ആൺ പെൺ സൗഹൃദങ്ങളുടെ പുതിയ നിർവ്വചനങ്ങളിലേക്ക് ഒരു തലമുറ കടക്കുമ്പോഴും ഒളിഞ്ഞു നോട്ടത്തിന്റെ ഇക്കിളി സുഖങ്ങളെ താലോലിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. അതിനെ അടിവരയിടുന്നതാണ് ശ്രീ റാം വെങ്കിട്ടരാമൻ ഐ.എ.എസിന്റെ കാറപകട സമയത്ത് ഒപ്പമുണ്ടായിരുന്ന യുവതിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ. കെ.എം.ബഷീറ് എന്ന യുവ മാധ്യമ പ്രവർത്തകന്റെ ജീവൻ നഷ്ടപ്പെട്ടതും അദ്ദെഹത്തിന്റെ കുടുമ്പം അനാഥമായതും അല്ല മറിച്ച് ഐ.എ.എസ്കാരന്റെ സഹയാത്രികയുടെ മോഡൽ എന്ന പ്രൊഫഷൻ മുതൽ മതം വരെ ആണ് നിർലജ്ജം നിരന്തരം ചർച്ച ചെയ്യപ്പെടുന്നത്.

സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനു വിലക്കുള്ള രാജ്യമല്ല ഇന്ത്യ. എന്തിന് പരസ്പര സമ്മതം ഉണ്ടെങ്കിൽ ലൈം ഗി ക ബന്ധത്തിനു പോലും കോടതി അനുവാദം നൽകിയിട്ടുള്ള നാടാണ്. അവിടെയാണ് ഒരുമിച്ച് യാത്ര ചെയ്യവേ അപകടത്തിൽ പെട്ട രണ്ടു പേരുടെ സൗഹൃദത്തെ ലൈം ഗിക തയുടെ അശ്ലീല കമ്പളം കൊണ്ട് പുതപ്പിച്ച് പൊതു സമൂഹത്തിൽ നിർത്തി വിചാരണക്ക് വിധേയമാക്കുവാൻ യാതൊരു ലജ്ജയും ഇല്ലാതെ ഒരു വിഭാഗം അമിതോത്സാഹം കാണിക്കുന്നത്. അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് തിരയേണ്ട കാര്യം പൊതു സമൂഹത്തിനില്ല. അത് അവരുടെ വ്യക്തിപരമായ കാര്യം മാത്രമാണ്.
ദൗർഭാഗ്യ വശാൽ അർദ്ധരാത്രിയിൽ യുവത്വം പിന്നിടാത്ത രണ്ടു പേർ ഒരുമിച്ച് യാത്ര ചെയ്യുന്നത്, ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഒക്കെ മുഖ്യധാരാ മാധ്യമങ്ങളിലെ അവതാര സിങ്കങ്ങളെയും മുഖമില്ലാത്ത സ്വലേമാരെയും ഇത്രമാത്രം വിറളിപിടിപ്പിക്കുന്നു എങ്കിൽ അവർ സ്വയം പരിശൊധനക്ക് വിധേയരാകേണ്ടതുണ്ട്. എന്തിനാണിങ്ങനെ ന്യൂസ് റൂമുകളിൽ ഇരുന്ന് അപരന്റെ കിടപ്പറയിലേക്കും കാറിലേക്കും ഒളിഞ്ഞു നോക്കി ക്കൊണ്ടിരിക്കുന്നത്? വിറളി പിടിച്ച് ആൺ പെൺ സൗഹൃദങ്ങളിൽ അ ശ്ലീലത കണ്ടെത്തുന്നത്? അത് പ്രചരിപ്പിക്കുന്നത്? നിങ്ങളും സഹപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യാറില്ലെ? ഒരുമിച്ച് കാപ്പികുടിക്കാറില്ലെ? നിങ്ങൾക്കാകാമെങ്കിൽ എന്തുകൊണ്ട് ശ്രീറാമിനും സുഹൃത്തായ വഫക്കും ആയിക്കൂടാ?

