മലയാളം ഇ മാഗസിൻ.കോം

ജോജുവിന്റെ ‘യഥാർത്ഥ സ്വഭാവം’ വെളിപ്പെടുത്തി ഒരു ദൃക്സാക്ഷി

വഴിതടഞ്ഞുള്ള സമരത്തിനെതിരെ നടൻ ജോജു ജോർജ്ജ്‌ നടത്തിയ പ്രതികരണവും അതിനെത്തുടർന്ന് ജോജുവിന്‌ നെരേയുണ്ടായ ആക്രമണങ്ങളുമാണ്‌ ഇപ്പോൾ വാർത്തകളിൽ നിറയെ. ഇന്ധന വിലവർദ്ധനവിനെതിരെ പ്രതികരിച്ച കോൺഗ്രസ്‌ പ്രവർത്തകരും നടനും തമ്മിലുള്ള പ്രശ്നങ്ങൾ വൻ വിവാദമാകുകയായിരുന്നു. ഇതിൽ തന്നെ ജോജുവിനോട്‌ അനുകൂല നിലപാടുള്ളവരാണ്‌ അധികവും.

ഇതിനിടെ നടൻ ജോജു ജോർജ്ജിന്റെ ‘തനി സ്വഭാവം’ വെളിപ്പെടുത്തി അധ്യാപകനും ഫോട്ടോഗ്രാഫറും സോഷ്യൽ ഇൻഫ്ലുവൻസറുമായ സെയ്ദ്‌ ഷിയാസ്‌ മിർസ രംഗത്ത്‌ വന്നിരിക്കുകയാണ്‌. തനിക്ക്‌ തിരുവനന്തപുരത്ത്‌ വച്ച്‌ ഉണ്ടായ ഒരു അനുഭവം ആണ്‌ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്‌. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ജോജുവിന്റെ പേരിൽ കോലാഹലങ്ങൾ നടക്കുന്ന ഈ സമയത്ത് ഇത് പറയാതിരിക്കാൻ കഴിയില്ല. തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലിനടുത്തുള്ള സംസം റസ്റ്ററൻറിൽ ഞാൻ പാഴ്സൽ വാങ്ങാൻ പോയ ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള നേരം അവിടെ എനിക്കു സമീപത്തായി നടൻ ജോജു ജോർജ്ജ് ഭക്ഷണം പാഴ്‌സലായി വാങ്ങാൻ എത്തുന്നു.

ഉദാഹരണം സുജാത എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ജോജു അവിടെ എത്തിയതെന്നാണ് കരുതുന്നത്. കാരണം ആ സമയത്ത് ഉദാഹരണം സുജാതയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുന്നുണ്ടായിരുന്നു.

അന്ന് ജോജുവിനെ അത്ര പെട്ടെന്ന് ആളുകൾ തിരിച്ചറിയുന്ന സമയമല്ലായിരുന്നു. അഥവാ തിരിച്ചറിഞ്ഞാലും തിരുവനന്തപുരത്തെ ആളുകൾ ആളെ അറിയില്ല എന്ന് ഭാവിക്കുന്നവർ ആയതു കൊണ്ടോ എന്നറിയില്ല ആരും ജോജുവിനെ കണ്ട ഭാവം കാണിച്ചില്ല.

സിനിമയെയും സിനിമാ താരങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഞാൻ ജോജുവിനെ വിഷ് ചെയ്യുകയും അദ്ദേഹം തിരിച്ച് വിഷ് ചെയ്യുകയുമുണ്ടായി. തുടർന്ന് അവിടെ നടന്ന ഒരു സംഭവമാണ് ജോജുവിലെ മനുഷ്യ സ്നേഹിയെ എനിക്ക് മുന്നിൽ അനാവൃതമാക്കിയത്.

സ്ഥിരമായി ആ ഹോട്ടലിന് മുന്നിലെത്തുന്നവരോട് ഭിക്ഷ യാചിക്കുന്ന ഒരു വയോധികനെ ആ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെന്ന് തോന്നിയ ആൾ ആട്ടിയകറ്റാൻ നടത്തിയ ശ്രമം ജോജു തടയുകയും അയാൾക്ക് അവിടെ നിന്നും ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള സൗകര്യം ചെയ്യുകയും ചെയ്തു.

“നിങ്ങൾക്ക് പണമോ ഭക്ഷണമോ കൊടുക്കാൻ സൗകര്യമില്ലെങ്കിൽ അത് പറഞ്ഞാൽ മതി അയാളോട് പോകാൻ പറയരുത്” എന്ന് അല്പം ഉറച്ച് തന്നെ ജോജു പറഞ്ഞു. തങ്ങളുടെ കസ്റ്റമേഴ്സിനെ ശല്യപ്പെടുത്താതിരിക്കാനാണ് ഹോട്ടലുകാർ ശ്രമിച്ചതെങ്കിലും അത് ജോജുവിനിഷ്ടമായില്ല.

ഹോട്ടലിലെ ക്യാഷ് കൗണ്ടറിലിരുന്ന വ്യക്തി ജോജുവിനോട് മര്യാദയോടെ പ്രതികരിച്ചതോടെ കാര്യങ്ങൾ ശുഭമായി അവസാനിച്ചു. ഭിക്ഷക്കാരൻ്റെ സന്തോഷമുള്ള മുഖം കണ്ട് അവിടെ നിന്ന ഞാനുൾപ്പടെയുള്ളവർ ജോജുവിനോട് ഉള്ള് കൊണ്ട് യോജിച്ചു എന്നത് അവിടെയുള്ളവരുടെ പ്രതികരണത്തിൽ നിന്നും പിന്നീട് വ്യക്തമായി.

ഏത് സമരമായാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെമ്മാടിത്തരമാണ്. ജോജുവിൻ്റെ പക്ഷം ജനപക്ഷമാണെന്ന് എനിക്കുണ്ടായ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

Avatar

Staff Reporter