മലയാളം ഇ മാഗസിൻ.കോം

രാഷ്ടീയക്കാരെ തുറന്ന്‍ കാണിച്ച് മുമ്പേ നടന്ന അന്തിക്കാട്ടുകാരന്‍; കാലത്തിന്റെ ചില തിരിച്ചറിവുകൾ!

പഞ്ചവടിപ്പാലവും, സന്ദേശവും രാഷ്ടീയക്കാരെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ വളരെ കൃത്യമായി ഹാസ്യരൂപേണ അടയാളപ്പെടുത്തിയിട്ടുണ്ട്. നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി സത്യന്‍ അന്തിക്കാട് തന്റെ സിനിമകളില്‍ ആവിഷ്കരിച്ച പലതും സാമൂഹ്യ രാഷ്ടീയ മണ്ഡലങ്ങളിലെ കാപട്യങ്ങളിലേക്കും കൊള്ളരുതായ്മകളിലേക്കും ഉള്ള ചൂണ്ടുപലകയായിരുന്നു. ഇരുപത്തഞ്ച് വര്‍ഷത്തിലേറെയായി ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവച്ച സന്ദേശം എന്ന സിനിമയില്‍ പറഞ്ഞു വച്ച കാര്യങ്ങള്‍ ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ഭക്തിയെ സംബന്ധിച്ച്ചുള്ള താത്വികാചാര്യന്റെ ഇരട്ടതാപ്പും, ഒരാള്‍ മരിച്ചാല്‍ ആ മൃതദേഹത്തെ രാഷ്ടീയക്കാര്‍ എങ്ങിനെയാണ് തങ്ങളുടെ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് തുടങ്ങി രാഷ്ടീയ നേതാവിന്റെ സ്വീകരണമൊരുക്കിയതിനെ തുടര്‍ന്ന് വീട് കൊള്ളയടിക്കുന്ന അനുഭവം വരെ രസകരമായി ആ ചിത്രം ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. സന്ദേശത്തില്‍ മാത്രമല്ല സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ പലതിലും ഇത്തരം സംഭവങ്ങള്‍ കാണാം. ഇത് പിന്നീട് ജനങ്ങളുടെ ചര്‍ച്ചകളിലും, ടെലിവിഷന്‍ പരിപാടികളിലും, ടെലിവിഷനിലും ഓണ്‍ലൈനിലുമെല്ലാം പല രീതിയില്‍ അതാതു സമയത്തെ സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി വ്യത്യസ്ഥരീതിയില്‍ അവതരിപ്പിക്കപ്പെടാറുമുണ്ട്.

ഓണ്‍ലൈനിലും, ടെലിവിഷന്‍ ചാനലുകളിലും ഇപ്പോള്‍ “വൈറല്‍:ആയിരിക്കുന്നത് എം.എസ്.എഫ് നേതാവ് സയ്യിദ് ശറഫുദ്ദീന്‍ ജാഫ്രി പോലീസ് ലാത്തിച്ചാര്‍ജ്ജിന്റെ ഇടയില്‍ നിന്നും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ്. മുസ്ലിം വിദ്യാര്‍ഥി പ്രസ്ഥാനത്തിനു വലിയ ചരിത്രമുണ്ട്. ഞങ്ങള്‍ സമരത്തിനിറങ്ങിയാല്‍ വിജയം കണ്ടേ മടങ്ങാറുള്ളൂ എന്ന് ആവേശത്തോടെ അണികള്‍ക്ക് മുമ്പില്‍ പ്രസംഗിക്കുന്ന യുവ നേതാവ് ലത്തിച്ചാര്‍ജ്ജ് തുടങ്ങിയതോടെ ചെരിപ്പ് ഊരികയ്യില്‍ പിടിച്ച് ജീവനും കൊണ്ട് ഓടുകയാണ് ഉണ്ടായത്. അണികളെ പോലീസിനു തല്ലാന്‍ വിട്ടു കൊടുത്ത് ജീവനും കൊണ്ട് ഓടുന്ന നേതാവിന്റെ ദൃശ്യങ്ങള്‍ വലിയ തോതില്‍ പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനു സമാനമായ ഒരു സംഭവം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ഉണ്ട്. ഹോമ്യോ ഡോക്ടറ്. ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കിയ ആ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകനും വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായ ഫഹദ് ഫാസില്‍ ഒരു പോലീസ് ലാത്തി ചാര്‍ജ്ജിന്റെ ഇടയില്‍ നിന്നും ഓടുന്ന സംഭവം അതീവ രസകരമായാണ് അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഏറേ രസിച്ച അഭ്രപാളിയിലെ ആ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എം.എസ്.എഫ് നേതാവ് ശരിയായ ജീവിതത്തില്‍ അവതരിപ്പിച്ച് കാണിക്കുന്നു. ഇതിന്റെ രണ്ടിന്റേയും ദൃശ്യങ്ങള്‍ ചേര്‍ത്ത് ടെലിവിഷന്‍ ചാനലുകള്‍ ഹാസ്യ പരിപാടിയും ട്രോളന്മാര്‍ ഓണ്‍ലൈനിലും ആ‍ഘോഷിക്കുന്നു.

