19
November, 2017
Sunday
07:50 PM
banner
banner
banner

മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ കുറച്ച്‌ ദൂരം

മണൽക്കാട്‌ ഓരോ ഏറനാട്ടുകാരന്റെ യും സ്വപ്നഭൂമിയാണ്‌. ആ ഗ്രാമങ്ങ ൾക്ക്‌ മുകളിൽ അഭിവൃദ്ധിയും പ്രതീ ക്ഷയുടെ സമൃദ്ധിയും കൊണ്ടുവന്നത്‌ ആ മണൽപ്പരപ്പും എണ്ണക്കിണറുകളും തന്നെ. അത്‌ പല കുടുംബങ്ങളെയും സ്വ പ്നം കാണാൻ പ്രേരിപ്പിച്ചു. പുതിയ പ്രതീക്ഷകൾ തളിർനും പഴയ കിനാവുകൾക്ക്‌ വളമിടാനും ആ വെളിച്ചം തുണയായി. ഭാഗ്യവാന്മാർ കരപറ്റിയതിന്റെയും നിർ ഭാഗ്യവാന്മാർ തിരിച്ചെത്തിയതിന്റെയും നൂറ്‌ നൂറ്‌ കഥകൾ.

ഈ പ്രതീക്ഷ പലരേയും ഉന്നത തൊഴിൽ പഠിക്കുന്നതിൽ നിന്ന്‌ ഉയർന്ന ഉദ്യോഗങ്ങൾക്ക്‌ തയ്യാറാകുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുമുണ്ട്‌. ഈ ഓർമ്മകൾക്ക്‌ പന്ത്രണ്ട്‌ വർഷത്തിന്റെ പഴമയുണ്ട്‌. അതിലേയ്ക്ക്‌ കൂട്ടിക്കൊണ്ട്‌ പോയത്‌ വീണ്ടും മണൽക്കാടിന്റെ തണുപ്പുകാലത്തേയ്ക്ക്‌ വരാനായത്‌ കൊണ്ടാണ്‌, അവിടെ പഴയ കാലടിപ്പാടുകൾ തിരഞ്ഞപ്പോഴും പഴയ മുഖങ്ങളെ പരതിയപ്പോഴുമാണ്‌. ഭേദപ്പെട്ട വിസയുമായി യാത്രയാകുന്നതിന്‌ പകരം ഉംറ സിയാറത്തിന്റെ മറവിൽ സൗദിയിലെത്തി അനധികൃതമായി ഒളിവിൽ കഴിയുന്ന രീതി എന്റെ നാട്ടുകാർക്കിടയിലും പതിവായിരുന്നു.

അങ്ങനെ ഇവിടെ എത്തി ചെറിയ ചെറിയ ജോലികൾ ചെയ്ത്‌ തളിർത്ത ജീവിതങ്ങൾ അനവധി. ഈ പരീക്ഷണത്തിനിറങ്ങാത്തവർ വിരളം. ഞാനും അവരിലൊരുവൻ. പക്ഷേ അപ്പോഴേയ്‌ക്കും മണൽക്കാടിന്റെ സമൃദ്ധി ക്ഷയിച്ച്‌ തുടങ്ങിയിരുന്നോ? എന്നിട്ടും ഭാഗ്യവാന്മാർ മുത്തും പവിഴവുമായി തിരിച്ചെത്തി. ആ പ്രതീക്ഷയാണ്‌ എന്നെയും അക്കരെക്കാണുന്ന വെളിച്ചത്തിലേയ്ക്ക്‌ തുഴയെറിയാൻ പ്രേരിപ്പിച്ചത്‌.

എന്തെങ്കിലും ജോലി പഠിച്ചെടുത്തിട്ടാ യിരുന്നില്ല ആ യാത്ര. പഠിച്ചജോലി കിട്ടണമെന്നുമില്ല. നിർഭാഗ്യങ്ങളൂടെ സഹയാത്രികനായ എന്നെയും മണൽക്കാട്‌ കടാക്ഷിച്ചില്ല. എതിരേറ്റതോ ദുരനുഭവങ്ങളുടെ ആവർത്തനങ്ങൾ, പരീക്ഷണങ്ങളൂടെ പോർമുഖത്തായിരുന്നു ഏറെ നാളും. ചില പരിചയക്കാരുടെ കനിവിലായിരുന്നു ആദ്യ നാളുകൾ. ജോലിയോ, വരുമാനമോ ആകുംവരെ അന്നവും അഭയവും പലരുടെയും ഔദാര്യമാണ്‌.

