മലയാളം ഇ മാഗസിൻ.കോം

അങ്ങനെ ഇല്ലിക്കൽ കല്ല്‌ കാണാനിറങ്ങിയ ഈ അമ്മയും മകനും പാതി വഴിയിൽ യാത്ര ഉപേക്ഷിച്ചു, എന്താ കാര്യം!?

ഞാൻ ഒരു കുഞ്ഞിനെ വെള്ളത്തിൽ വെച്ചു പ്രസവിച്ചു. ഡോക്റ്റർ കുഞ്ഞിനെ ചേട്ടന്റെ കൈയിൽ കൊടുത്തതും \” ചേട്ടാ കുഞ്ഞു ആണോ പെണ്ണോ \” എന്ന ചോദ്യം ശ്രദ്ധിക്കാതെ ചേട്ടനും ഡോകടറും മിണ്ടാതെ പോയി . അവരെ രണ്ടുപേരെയും കാണാതെ കാണാതെ മുറിയിൽ ഞാൻ വിഷമിച്ചിരിക്കുന്ന നേരത്താണ്‌ മുറിയിലേക്ക്‌ ആരോ കയറി വന്നു ചോദിച്ചത്‌? \”പോണ്ടേ നമുക്ക്‌?\” പ്രസവിച്ചിട്ടു സ്റ്റിച്ച്‌ പോലും അവർ മര്യാദക്ക്‌ ഇട്ടില്ല അതിനു മുൻപേ എന്നോടു മുറിയിൽ നിന്നും പോകണോന്നോ..? \”എങ്ങോട്ട്‌ ? \”ഞാൻ ചോദിച്ചു..

\”കറങ്ങാൻ പോണ്ടേ?\” പ്രസവിച്ച ഞാനോ..? ഇവരെന്തു മനുഷ്യരാണ്‌. ഞാൻ ആലോചിച്ചു തല പുണ്ണാക്കിയപ്പോഴാണ്‌ മുന്നിൽ വന്നത്‌ മോൻ ആണെന്ന ബോധം ഉദിച്ചത്‌. \”അതിനു നേരം വെളുത്തോ?\” \”പിന്നല്ലേ മണി അഞ്ചായി. നാലര വരെ അസ്സൽ മഴയായിരുന്നു. പോകാൻ പറ്റില്ലല്ലോ.. ഇപ്പോ നമുക്കു പോയാലോ..ഈ സമയത്തു ഇനി കണ്ണാടികടവിലേക്ക്‌ പോയാൽ അവിടെത്തുമ്പോൾ വെയിലുദിക്കും. പോയിട്ട്‌ കാര്യമില്ല. \”

\”അമ്മാ നമുക്കൊരു റൈഡ്‌ പോയാലോ..?\” ഓണത്തിന്റെയന്ന്‌ മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിക്കേണ്ടി വന്നതിന്‌ അന്ന്‌ രാത്രി ഒമ്പത്‌ മണിക്ക്‌ , എന്റെ വിഷമം തീർക്കാനാണ്‌ അവന്റെയാ ചോദ്യം. \”പിന്നെന്താ പോവാലോ..? എങ്ങോട്ടാ..?\” \”കണ്ണാടികടവിൽ പോയാലോ..?\” \”അതെവിടെയാ..?\” \”അതൊക്കെ തപ്പാം..ന്ന്‌. ഗൂഗിൾ അമ്മായി അല്ലെ കൂടെ? \” പിന്നെ താമസിച്ചില്ല.. പപ്പയെ വിളിച്ചു സമ്മതം വാങ്ങി.. വെളുപ്പിനെ.. മൂന്നു മണിക്ക്‌ അലാറം.വെച്ചു കിടന്നു. ആ രാത്രിയിൽ എനിക്ക്‌ ദിവ്യഗർഭം ഉണ്ടായി. ഒരു രാത്രി കൊണ്ടു തന്നെ പ്രസവവും കഴിഞ്ഞു കിടക്കുന്ന വെളുപ്പാൻ കാലമായിരുന്നു മോൻ എന്റെ മുറിയിലേക്കുള്ള രംഗപ്രവേശം. എങ്ങോട്ട്‌ പോകും?

\"\"

കൂലങ്കഷമായ ചർച്ചക്ക്‌ ശേഷം ഒരു സ്ഥലം കണ്ടെത്തി. ഇല്ലിക്കൽ കല്ല്‌. പിന്നെയെല്ലാം ചടപട ആയിരുന്നു. കാറ്റടിച്ചു വയ്യാതായാൽ അമ്മെനേം മോനേം ബാക്കി വച്ചേക്കില്ല. ഒരു കുഞ്ഞു അസുഖം കൊണ്ട്‌ രൂപ 5000 മുടക്കി ഇരിക്കുന്ന ഞാനാണ്‌. അതുകൊണ്ട്‌ അവൻ എന്നെ എസ്കിമോ പോലെ പൊതിഞ്ഞു കെട്ടി. എന്റെ വണ്ടിയും ചേട്ടന്റെ വണ്ടിയുമൊന്നും അവന്‌ ഗുമ്മു പോരെന്നു തോന്നിയിട്ടു കൂട്ടുകാരന്റെ കിർ കിർ സ്വരം മുഴക്കി നാട്ടുകാരെ വെറുപ്പിക്കുന്ന ആർ എക്‌സും പൊക്കിക്കൊണ്ടു വന്ന്‌ എന്നെ അതിൽ പ്രതിഷ്ഠിച്ചു.

ചേർത്തല വഴി, തണ്ണീർമുക്കം ബണ്ടും കടന്നു ഇരാട്ടുപെട്ട അടുത്തുള്ള ഇല്ലിക്കൽ കല്ലിലേക്ക്‌. അടിപൊളി യാത്ര. മഴയില്ല, വെയിലില്ല, തണുത്ത പ്രഭാതം. വഴിയിൽ ഒരൊറ്റ പെട്ടിക്കട പോലും തുറന്നിട്ടില്ല. ഓണത്തിന്റെ ഹാങ്ങ്‌ ഓവർ പോലും. ഒടുവിൽ ഹാങ്ങ്‌ ഓവറിൽ ഇല്ലാത്ത ഒരു ചേച്ചിയുടെ പെട്ടി കടയിൽ നിന്നും ഓരോ ചായയും കടിയും കഴിച്ചു മുന്നോട്ട്‌. വണ്ടി ഇല്ലിക്കൽകല്ലു എന്നു ബോർഡ്‌ കണ്ട വഴിയിലേക്ക്‌ തിരിഞ്ഞു. എന്തു സുന്ദരമായ കാഴ്ച്ചകൾ, റോഡ്‌ ആണേൽ ചാന്തു മെഴുകിയ പോലെ മിനുസപ്പെട്ടു കിടക്കുന്നു. ഉള്ളിൽ ആഹ്ലാദം തിരതല്ലി.

\”ഈ മനോഹരമായ തീർത്തു തരുമോ ഇനിയൊരു ജന്മം കൂടി…\” ഞാൻ പാടി കൊണ്ടിരുന്നു. പാട്ടിന്റെ ഇടയ്ക്കു മുന്നോട്ടു നോക്കിയപ്പോൾ ചങ്കൊന്നു പിടച്ചു. അറുപതു ഡിഗ്രി കോണിൽ വെച്ച ഏണി പോലെയൊരു റോഡ്‌. യാത്ര തുടങ്ങിയപ്പോൾ തൊട്ടു നാട്ടുകാരുടെ തെറി കേൾക്കാൻ പാകത്തിൽ കരഞ്ഞു കൊണ്ടിരുന്ന ഞങ്ങടെ ആർ എക്‌സ്‌ ജവാൻ ഏണിറോഡ്‌ കണ്ട്‌ ഒന്നു ഉറക്കെ ഞരങ്ങി. പിന്നെയാ ഞരക്കം കുഞ്ഞു കരച്ചിലായി. കരച്ചിൽ മൂത്ത്‌ നിലവിളിയായി.

\"\"

നിലവിളിക്കിടയിൽ ആനയുടെ തുമ്പിക്കൈ പോലെ കക്ഷി മുന്നിലെ ടയർ ഒന്നു പൊക്കി. പിന്നിൽ കുടിയിരുത്തിയ സിമന്റ്‌ ചാക്കിന്‌ സ്ഥാനഭ്രംശം സംഭവിച്ചു തെറിച്ചു താഴോട്ടു വീഴാൻ നേരം പണ്ടേ നാലു കാലിൽ വീഴാൻ പാകത്തിൽ കാലിനു നീളം ഉള്ളതിൽ വീണില്ല. വീണ്ടും ജവാനെയും മുന്നോട്ടു തന്നെ. ജവാൻ ഇടഞ്ഞ മട്ടാണ്‌. അത്രേം ദൂരം നിർത്താതെ ഓടി പണ്ടവും പടവും പുറത്തേക്കു തള്ളി പുള്ളിക്കാരൻ ഉച്ചത്തിൽ ഓക്കാനിച്ചു കൊണ്ടിരുന്ന്‌ തുമ്പിക്കൈ ഉയർത്തി കൊണ്ടിരുന്നു.

ഇടഞ്ഞ കൊമ്പനെ ഒന്നുകൂടി മെരുക്കി പിന്നിൽ വീണ്ടും ലോഡ്‌ കയറ്റി ഒരൽപദൂരം കൂടി. അടുത്ത വളവ്‌ കണ്ടതും മുന്നോട്ടു പോയ വണ്ടി പിന്നോട്ടു ഉരുളാൻ തുടങ്ങി. ലോഡ്‌ ഇത്തവണ അപകടം മണത്തു സ്വയം ഇറങ്ങി അറ്റെൻഷനായി നിന്നു. ഒരിക്കൽ കൂടി, ഒരു ശ്രമം കൂടി. ഒന്നിൽ പിഴച്ചാൽ മുന്നിൽ എന്ന കണക്കു തെറ്റിക്കാതെ അവൻ ശരീരം മൊത്തം വിറപ്പിച്ചു കാട്‌ ഞെട്ടിക്കുമാറു അലറി. ഇനി കൂടുതൽ അലറിയാൽ കാട്ടിൽ നിന്നും നാട്ടിൽ നിന്നും മൃഗങ്ങൾ ഇറങ്ങി ഞങ്ങളെ തല്ലും.

ഞാൻ കുറച്ചു നടന്നാലോ. എനിക്കു തലയിൽ ബൾബ്‌ കത്തി. ഞാൻ നടന്നു തുടങ്ങി, എന്റെ ശ്വാസം വിളിയുടെ വിസിൽ കെട്ടിട്ടാണ്‌ എന്നു തോന്നുന്നു ആ വഴി പോയ വണ്ടിയിലെ ചേട്ടന്മാർ ഒളിയിട്ട്‌ പറഞ്ഞു. \”പൊന്നു പെങ്ങളെ, ദൂരം കുറച്ചുണ്ടു, ഇപ്പോഴേ നടപ്പ്‌ തുടങ്ങിയാൽ അങ്ങു എത്തില്ല കേട്ടോ..!\” ഒരു പട്ടി പോലും ഇല്ലാത്ത ആ റോഡിൽ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി. ശ്വാസം നിന്നാൽ പിന്നെ ഇല്ലിക്കൽ കല്ലു കാണാൻ ഒക്കുമോ.? അതുകൊണ്ട്‌, ഒരു അങ്കത്തിനു ഇനിയും ബാല്യമുണ്ട്‌ രമണ എന്നും പറഞ്ഞു വണ്ടി തിരിച്ചു.

