22
November, 2017
Wednesday
06:18 PM
banner
banner
banner

സൗദി വാണിജ്യ-വ്യാപാര മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ; ഏറെ ബാധിക്കുക മലയാളി പ്രവാസികളെ

സ്വദേശിവൽക്കരണം തീവ്രമാക്കിയ സൗദിഅറേബ്യയിൽ പതിനായിരക്കണക്കിന്‌ മലയാളികൾ പണിയെടുക്കുന്ന വാണിജ്യ-വ്യാപാരമേഖലയിൽ കൂട്ട പിരിച്ചുവിടൽ ആസന്നം.

മാളുകൾ, വാണിജ്യവ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽ സമ്പൂർണ സ്വകാര്യവൽക്കരണം ഏർപ്പെടുത്തുമെന്ന ഉത്തരവ്‌ പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. മുക്കാൽ ലക്ഷത്തോളം മലയാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയ മൊബെയിൽ മേഖലയിലെ സ്വദേശിവൽക്കരണത്തിനുശേഷം ഏറ്റവും വലിയ ആഘാതമുണ്ടാക്കുന്നതാണ്‌ ഈ മേഖല. മലയാളികൾക്ക്‌ ഏകദേശം പൂർണാധിപത്യമുള്ള ‘ബഖാല’ എന്നറിയപ്പെടുന്ന പലചരക്കുകടകളും സ്വദേശിവൽക്കരിക്കുന്നതോടെ ലോകത്ത്‌ ഏറ്റവുമധികം മലയാളികൾ ജോലി ചെയ്യുന്ന സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചൊഴുക്കാണ്‌ പ്രവാസികളെ കാത്തിരിക്കുന്നത്‌. ഫാർമസി മേഖലയിൽ നടത്തിയ സ്വദേശിവൽക്കരണത്തിലും ഏറ്റവുമധികം പണി പോയത്‌ മലയാളികൾക്കാണ്‌.

നഴ്സിങ്‌, പാരാമെഡിക്കൽ മേഖലകളിലും ഘട്ടം ഘട്ടമായി സ്വദേശികളെ കുടിയിരുത്താൻ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ ഫലമായി ആദ്യഘട്ടത്തിൽ കാൽ ലക്ഷത്തോളം മലയാളി നഴ്സുമാരെയാണ്‌ പിരിച്ചുവിടുക. വിദേശത്ത്‌ ഉൾപ്പെടെ ഇതിനകം പരിശീലനം നേടിയ പതിനായിരത്തോളം സൗദി നഴ്സുമാരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നടപടികളും പൂർത്തിയായി വരുന്നതിനിടയിലാണ്‌ വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലെ സ്വദേശിവൽക്കരണത്തിന്റെ വെള്ളിടി. ഇത്തരം സ്ഥാപനങ്ങളിൽ പരമ്പരാഗതമായി ജോലി ചെയ്തിരുന്നവരാണ്‌ മലയാളികൾ. നാലാം തലമുറയിലെ സൗദി പ്രവാസി മലയാളികൾ വരെ ഇവിടെ പണിയെടുക്കുന്നു. ഈ രംഗത്ത്‌ മൂന്ന്‌ ലക്ഷത്തിൽപരം വിദേശികൾക്കാണ്‌ സ്വദേശിവൽക്കരണ ഉത്തരവുമൂലം തൊഴിൽ നഷ്ടപ്പെടുന്നതെന്ന്‌ പ്രവാസി സംഘടനകൾ കണക്കുകൂട്ടുന്നു. ഇവരിൽ രണ്ട്‌ ലക്ഷവും ഇന്ത്യാക്കാരാണ്‌. അവരിൽ ഒന്നരലക്ഷത്തിലേറെ മലയാളികളും.

ബഖാലകൾ എന്ന ചെറുകിടവ്യാപാര സ്ഥാപനങ്ങൾ ആയിരക്കണക്കിനുണ്ട്‌ സൗദി അറേബ്യയിൽ. പരമ്പരാഗതമായി ഇവയിൽ 80 ശതമാനവും മലയാളികളുടേതാണ്‌. ബഖലകളും സ്വദേശിവൽക്കരിക്കണമെന്ന്‌ സൗദി ചേംബർ ഓഫ്‌ കോമേഴ്സ്‌ ഇന്നലെ ആവശ്യപ്പെട്ടു. ഓരോ ബഖലയിലും മൂന്ന്‌ മുതൽ അഞ്ച്‌ വരെ ജീവനക്കാരുള്ളതിനാൽ ഈ രംഗത്തുനിന്ന്‌ എടുത്തെറിയപ്പെടുന്നതും ആയിരക്കണക്കിന്‌ മലയാളികളായിരിക്കും. സൗദിയിലെ തൊഴിൽരഹിതരായ സ്വദേശികൾ പത്ത്‌ ലക്ഷത്തോടടുക്കുന്ന സാഹചര്യത്തിലാണ്‌ എല്ലാ മേഖലകളിലും സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതെന്നാണ്‌ തൊഴിൽ മന്ത്രാലയത്തിന്റെ വിശദീകരണം.

കെ രംഗനാഥ്‌, Janayugom

RELATED ARTICLES  സ്വദേശി വൽക്കരണം: വൻ തിരിച്ചടി നേരിട്ട്‌ സൗദിയിലെ സ്വർണ്ണ വിപണിയും പ്രവാസി മലയാളികളും
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments