ഈ പരനാറിയെ ഇപ്പോൾ നിങ്ങളിൽ പലർക്കും അറിയാമായിരിക്കും (ഫോട്ടോയ്ക്ക് ക്ലാരിറ്റി കുറവാണ് – ക്ഷമിക്കുക). അറിയാത്തവർക്കു വേണ്ടി പറയാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയിലെ വില്ലനാണ് കക്ഷി.
ആ വീഡിയോ കണ്ടതിൻ്റെ ഞെട്ടലും അറപ്പും ഇപ്പോഴും പോയിട്ടില്ല. ഏതോ പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടു സ്ത്രീകൾ. അമ്മയും മകളുമാണെന്ന് തോന്നുന്നു. അവർക്കു പുറകിൽ ഇയാൾ നിൽക്കുന്നു. തരംകിട്ടുമ്പോഴെല്ലാം തൻ്റെ ലിംഗഭാഗം കൊണ്ട് ആ കുഞ്ഞു പെൺകുട്ടിയുടെ ദേഹത്ത് ഉരസുന്നു!
ഇതൊക്കെ കണ്ടാലെങ്കിലും ചില \’നിഷ്കളങ്കർക്ക്\’ നേരം വെളുക്കുമെന്ന് തോന്നുന്നു. ഒാൺലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതി കൊണ്ടുവരുന്നു എന്ന വാർത്തകണ്ടപ്പോൾ പുരുഷൻമാരെ അവഗണിക്കുന്നു എന്നായിരുന്നു ചിലരുടെ പരാതി.
ബസ്സിൽ സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകൾ കണ്ടാൽ പലർക്കും അസഹിഷ്ണുതയാണ്.അവിടെ മാത്രം സ്ത്രീ-പുരുഷ സമത്വബോധം സടകുടഞ്ഞെഴുന്നേൽക്കും. നൂറു സ്ത്രീപീഡന കേസുകളെ ഒരു പുരുഷപീഡനം കൊണ്ട് ബാലൻസ് ചെയ്യുന്ന ആളുകളെയും കണ്ടിട്ടുണ്ട്.
എന്തുകൊണ്ട് ചില സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണന കിട്ടുന്നു എന്നു ചോദിച്ചാൽ, പുരുഷൻമാർ അനുഭവിക്കുന്ന പല പ്രിവിലേജുകളും സ്ത്രീകൾ അനുഭവിക്കുന്നില്ല എന്നതാണ് ഉത്തരം.പാട്രിയാർക്കി ഇവിടെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. സമത്വം എന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കില്ല. അനർഹമായ പിന്തുണ സ്ത്രീകൾക്ക് കിട്ടുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്.അതിനോട് എെക്യപ്പെടേണ്ടത് ആത്മാഭിമാനമുള്ള ഒരു പുരുഷൻ്റെ കടമയാണ്.
ഇനിയും മനസ്സിലാകാത്ത പുരുഷൻമാരുണ്ടെങ്കിൽ ചില ഉദാഹരണങ്ങൾ പറയാം. പുരുഷന് സ്വന്തം ശരീരത്തെക്കുറിച്ച് പേടി തോന്നേണ്ട കാര്യമില്ല. വിശ്വാസിയായ പുരുഷൻ തിരക്കുള്ള ആരാധനാലയത്തിൽ നിൽക്കുമ്പോൾ, അവൻ്റെ ചിന്ത ദൈവത്തെക്കുറിച്ചു മാത്രമാണ്. പക്ഷേ തൊട്ടപ്പുറത്ത് നിൽക്കുന്ന സ്ത്രീ ഏതുനിമിഷവും തനിക്കുനേരെ വന്നേക്കാവുന്ന ഒരു കൈയ്യിനെക്കുറിച്ച് സദാ ജാഗരൂകയായിരിക്കും.
ഷർട്ട് കീറിയാലോ അതിൻ്റെ ബട്ടനുകൾ അഴിഞ്ഞുകിടന്നാലോ പുരുഷന് ഒരു പരിധിയ്ക്കപ്പുറം വേവലാതിപ്പെടേണ്ട കാര്യമില്ല. അതേ സ്ഥാനത്ത് സ്ത്രീയാണെങ്കിൽ ഒരുപാട് തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടിവരും.
ബസ്സിൽ ഉണ്ടാവാറുള്ള \’ജാക്കിവെയ്പ്\’ എന്ന വൃത്തികെട്ട കലാരൂപം പുരുഷനുനേരെ അരങ്ങേറിയതായി അറിവില്ല. രാത്രിയാത്രകൾ നടത്തിയതിൻ്റെ പേരിൽ ഇന്നുവരെ ഒരു പുരുഷനും മോശക്കാരനായി മുദ്രകുത്തപ്പെട്ടിട്ടില്ല. ഞരമ്പുരോഗികളെ പേടിച്ച് ആഘോഷങ്ങൾ വേണ്ടെന്നു വെയ്ക്കേണ്ട ഗതികേട് ഇതുവരെ എന്നെപ്പോലുള്ളവർക്ക് ഉണ്ടായിട്ടില്ല. സ്ത്രീകൾക്ക് നേർവിപരീതമാണ് കാര്യങ്ങൾ!
അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കുക എന്ന വൃത്തികേടിന് ചിലപ്പോൾ പുരുഷനും ഇരയാകാറുണ്ട്. പക്ഷേ അവന് അതെളുപ്പം മറക്കാൻ കഴിയും. സമൂഹം ആണിനെയും പെണ്ണിനെയും ഒരേപോലെയല്ല വളർത്തിയെടുക്കുന്നത്. \’ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്കു തന്നെ\’ എന്ന ഉൗള പഴഞ്ചൊല്ലിന് ഇപ്പോഴും നല്ല ജനപ്രീതിയുണ്ട്. മാനവും ചാരിത്ര്യവും ഒക്കെ പെണ്ണിന് മാത്രമേ കൽപ്പിച്ചുകൊടുക്കാറുള്ളൂ.
