ഒരു ദിവസത്തിന്റെ അവസാനം, എല്ലാ തിരക്കുകളും ഒഴിഞ്ഞ് നമ്മൾ തലയിണയിലേക്ക് ആശ്വാസത്തോടെ തലചായ്ക്കുമ്പോൾ ഒരു നല്ല മധുരമുള്ള സ്വപ്നവും നമ്മെ കാത്തിരിക്കുന്നുണ്ടാകും എന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ഇന്നത്തെ ഈ തിരക്ക് പിടിച്ച് ഓട്ടപ്പന്തയം പോലത്തെ ജീവിതത്തിൽ ശാന്തമായ സുഖ സുഷുപ്തി നമുക്ക് അന്യമായിരിക്കുന്നു എന്ന് വേണം പറയാൻ. പ്രത്യേകിച്ച് ജീവിതത്തിൽ ദിവസവും ധാരാളം ടെൻഷനുകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ അത്തരത്തിൽ സമാധാപരമായ ഉറക്കം പ്രതീക്ഷിക്കുകയേ വേണ്ട. പലപ്പോഴും നല്ല ഉറക്കം ലഭിക്കാൻ പലരും പല പോംവഴികൾ പറഞ്ഞ് തരാറുണ്ടെങ്കിലും അവരൊക്കെ സൗകര്യപൂർവ്വം അവഗണിക്കുന്ന, എന്നാൽ വളരെ പ്രാധാനപ്പെട്ടതുമായ ഒന്നാണ് നമ്മുടെ ഭക്ഷണ രീതികൾ.
ചെറു ചൂടുള്ള പാൽ അതിനുള്ള നല്ല പ്രതിവിധിയാണ് എന്ന് ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്, സാധരണയായി ഒരാൾ സൂര്യോദയ സമയത്ത് വെള്ളവും ചന്ദ്രോദയ സമയത്ത് പാലും കുടിക്കണം എന്നാണ് ആയുർവ്വേദം പറയുന്നത്. വായു സംബന്ധമായ പ്രശ്നങ്ങളാണ് പലപ്പോഴും നല്ല ഉറക്കത്തിന് തടസ്സമായി വരുന്നത്, അതുകൊണ്ട് തന്നെ രാത്രിയിലെ ഭക്ഷണം വളരെ ലളിതവും അധികം കട്ടി ഇല്ലാത്തതുമായിരിക്കാൻ ശ്രദ്ധിക്കണം. പേരയ്ക്ക, ആസ്പർഗസ് പിന്നെ സൂപ്പ് ഇവ രാത്രി കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ അശ്വഗന്ധം, ബ്രഹ്മി എന്നിവ ഉറക്കമില്ലായ്മയെ പമ്പകടത്തുന്നതിൽ അത്ഭുതകരമായി പ്രവർത്തിക്കുന്നു.
ഇതാ സുഖസുഷുപ്തിയിൽ ലയിക്കാൻ ചില നല്ല ഭക്ഷണ ശീലങ്ങൾ, ഇവ തീർച്ചയായും ഉറക്കം സുഖകരമാക്കി നിങ്ങളെ പിരിമുറുക്കങ്ങളിൽ നിന്നും സംരക്ഷിക്കും.
ചെറുചൂട് പാൽ
ഇത് പഴമക്കാർ പറഞ്ഞ് പതിഞ്ഞ സ്ഥിരം പല്ലവിയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നതിനു മുൻപ് ഇതിലെ ചില ശാസ്ത്രീയ വശങ്ങളെ കുറിച്ച് മനസ്സിലാക്കുക. ഉറക്കത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് പാൽ. പാൽ ചൂടാക്കുമ്പോൾ ഇതിൽ അടങ്ങിയിരിക്കുന്ന Tryptophan ഉം amino acid ഉം serotonin നായി പരിവർത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. തലച്ചോറിൽ ശാന്തത പകരാൻ serotonin ഒരു പ്രത്യേക കഴിവുണ്ട്. കാത്സ്യത്തിന്റെ കുറവും അശാന്തമായ ഉറക്കത്തിന് ഒരു കാരണമാണ്, അതുകൊണ്ട് എന്നും ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് ചെറു ചൂട് പാല് ശീലമാക്കുക.
