മലയാളം ഇ മാഗസിൻ.കോം

പുറമെ ധൈര്യശാലികളെങ്കിലും പുരുഷനെ അലട്ടുന്ന ‘രഹസ്യ ഭയങ്ങൾ’ ഇവയൊക്കെയാണ്

രഹസ്യമാണെങ്കിലും, ചില കാര്യങ്ങളിൽ പുരുഷന് ഭയമാണ്
ധൈര്യത്തിന്റെ പ്രതിരൂപമായാണ് പുരുഷന്മാരെ പൊതുവെ കാണുന്നത്. എന്നാൽ അവരിലുമുണ്ട് ചില രഹസ്യ ഭയങ്ങൾ. ഭയവും അരക്ഷിതാവസ്ഥയുമൊക്കെ ജീവിതത്തിൽ പലപ്പോഴായി ഉണ്ടാകാറുണ്ടെങ്കിലും കാലം പോകുമ്പോൾ അതൊക്കെ നേരിടാനുള്ള കരുത്ത് വന്നുചേരാറുണ്ട്. എന്നാൽ ചിലർക്ക് അത്തരം ഭയങ്ങളെ മറികടക്കാൻ ഒരിക്കലും കഴിയണമെന്നില്ല.

തന്റെ സൗന്ദര്യത്തെക്കുറിച്ചും ശാരീരിക ക്ഷമതയെക്കുറിച്ചുമൊക്കെ വളരെയധികം ആകുലതകളുള്ളവരാണ് പുരുഷന്മാർ. കാമുകിയുടെയോ ഭാര്യയുടെയോ ഒക്കെ മുമ്പിൽ താനൊരു പരാജയമാണോ എന്ന ചിന്ത അവരെ അലട്ടുന്നു. അങ്ങനെ ആകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. ഓരോ പ്രായത്തിലും ഓരോ തരത്തിലുള്ള ഭയമാണ് ഇവരെ പിടികൂടുന്നത്. മീശ മുളച്ചുതുടങ്ങുന്ന കാലം മുതൽ ഇതിന്റെ ആക്കം കൂടുന്നു.

ഒരു പെൺകുട്ടിയെ ആകർഷിക്കാൻ തക്ക ശാരീരിക സൗന്ദര്യം തനിക്കുണ്ടോ എന്ന് ചിന്തിക്കുന്ന കൗമാരക്കാരൻ ശരീരം മുഴുവൻ മസിലു വച്ചു നടക്കുന്നതാണ് സൗന്ദര്യമെന്നും ചിന്തിച്ച് അതിനായി വളരെയധികം സമയം ചെലവഴിക്കുന്നു. തന്റെ മീശയുടെ വണ്ണം കുറഞ്ഞുപോയോ, അതിന്റെ ഷേപ്പ് നല്ലതാണോ എന്നൊക്കെ നോക്കി മണിക്കൂറുകളോളം കണ്ണാടിയുടെ മുമ്പിൽ നിന്നാലും ഇവർക്ക് മതിയാകുന്നില്ല.

സ്ത്രീകൾ പൊതുവെ മനസ്സിന്റെ നന്മയ്ക്കു പ്രാധാന്യം കൊടുക്കുമ്പോൾ പുരുഷന്മാർ ശാരീരിക സൗന്ദര്യംകൂടി നോക്കുന്നു എന്നതുകൊണ്ടാകണം അവർ ഇത്തരം സംശയങ്ങൾക്ക് അടിപ്പെടാൻ കാരണം. തന്റെ പെണ്ണിന്റെ സൗന്ദര്യ സങ്കൽപ്പത്തിനൊത്ത ആളാണോ താനെന്ന ചിന്ത അവനെ എപ്പോഴും അലട്ടുന്നു. അല്പം പൊക്കക്കുറവുള്ള പുരുഷനാണെങ്കിൽപ്പിന്നെ പറയുകയുംവേണ്ടാ. തന്റെ പൊക്കക്കുറവിനെക്കുറിച്ചോർത്ത് ആകുലപ്പെടാത്ത ഒരു നിമിഷംപോലും അവർക്കുണ്ടാകില്ല.

കല്യാണം കഴിക്കാത്ത പുരുഷന്മാരേക്കാൾ കഷ്ടമാണ് പലപ്പോഴും കല്യാണം കഴിഞ്ഞവരുടെ കാര്യം. അവർക്കാണ് സംശയങ്ങളും ഭയവും കൂടുതൽ. കിടപ്പറയിൽ താൻ മികച്ചവനാണോ എന്നതാണ് അവരെ അലട്ടുന്ന പ്രധാന വിഷയം. ഭാര്യയെ തൃപ്തിപ്പെടുത്താൻ തനിക്കാകുന്നുണ്ടോ, എന്നിൽ തൃപ്തി തോന്നാതെ അവൾ മറ്റു പുരുഷന്മാരോട് താല്പര്യം കാണിക്കുമോ എന്നിങ്ങനെ പോകുന്നു അവരുടെ സംശയങ്ങൾ.

ഭാര്യയ്ക്ക് രഹസ്യ കാമുകന്മാരുണ്ടാകുമോ എന്നുവരെ സംശയിക്കുന്ന ഭർത്താക്കന്മാർ, ഭാര്യയുടെ ആൺസുഹൃത്തുക്കളെ എപ്പോഴും സംശയത്തോടെ മാത്രമാകും നോക്കുക. അത്തരം സൗഹൃദങ്ങളിൽനിന്നും ഭാര്യയെ അകറ്റിനിർത്താൻ അവർ പല മാർഗ്ഗങ്ങളും തേടുന്നു. തന്നെക്കാൾ കൂടുതൽ സൗന്ദര്യവുമുള്ള കൂട്ടുകാരനോട് അവൾക്കു കൂടുതൽ ആകർഷണം തോന്നിയാലോ എന്നതാണ് അവരുടെ ഭയം.

“അയ്യേ ആൺകുട്ടികൾ കരയുന്നോ” എന്ന ചോദ്യം ചെറുപ്പം മുതൽ കേട്ടുവളരുന്ന ആൾകുട്ടികൾ, തങ്ങൾ ഒരിക്കലും കരയാൻ പാടില്ലാത്തവരാണെന്നു തെറ്റിദ്ധരിച്ചുവയ്ക്കുന്നു. കരഞ്ഞാൽ താനൊരു ദുരബലനാണെന്നു മറ്റുള്ളവർ കരുതുമെന്നു ചിന്തിച്ചു ഒന്നുറക്കെ കരയേണ്ട അവസരങ്ങളിൽ അതിനാകാതെ കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നു.

പണത്തിലും പദവിയിലുമാണ് സ്ത്രീകൾ കൂടുതൽ ആകൃഷ്ടരാകുന്നത് എന്ന് ചിന്തിക്കുന്ന പുരുഷന്മാർ കുറവല്ല. അതുകൊണ്ടുതന്നെ തന്റെ വരുമാനം ഇത്രയും മതിയോ, തന്റെ സമ്പാദ്യം കുറഞ്ഞുപോയോ, അത് നഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ച് അനാവശ്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുകയും ചെയ്യുന്നു. പണംകൊണ്ട് മാത്രം നേടാവുന്നതാണ് സ്ത്രീകളുടെ മനസ്സെന്ന കാര്യംപോലും ഇവർ മറന്നുപോകുന്നു.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter