കാത്തിരിപ്പിനൊടുവിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചക്കിടയാക്കിയ പച്ചക്കരുവുള്ള മുട്ടയുടെ രഹസ്യം പുറത്ത് വന്നിരിക്കുകയാണ്. രണ്ടാഴ്ചക്ക് മുമ്പ് മലപ്പുറം ഒതുക്കുങ്ങലിലെ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളാണ് പച്ചക്കരുവുള്ള മുട്ടകൾ ഇട്ട് വാർത്തയിൽ ഇടം നേടിയത്. ഈ ഒരു വാർത്ത മലയാളികളെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. ഇപ്പോ ഇതാ പച്ചമുട്ടക്കരുവിന്റെ രഹസ്യം പുറത്ത് വന്നിരിക്കുകയാണ് .

പച്ചമുട്ടക്കരുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ വെറ്റിനറി സർവകലാശാല വെസ് ചാൻസലർ എം ആർ ശശീന്ദ്രനാഥന്റെ നിർദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ , ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിലെ ഏതോ പദാർഥമാണ് ഈ പച്ച നിറത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം. കൂടുതൽ പരിശേധനക്ക് വേണ്ടി സ്ഥലപരിശോധനക്ക് ശേഷം മുട്ടയുടെ സാമ്പിളുകൾ. കൊണ്ടു പോകുകയും ചെയ്തിരുന്നു

പിന്നീട് മൃഗസംരംക്ഷണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ശിഹാബുദ്ദീന്റെ കോഴികളെ പ്രത്യേക കൂടുകളിലാക്കി ആഹാരത്തിൽ മാറ്റവും വരുത്തി നിരീക്ഷിക്കാൻ ചുമതലപ്പെടുത്തി. രണ്ടാഴ്ചത്തേക്ക് കോഴികൾക്ക് ചോളവും , സോയാബീനും ചേർന്ന സമീകൃത തീറ്റയാണ് അധികൃതർ നൽകിയത്. തുടർന്ന് ഓരോ ആഴ്ചയിലും വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചതോടെയാണ് മുട്ടക്കരു മഞ്ഞ നിറമാകുന്നത് കണ്ടെത്തി. ഞായറാഴ്ച ഇട്ട മുട്ടയുടെ കരു മഞ്ഞ നിറമായതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ പഠനത്തിനായി അധികൃതർക്ക് നൽകിയ കോഴിമുട്ടകളിലെ കരുവിനും മഞ്ഞനിറമായി.

മുട്ടകളിലുണ്ടായ നിറ വ്യത്യാസം യാതൊരുവിധത്തിലെയും ജനിതക മാറ്റമല്ലെന്നും കോഴികൾക്ക് നൽകുന്ന ഭക്ഷണത്തിലെ മാറ്റം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. പച്ചക്കരുവുള്ള മുട്ടയുടെ വാർത്ത അറിഞ്ഞപ്പോൾ നിരവധി പേരാണ് കാണാനും മുട്ട വാങ്ങാനുമായി എത്തിയത്.