ജോലിയും കൂലിയുമില്ലാത്തവർ അവർക്കൊരു ബാധ്യത തന്നെ. ചിലരത്‌ മനസ്സിൽ വയ്ക്കും, ചിലർ മുഖത്ത്‌ ഒട്ടിച്ച്‌ വയ്ക്കും, മറ്റു ചിലർ വൈകാതെ തുറന്ന്‌ പറയും. ഗതികേട്‌ കൊണ്ട്‌ ആട്ടും തുപ്പുമേറ്റ്‌ കഴിഞ്ഞ്‌ കൂടേണ്ടി വന്നു. സ്വന്തക്കാരുടെ മുഖം ഇരുണ്ടിട്ടും കുത്തുവാക്കുകൾ കേട്ട്‌ കഴി ഞ്ഞ്‌ കൂടിയ ദിനങ്ങൾ മറക്കാനാകില്ല.

മക്കത്തും മദീനയിലും പോയി, ചരിത്ര ഭൂമിയിൽ രാപാർത്തു. ആ പുണ്യഭൂമി തന്ന അത്ഭുതവും അമ്പരപ്പും മാഞ്ഞതേയില്ല. 2005ൽ ജിദ്ദയിലെ റുവൈസിലായിരുന്നു രണ്ടാം യാത്രയിലെ ദുരിതകാലം. ജോലിയില്ലാതെ കടന്ന്‌ പോയത്‌ മാസങ്ങൾ, നിത്യവൃത്തി പോലും പ്രയാസത്തിലായ നാളു കൾ. റൂമും ചിലവും തത്ക്കാലമുണ്ട്‌. പക്ഷേ, മാസം തികയുമ്പോൾ എണ്ണിക്കൊടുക്കാൻ 250 റിയാൽ വേണം.

റുവൈസിന്‌ ഒരു പ്രത്യേകതയുണ്ട്‌, ഉംറ വിസക്കാരായ മലയാളികൾ തമ്പടിച്ചിരിക്കുന്ന ഒരു പ്രധാന കേന്ദ്രമാണത്‌. അവരുടെ പ്രധാന തൊഴിൽ സൗദികളുടേയും മറ്റും കാറുകൾ കഴുകുന്നതായിരുന്നു. ഒരു ദിവസം നാൽപതും അൻപതും കാറുകൾ കഴുകുന്നവർ വരെയുണ്ട്‌. ചിലർക്ക്‌ അസിസ്റ്റന്റുമാരുമുണ്ട്‌. എങ്കിലും മുപ്പതും നാൽപതും കാറുകൾ കഴുകാനുള്ളവന്‌ മാസത്തിൽ അയ്യായിരം റിയാൽ ഉണ്ടാക്കാം. അങ്ങനെ കാറുകൾ കഴുകിക്കഴുകി ജ്വല്ലറിയും ടെക്സ്റ്റയിൽസും നാട്ടിലുയർത്തിയവർ ഒരുപാടുണ്ട്‌.

ഞാനും തൊഴിലന്വേഷണത്തിന്റെ ആദ്യ നാളുകൾക്ക്‌ ശേഷം ഒരു ബക്കറ്റും പിടിച്ചിറങ്ങി. പുതിയ വണ്ടികൾ കഴുകാൻ കിട്ടിയാൽ പത്ത്‌ റിയാൽ ലഭിയ്ക്കും. സ്ഥിരമായി കഴുകാൻ കിട്ടിയാലോ ഒരു കാറിന്‌ മാസം അൻപത്‌ റിയാലും ലഭിയ്ക്കും. സ്ഥിരമായി കുറച്ച്‌ കാറുകൾ തടഞ്ഞാൽ റൂമിനും ചിലവിനുമുള്ളതെങ്കിലും ആകുമല്ലോ. കുറച്ച്‌ കാറൊക്കെ എനിക്കും കഴുകാൻ കിട്ടി. ഒന്ന്‌ രണ്ട്‌ വീടുകളുടെ വരാന്തയും മുറ്റവും സ്ഥിരമായി തൂത്തുവാരണം. രണ്ടോ മൂന്നോ വർഷങ്ങൾക്കിപ്പുറം നാടുകാണാനെത്തുന്ന പ്രവാസികൾ പലരും ചില്ലറ തുട്ടുകൾ സ്വരൂക്കൂട്ടുന്നത്‌ ഇങ്ങനെയൊക്കെയാണെന്ന്‌ ആരോർക്കുന്നു.

ഒരു നട്ടുച്ച നേരത്ത്‌ പുതിയ വണ്ടികൾ തേടിയുള്ള അന്വേഷണത്തിലായിരുന്നു അന്ന്‌ ഞാൻ. കുറേ നേരം ബക്കറ്റും പിടിച്ച്‌ അലഞ്ഞപ്പോൾ വിജനമായൊരിടത്തെത്തി. കുറച്ച്‌ കഴിഞ്ഞപ്പോൾ കറുത്തൊരു മനുഷ്യൻ അരികിലേയ്ക്ക്‌ വന്ന്‌ കാറ്‌ കഴുകാനുണ്ടെന്ന്‌ പറഞ്ഞു. വലിയ വണ്ടിയാണെന്നും എത്രയാകുമെന്നും ചോദിച്ചു, പത്ത്‌ റിയാൽ എന്ന്‌ ഞാൻ പറഞ്ഞു, ഏഴു റിയാൽ ഒടുവിൽ സമ്മതിച്ചു. അയാൾ സംസാരിച്ചത്‌ അറബിയിലായിരുന്നെങ്കി ലും ഞാൻ തപ്പിത്തടഞ്ഞ്‌ ഒരുവിധം ഒപ്പിച്ചു. വണ്ടി അൽപം ദൂരെയാണെന്നും അവിടേയ്ക്ക്‌ വരണമെന്നും അയാൾ പറഞ്ഞു.

