മലയാളം ഇ മാഗസിൻ.കോം

ഇന്നാട്ടിൽ ഇക്കണ്ട മൊഞ്ചത്തിമാരൊക്കെ ഉണ്ടായിട്ടും നീ എന്തിനാ ഞാൻ ഉപേക്ഷിച്ച പെണ്ണിനെ രണ്ടാം കെട്ടു കെട്ടിയത് എന്ന ചോദ്യത്തിന് കിട്ടിയ മറുപടി

കല്യാണവീട്ടിൽ വന്ന കിളികളെയും അത്യാവശ്യം മൊഞ്ചുള്ള ആന്റിമാരെയും ഒക്കെ നല്ല നൈസായി ഏറുകണ്ണിട്ടു നോക്കി മീശമാധവനിലെ പിള്ളേച്ചനെപ്പോലെ മുഖത്ത് വ്യത്യസ്ത ഭാവങ്ങൾ വാരി വിതറി അങ്ങനെ നിൽക്കുന്നതിനിടക്കാണ് ചുമലിൽ ഒരു കൈ വന്ന് പതിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ ഒരു സുന്ദരനായ ചെറുപ്പക്കാരൻ…

വെളുത്തു ചുവന്നു തത്തമ്മച്ചുണ്ടും ബുൾഗാൻ താടിയും പിന്നൊരു കണ്ണടയും ഒക്കെ വച്ച ആ ചെറുപ്പക്കാരൻ മ്മളെ നോക്കി നല്ല പരിചയഭാവത്തിൽ ചിരിച്ചോണ്ട് നിൽക്കുന്നു. ഇവനാരെടെ, നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് ഇനി വല്ല കുണ്ടനും ആണോ എന്നൊക്കെ മനസ്സിലോർത്ത് സംശയഭാവത്തിൽ ഓനെ നോക്കുന്നതിനിടക്ക്. ഇങ്ങള് ഫസീലാൻറെ..

എന്ന് പറഞ്ഞ് മുഴുമിപ്പിക്കാതെ ഓൻ നിർത്തിയെങ്കിലും ആ പേര് കേട്ടതോടെ മ്മളെ സകല മൂഡും പോയിക്കിട്ടി. ഏത് ഫസീല… എന്ത് ഫസീല. എന്നൊക്കെ ചോദിച്ചു ഓന് മുഖം കൊടുക്കാതെ അവിടുന്നും വലിയാൻ നോക്കിയെങ്കിലും പഹയൻ വിട്ടില്ല. മ്മക്ക് കുറച്ചു മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഓൻ അധികാരത്തോടെ ന്റെ കയ്യിൽ പിടിച്ചു വലിച്ചു പന്തലിനു പുറത്തേക്ക് നടന്നപ്പോൾ പോകാൻ തീരെ ഇഷ്ടമല്ലാതിരുന്നിട്ട് കൂടി ഞാൻ അറിയാതെ അവനോടൊപ്പം നടന്നുപോയി….

പന്തലിലെ തിരക്കിൽ നിന്നൊക്കെ മാറി ഒഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോൾ ഓൻ കയ്യിൽ നിന്നുള്ള പിടി വിട്ടു. ഇങ്ങളെ എനിക്കറിയാം… ഞാൻ പഴയ കല്യാണഫോട്ടോയിലൊക്കെ കണ്ടിട്ടുണ്ട്… എന്ന് പറഞ്ഞപ്പോൾ ആശ്ചര്യമായി… അതിന് നീയേതാ… അന്നെ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ.

എന്ന് പറഞ്ഞപ്പോൾ ഓൻ എന്നെ നോക്കി ഒരു ഇളം ചിരി പാസാക്കിയിട്ട്… ന്നെ ഇങ്ങള് അറിയാൻ ചാൻസില്ല… ഞാനാണ് ഓളെ ഇപ്പളത്തെ കെട്ട്യോൻ… പേര് ഫാസിൽ. അത് കേട്ടപ്പോൾ എന്താന്നറിയൂല വല്ലാത്തൊരു നിരാശ പതിയെ മനസ്സിൽ പിടിമുറുക്കി… അത് മാക്സിമം പുറത്ത്‌ കാണിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ലെന്ന് തോന്നുന്നു…

മനസ്സിലേക്ക് കഴിഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി കേറി വന്നു വല്ലാതെ എടങ്ങേറാക്കാൻ തുടങ്ങി… ന്നാലും… മ്മള് ഇപ്പളും പറ്റിയ ഒന്നിനെ കിട്ടാതെ മുടക്കാച്ചരക്കായി വീട്ടിൽ ഇരിക്കുമ്പോൾ ഓൾക്കെവിടുന്നും ഇത്രേം കാണാൻ കൊള്ളാവുന്ന ഒരുത്തനെ കിട്ടി എന്നൊക്കെ ചിന്തിച്ചു ആകെ പ്രാന്തായി…

ഏതായാലും അതൊന്നും പുറത്ത്‌ കാണിക്കാതെ മുഖത്ത് ലേശം പുച്ഛം വാരിവിതറി.. ഇങ്ങളും രണ്ടാം കെട്ടാവും.. അല്ലേ. എന്ന് ചോദിച്ചു ആ ചെങ്ങായിനെ ചെറുതായൊന്നു നിരുത്സാഹപ്പെടുത്താൻ നോക്കി. പക്ഷേ ഓൻ അത് കേട്ട് പിന്നെയും ചിരിച്ചു. അല്ലാന്ന്… ആദ്യത്തെ കെട്ടാണ്…. ഓളെ കണ്ടു ഇഷ്ടപ്പെട്ടു… ആലോചനയും ആയി ചെന്നപ്പോഴാണ് കാര്യങ്ങളൊക്കെ അറിഞ്ഞത്..

എന്ന് നല്ല ആത്മവിശ്വാസത്തോടെയും ഭാവവ്യത്യാസം കൂടാതെയും പറഞ്ഞപ്പോൾ മ്മക്ക് പിന്നെയും കുരു പൊട്ടി. ഇന്നാട്ടിൽ ഇക്കണ്ട മൊഞ്ചത്തിമാരൊക്കെ ണ്ടായിട്ടും അനക്ക് രണ്ടാംകെട്ടുകാരിയായ ഓളെ മാത്രേ പറ്റിയുള്ളു. എന്ന് ചോദിച്ചു നല്ല അസ്സലൊരു പുച്ഛംകൂടി വച്ചുകൊടുത്തു.

അതിനെന്താ… ഇന്നാട്ടിൽ ഇക്കണ്ട മൊഞ്ചത്തിമാരൊക്കെ ഉണ്ടെങ്കിലും ഓൾക്ക് പകരം വെക്കാൻ ഓള് മാത്രല്ലേ ഉള്ളൂ.. അത് ഇങ്ങളോട് പ്രത്യേകം പറഞ്ഞു തരണ്ടല്ലോ ലേ. അതും പറഞ്ഞു ഓൻ ന്റെ മുഖത്തേക്കൊന്നു നോക്കി. അതുംകൂടി കേട്ടതോടെ മ്മള് ചെറുതായൊന്നു ചമ്മിയോ എന്നൊരു സംശയം…

ഓൻ വീണ്ടും ചിരിച്ചുകൊണ്ട്, ഓള് ങ്ങളെപ്പറ്റി ഇടയ്ക്കിടെ പറയാറുണ്ട്. എന്ന് പറഞ്ഞപ്പോൾ ഉള്ളില് ചിരി വന്നു. ആ കുരിപ്പിന് മ്മളെപ്പറ്റി പറയാൻ മാത്രം ഇപ്പൊ എന്താ ഉള്ളത് എന്നൊക്കെ ഓർത്തു. ഇടക്ക്. ഇനി മറ്റേതാവുമോ.? എന്നൊരു സംശയവും തോന്നാതിരുന്നില്ല. ലേശം ഇളിഞ്ഞ ഭാവത്തിൽ. ന്നെപ്പറ്റിയുള്ള കുറ്റം ആയിരിക്കും ലേ.

എന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു ഓന്റെ മറുപടി. ഇങ്ങളെപ്പറ്റി ഓള് നല്ലത് മാത്രേ പറഞ്ഞിട്ടുള്ളൂ… ഓളോട് ഇങ്ങള് മോശമായി ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും.. ഇങ്ങള് ഉപ്പാക്കും ഉമ്മാക്കും പ്രിയപ്പെട്ടവനാണെന്നും നല്ല സ്നേഹമുള്ള ആളാണെന്നും ഒക്കെയാണ് ഓള് പറഞ്ഞത്. അത് കേട്ടതോടെ വല്ലാത്തൊരു ഉൾപുളകം. ഇത്രയൊക്കെ ക്വാളിറ്റി ഞമ്മക്കുണ്ടോ എന്ന് എനിക്ക് തന്നെ ചെറിയൊരു സംശയം. അത് തീർക്കാൻ വേണ്ടി, സത്യായിട്ടും.

എന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ. സത്യം… വള്ളാഹി.. അല്ലേലും ഇങ്ങളോട് വന്ന് ഇങ്ങനൊരു കള്ളത്തരം പറയേണ്ട ആവശ്യം എനിക്കുണ്ടോ. എന്ന് ചോദിച്ചപ്പോൾ ഞാൻ അങ്ങനെയും ഒന്ന് ചിന്തിച്ചു നോക്കി. ശരിയാണല്ലോ… അല്ലേലും ഓനെന്തിനാ ഇപ്പൊ അങ്ങനെ പറഞ്ഞത് എന്നോർത്തപ്പോൾ പറഞ്ഞതൊക്കെ ശരി തന്നെയെന്ന് ഉറപ്പിക്കേണ്ടി വന്നു. ഇടക്ക് ഫസീലാൻറെ മുഖം മനസ്സിൽ തെളിയുകയും ചെയ്തു.

ചുരുളൻ മുടിയാണ് പഹച്ചിക്ക്. അത് ഇങ്ങനെ പനങ്കുല പോലെ അഴിച്ചിട്ടാൽ കള്ളിയങ്കാട്ട് നീലി ആണോന്ന് തോന്നിപ്പോകും. ചിരിക്കുമ്പോൾ നുണക്കുഴിക്ക് പകരം താടിക്ക് ഒരു ചുളിവ് വരും പോരാത്തതിന് മൂക്കിന്റെ രണ്ടു സൈഡിലും… അത് കാണാനും ഒടുക്കത്തെ മൊഞ്ചാണ്. അല്ല… എന്തിനാ ഓള് ഇങ്ങളെ വേണ്ടെന്ന് പറഞ്ഞത്… എത്ര ചോദിച്ചിട്ടും അത് മാത്രം ഓള് പറഞ്ഞിട്ടില്ല…. ഓളെ വീട്ടുകാരോട് ചോദിച്ചപ്പോൾ അവർക്കും അറിയൂല.

ഫസീലാൻറെ പുത്യേ കെട്ട്യോന്റെ ചോദ്യം കേട്ടാണ് കിനാവിൽ നിന്നും ഉണർന്നത്. ആ ചോദ്യം വല്ലാത്തൊരു ചോദ്യമായിരുന്നു. മറുപടി പറയണോ വേണ്ടേ എന്ന് കുറേ നേരം ചിന്തിക്കേണ്ടി വന്നു. പറയുകയാണെങ്കിൽ തന്നെ അതെങ്ങനെ പറയും എന്നതായിരുന്നു ഏറ്റവും വലിയ കൺഫ്യുഷൻ. പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട…

എന്നവൻ പറഞ്ഞെങ്കിലും പറയാതിരിക്കാൻ പറ്റിയില്ല. തെറ്റ് മുഴുവൻ ന്റടുത്താണ്… ഓളെ ഇഷ്ടായിരുന്നു ഒരുപാടൊരുപാട്… ഓളെപ്പോലൊരു മൊഞ്ചത്തിനെ കിട്ടുന്നത് വല്യൊരു ഭാഗ്യം തന്നെയാണ്. അത് പറഞ്ഞപ്പോൾ തന്നെ കുറ്റബോധം കൊണ്ട് കണ്ണ് വല്ലാതെ നിറഞ്ഞുപോയി. ഓളെ കെട്ട്യോൻ പുറത്ത്‌ തട്ടി ആശ്വസിപ്പിച്ചപ്പോൾ ചെറിയൊരു റിലാക്സേഷൻ കിട്ടി.

പെണ്ണ്‌ കെട്ടിയാലും ഇല്ലെങ്കിലും വേറെ പെണ്ണുങ്ങളെ കാണുമ്പോൾ ചെറുപ്പക്കാർക്ക്‌ ഒരു കൗതുകം തോന്നുന്നത്‌ സ്വാഭാവികമാണ്‌. പെണ്ണ്‌ കെട്ടിക്കഴിഞ്ഞാൽ അത്‌ ചിലപ്പൊ കൂടും. അങ്ങനെ ചെറിയൊരു കൗതുകം. അതവള്‌ കയ്യോടെ പിടിക്കുകയും ചെയ്തു. ഒന്നും പറഞ്ഞില്ല.. പിറ്റേന്ന്‌ തന്നെ കെട്ടും കെട്ടി ഇറങ്ങി കുറച്ചീസം കഴിഞ്ഞതോടെ ഡൈവോഴ്സ്‌ നോട്ടീസ്‌ വന്നു… അതൊപ്പിട്ടു കൊടുത്തതോടെ കാര്യങ്ങൾക്കൊരു തീരുമാനവും ആയി.

നിർത്താതെ അത്രയും പറഞ്ഞ്‌ തീർത്തപ്പോഴേക്കും കിതച്ചു പോയിരുന്നു.. ഒപ്പം ഓള്‌ ഇറങ്ങിപ്പോകുമ്പോൾ കലങ്ങിച്ചുവന്ന കണ്ടുകൊണ്ട്‌ ഒരു നോട്ടം നോക്കിയിരുന്നു.. അതുംകൂടി മനസ്സിലേക്ക്‌ കടന്നു വന്നതോടെ നെഞ്ചിടിപ്പിന്റെ താളം വല്ലാതെ കൂടി. മ്മ്‌… അപ്പൊ അതാണ്‌ കാര്യം.,, വേറെന്തൊക്കെയാ വിശേഷം.. വേറെ കല്യാണം നോക്കുന്നുണ്ടോ… അതോ കൗതുകം മാത്രേ ഉള്ളോ.

അത് ചോദിക്കുമ്പോൾ അവന്റെ മുഖത്ത് പ്രകടമായ വെറുപ്പ് ഹൃദയത്തെ കാർന്നു തിന്നുന്നതുപോലെ തോന്നി.. അത് അന്നത്തെ ഒരു സാഹചര്യത്തിൽ പറ്റിപ്പോയതാണ്… ഇപ്പൊ ഞാൻ കുറേ നന്നായി… ഇനി പറ്റിയൊരു പെണ്ണിനെ കിട്ടിയാൽ ഓളെയും കെട്ടി മാനം മര്യാദക്ക് ജീവിക്കണം ന്നാണ് പ്ലാൻ. എന്ന് പറഞ്ഞുകൊണ്ട് ആ നോട്ടത്തിൽ നിന്നും രക്ഷ നേടാൻ ചെറിയൊരു ശ്രമം നടത്തി. അത് വിജയിക്കുകയും ചെയ്തു..

ഏതായാലും ഫസീലനെപ്പോലെ ഒരു പെണ്ണിനെ ഇനി ഇങ്ങക്ക് കിട്ടാൻ ചാൻസില്ല… ന്നാലും ഇങ്ങക്ക് നല്ലൊരു പെണ്ണിനെ കിട്ടാൻ ഞാൻ ദുആ ചെയ്യാം. എന്നവൻ പറഞ്ഞപ്പോൾ അത് ശരിയാണെന്ന് തോന്നി. മ്മ്… ശരിയാ… ഓള് മുത്താണ്… കയ്യിലെ തിളക്കമുള്ള മുത്ത് കളഞ്ഞിട്ട് മിന്നാമിനുങ്ങിനെ പിടിക്കാൻ വേണ്ടി ഓടിയ ഞാനെന്തു മണ്ടനാ ലേ.

എന്ന് ഓനെ നോക്കി ദയനീയമായി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നിസ്സഹായനായി നോക്കിനിൽക്കുകയല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞില്ല. ന്നാ ശരി ഞാൻ പോട്ടെ ട്ടോ… ഇങ്ങളെ കണ്ട കാര്യം ഞാൻ ഓളോട് പറയാം. എന്നും പറഞ്ഞു അവൻ നടന്നകലുന്നത് കണ്ണിൽ നിന്നും മായുന്നത് വരെ നോക്കി നിന്ന ശേഷം തൊട്ടടുത്തുള്ള വണ്ടിയുടെ മിററിൽ ഒന്ന് മുഖം നോക്കി…

അന്നാണ് ഇമ്മക്ക് അണ്ടികളഞ്ഞ അണ്ണാന്റെ മുഖം ഏകദേശം എങ്ങനിരിക്കുമെന്ന് നേരിട്ട് കാണാൻ പറ്റിയത്. കൗതുകങ്ങൾ ഇന്ന് വരും നാളെ പോകും മറ്റന്നാൾ മുഴുവൻ പോകും. കഥയിൽ വേണമെങ്കിൽ ഒരു ട്വിസ്റ്റ് ഒക്കെ കൊടുത്ത് നായകനെയും നായികയെയും ഒന്നിപ്പിക്കുകയും ചെയ്യാം. പക്ഷേ ജീവിതം ഒന്നേ ഉള്ളൂ അത് സൂപ്പർഫാസ്റ്റ് ആണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചുപിടിക്കാൻ പറ്റിയെന്നു വരില്ല.

ഭർത്താവിന്റെ കൗതുകം | രചന: സലീൽ ബിൻ ഖാസിം

Avatar

Staff Reporter