മലയാളം ഇ മാഗസിൻ.കോം

സത്യൻ അന്തിക്കാടിന്റെ സിനിമയിലെ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ നാട്ടിൽ സംഭവിച്ചു! വാജ്പേയിയും ഇത്‌ പറഞ്ഞിട്ടുണ്ട്‌

കേരളത്തിനു പുറത്ത് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ചെറിയ സംരംഭങ്ങൾ ആരംഭിച്ച് വൻ വിജയം കൈവരിച്ച നിരവധി മലയാളികളെ കാണുവാൻ സാധിക്കും. എന്നാൽ സ്വന്തം നാട്ടിൽ അത്തരത്തിൽ വിജയിച്ച എത്ര പ്രവാസികളെ കാണുവാൻ സാധിക്കും? ഗൾഫിൽ മുതൽ മുടക്കുമ്പോൾ ഇല്ലാത്ത നിരവധി പ്രശ്നങ്ങൾ കേരളത്തിൽ മുതൽ മുടക്കുമ്പോൾ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിൽ ഏറ്റവും വലിയ പ്രശ്നങ്ങൾ രാഷ്ടീയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നതാണ്. ആഗ്രഹം ഉണ്ടായിട്ടും കേരളത്തിൽ മുതൽ മുടക്കുവാൻ പലരും മടികാണിക്കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്.

\"\"

മുപ്പത്തഞ്ച് വർഷം പ്രവാസ ജീവിതം നയിച്ച് ഒടുവിൽ അറുപത്തിനാലാം വയസ്സിൽ നാട്ടിൽ ഒരു ചെറിയ വർക്ക് ഷൊപ്പ് തുടങ്ങുവാൻ മുതൽ മുടക്കിയ പ്രവാസി രാഷ്ടീയക്കാരുടെ ശല്യം മൂലം ആത്മഹത്യ ചെയത് കഴിഞ്ഞ ദിവസമാണ്. മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന ഓരോ പ്രവാസികളുടേയും സ്വപ്നമാണ് നാട്ടിൽ എന്തെങ്കിലും ചെറിയ ജോലിയോ ബിസിനസ്സോ ആയി കഴിയുക എന്നത്.

എന്നാൽ കേരളത്തിലെ രാഷ്ടീയ തൊഴിലാളി യൂണിയൻ നേതാക്കൾ അത്തരം സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നതിന്റെ ചരിത്രത്തിനു അമ്പത് പതിറ്റാണ്ടിന്റെയെങ്കിലും ചരിത്രം ഉണ്ട്. ഇന്നും അത് യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. കാരണം കാര്യമായ മുതൽ മുടക്കോ വിദ്യാഭ്യാസ യൊഗ്യതയോ ശാരീരിക അധ്വാനമോ ഇല്ലാതെ അധികാരവും സമ്പത്തും ആർജ്ജിച്ച് കൊണ്ടു നടക്കാവുന്ന ഒരു ഏർപ്പാടാണ് രാഷ്ടീയം. അന്യന്റെ വിയർപ്പിനെ ചൂഷണം ചെയ്തുകൊണ്ടാണ് മിക്കവാറും നേതാക്കളും സമ്പന്നരായി ജീവിക്കുന്നത്.

\"\"

ഇത്തരം രാഷ്ടീയക്കാരെ തുറന്നുകാണിച്ച മൂന്ന് ചലച്ചിത്രങ്ങളാണ് പഞ്ചവടിപ്പാലം, സന്ദേശം, വരവേല്പ് എന്നിവ. ഈ സിനിമകൾ റിലീസ് ചെയ്തിട്ടു പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇന്നും കേരളീയ സമൂഹത്തിൽ കാലിക പ്രസക്തിയോടെ നിലനിൽക്കുന്നു. പൊതു ജനങ്ങളുടെ മുമ്പിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്ന രാഷ്ടീയക്കാരുടെ ഇടയിൽ നിലനിൽക്കുന്ന പരസ്പര ധാരണയും പദ്ധതികൾ ശരിയാം വണ്ണം നടത്താതെ അഴിമതിനടത്തുന്നതുമെല്ലാം തുറന്നുകാണിച്ച ചിത്രമായിരുന്നു കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം. മറ്റു രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടും രചന നിർവ്വഹിച്ചത് ശ്രീനിവാസനുമാണ്.

മുൻ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് കേരളത്തിൽ വ്യവസായം തുടങ്ങുന്നവർ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെ പറ്റി പറഞ്ഞപ്പോൾ ഉദാഹരിച്ചതും വരവേല്പ് എന്ന സിനിമയെയാണ്. സമീപകാല സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ പലതും നമ്മളുടെ മനസ്സിൽ തങ്ങിനിൽക്കും വിധം ജീവിതവുമായോ രാഷ്ടീയ പരിസരങ്ങളുമായോ വേണ്ടത്ര സംവദിക്കുന്നില്ല.

\"\"

എന്നാൽ 1989-ൽ റിലീസ് ചെയ്ത വരവേല്പും 1991-ൽ റിലീസ് ചെയ്ത സന്ദേശവും ഇരുപത്ത് വർഷം പിന്നിട്ടിട്ടും കേരളീയ സമൂഹത്തിൽ പ്രസക്തമായി നിലനിൽക്കുന്നു. 35 വർഷം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് വിദേശ നാണ്യം അയച്ച വ്യക്തിയാണ് പുനലൂരുകാരൻ സുഗതൻ. നാട്ടിൽ സ്വന്തമായി ഒരു ചെറു സംരംഭം ആരംഭിക്കുന്നതിനു രാഷ്ടീയക്കാർ ഭീഷണിയായപ്പോൾ ആ സ്ഥപാനത്തിൽ ആത്മഹത്യ ചെയ്ത എന്ന 64 കാരനും വർഷങ്ങൾക്ക് മുമ്പ് വരവേല്പ് എന്ന സിനിമ കണ്ടിരിക്കുവാൻ ഇടയുണ്ട്.

പ്രവാസജീവിതം അവസാനിപ്പിച്ചു സ്വന്തം നാട്ടിൽ ഉപജീവനത്തിനായി ഒരു ചെറിയ വർക്ക് ഷോപ്പ് തുടങ്ങുവാനായി താൽക്കാലിക ഷെഡ്ഡ് നിർമ്മിക്കുമ്പോൾ ആ മനസ്സിൽ ഭാര്യയേയും മക്കളെയും അതിന്റെ വരുമാനത്തിൽ നിന്നും പുലർത്താം പ്രതീക്ഷകളായിരുന്നു. എന്നാൽ ഏതു സംരംഭവും ആരംഭിക്കുമ്പോൾ അതിൽ നിന്നും വിഹിതം പറ്റുവാൻ ശ്രമിക്കുന്ന രാഷ്ടീയക്കാർ വെറുതെ ഇരിക്കുമോ? അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിന്റെ പ്രവർത്തനങ്ങൾക്ക് നിരന്തരം തടസ്സം സൃഷ്ടിച്ചുകൊണ്ടേ ഇരുന്നു.

\"\"

അവർ അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിനു മുമ്പിൽ കൊടികുത്തി. ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുമ്പത്തിന്റെ ഏക ഉപജീവനമാർഗ്ഗമാണ് താൻ നിർമ്മിക്കുന്നത് അത് തടയരുതെന്ന് കരഞ്ഞു പറഞ്ഞിട്ടും അവർക്ക് അത് ചെവിക്കൊള്ളുവാൻ ആയില്ല. പ്രവാസ ലോകത്ത് ചോരനീരക്കി ഉണ്ടാക്കുന്ന പണം സംഭാവനായായും മറ്റും വാങ്ങുന്നവർക്ക് അറിയില്ലല്ലോ ഓരോ പ്രവാസിയുടേയും ദുരിതങ്ങളെ പറ്റി. അവർ സഹിക്കുന്ന ത്യാഗത്തെ പറ്റി. അവർ സുഗതനെ നിരന്തരം വേട്ടയാടി ഒടുവിൽ സഹികെട്ട് ആ മുൻ പ്രവാസി ആത്മഹത്യ ചെയ്തു.

