സൂപ്പർ ഹിറ്റ് വിജയങ്ങൾ ആവർത്തിക്കുന്ന നടൻ പൃഥ്വിരാജ് സാറ്റലൈറ്റ് റൈറ്റ്സ് നേടുന്നതിലും പുതിയ റെക്കോഡിനുടമയായി. പൃഥ്വിരാജിനെ നായകനാക്കി ആർ എസ് വിമൽ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീൻ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ആറ് കോടി 87 ലക്ഷം രൂപ ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റ് ആയി ലഭിച്ചു. മലയാളത്തിലെ ഏറ്റവും ഉയർന്ന സംപ്രേഷണാവകാശ തുകയാണ് എന്ന് നിന്റെ മൊയ്തീന് ലഭിച്ചിരിക്കുന്നത്.
സിനിമ തിയറ്ററുകളിലെത്തും മുമ്പേ സംപ്രേഷണാവകാശം വിൽക്കുന്ന പതിവിൽ നിന്ന് മാറി സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം സാറ്റലൈറ്റ് അവകാശം നൽകിയ ചിത്രവുമായി എന്ന് നിന്റെ മൊയ്തീൻ. 9 കോടി രൂപാ മുതൽമുടക്കിലാണ് നവാഗതനായ ആർ എസ് വിമൽ എന്ന് നിന്റെ മൊയ്തീൻ ഒരുക്കിയത്.
പ്രേമം, പത്തേമാരി, ഭാസ്‌കർ ദ റാസ്‌കൽ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളുടെ റെക്കോഡ് തകർത്താണ് എന്ന് നിന്റെ മൊയ്തീൻ സംപ്രേഷണാവകാശം വിറ്റുപോയത്. ലൈഫ് ഓഫ് ജോസൂട്ടി സൂര്യാ ടിവി 5 കോടി 70 ലക്ഷത്തിനാണ് സ്വന്തമാക്കിയിരുന്നത്. അമർ അക്ബർ അന്തോണി 5 കോടിയും സ്വന്തമാക്കി. ഭാസ്‌കർ ദ റാസ്‌കൽ അഞ്ച് കോടി 75 ലക്ഷവും നേടി.
നേരത്തെ മോഹൻലാൽ,ദിലീപ് ചിത്രങ്ങൾക്കാണ് ടെലിവിഷൻ സംപ്രേഷണാവകാശ തുകയിൽ മുൻതൂക്കമുണ്ടായിരുന്നത്. ഈ നിരയിലേക്ക് പൃഥ്വിരാജും നിവിൻ പോളിയും ഇപ്പോൾ എത്തിയിരിക്കുകയാണ്. തിയറ്ററുകളിൽ നിന്ന് 45 കോടിക്ക് മുകളിൽ ഗ്രോസ്കളക്ഷനായും എന്ന് നിന്റെ മൊയ്തീൻ സ്വന്തമാക്കിയിരുന്നു.
സൂര്യാ ടിവിയാണ് സമീപകാലത്ത് വൻ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നത്. എന്ന് നിന്റെ മൊയ്തീൻ ഏഷ്യാനെറ്റ് സ്വന്തമാക്കിയതോടെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നതിൽ ഏഷ്യാനെറ്റ് വീണ്ടും മുന്നിലെത്തിയിരിക്കുകയാണ്.