ചെറീസ്
ഒരു പാത്രം നിറച്ച് ചെറീസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമത്രേ. melatonin അടങ്ങിയിട്ടുള്ള ചുരുക്കം ചില പ്രകൃതിദത്ത പഴങ്ങളിൽ ഒന്നാണ് ചെറീസ്, തലച്ചോറിലെ പീനിയൽ ഗ്രന്ഥി (മൂന്നാം കണ്ണ്) ഉല്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് മെലടോയിൻ. ഇത് ഉറക്കവും ഉണർവ്വും ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ആന്തരീകമായ പ്രവർത്തങ്ങൾക്ക് കൃത്യതയും പകരുന്നു.
വാഴപ്പഴം
വാഴപ്പഴവും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. മസിലുകൾക്ക് ആയാസം പകരുന്ന മഗ്നീഷ്യവും പൊട്ടാഷ്യവും ഇതിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാർബണും ഓക്സിജനും ഹൈഡ്രജനും ചേർന്നുള്ള ഊർജദായകമായ ജൈവസംയുകതം നിങ്ങളെ ഗാഢമായി ഉറങ്ങാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങും, അതിൽ അടങ്ങിയിരിക്കുന്ന carbohydratesന്റെ സ്വാധീനത്താൽ നല്ല ഉറക്കം ലഭ്യമാകാൻ നിങ്ങളെ സഹായിക്കുന്നു.
ചെറുചന വിത്ത് (Flaxseeds)
ഒമേഗ-3, മഗ്നീഷ്യം, ട്രൈപ്ടോഫാൻ എന്നിവ ലഭ്യമാകാൻ ചെറുചന വിത്ത് സഹായിക്കും, ഇവ നിങ്ങളുടെ മാനസീകവും ശാരീരികവുമായ പിരിമുറുക്കം കുറച്ച് മസിലുകൾക്ക് ആയാസം പകർന്ന്, ഉത്കണ്ഠയും വിഷാദവും ഒഴിവാക്കി സുഖകരമായ ഉറക്കം പ്രദാനം ചെയ്യും.
ബദാം
ഉണർന്ന ഉടനെ ഒരു പിടി ബദാം എന്നതിന് പകരം ഉറങ്ങുന്നതിന് മുൻപ് ഒരു പിടി ബദാം ശീലിക്കുക. വാഴപ്പഴത്തിലും ചെറുചന വിത്തിലും ഉള്ളതുപോലെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന മഗ്നീഷ്യം ബദാമിലും ധാരാളമായി ആടങ്ങിയിരിക്കുന്നു. കൂടാതെ ഉറക്കത്തിലും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി നിർത്താൻ ഇത് സഹായിക്കുന്നു. ട്രൈടോഫോൺ അടങ്ങിയ വാൾനട്ടും ഉറക്കം ലഭിക്കാൻ നല്ലതാണ്.
തേൻ
ഒരു ടേബിൾ സ്പൂൺ തേൻ നല്ല ഉറക്കത്തിന് ഉത്തമം എന്നാണ് വിദഗ്ദ്ധമതം. പ്രകൃതിദത്തമായ തേൻ, ശരീരത്തിലെ ഇൻസുലിൽ ലെവൽ കൂട്ടി തൽച്ചോറിൽ ട്രൈടോഫോൺ സാന്നിധ്യത്തിന് വഴിയൊരുക്കുകയും അതുവഴി ശരീരത്തിന് ശാന്തത പകരുന്ന ഘടകങ്ങൾ ഉല്പാദിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കരളിൽ ഗ്ലൈക്കോജന്റെ കുറവ് ഉണ്ടാകുമ്പോൾ ചിലപ്പോൾ പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട്, തേൻ കഴിക്കുന്നത് ഇതിൽ നിന്നും ശരീരത്തെ സംരക്ഷിച്ച് ഗ്ലൈക്കോജൻ ഉല്പാദനം വർദ്ധിപ്പിക്കാൻ കരളിനെ സഹായിക്കും.
ആയുർവേദ വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച്, ഉറങ്ങാൻ കിടക്കുന്നതിനും 45 മിനിട്ടുകൾക്ക് മുൻപ് തന്നെ അത്താഴം കഴിച്ചിരിക്കണം. കൂടാതെ ഉറങ്ങുന്നതിന് മുൻപ് തല മസാജ് ചെയ്യുന്നതും കാല്പാദങ്ങൾ ചൂട് വെള്ളത്തിൽ കുറച്ച് നേരം മുക്കി വയ്ക്കുന്നതും മസിലുകൾക്കും ഞരമ്പുകൾക്കും അയവ്നൽകും, അത് സുഖസുന്ദരമായ നിദ്ര നിങ്ങൾക്ക് പ്രദാനം ചെയ്യും.