സത്യൻ അന്തിക്കാടിന്റെ കാലാതിവർത്തിയായ സിനിമകളിൽ ഒന്നായ വരവേല്പ് പറഞ്ഞുവച്ചതും ഒരു പ്രവാസി കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായി നാട്ടിൽ ഒരു ട്രാൻസ്പോർട്ട് സർവ്വീസ് തുടങ്ങുവാൻ ശ്രമിച്ചതും നാട്ടിലെ യൂണിയൻ നേതാവും സംഘവും അത് തകർത്ത് കയ്യിൽ കൊടുത്തതുമായിരുന്നു. ഒടുവിൽ നായകനു തിരിച്ചു ഗൾഫിലേക്ക് പോകേണ്ടിവന്നു. ഇവിടെ സുഗുണന് 64 നാലാം വയസ്സിൽ ഒരു മടക്കം സാധ്യമല്ലായിരുന്നു. അതിനാൽ എല്ലാം നഷ്ടപ്പെട്ട അയാൾ ആത്മഹത്യയിലേക്കാണ് രാഷ്ടീയക്കാരാൽ നയിക്കപ്പെട്ടത്. അധ്വാനിക്കുന്നവരെ ചൂഷണം ചെയ്തു ജീവിക്കുന്ന നാടിന്റെ ശാപമായ ഇത്തരം നേതാക്കൾക്ക് അപ്രമാദിത്വം ഉള്ളിടത്തോളം കാലം സുഗതന്മാർ ഇനിയും കയറെടുക്കേണ്ടിവരും.

\"\"

ഇത് ഒറ്റപ്പെട്ട സംഭവം ആണെന്ന് പറയുവാൻ ആകില്ല. വരവേല്പിലൂടെ കേരളത്തിന്റെ അവസ്ഥ വളരെ കൃത്യമായി അടയാളപ്പെടുത്തിയ സത്യൻ അന്തിക്കാടിന്റേയും കൃഷി മന്ത്രി സുനിൽ കുമാറിന്റെയും നാടായ അന്തിക്കാട്ടെ സമാനമായ ഒരു സംഭവം നോക്കാം. അന്തിക്കാട് മണലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ യഥേഷ്ടം നെൽ വയൽ നികത്തൽ നടക്കുന്നുണ്ട്. ഒരു പ്രമുഖ ചാത്തൻ സേവാ മഠത്തിന്റെ സമീപത്ത് ഏക്കറുകണക്കിനു വയലുകളാണ് നികത്തപ്പെടുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

അന്തിക്കാട് പഞ്ചായത്തിൽ വള്ളൂരിൽ ഒരു നിലക്കും കൃഷി ചെയ്യുവാൻ സാധ്യമല്ലാത്ത വിധം ചുറ്റുമുള്ളവർ വയൽ നികത്തി വീടുകൾ നിർമ്മിച്ചതിന്റെ ഒരുഭാഗത്ത് പ്രവാസിയായ ഒരു വ്യക്തിയുടെ പാതിയും നികന്ന അഞ്ച് സെന്റ് ഭൂമിയുണ്ട്. സുഗതനെ പോലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കുറച്ച് പേർക്ക് തൊഴിൽ നൽകുവാൻ ഉപകരിക്കുന്ന ഒരു ചെറിയ വ്യവസായ യൂണിറ്റ് ആരംഭിക്കുവാൻ അതിന്റെ ഉടമ ശ്രമം തുടങ്ങി.