അൽപം കൂടി വിജനമായ സ്ഥലത്ത്‌ ഞ ങ്ങളെത്തി. ഒരു വാൻ നിറുത്തിയിട്ടത്‌ അ യാൾ ചൂണ്ടിക്കാണിച്ചു, അടുത്ത്‌ ആരും ഉണ്ടായിരുന്നില്ല. എന്നാൽ അകത്ത്‌ നിന്നും മൂന്ന്‌ മനുഷ്യർ ഇറങ്ങി വന്നു, എന്തോ പന്തികേട്‌ തോന്നിയപ്പോഴേയ്ക്കും എല്ലാം സംഭവിച്ചിരുന്നു. അവരെന്റെ നേരെ വന്നു, രണ്ട്‌ പേർ ചുറ്റിപ്പിടിച്ചു, ഒരാൾ വലിയ കത്തി പുറത്തെടുത്ത്‌ കഴുത്തിന്‌ നേരെ നീട്ടി. ഒന്ന്‌ വിലവിളിയ്ക്കാൻ പോലുമാകാത്ത രീതിയിൽ മറ്റേയാൾ വായ്പ്പൊത്തിപ്പിടിച്ചു. എനിക്ക്‌ കരച്ചിൽ വന്നു, സങ്കടം തൊണ്ടയിൽക്കുരുങ്ങി നിന്നു.

മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ കുറച്ച്‌ ദൂരം ഞാൻ നടന്നു. ഞാൻ ഉമ്മയെക്കുറിച്ചോർത്തു, രണ്ട്‌ വയസ്സുണ്ടായിരുന്ന മകൾ രണ്ട്‌ ദിവസം മുൻപ്‌ ഫോണിൽ സംസാരിച്ച കുസൃതിയുടെ വാക്കുകൾ ഓർത്തു. അപ്പോഴേയ്ക്കും അവർ ദൗത്യം പൂർത്തിയാക്കിയിരുന്നു. എന്റെ പേഴ്സും പാസ്പ്പോർട്ടും അവർ കൈക്കലാക്കി. അതിൽ അഞ്ച്‌ റിയാൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. അവർക്കൊന്നും കിട്ടാ ത്തതിന്റെ കലിപ്പും എന്നിൽ പ്രയോഗിച്ചു. രണ്ട്‌ മൂന്ന്‌ ചവിട്ടും അടിയും, അറബി ഭാഷ യിലച്ചടിയ്കാത്ത വാക്കുകൾ കൊണ്ടവർ തെറി വിളിച്ചു.

എന്റെ മനസ്സ്‌ മരിച്ചിരുന്നു, ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവർ പെട്ടെന്ന്‌ തന്നെ കാറിൽ കയറി ഓടിച്ച്‌ പോയി. കുറേ ദൂരം ചെന്നപ്പോൾ റോഡിലേയ്ക്ക്‌ എന്തോ വലിച്ചെറിയുന്നതും കണ്ടൂ, ഓടിച്ചെന്ന്‌ അതെടുത്തു, എന്റെ പേഴ്സും പാസ്പോർട്ടുമായിരുന്നു അത്‌. പേഴ്സിനുള്ളിൽ ഒരു രഹസ്യ അറയു ണ്ടായിരുന്നു, അതിൽ ഇരുന്നൂറ്‌ റിയാൽ ഒളിപ്പിച്ച്‌ വച്ചിരുന്നു. നാട്ടിലേയ്ക്കുള്ള മടക്കം എപ്പോഴാണെന്ന്‌ പറയാനാകി ല്ലല്ലോ, അതിന്‌ വേണ്ടി കാത്തുവച്ചതാണത്‌. ആ രഹസ്യ അറയിൽ നോട്ട്‌ അതുപോലിരിപ്പുണ്ട്‌, ഞാൻ പടച്ചവനെ വിളിച്ചു; എന്റെ പ്രീയപ്പെട്ടവരെയൂം….

ജാഫർ കാരയിൽ, ദുബായ്‌

ഇത്‌ മലയാളം ഇ-മാഗസിൻ.കോം ന്റെ എക്സ്ക്ലൂസീവ്‌ സ്റ്റോറിയാണ്. കോപ്പി ചെയ്ത്‌ മറ്റു സൈറ്റുകളിൽ ഇടുന്നതിന് മുൻപ്‌ അനുവാദം വാങ്ങിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും.

· · ·
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments