മലയാളം ഇ മാഗസിൻ.കോം

തുമ്മിയാൽ തെറിക്കുന്ന മൂക്കു പോലെ വിചിത്ര കാര്യങ്ങൾക്ക്‌ പോലും വിവാഹ മൊചനം നേടുന്ന കേരളത്തിലെ ദമ്പതികൾ

ദാമ്പത്യ ബന്ധത്തിൽ അഡ്ജസ്റ്റ്മെന്റിനാണല്ലോ ഇപ്പോൾ കൂടുതൽ പരിഗണന. കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ കുടുംബം എന്ന സങ്കൽപം. എന്നാൽ, ഈ യാഥാർത്ഥ്യത്തിൽ നിന്നും തെന്നിമാറി ഭാര്യാഭർതൃ കലഹത്തിന്റെ വേദിയായി മാറുകയാണു നമ്മുടെ നാട്ടിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾ. ഇതിൽ ഒരു വലിയഭാഗം കുടുംബ കോടതികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു. അതിൽ ബഹുഭൂരിപക്ഷവും വിവാഹമോചനം നേടുന്നു. ദമ്പതികൾക്കിടയിൽ നേരത്തെ പറഞ്ഞ അഡ്ജസ്റ്റ്മെന്റിനു സാധ്യതയില്ലാതെ വരുന്നത്‌ എന്തുകൊണ്ടാകും?

വക്കീലന്മാരിൽ ഏറ്റവും തിരക്കുള്ളവരായി വിവാഹ മോചനക്കേസുകൾ കൈകാര്യം ചെയ്യുന്നവർ മാറിയിരിക്കുന്നു. കൗൺസിലിംഗിലൂടെയും ഒത്തുതീർപ്പു ചർച്ചകളിലൂടെയും ദാമ്പത്യ ജീവിതത്തിലേക്കു തിരികെ പോകുന്നവർ അഞ്ചുശതമാനത്തിൽതാഴെ മാത്രമാണത്രെ.

ഇപ്പോൾ ഫയൽ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവാഹമോചനകേസുകളിൽ അതിനായി ഉന്നയിക്കുന്ന കാര്യകാരണങ്ങൾ പലപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്നവയാണെന്നു വക്കീലന്മാർ തന്നെ പറയുന്നു. ഒരു കേസ്‌ പരിശോധിച്ചപ്പോൾ വിവാഹമോചനത്തിനായി ഭർത്താവു പറയുന്ന കാര്യമിതാണ്‌. വിറകുപയോഗിച്ചു കത്തിക്കുന്ന അടുപ്പിൽവച്ച്‌ ഇറച്ചിക്കറി പാകം ചെയ്യുന്നതാണു തന്റെ മാതാപിതാക്കൾക്കിഷ്ടം. എന്നാൽ, തന്റെ ഭാര്യ കുക്കറിലേ പാകം ചെയ്യൂ. അതിനാൽ തനിക്കു വിവാഹമോചനം വേണമത്രെ.

മറ്റൊരു സ്ത്രീയുടെ വാദഗതി ഇതാണ്‌. പുതിയ മോഡലിലുള്ള ഒരു വാട്ടർ ബോട്ടിൽ കുട്ടിക്കു വാങ്ങിക്കൊടുക്കുവാൻ തീരുമാനിച്ചു. എന്നാൽ, ഭർത്താവ്‌ അതിനു സമ്മതിച്ചില്ല. കോളയുടെയും മറ്റും കാലിക്കുപ്പിയിൽ കുട്ടിക്കു വെള്ളം കൊടുത്തുവിട്ടാൽ മതിയെന്ന്‌ അദ്ദേഹം വാശിപിടിക്കുന്നു. അതിനാൽ തനിക്കു വിവാഹബന്ധം തുടരാൻ താത്പര്യമില്ലത്രെ.

ഈ രണ്ടു കേസുകൾ പരിശോധിച്ചാൽ എന്താണു തോന്നുക? അതു തീർച്ചയായും ഓരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. ചിലർ ഭർത്താക്കന്മാരുടെ പക്ഷം പിടിച്ചെന്നിരിക്കും. മറ്റു ചിലർ ഭാര്യമാരുടെ പക്ഷം പിടിക്കും. മൂന്നാമതൊരു വിഭാഗം ഇരുകൂട്ടരിലും തെറ്റുണ്ടെന്നു പറഞ്ഞേക്കാം. പൊതുവായി ചിന്തിച്ചാൽ മേൽസൂചിപ്പിച്ച രണ്ടുകേസുകളിലും വിവാഹമോചനത്തിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ നിസ്സാരമോ ബാലിശമോ ആയി വിലയിരുത്താം. താൻ പിടിച്ച മുയലിനു കൊമ്പു മൂന്ന്‌ എന്ന സമീപനം ഭാര്യയും ഭർത്താവും സ്വീകരിച്ചതുകൊണ്ടാണു ചെറിയ രണ്ടു സംഭവങ്ങൾ വിവാഹമോചനത്തിലേക്കുള്ള വഴിയായി പരിണമിച്ചത്‌.

വിദ്യാസമ്പന്നർക്കിടയിലാണത്രെ വിവാഹമോചനങ്ങൾ 80 ശതമാനവും നടക്കുന്നത്‌. എന്നാൽ, ഭൂരിപക്ഷവും വിവാഹമോചനത്തിനായി വക്കീലിനെയും അതുവഴി കോടതിയെയും ബോധ്യപ്പെടുത്തുന്നതു യഥാർത്ഥ കാരണങ്ങളല്ലെന്നും വക്കീലന്മാർ പറയുന്നു. കേരളത്തിൽ വിവാഹമോചനം കഴിഞ്ഞ പത്തുവർഷംകൊണ്ടു അഞ്ചിരട്ടിയായിരിക്കുന്നു. കാൽലക്ഷത്തോളം ദമ്പതിമാരാണത്രെ ഒരു വർഷം ഇവിടെ വിവാഹമോചനം നേടുന്നത്‌.

ഈ ലോകത്തിന്റെ തന്നെ ഏറ്റവും അടിസ്ഥാനഘടകമാണു കുടുംബം. അവിടെ അന്തച്ഛിദ്രങ്ങളും അതുവഴി ഛിന്നഭിന്നമാകുന്ന അവസ്ഥയും ഉണ്ടായാൽ ലോകത്തിന്റെ സുസ്ഥിരമായ നിലനിൽപുതന്നെ അപകടത്തിലാവും, തീർച്ച. ഭാരതത്തിലെ കെട്ടുറപ്പോടുകൂടിയ കുടുംബബന്ധങ്ങളും അതിന്റെ മൂല്യങ്ങളും വിദേശ സമൂഹങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. അവർ അതിനെ പലപ്പോഴും പുകഴ്ത്തിയിട്ടുമുണ്ട്‌. എന്നാൽ, ഇന്നു സ്ഥിതി ആശങ്കാജനകമാണ്‌.

ഏറ്റവും പവിത്രമായ കൂദാശയാണു വിവാഹമെന്നും അതു സ്വർഗത്തിൽ വച്ചു നടക്കുന്നുവെന്നും ക്രിസ്തുമതം പറയുന്നു. ഇത്തരത്തിൽ സർവമതങ്ങളും വിവാഹത്തിന്റെയും സുദൃഢ ദാമ്പത്യ ബന്ധത്തിന്റെയും അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നു. ഭൂമിയിൽ ഒരു കുടുംബബന്ധം തകരുമ്പോൾ ദൈവത്തിന്റെ സിംഹാസനം വിറകൊള്ളും എന്ന വചനം ഇത്തരുണത്തിൽ ഓർത്തുപോകുന്നു.

പ്രസന്നകുമാർ

Staff Reporter