തങ്ങളുടെ ഒത്താശയില്ലാതെ ഒരു സംരംഭം തുടങ്ങുന്നതിനായ ശ്രമങ്ങൾ ആരംഭിച്ചത് അറിഞ്ഞ ഉടനെ ചുവപ്പും കാവിയും കൊടിയേന്തിയ രാഷ്ടീയപ്രവർത്തകർ വിഷയത്തിൽ ഇടപെടുന്നു. ആ ഉദ്യമത്തെ തടയുന്നു. അതോടൊപ്പം ആ ഭൂമിയിൽ നിന്നിരുന്ന ഒരു വലിയ മരം രാഷ്ടീയ പാർട്ടിയുടെ അനുഭാവിയായ ഒരാൾ മോഷ്ടിച്ചു കൊണ്ടു പോകുകയും ചെയ്തു. ഇയാൾക്ക് അനുകൂലമായ വാദങ്ങലുമായി ദേശീയതലത്തിൽ തന്നെ ബദ്ധവൈരികളായ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയത്. മരം മോഷണം നടന്നു എന്ന് ഉടമസ്ഥൻ അധികാരപ്പെടുത്തിയ വ്യക്തി എഴുതിനൽകിയ പരാതിയിൽ വ്യക്തമാക്കിയെങ്കിലും അന്തിക്കാട് പോലീസിൽ നിന്നും ലഭിച്ച റസീറ്റിൽ അക്കാര്യം വ്യക്തമാക്കിയിട്ടില്ല.

\"\"

തൊണ്ടിമുതൽ ഇപ്പോഴും ആരോപണ വിധേയന്റെ വീട്ടിൽ പരസ്യമായി തന്നെ ഇരിക്കുന്നുമുണ്ട്. രാഷ്ടീയ-പോലീസ് കൂട്ടുകെട്ട് എപ്രകാരമാണ് ഒരു പ്രവാസിക്ക് നീതിനിഷേധിക്കുന്നതെന്നും ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്നതെന്നും ഇത്തരം അനേകം ഉദാഹരണങ്ങൾ കേരളത്തിൽ നിന്നും കണ്ടെടുക്കുവാൻ സാധിക്കും. കൊടുക്കുന്ന ഷെയറിന്റെ വലിപ്പത്തിനനുസരിച്ചാണൊ വ്യവസായ സംരംഭം തുടങ്ങുന്നിടത്തും നിലം നികത്തുന്നിടങ്ങളിളും രാഷ്ടീയപാർട്ടികളുടെ കൊടി ഉയരുന്നതെന്ന ചോദ്യം സ്വഭാവികമായും ഇവിടങ്ങളിൽ നിന്നും ഉയരുന്നു.

സംരഭം തുടങ്ങുന്നവരെ ആത്മഹത്യയിലേക്ക് എത്തിക്കുന്ന അതല്ലെങ്കിൽ നിരന്തരം ചൂഷണം ചെയ്യുന്ന കേരളത്തിലെ രാഷ്ടീയ അന്തരീക്ഷത്തെ പറ്റി വാജ്പേയിയും സത്യൻ അന്തിക്കാടും പറഞ്ഞതാണ് സത്യമെന്ന് സുഗതന്റെ ആത്മഹത്യയും അന്തിക്കാട് നടന്നുകൊണ്ടിരിക്കുന്നത് പൊലെ ഉള്ള സംഭവങ്ങളും നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടേ ഇരിക്കും. നേതാക്കന്മാർ ഗൾഫിൽ എത്തുമ്പോൾ ഊഷ്മളമായ സ്വീകരണം നൽകുന്ന പ്രവാസികൾ ഓർക്കുക നിങ്ങൾ ഒരു സംരംഭം നാട്ടിൽ തുടങ്ങുമ്പോൾ കാത്തിരിക്കുന്നത് സുഗതനെ ആത്മഹത്യയിലേക്ക് എത്തിച്ച അനുയായി കൂട്ടങ്ങളാണെന്ന്.

ഒരു മൃതദേഹത്തിനായി രണ്ടു പാർട്ടിക്കാർ പരസ്പരം അടികൂടുന്നതിന്റെ കാരണങ്ങൾ സന്ദേശം എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അത് പിന്നീട് 25 വർഷങ്ങൾക്ക് ശേഷം അദ്ദെഹത്തിന്റെ ജില്ലയിൽ കൈപമംഗലത്ത് സംഭവിക്കുകയും ചെയ്തു. ഇപ്പോൾ വരവേല്പിനെ സംഭവങ്ങളാണ് അന്തിക്കാട് നടക്കുന്നത്.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor