ആദ്യമായി കാണുന്ന ഒരു പുരുഷനില്‍ സ്ത്രീ തിരയുന്നത് എന്തെല്ലാമാണ്? എന്തായാലും ഒരു പുരുഷന് ചിന്തിക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമായിരിക്കും അത്. വ്യത്യസ്തമാണെന്ന് തന്നെയാണ് പല പഠനങ്ങളും തെളിയിക്കുന്നത്.

ശാസ്ത്രീയമായി വലിയ അടിത്തറയൊന്നും അവകാശപ്പെടാനില്ലാത്ത വേറെയും പല വാദങ്ങളും ഈ വിഷയത്തെ ചുറ്റിപ്പറ്റി നടക്കാറുണ്ട്. എങ്കിലും ഭൂരിപക്ഷ സ്ത്രീ മനശാസ്ത്രം വച്ച് ചില ഘടകങ്ങളെ എല്ലാവരും ഒരുപോലെ ചൂണ്ടിക്കാണിക്കാറുണ്ട്. ഇത് എത്രമാത്രം കൃത്യമാണെന്ന് ആര്‍ക്കും പറയാനാകില്ല.
അങ്ങനെയെങ്കില്‍ സ്ത്രീകള്‍ പുരുഷനില്‍ ആദ്യം അടയാളപ്പെടുത്തുന്ന ഏഴ് സംഗതികള്‍ എന്തെല്ലാമാണെന്ന് നമുക്ക് വെറുതെ ഒന്ന് നോക്കാം. ഇതൊന്നും നോക്കാതെയും പുരുഷനും സ്ത്രീയും തമ്മിൽ സ്നേഹവും, പ്രണയവുമൊക്കെ സാധ്യമാകും. എങ്കിലും ഒരു തമാശയായോ രസികന്‍ നിരീക്ഷണമായോ മാത്രം ഇതിനെയെടുക്കാം.
1. ആദ്യം നോക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം എന്താണെന്ന് പറഞ്ഞാല്‍ മിക്കവാറും എല്ലാവരും ഒന്ന് അതിശയിക്കും. എന്താണെന്നല്ലേ! പുരുഷന് ധരിച്ചിരിക്കുന്ന ചെരുപ്പാണത്രേ സ്ത്രീകള്‍ ആദ്യം നോക്കുന്ന ചില സംഗതികളിലൊന്ന്. ഷൂവാണോ, ചെരുപ്പാണോ, ചെരുപ്പാണെങ്കില്‍ അതെങ്ങനെയുള്ളതാണ് എന്നെല്ലാം ഇവര്‍ ശ്രദ്ധിക്കുമത്രേ. ഇനി ഇതിലൂടെ ഒരു താല്പര്യം ഉണ്ടാകുന്ന കാര്യമൊക്കെ അവരുടെ കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും.

2. എങ്ങനെയാണ് തന്നെ ആദ്യമായി ഇയാള്‍ സ്വീകരിക്കുന്നത്, അല്ലെങ്കില്‍ സ്വാഗതം ചെയ്യുന്നത് എന്ന് സ്ത്രീകള്‍ കാര്യമായി നിരീക്ഷിക്കുമത്രേ. ചിരി, ഷേക്ക് ഹാന്‍ഡ്, മറ്റ് ഉപചാരങ്ങള്‍ അങ്ങനെ, ഏത് രീതിയിലാണ് ആദ്യത്തെ ഇടപെടല്‍ എന്നത് അവര്‍ നിങ്ങളെ വിലയിരുത്താനുള്ള ആദ്യ മാര്‍ഗങ്ങളില്‍ ഒന്നായി കരുതും.
3. ആദ്യ കൂടിക്കഴ്ചയില്‍ പുരുഷന്റെ കൈകള്‍ നിരീക്ഷിക്കുന്ന സ്ത്രീകളും ധാരാളമത്രേ. ഇതിന് പിന്നിലെ മനശാസ്ത്രമെന്തെന്ന് വ്യക്തമല്ല. എങ്കിലും കൈകള്‍ പ്രധാനം തന്നെയെന്ന് മനസിലാക്കാം.
4. പുരുഷന്മാര് സാധാരണഗതിയില്‍ അണിയാറുള്ള ഒന്നാണ് വാച്ച്. പുതിയ തലമുറയ്ക്ക് ഈ ശീലം കുറവാണ്. എങ്കിലും വാച്ച് ധരിച്ചിട്ടുണ്ടെങ്കില്‍ ആദ്യകാഴ്ചയില്‍ തന്നെ സ്ത്രീകള്‍ അത് ശ്രദ്ധിക്കും. ഇതുവച്ച് ആളിന്റെ സ്വഭാവമോ സാമ്പത്തികാവസ്ഥയോ ഒക്കെ മനസിലാക്കുകയെന്നതായിരിക്കും ലക്ഷ്യം!

5. പുരുഷന്റെ ആകെയുള്ള ‘ലുക്ക്’, ‘ആറ്റിറ്റ്യൂഡ് എന്നിവയും സ്ത്രീകളെ സംബന്ധിച്ച് പ്രധാനമാണ്. വസ്ത്രം, എത്രത്തോളം ആ വസ്ത്രം ഇണങ്ങുന്നുണ്ട്, അതിന്റെ നിറം, മണം, കാഴ്ചയിലുള്ള വൃത്തി, ബ്രാന്‍ഡ് ഇതെല്ലാം സ്ത്രീകള്‍ ആദ്യകാഴ്ചയില്‍ തന്നെ നിരീക്ഷിച്ചേക്കാം.
6. മിക്ക സ്ത്രീകളും പുരുഷന് എങ്ങനെയാണ് സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കും. വിക്കും തടവുമില്ലാതെ സംസാരിക്കുന്നുണ്ടോ, അതോ സംസാരിക്കാന്‍ പ്രയാസമാണോ, അല്ലെങ്കില്‍ ഉച്ചാരണത്തില്‍ പ്രശ്നമുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവര്‍ വിലയിരുത്തും.
7. ഏഴാമത്തെ സംഗതി, വളരെ പ്രധാനമാണ്. മറ്റൊന്നുമല്ല. പുരുഷന്റെ തലമുടിയാണ് ഈ ഏഴാമത്തെ ഘടകം. ആദ്യകാഴ്ചയില്‍ ഒരുപക്ഷേ, നേരത്തേ പറഞ്ഞ സംഗതികളെല്ലാം നോക്കുന്നതിന് മുമ്പേ തന്നെ സ്ത്രീ നിരീക്ഷിക്കുക പുരുഷന്റെ തലമുടിയാകാനാണ് സാധ്യത. അത്രമാത്രം അത് സ്ത്രീകള്‍ക്ക് പ്രധാനമാണത്രേ.