മലയാളം ഇ മാഗസിൻ.കോം

കൊല്ലം ശാസ്താംനടയിൽ ഭർതൃവീട്ടിൽ മരണപ്പെട്ട പെൺകുട്ടി നേരിട്ടത്‌ സമാനതകളില്ലാത്ത പീഡനമെന്ന്, ഭർത്താവ്‌ ഒളിവിൽ

സ്ത്രീധന പീഡനം അതിരുകടക്കുന്നു. പണത്തിനും പ്രതാപത്തിനും ,ലെെംഗീകബന്ധത്തിനുമായി മാത്രം സ്ത്രീയെ ഉപയോഗിക്കുന്ന നിഷ്ടൂരമായ ഈ സമൂഹത്തിന്റെ കാഴ്ചപ്പാട് ചെന്നെത്തിക്കുന്നത് ഓരോ പെൺ ജീവനുകളുടെയും ആത്മഹത്യയിലാണ് അല്ലെങ്കിൽ കൊലപാതകത്തിൽ . എത്ര നീചമായ സാമൂഹ്യ മനസ്ഥിതി . ഇപ്പോഴിതാ ഒരു പെൺകുട്ടികൂടി സ്ത്രീധന പീഢനത്താൽ ജീവിതം അവസാനിപ്പിച്ച് കടന്നു പോയി . എന്നാണ് ഈ ദുരവസ്ഥക്ക് ഒരു അന്ത്യം ഉണ്ടാകുക ?സ്ത്രീധന സമ്പ്രദായം വ്യാപകമായതോടെ സ്വര്‍ണം, സ്വത്ത്, പണം, വീട്, വാഹനങ്ങള്‍ എന്നിവ സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗമായി വിവാഹത്തെ കാണുന്നു.

ഒരു വിവാഹം കഴിഞ്ഞാൽ അല്ലെങ്കിൽ ,വിവാഹ ആലോചനകൾ നടക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപെടുന്നത് പെൺ എന്ത് കൊണ്ടുവന്നു അല്ലെങ്കിൽ പെണ്ണിന് എന്ത് കൊടുക്കും ? ഇപ്പോഴിതാ കൊല്ലം ശാസ്താംകോട്ടയ്ക്ക്ടുത്ത് ശാസ്തനടയില്‍ സ്ത്രീധന പീഡനം സഹിക്ക വയ്യാതെ വിസ്മയ എന്ന പെൺകുട്ടിയും ആത്മഹത്യ ചെയ്തു . മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറാണ് ഭർത്താവ് . അതിന്റെ കാരണവും ഭിന്നമല്ല സ്ത്രീധന പീഡനം തന്നെ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഒരു കാര്യമല്ല . പെൺ ജീവിതങ്ങളെ ബലിയാടാക്കാൻ മാത്രം തുനിഞ്ഞിറങ്ങിയ വിവാഹ വീരൻമ്മാർ ഉള്ളിടത്തോളം കാലം ഈ അനീതി തുടരുക താനാണ് ചെയ്യും .ഒപ്പം തന്നെ ഇരുപത്തിമൂന്ന് കല്ല്യാണങ്ങള്‍ കഴിച്ച ‘വിവാഹവീരന്‍’ പോലീസ് വലയില്‍ കുടുങ്ങിയ വാര്‍ത്ത ഈയിടെ നാം വായിച്ചതാണ്.

കെല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയക്ക് ഭർത്താവായ കിരണിൽ നിന്നും നേരിടേണ്ടി വന്നത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ്. “നൂറ് പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം രൂപ വിലവരുന്ന ഒരു കാറുമായിരുന്നു വിസ്മയയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നത്. എന്നാൽ കാറ് ഭർത്താവ് കിരണിന് ഇഷ്ടപ്പെടാതെ വന്നതോടെയാണ് ക്രൂരപീഡനത്തിന് തുടക്കമായത്. കഴിഞ്ഞ വര്‍ഷമാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറും വിസ്മയയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിസ്മയ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി അടുത്തിടെയാണ് വിസ്മയ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകൾ തന്നോട് പറഞ്ഞെന്നും, എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് വിസ്മയയെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു..തുടര്‍ന്ന് കിരൺ വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിടുകയും വിസ്മയയെ അവിടെ വെച്ച് അടിക്കുകയും ചെയ്തു.തടയാൻ ശ്രമിച്ച വിസ്മയയുടെ സഹോദരനെയും അടിച്ചു. അതോടെ പരാതി നൽകുകയായിരുന്നു.ഒപ്പം തന്നെ പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കിരൺ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു

തുടർന്ന് കുറേനാൾ സ്വന്തം വീട്ടിൽ നിന്നതിനു ശേഷം വീണ്ടും ഭർതൃഗൃഹത്തിൽ വിസ്മയ തിരിച്ചെത്തി. പീഡനങ്ങൾ തുടർന്നു.അതേപ്പറ്റി വിസ്മയ ബന്ധുക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞ് മർദ്ദിച്ചതിൻ്റെ ചിത്രമടക്കം അയച്ചുകൊടുത്തിട്ടുമുണ്ട്.ഈ സാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പിതാവ് പോലീസിനെ അറിയിച്ചിട്ടുള്ളത്. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ഭർത്താവ് കിരൺ കുമാർ ഒളിവിൽ ആണ് എന്നതതും സംശയാസ്പദമായ ഒരു കാര്യം തന്നെയാണ് .

