മലയാളം ഇ മാഗസിൻ.കോം

സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത അമ്മമാരുടെ എണ്ണം കൂടുന്നു: കാരണം അതിശയകരം!

പണ്ട്‌ കാലങ്ങളിൽ മുത്തശ്ശി പറഞ്ഞുതരുന്ന പുരാണകഥകളും, നാടോടിക്കഥകളും കേട്ടു വളർന്നവരാണ് ഇന്നത്തെ മുതിർന്നവരിൽ ഏറിയപങ്കും. എന്നാൽ ഇന്നത്തെ കുഞ്ഞുങ്ങളുടെ അവസ്ഥയോ? ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥിതിയ്ക്ക്‌ അപ്പാടെ മാറ്റം വന്നിരിയ്ക്കുന്നു.

\"\"

ഇന്നത്തെ ജീവിത രീതി എന്നാൽ 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന അണുകുടുംബങ്ങൾ എന്നതാണ്. ഇന്ന് കുഞ്ഞുങ്ങൾക്ക്‌ കഥ കേൾക്കാൻ സമയവും ഇല്ല, അതുലുപരി താത്പര്യവും ഇല്ല. ടീവിയ്ക്ക്‌ മുന്നിലും ടാബിന്റെ അരണ്ട വെളിച്ചത്തിലും അവർ സൂപ്പർ സോണിക്ക്‌ വിമാനങ്ങളിൽ പറന്ന് നടന്ന് അത്യാധുനിക വെടിക്കോപ്പുകളേയും മറ്റും കൂട്ടുകരാക്കിയിരിക്കുന്നു. അമ്മമാരും അമ്മൂമ്മമാരും ഹോം സ്റ്റേകളിലും വൃദ്ധസദനങ്ങളിലും ഉറങ്ങാതെ ഉറങ്ങി ജീവിക്കുന്നു.

മനുഷ്യന് പ്രകൃതിയുടെ വരദാനമാണ് ഉറക്കം എന്ന പ്രക്രിയ. ഒരു മനുഷ്യൻ അയാളുടെ ആയുസ്സിന്റെ മൂന്നിലൊന്ന് ഭാഗം ഉറങ്ങിയിരിക്കണം എന്നാണ് ശാസ്ത്രമതം. ശാരീരികവും മാനസീകവുമായ വിശ്രമത്തിനും ആരോഗ്യത്തിനും ഉറക്കം അത്യാന്താപേക്ഷിതമാണ് താനും. എന്നാൽ ഒരു രാത്രി പോലും സുഖമായി ഉറങ്ങാൻ കഴിയാത്ത അമ്മമാരുടെ എണ്ണം സമൂഹത്തിൽ കൂടി വരുന്നതായി ഇതുസംബന്ധിച്ച്‌ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.

\"\"

ഇന്ന് നമ്മുടെ നാട്ടിൽ പലവീടുകളിലും അമ്മമാർ വെറും വീട്‌ സൂക്ഷിപ്പുകാരായി മാത്രം മാറിയിരിക്കുന്നു. വലിയ വീടും, വീട്ടുസാധനങ്ങളും ലോകത്തിന്റെ മറ്റൊരു കോണിൽ ജീവിക്കുന്ന മക്കൾക്കായി കാത്ത്‌ സൂക്ഷിച്ച്‌ ഉറക്കം കളഞ്ഞ്‌ കാത്തിരിക്കുകയാണ് അവരിൽ ഭൂരിപക്ഷം പേരും. ഏകാന്തതയും അരക്ഷിതത്വബോധവും നിറഞ്ഞ്‌ നിൽക്കുന്ന ഭീമൻ വീടുകളുടെ അകത്തളങ്ങളിൽ അവർ ഉറക്കമിളച്ചിരിക്കുന്നു. ഇത്തരത്തിൽ ഉറക്കം ഇല്ലായ്മ അമ്മമാരേയും മുത്തശ്ശിമാരേയും ഗുരുതരമായ ആരോഗ്യ പ്രശനങ്ങളിലേയ്ക്ക്‌ നയിക്കുന്നു എന്ന് പഠനം വെളിവാക്കുന്നു.

മനുഷ്യന് ഭക്ഷണം പോലെ തന്നെ പ്രധാനം ആണ് ഉറക്കം. ഉറക്കക്കുറവിന് മാനസീകവും ശാരീരികവുമായ നിരവധി കാരണങ്ങൾ ഉണ്ട്‌. കൂടെ ആരും ഇല്ലാത്തതിൽ നിന്നുള്ള നിരാശയും, അതുവഴി ആശങ്കാകുലമായ മനസ്സും ഉറക്കം തടസ്സപ്പെടുത്തും. വിഷാദ രോഗം ബാധിച്ച അമ്മമാർ കിടന്നാലുടനെ ഉറങ്ങിപ്പോകാറുണ്ടെങ്കിലും അതിരാവിലെ തന്നെ ഉണരുന്നു.

\"\"

മാനസീകമായി പിരിമുറുക്കം അനുഭവപ്പെടുന്ന അമിത ആശങ്കയുള്ള അമ്മമാരുടെ ഉറക്കമില്ലായ്മ മറ്റൊരു തരത്തിലാണത്രേ.. ഇവർക്ക്‌ ദീർഘനേരം ഉറക്കം കിട്ടാതെ വരുകയും, കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കേണ്ടി വരുകയും ചെയ്യുന്നു. രാത്രികാലങ്ങളിൽ ഇത്തരത്തിൽ ഉറക്കം നഷ്ടമാകുന്ന ഇവർക്ക്‌ പകൽ നല്ല ക്ഷീണവും തളർച്ചയും അനുഭവപ്പെടും.

ഉറക്കം ഒരു തരത്തിൽ ഒരു മരുന്നാണ്. അത്‌ ദിവസവും കൃത്യ സമയത്ത്‌ ശരിയായ അളവിൽ കിട്ടിയാൽ അസുഖങ്ങൾ പകുതിയും മാറ്റി നിർത്താം. അതിനായി ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന അമ്മമാർ ചില മുൻകരുതലെടുക്കുന്നത്‌ നന്നായിരിക്കും. കഴിയുന്നതും ദിവസവും കൃത്യ സമയത്ത്‌ തന്നെ ഉറങ്ങാൻ ശ്രമിക്കുക. നന്നായി ഉറക്കം വന്നാൽ മാത്രം കിടക്കുക.

\"\"

കിടന്നിട്ടും ഉറക്കം കിട്ടുന്നില്ലെങ്കിൽ അധിക സമയം കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാതെ വായനാമുറിയിലോ ഊണുമുറിയിലോ വന്നിരുന്ന് ഇഷ്ടമുള്ള പുസ്തകങ്ങളോ വാരികകളോ വായിക്കുക. അല്ലെങ്കിൽ ടിവി കാണുകയോ പാട്ട്‌ കേൾക്കുകയോ ആവാം. നല്ല ഉറക്കം വന്നതിന് ശേഷം മാത്രം കിടപ്പുമുറിയിൽ പോയി കിടക്കുക.

രാത്രി ഭക്ഷണം വളരെ ലളിതമാക്കുക, ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കിടപ്പുമുറി വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക. മുറിയിൽ അമിത പ്രകാശമോ ശബ്ദമോ കടക്കാൻ അനുവദിക്കരുത്‌. മുറിയിലെ തണുപ്പും ചൂടും ക്രമത്തിന് മാത്രം ആയിരിക്കാൻ ശ്രദ്ധിക്കുക. മറ്റ്‌ എല്ലാ അനാവശ്യ ചിന്തകളും മാറ്റി വച്ച്‌ ശാന്തമായ മനസ്സുമായി ഉറങ്ങാൻ കിടക്കുക, മനസ്സറിഞ്ഞ്‌ പ്രാർത്ഥിച്ച ശേഷം ശാന്തമായി ഉറങ്ങുക.

Avatar

Gayathri Devi

Gayathri Devi | Executive Editor