ശ്രീറാം വെങ്കിട്ടരാമന്റെ പെൺ സുഹൃത്ത് എന്ന പേരിൽ സൈബർ ഇടങ്ങളിൽ വ്യാപകമായി ന ഗ്നമോ അർദ്ധ ന ഗ്നമോ ആയ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് വേറെ ഒരു കൂട്ടർ. ഇന്ത്യക്കാരി പോലുമല്ലാത്ത യുവതിയുടെ ചിത്രങ്ങൾ വരെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിച്ച ആ ചിത്രങ്ങൾ പലരും ഉടൻ മറ്റുള്ളവരിലേക്ക് അല്ലെങ്കിൽ ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുന്നു. പരമാവധി ആളുകളിൽ അത് എത്തിക്കുന്നവരുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തം. സമ്മതിച്ചാലും ഇല്ലെങ്കിലും അതൊരു തരം മനോരോഗമാണ്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മദ്യപിച്ച് അപകടം സൃഷ്ടിച്ചു എന്നത് പോലും തെളിയിക്കുവാൻ ആകുമോ എന്നത് സംശയമാണ്. കാരണം രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തുവാൻ സാധിച്ചിട്ടില്ലത്രെ. അപ്പോൾ നിയമത്തിനു മുമ്പിൽ അത് കേവലം ഒരു കാറപടകവും മാധ്യമപ്രവർത്തകന്റെത് അതു മൂലമുള്ള മര ണവും മാത്രമായി മാറുന്നു. കേരളത്തിൽ നടക്കുന്ന അനവധി റോഡപകടങ്ങളിൽ ഒന്നായി അതും മാറുന്നു. അതിനെയാണ് ഇത്തരത്തിൽ സദാചാരവും മസാലകഥകളും ചേർത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള സൗഹൃദങ്ങൾക്കെല്ലാം ലൈം ഗിക തയുടെ നീല / മഞ്ഞച്ചായം പൂശുന്നതിലൂടെ കേരളത്തിലെ മാധ്യമങ്ങളിലെ ഒരു വിഭാഗവും കുറെ സൈബർ മനോരോഗികളും നടത്തുന്നത് മോറൽ പോലീസിംഗ് തന്നെയാണ്. ലൈം ഗിക തയാണ് എല്ലാ ആൺ പെൺ സൗഹൃദങ്ങളുടെയും ആത്യന്തിക പരിണാമം എന്ന ഒരു തെറ്റായ മുൻവിധി വച്ചു പുലർത്തുന്നത് അവസാനിപ്പിക്കേണ്ട കാലം എന്നേ അധിക്രമിച്ചിരിക്കുന്നു. പലപ്പോഴും ആളുകളുടെ സംസാരത്തിൽ സഹോദരനെ /സഹോദരിയെ പോലെ എന്ന പ്രയോഗത്തിന്റെ ആവർത്തനത്തിനു പുറകിൽ ഒളിച്ചു നിൽക്കേണ്ടി വരുന്നത് നിങ്ങളെ പോലുള്ളവർ പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ സദാചാര ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ വേണ്ടിയാണ്.
അതിനാൽ അവൻ / അവൾ എന്റെ സുഹൃത്താണ് എന്ന് ആർജ്ജവത്തോടെ പറയുവാൻ ആണ് പുതു തലമുറ ശീലിക്കേണ്ടത്. അതിനു തയ്യാറാകുനവരെ സമൂഹം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് വേണ്ടത്. ഊഷ്മ്‌ളമായ സൗഹൃദങ്ങൾ നിങ്ങൾക്കില്ലെങ്കിൽ അതുള്ളവരെ കണ്ട് പഠിക്കുക. സ്വന്തം സഹോദരങ്ങളേക്കാൾ മാതാപിതാക്കളേക്കാൾ മനസ്സ് തുറന്ന് സംസാരിക്കുവാൻ ആശ്വാസം കണ്ടെത്തുവാൻ നല്ല സുഹൃത്തുക്കൾക്ക് സാധിക്കും എന്ന് അനുഭവസ്ഥർ അനേകം ഉണ്ട് എന്നത് മറക്കരുത്.