ഇതിനെയൊക്കെ ചില സ്ത്രീകൾ എതിർത്താൽ അവരെ \’ഫെമിനിച്ചികൾ\’ എന്ന് വിളിച്ച് അധിക്ഷേപിക്കും. സമത്വത്തിന് വേണ്ടി വാദിക്കുന്ന പുരുഷൻമാർക്ക് \’പാവാടകൾ\’ എന്ന ഒാമനപ്പേരും കൊടുക്കും. ഇതൊക്കെ ശരിയായാണോ എന്ന് സ്വയം ചോദിക്കുക. പുരുഷനുമേൽ കുതിരകയറുന്ന ആശയമല്ല ഫെമിനിസം. സമത്വമാണ് അതിൻ്റെ ഉന്നം.ചിലർ ആ വാക്കിനെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. മറ്റു ചിലർ സത്യമറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു !
എൻ്റെ ലൈംഗികാവയവത്തിൽ നിന്ന് രക്തം വരുന്നത് എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ എൻ്റെ മുഖത്തും അത് പ്രതിഫലിക്കും. അവിടെയാണ് സ്ത്രീകളുടെ ഒൗന്നത്യം തിരിച്ചറിയേണ്ടത്. അവരുടെ ആർത്തവസമയങ്ങൾ നമ്മൾ അറിയാറില്ല. അവർ അറിയിക്കില്ല എന്നതാവും ശരി. ആ സമയത്ത് അവരിൽ ചിലർക്ക് കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവും എന്നതും ഒാർക്കണം.
വീഡിയോയിലേക്ക് മടങ്ങിവരാം.ആ പരനാറിയുടെ ചെകിട്ടത്ത് ഒന്നു പൊട്ടിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടത്.അത് കഴിഞ്ഞുള്ള പൊളിറ്റിക്കൽ കറക്റ്റ്നെസ്സേ ആവശ്യമുള്ളൂ. പക്ഷേ ആ അമ്മ കുട്ടിയെ അയാളുടെ സമീപത്തുനിന്ന് മാറ്റിനിർത്തുകയേ ചെയ്തുള്ളൂ.വളരെ യാഥാസ്ഥിതികയായ ഒരു സ്ത്രീയാണ് അവർ എന്ന് ഞാൻ ഭയപ്പെടുന്നു.
ആ പെൺകുട്ടിയെ നേരിൽ കണ്ടാൽ ഞാൻ പറയും- \’\’ആ വൃത്തികെട്ടവന് നിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.കഴിയുകയും ഇല്ല.ഒരു പുരുഷന് കവർന്നെടുക്കാൻ കഴിയുന്ന ഒന്നും തന്നെ സ്ത്രീയിലില്ല.മാനവും ചാരിത്ര്യവും അറബിക്കടലിൽ തള്ളണം….\’\’
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ട് എന്നാണല്ലോ. ഈ വിഷയത്തിലും ന്യായീകരണങ്ങൾ പ്രതീക്ഷിക്കാം. അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടികൾ ആണുങ്ങൾ കൂടുന്നിടത്ത് പോകാതെ വീട്ടിലിരിക്കണം എന്ന് പറയുന്നവരെ വൈകാതെ കാണാനായേക്കും. ഞരമ്പുരോഗികളുടെ കൈയ്യിലിരുപ്പിൻ്റെ പേരിൽ സ്ത്രീകൾ സ്വന്തം ആഗ്രഹങ്ങൾ പരിമിതപ്പെടുത്തണം പോലും! അതങ്ങ് മറ്റേടത്ത് പോയി പറഞ്ഞാൽ മതി! നിങ്ങൾ രാത്രി കിടന്നുറങ്ങിയതുകൊണ്ടല്ലേ വീട്ടിൽ കള്ളൻ കയറിയത് എന്ന് ചോദിക്കുന്നതുപോലെ ബാലിശമായ ഒരു വാദമാണത്.
അയാളെ \’സാഗർ ഏലിയാസ് ജാക്കി\’ എന്ന് വിശേഷിപ്പിച്ച് തമാശ പറയുന്നവരെ കണ്ടു.സ്പർശനം ഇഷ്ടപ്പെടുന്നതുകൊണ്ടല്ലേ ആ പെൺകുട്ടി പ്രതികരിക്കാത്തത് എന്ന് വാദിക്കുന്നവരെയും കണ്ടേക്കാം. ഒന്നും പറയാനില്ല. അവരെയൊക്കെ ജനിപ്പിച്ച നേരത്ത് വാഴ വെച്ചിരുന്നെങ്കിൽ എന്തെങ്കിലും ഉപകാരമുണ്ടായേനെ !
എൻ്റെ പിന്തുണ മുഴുവൻ ആ പെൺകുട്ടിയ്ക്കാണ്. മോളേ, എന്നെങ്കിലും നീ അവനെ കാണാനിടയായാൽ തലകുനിച്ച് നടക്കരുത്. അവൻ്റെ മുഖത്ത് നോക്കി ചിരിക്കണം. അവനെ തകർക്കാൻ ആ ചിരി മതി. അവനെ ഇല്ലാതാക്കാൻ നീ സന്തോഷത്തോടെ ജീവിക്കുന്നു എന്ന തിരിച്ചറിവ് മതി. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കൂ…
സന്ദീപ് ദാസ്