാൻ ആണ് ‘ എന്ന്. ഇങ്ങനെ പ്രതികരിക്കാൻ മാത്രം ആത്മവിശ്വാസം ആ ചെറുപ്പക്കാരന് നൽകിയത് ഈ വണ്ടി കസർത്ത് കണ്ട് കൈയടിച്ച ചുറ്റുമുള്ളവരല്ലേ?
ഇദ്ദേഹത്തിന്റെ പ്രൊഫൈലിൽ മറ്റൊരു ചിത്രം ( വണ്ടി കസർത്ത് തന്നെ ) ത്തിന് താഴെ മറ്റൊരു കാപ്‌ഷൻ ” കണ്ണിൽ നിന്ന് വെള്ളം വരുന്നുവെങ്കിൽ അത് ബൈക്കിൽ ചീറിപ്പാഞ്ഞു പോകുമ്പോൾ ആയിരിക്കണം അല്ലാതെ പെണ്ണിന് വേണ്ടി ആയിരിക്കരുത് -Ñô féàř” എന്ന്. ഇതിനൊക്കെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവർ ഇന്ന് എവിടെ??? നാളെയുടെ വാഗ്ദാനമായ ഒരു ചെറുപ്പക്കാരന്റെ മരണത്തിന് ആരാണ് ഉത്തരവാദിത്വം പറയുക? അകാലത്തിൽ പൊലിഞ്ഞു പോയ ആ യുവഹൃദയത്തിന് പ്രണാമം. കുടുംബത്തിന് അഗാധമായ ദു:ഖം താങ്ങാനുള്ള കരുത്ത് ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.