ആകാശത്തിനു കീഴെ ഉള്ള എന്തു വിഷയമായാലും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന രാഷ്ടീയക്കാരുടെ രീതിയേയും ഒരു ഇന്ത്യന്‍ പ്രണയ കഥയില്‍ പരിഹാസ രൂപേണ പറഞ്ഞു വെക്കുന്നുണ്ട്. കാണുന്നവരുടേയും കേള്‍ക്കുന്നവരുടേയും ചരിത്ര ബോധത്തെയും സാമാന്യ ബുദ്ധിയേയുമെല്ലാം വെല്ലുവിളിക്കുന്നതോ പരിഹസിക്കുന്നതൊ ആയ കാര്യങ്ങള്‍ ടി.വി.ചാനലിനു മുമ്പില്‍ വന്നിരുന്നു പറയുവാന്‍ രാഷ്ടീയക്കാര്‍ക്ക് യാതൊരു മടിയും ഇല്ല എന്ന് പ്രേക്ഷകര്‍ ദിവസവും കണ്ടു കൊണ്ടിരിക്കുന്നതാണ്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവായ പഴയ തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി.കേശവന്‍ ആയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമചര്‍ച്ചക്കിടയില്‍ സംഘപരിവാറിന്റെ കേരളത്തിലെ ബുദ്ധിജീവികളില്‍ ഒരാളും ജനം ടി.വിയിലെ പൊളിച്ചെഴുത്ത് എന്ന പരിപാടിയുടെ അവതാരകനുമായ ടി.ജി.മോഹന്‍ ദാസ് പറഞ്ഞത് ആ വാചകം പറഞ്ഞത് കെ.ദാമോദരനാണ് എന്നാണ്. ഡി.വൈ.എഫ്.ഐ നേതാവും എം.എല്‍.എയുമായ എം.സ്വരാജ് ടി.ജിയുടെ തെറ്റ് ചൂണ്ടിക്കാണിച്ചെങ്കിലും തെറ്റ് തിരുത്താതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. അവതാരകനായ അഭിലാഷ് എന്റെ അറിവില്‍ സി.കേശവനാണ് അങ്ങിനെ പറഞ്ഞതെന്ന് നിറഞ്ഞ ചിരിയോടെ പറയുന്നുമുണ്ട്. വലിയ പരിഹാസമാണ് ടി.ജിക്കും സംഘപരിവാറിനും ഏറ്റുവാങ്ങേണ്ടിവരുന്നത്.

സോവിയറ്റ് യൂണിയന്‍ കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതെന്ന് കാസര്‍കോഡ് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണക്കിനു പരിഹാസം ഏറ്റുവാങ്ങുന്നുണ്ട്. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തവര്‍ക്ക് എങ്ങിനെയാണ് തങ്ങളുടെ സമരങ്ങളുടെ ഫലമാണ് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതെന്ന് അവകാശപ്പെടാനാകുക എന്ന് എതിര്‍ പക്ഷം ചോദിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി.ജോഷിക്ക് മഹാത്മാഗാന്ധി എഴുതിയ കത്തുവരെ അവര്‍ പൊടിതട്ടിയെടുക്കുന്നു. ടി.ജി.മോഹന്‍ ദാസിന്റേയും കോടിയേരിയുടേയും അറിവുകേടും തെറ്റായ അവകാശവാദങ്ങളുമെല്ലാം പരിഹസിക്കപ്പെടുന്നതും ഇന്ത്യന്‍ പ്രണയകഥയില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്ന രാഷ്ടീയ നേതാവിന്റെ ഉള്‍പ്പെടെ വിവിധ ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. രാഷ്ടീയക്കാരുടെ നട്ടാല്‍ കിളിക്കാത്ത നുണകളും, കൌശലങ്ങളും, കുതന്ത്രങ്ങളും, ജനവഞ്ചനയുമെല്ലാം മുമ്പേ കാണിച്ചു തുടങ്ങി മുമ്പേ നടക്കുകയാണ് സത്യന്‍ അന്തിക്കാട്.

Satheesh Kareeppadath

Satheesh Kareeppadath | Overseas Editor