മലയാളം ഇ മാഗസിൻ.കോം

എങ്ങനെ കിടന്നിട്ടും ഉറക്കം വരുന്നില്ല, ഉറങ്ങി എഴുനേറ്റാൽ ക്ഷീണവും മാറുന്നില്ല: വില്ലൻ ഇതാണ്

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലല്ലേ. ഉറങ്ങിയെഴുന്നേറ്റിട്ടും ക്ഷീണമൊട്ട്‌ മാറുന്നുമില്ല. നന്നായിട്ടൊന്നുറങ്ങിയിട്ട്‌ കാലമേറെയായെന്ന്‌ ചിന്തയും‍. ഉറക്കം ശരിയായില്ലെന്ന തോന്നലാണ്‌ എപ്പോഴും. സുഖജീവിതത്തിന്‌ സുഖ നിദ്ര അത്യന്താപേക്ഷിതമാണ്‌. അപ്പോള്‍ ഉറക്കം ശരിയായില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കണം. കണ്ടെത്തി തിരുത്തണം. അല്ലെങ്കില്‍ ഉറക്കം തൂങ്ങി ആയുസ്സ്‌ പാഴാവും. ജീവിതത്തിന്‌ ഉറക്കം നല്‍കുന്ന ഉണര്‍വ്‌ കിട്ടുകയുമില്ല. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണമാണ്‌ നമ്മുടെ ഉറക്കം കെടുത്താറ്‌. ഒപ്പം നല്ല ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളുമുണ്ട്‌. പക്ഷേ ഇവ രണ്ടും പലരും മനസ്സിലാക്കാറില്ല എന്നതാണ്‌ വാസ്‌തവം. ഒഴിവാക്കേണ്ടതേതെന്ന്‌ കണ്ടെത്തി ഒഴിവാക്കുകയും കഴിക്കേണ്ടതേതെന്ന്‌ മനസ്സിലാക്കി ശീലമാക്കുകയും ചെയ്‌താല്‍ പ്രശ്‌നം തീര്‍ന്നു. വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നുറക്കം വരും എന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ വാസ്‌തവമെന്താണ്‌.

ഭക്ഷണം കഴിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണ്‌. പക്ഷേ അമിതമാവരുത്‌. കനത്ത ഭക്ഷണം ആമാശയത്തിന്‌ പണിയുണ്ടാക്കും. ആമാശയം കഠിനമായി പണിയെടുക്കുമ്പോള്‍ എങ്ങിനെ സുഖനിദ്ര ലഭിക്കും.അല്‍പ ഭക്ഷണമാണ്‌ രാത്രി നല്ലതെന്ന്‌ ചുരുക്കം. കനത്ത ഭക്ഷണത്തിനും ഉറങ്ങാന്‍ കിടക്കുന്നതിനുമിടയില്‍ നാല്‌ മണിക്കൂറിന്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കണം. മസാല കൂടുതലുള്ള ഭക്ഷണവും രാത്രി വേണ്ട. അത്‌ നെഞ്ചെരിച്ചിലിന്‌ കാരണമാകും. അതിലൂടെ ഉറക്കവും നഷ്ടപ്പെടും. പ്രോട്ടീന്‍ നമ്മുടെ ഭക്ഷണത്തിലെ അവശ്യ ഘടകമാണ്‌. എന്നാല്‍ രാത്രി ഭക്ഷണത്തിലധികം പ്രോട്ടീന്‍ വേണ്ട. പകലാവാം. പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം ദഹിക്കാന്‍ സമയമെടുക്കും. മാത്രമല്ല അതിലുള്ള അമിനോ ആസിഡ്‌ ട്രയോസിന്‍ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. അതുകൊണ്ട്‌ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിന്‌ പകരം ധാന്യകങ്ങള്‍ തെരെഞ്ഞടുക്കുക. അവ ഉറക്കം നല്‍കും. പകല്‍ ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിന്‌ ആവശ്യത്തിന്‌ വെള്ളം കുടിക്കണം. എന്നാല്‍ രാത്രി അധികം വെള്ളം വേണ്ട. ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേക്കേണ്ടി വരുന്നത്‌ എന്തായാലും ഉറക്കം കെടുത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ. രാത്രി എട്ട്‌ മണിക്ക്‌ ശേഷം വെള്ളം കുടി കുറയ്‌ക്കുക.

കൊഴുപ്പധികമുള്ള വറുത്തതും പൊരിച്ചതുമെക്കെ തട്ടിവിട്ട്‌ കിടന്നാലും നല്ല ഉറക്കം കിട്ടില്ല. രാത്രിയാവണമെന്നില്ല, പകലായാലും ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചവര്‍ക്ക്‌ രാത്രി ശാന്തമായ ഗാഢനിദ്രകിട്ടില്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. വൈകുന്നേരത്തെ കാപ്പിയാണ്‌ മറ്റൊരു വില്ലന്‍. കുറഞ്ഞ അളവിലായാലും കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും. കാപ്പി മാത്രമല്ല കഫൈനടങ്ങിയ എല്ലാ ഭക്ഷണവും വൈകുന്നേരങ്ങളില്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ചോക്‌ളേറ്റ്‌, കോള, ചായ തുടങ്ങിയവയിലൊക്കെ കഫൈന്‍ മറഞ്ഞിരിപ്പുണ്ട്‌. അതുകൊണ്ട്‌ ഉച്ചക്ക്‌ ശേഷം കോഫി വേണ്ടന്നെല്ല, കഫൈനേ വേണ്ട.പുകവലിച്ചും ഉറക്കം കളയരുത്‌. കഫൈന്‍ പോലെ തന്നെ നിക്കോട്ടിനും ഉറക്കം കെടുത്തിയാണ്‌. ഉറങ്ങുന്നതിനു മുമ്പും ഇടക്കെഴുന്നേല്‍ക്കുമ്പോഴും ഒരു കാരണവശാലും പുകവലിക്കരുത്‌. മദ്യപാനമാണ്‌ ഉറക്കം കൊല്ലികളില്‍ പ്രധാനി. കുടിച്ചാല്‍ പെട്ടെന്ന്‌ ഉറക്കം കിട്ടും. പക്ഷേ സുഖനിദ്രകിട്ടില്ല. ഉറക്കത്തില്‍ ഇടക്കിടക്ക്‌ എഴുന്നേല്‍ക്കും, തലവേദനയുണ്ടാകും, അമിതമായി വിയര്‍ക്കും, പേടിസ്വപ്‌നങ്ങള്‍ കാണും. ഒട്ടും ശാന്തപൂര്‍ണ്ണമായിരിക്കില്ല ഉറക്കമെന്ന്‌ സാരം. അതുകൊണ്ട്‌ വൈകുന്നേരം കുടി വേണ്ട. ഇനി ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ ഒരോ ഡ്രിങ്കിനുമൊപ്പം ഒരോ ഗ്‌ളാസ്‌ വെള്ളവും കൂടി കുടിക്കുക. അത്‌ മദ്യപാനത്തിന്റെ പ്രത്യഘാതം ലഘൂകരിക്കും. ഇനി നല്ല ഉറക്കത്തിന്‌ വേണ്ടത്‌. ചെറു ചൂടോടെ പാല്‍ കുടിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണെന്ന്‌ നാം കേട്ടിട്ടുണ്ട്‌. പാലിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകമാണ്‌ ഇതിന്‌ കാരണം. ഉറക്കം നല്‍കുന്ന ഈ ഘടകം പാലില്‍ മാത്രമല്ല, ഏത്തപ്പഴം, ഓട്ട്‌സ്‌, തേന്‍ തുടങ്ങിയവയിലുമുണ്ട്‌. അവ രാത്രിഭക്ഷണത്തില്‍ ഉല്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം ലഭിക്കും. ഒപ്പം കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കാം. എന്നാല്‍ അധികം മധുരമുള്ളവ വേണ്ട. അത്‌ വിപരീത ഫലമുണ്ടാക്കും.

  • വൈദ്യൻ, ആരോഗ്യപ്പച്ച

Staff Reporter