മലയാളം ഇ മാഗസിൻ.കോം

കടകളിൽ ബില്ലടക്കാൻ ഗൂഗിൾ പേയോ ഫോൺ പേയോ സ്കാൻ ചെയ്ത്‌ ഉപയോഗിക്കുന്നവർക്ക്‌ അറിയാമോ ഈ ഭീകര തട്ടിപ്പ്‌?

ഈ ചിത്രത്തിൽ ഉള്ളത് പോലെ കടയടക്കുമ്പോൾ സുരക്ഷിതമായി വെക്കാവുന്നതും കടയ്ക്കകത്ത് ഒട്ടിച്ചിരിക്കുന്നതുമായ ക്യൂആർ കോഡ് അല്ലാതെ പുറത്ത് ചുമരിലും പെട്ടിക്കടയുടെ പുറത്തും ഉന്തുവണ്ടിയുടെ സൈഡിലും ഒക്കെ യൂപിഐ QR കോഡ് ഒട്ടിച്ച് വെച്ചിരിക്കുന്നത് കണ്ടിരിക്കും. അവിടെ ഉള്ള ക്യൂആർ കോഡിന്റെ പുറത്ത് മറ്റൊരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത മർച്ചന്റ് ക്യൂആർ കോഡ് ഒട്ടിച്ചാൽ എന്ത് സംഭവിക്കും?

പൈസ കടക്കാരന്റെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം ഈ അക്കൗണ്ടിലേക്ക് പോകും. ഉപഭോക്താക്കൾ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ കാണിക്കുന്ന വെരിഫൈഡ് നെയിം ഒന്നും നോക്കാറില്ല. പല കടക്കാരും പൈസ വന്നോ എന്ന മെസ്സേജ്ഉം നോക്കാറില്ല. ചിലരാകട്ടെ യൂസറുടെ മൊബൈലിൽ സക്സസ്ഫുൾ എന്ന് കാണിച്ചാൽ അത് മാത്രം നോക്കും.

ബിസിനസ് ആപ്പ് യൂസ് ചെയ്യാൻ പലർക്കും അറിയില്ല. അതല്ലെങ്കിൽ കടയുടമ സ്ഥലത്തു ഇല്ലെങ്കിൽ കടയിൽ ഇരിക്കുന്ന ആളുടെ മൊബൈലിൽ മെസ്സേജ് വരുന്ന രീതിയിലോ ആപ്പിൽ കാണാവുന്ന രീതിയിലോ പലരും സെറ്റ് ചെയ്തിടാറും ഇല്ല. ഈ അജ്ഞത മുതലെടുത്ത് ചെന്നൈയിലെ ഒരു പയ്യൻ ഓൾഡ് മഹാബലിപുരം റോഡിലെ കുറെ കടകളിൽ ആദ്യം പറഞ്ഞ രീതിയിൽ ഒരു തട്ടിപ്പ് നടത്തി. രാത്രി വന്നു ക്യൂആർ കോഡിന് മുകളിൽ അവന്റെ ക്യൂആർ കോഡ് ഒട്ടിക്കും. ഒന്നുകിൽ കടക്കാർ പണം റിസീവ് ആയോ എന്ന് ശ്രദ്ധിക്കില്ല. അല്ലെങ്കിൽ പണം കിട്ടിയില്ല എന്ന് പറഞ്ഞാൽ കസ്റ്റമർ വീണ്ടും പേ ചെയ്തു പേയ്‌മെന്റ് ആപ്പിനെ തെറിവിളിക്കും. പക്ഷെ ഇതിൽ ഒരു റിസ്ക് എലമെന്റ് ഉണ്ട്.

സ്ഥിരമായിട്ട് ഇതങ്ങനെ വെച്ചിരുന്നാൽ ഏതെങ്കിലും ശ്രദ്ധയുള്ള ഉപഭോക്താവ് ചിലപ്പോൾ ഈ ക്യൂആർ സ്കാൻ ചെയ്യുമ്പോൾ കിട്ടുന്ന ബാങ്കിങ് നെയിം മാറിയിരിക്കുന്നത് ശ്രദ്ധിച്ചു എന്നിരിക്കും. ചിലപ്പോൾ ഈ പ്രശ്നം തുടർക്കഥ ആയാൽ കടക്കാരൻ തന്നെ ശ്രദ്ധിച്ചെന്നു വരും. അതിനു വേണ്ടി അഭിനവ ജോർജ് കുട്ടി ഒരു ഭാഗ്യപരീക്ഷണം നടത്തി.

മൂന്ന് ദിവസം കഴിയുമ്പോൾ അവൻ ക്യൂആർ മാറ്റും. പഴയത് തന്നെ വെക്കും അപ്പോൾ മൂന്ന് ദിവസത്തെ എന്തോ ടെക്നിക്കൽ മിസ്റ്റേക്ക് ആണെന്ന് കരുതി കടക്കാർ അത് അവഗണിക്കും. വലിയ പൈസ നഷ്ടമായവർ മാത്രം സർവീസ് പ്രൊവൈഡറെ തെറി വിളിക്കും. ചിലപ്പോൾ ആ പരിപാടി തന്നെ അവസാനിപ്പിക്കും. എന്തായാലും ആശാനെ അവസാനം പോലീസ് പൊക്കിയിട്ടുണ്ട്.

അതുകൊണ്ട് കടയിൽ മൊബൈൽ പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യുന്നവർ ക്യൂആർ കോഡ് അകത്ത് തന്നെ വെക്കുക. ഏറ്റവും പ്രധാനം ബിസിനസ് ആപ്പ് നന്നായി യൂസ് ചെയ്യുക. പേയ്‌മെന്റ് വന്നോ എന്ന് അതിൽ നോക്കി ഉറപ്പ് വരുത്തുക. പല ബിസിനസ് ആപ്പിലും വോയ്‌സ് നോട്ടിഫിക്കേഷൻ ഒക്കെ ഉണ്ട്. തിരക്കുള്ള കടകളിൽ അതൊക്കെ വലിയ ഉപകാരമാണ്. ഉടമ കടയിൽ ഇല്ല എങ്കിൽ കടയിൽ നിൽക്കുന്ന ആളെ ബിസിനസ്സ് ആപ്പിൽ സ്റ്റാഫ് ആയി ആഡ് ചെയ്യുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ റിസീവർ ആയി ആഡ് ചെയ്യുക.

കടപ്പാട് : പ്രവീൺ

Avatar

Staff Reporter