\"\"

വന്നവഴിയെ പോകാതെ വളഞ്ഞു മൂക്ക്‌ പിടിച്ച്‌ തൊടുപുഴ റൂട്ടിലേക്ക്‌. ആർ എക്സ്‌ ജവാൻ അപ്പോഴും നിർത്താതെ കരയുന്നുണ്ടായിരുന്നു. കരച്ചിൽ കേട്ട നാട്ടുകാർ ഞങ്ങളെ തെറി വിളിക്കുന്നുണ്ടായിരുന്നു. വണ്ടി ഓടിച്ചു കൊണ്ടിരുന്ന എന്റെ മോൻ ജവാന്റെ മുതലാളിയേയും തെറി വിളിക്കുന്നുണ്ടായിരുന്നു. പിന്നിൽ ഇരുന്ന ഞാൻ ചിരി വള്ളി പൊട്ടിയ കണക്കെ ചിരിക്കുന്നുണ്ടായിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ വഴി ഒടുവിൽ വണ്ടി തൃപ്പൂണിത്തുറയെത്തിയപ്പോൾ ഒരു പൂതി. കൊട്ടാരം കണ്ടാലോ? നേരെ ടിക്കറ്റ്‌ എടുത്തു അകത്തു കയറി. ശ്വാസം കഴിച്ചു അവിടെ മരത്തണലിൽ ഇരുന്നപ്പോൾ മോന്റെ വക ഒരു ഡയലോഗ്‌ .

\”അമ്മാ നമുക്കിനിയും അവിടെ തന്നെ പോണം\” \”പോവാലോ. അതിനെന്താ ?\” \”അതല്ല അമ്മാ, കുഞ്ഞിരാമായണത്തിലെ സൽസ പോലെ ഈ ഇല്ലിക്കൽകല്ലിനും എന്തോ കുഴപ്പമുണ്ട്‌ അമ്മാ.\” \”അതെന്താടാ ? \”ഞാൻ കണ്ണും മിഴിച്ചു ചോദിച്ചു. \”രണ്ടാം തവണയാണ്‌ എനിക്ക്‌ അവിടെ കേറാൻ പറ്റാത്തത്‌.. \” അവൻ എന്നെ നോക്കി കണ്ണിറുക്കി ഒന്നു ചിരിച്ചു. \”അപ്പോ ഒരിക്കൽ കൂടി.. പോയാൽ…\” അവൻ അത്രേം പറഞ്ഞു നിർത്തി.

ബാക്കി കഥ ഇനി ശേഷം..സ്ക്രീനിൽ… (ഫോട്ടോയിൽ മോൻ ഉയർത്തി കാണിച്ചിരിക്കുന്നതു മുദ്രകൾ ആണെന്‌ തെറ്റിദ്ധരിക്കരുത്‌. ഒന്നാം സ്ഥലം , രണ്ടാം സ്ഥലം എന്നിങ്ങനെ ലോഡ്‌ ഇറക്കിയതിന്റെ സൂചനയാണ്‌..) നാളെ എന്തെന്‌ അറിയില്ല, പക്‌ഷേ, ഈ നിമിഷങ്ങൾ ഓരോന്നും എനിക്ക്‌ വിലപ്പെട്ടതാണ്‌. അത്രയേറെ ചിരിച്ചു. സന്തോഷിച്ചു. നാഴികക്ക്‌ നാൽപതു വട്ടം ഞങ്ങൾ ഇടി കൂടും. ഞാൻ കരയും.അവൻ വഴക്കിടും പക്‌ഷേ, മറക്കാനാവാത്ത ഇത്രയും മനോഹരമായ ഒരു ദിനം സമ്മാനിച്ചതിനു…അമ്മയെയും ബൈക്കിൽ ഇരുത്തി ഈ സാഹസം കാണിക്കാൻ ഒരുങ്ങിയ പതിനെട്ടുകാരന്റെ ആ മനസ്സ്‌..
ഡിയോച്ച. love u…

കിർ കിർ വണ്ടിയും ഞാനും പിന്നെ മോനും
ഷബ്ന ഫെലിക്സ്

Avatar

Staff Reporter