ഇവയൊക്കെ സത്യമെങ്കിൽ വീട്ടുകാരോട് ഒരു ചോദ്യം ,ആ പെൺകുട്ടിയുടെ മരണത്തിന് വീട്ടുകാർക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്വന്തം കൺമുമ്പിൽ മകൾ മർദ്ദിക്കപ്പെട്ടിട്ടും അപമാനിക്കപ്പെട്ടിട്ടും അതേ വീട്ടിലേക്ക് തിരികെ അയച്ചത് എന്തിന് ?
മകളുടെ ഭാവി , അവൾ വിവാഹ ബന്ധം വേർപെടുത്തിയാൽ ‘രണ്ടാം കെട്ടുകാരി ‘ എന്ന ചെല്ലപ്പേര് കിട്ടും ഇതൊക്കെ ആണ് നിങ്ങളെ അലട്ടുന്നതെങ്കിൽ ഈ പെൺകുട്ടിയുടെ ജീവന് വലുതായി ഒന്നും തന്നെയില്ലെന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിക്കണമായിരുന്നു.

അതിനെല്ലാം ഉപരി ഇതിനൊരു മറു വശവും ഉണ്ട് .ഏതെങ്കിലും പെൺകുട്ടി സാഹചര്യവുമായി പൊരുത്തപ്പെടാതെ സ്വന്തം വീട്ടിൽ തിരികെ വന്നാൽ സമൂഹം വെറുതെ വിടില്ല. അത് പേടിച്ചാണ് പലപ്പോഴും മാതാപിതാക്കൾ പോലും എത്ര ക്രൂരതകൾ നേരിട്ടാലും എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ പറഞ്ഞു തിരിച്ചയക്കുന്നത്. ഇങ്ങനെ ഉള്ള ഓരോ മരണങ്ങൾക്കും കുടുംബത്തിനൊപ്പം, സമൂഹത്തിനും തുല്യ പങ്കുണ്ട്. സമൂഹത്തെ ഭയന്ന് ഇങ്ങനെ ജീവിതം തള്ളി നീക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റിനും ഉണ്ട്‌ എന്നതാണ് വാസ്തവം .

കണ്ടു വളരുന്നതും പറഞ്ഞു പഠിപ്പിക്കുന്നതും സഹനത്തിൻ്റെ പാoങ്ങളാണ്.പ്രതിരോധത്തിൻ്റേതല്ല. ക്ഷമിക്കാനാണ് പഠിപ്പിക്കുന്നത്, പ്രതികരിക്കാനല്ല. കുടുംബത്തിൻ്റെ മാന്യതയെന്ന, സമൂഹത്തിലെ സൽപേരെന്ന തൊട്ടാലുടയുന്ന മുട്ടത്തോടുകൾക്കുള്ളിൽ വളരുന്ന എത്ര പെൺകുട്ടികൾക്ക് പ്രതികരണശേഷിയുണ്ടാവും? സ്ത്രീധനം മാത്രമല്ല പീഡിപ്പിക്കാനുള്ള കാരണം.പുരുഷന് Frustratio‌n വരുമ്പോ തീർക്കാനുള്ള ഉപകരണമാണ് പലപ്പോഴും സ്ത്രീശരീരം. ഇമോഷണലി, ഫിസിക്കലി ടോർച്ചറിംഗ് അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ .

“A divorced daughter is better than a dead daughter “എന്നല്ലേ പറയുക ?
എല്ലാം ശരിയാണ്. വിവാഹത്തെക്കുറിച്ചും കുടുബ ജീവിതത്തെക്കുറിച്ചുമുള്ള വേരുറച്ച, തലതിരിഞ്ഞ സങ്കല്പങ്ങളെ പിഴുതെറിയുക തന്നെ വേണം. ഇത്തരം ക്രൂരത കാട്ടുന്നവരെ കഠിനമായി ശിക്ഷിക്കണം .ഒരു സത്യാവസ്ഥ പറയാതെ വയ്യ . പെൺകുട്ടി പീഡനത്തെ തുടർന്നു മരിക്കയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ മാത്രമെ നമ്മുടെ സമൂഹം നീതിക്ക് വേണ്ടി അലമുറയിടൂ… പെൺകുട്ടി ഇതിനെതിരെ പൊരുതി ജീവിക്കാൻ എങ്ങാനും തീരുമാനിച്ചാൽ ആ “പാവം” പുരുഷനും കുടുംബത്തിനും നീതിക്ക് വേണ്ടി ഇതേ സമൂഹം ആക്രോശിക്കും.

കഴുത്തിലെ താലിനൂലു കൊണ്ടല്ല , മനസ്സിലെ പ്രേമനൂലുകൊണ്ടാവണം സ്ത്രീ -പുരുഷന്മാരെ ബന്ധിപ്പിക്കേണ്ടത് . ഇതിനെതിരെ തുറന്നു ശക്തമായി പ്രതികരിക്കണം. “ഞാനുൾപ്പെടുന്ന സമൂഹം മാറേണ്ടിയിരിക്കുന്നു ഒരുപാട്” …..!!! “പൊന്നുപോലെ വളർത്തിയ പെൺമക്കളെ അറവു മാടുകളെപ്പോലെ വിലപേശി വിൽക്കാതിരിക്കുക”…..!!!

ആതിര വി ശിവൻ

Avatar

Staff Reporter