മലയാളം ഇ മാഗസിൻ.കോം

ഇനിയില്ല ശാസ്താംകോട്ട നീലകണ്ഠൻ, വേദനയുടെ ലോകത്തുനിന്നും എന്നന്നേക്കുമായി മോചനം

ശാസ്താംകോട്ട ക്ഷേത്രത്തിലെ ആന നീലകണ്ഠൻ ചരിഞ്ഞു. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വച്ചാണ്‌ ചികിത്സയിലിരിക്കെ നീലകണ്ഠൻ ചരിഞ്ഞത്‌. പ്രവാസി ബിസിനസുകാരനായ ശാസ്താകോട്ട അജിത്‌ കുമാർ ആണ്‌ ശാസ്താ ക്ഷേത്രത്തിലേക്ക്‌ ആനയെ വർഷങ്ങൾക്ക്‌ മുൻപ്‌ നടയ്ക്കിരുത്തിയത്‌. നീലകണ്ഠനെക്കുറിച്ച്‌ ശാസ്താകോട്ട സ്വദേശിയും മലയാളം ഇമാഗസിൻ.കോം സാരഥിയുമായ സന്ദീപ്‌ ശശികുമാർ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റ്‌ വായിക്കാം.

ഓർമ്മയിൽ മണികണ്ഠൻ എന്ന ആനയാണ്‌ ഞങ്ങളുടെ കോട്ടേലമ്പലത്തിലെ ആദ്യത്തെ ആന. ശാസ്താംകോട്ട മണികണ്ഠൻ എന്നാൽ കോട്ടേക്കാർക്ക്‌ അഭിമാനം ആയിരുന്ന ഒരു കാലം. ഇന്നും ശാസ്താംകോട്ടയിലെ പലവീടുകളുടെയും ഭിത്തിയിൽ ശാസ്താകോട്ട മണികണ്ഠന്റെ ചില്ലിട്ടു വച്ചിരിക്കുന്ന ചിത്രം കാണാം. വളരെക്കുറച്ച്‌ വർഷങ്ങൾ മാത്രമേ മണികണ്ഠൻ ശാസ്താംകോട്ട അമ്പലത്തിൽ സേവനം അനുഷ്ടിച്ചിരുന്നുള്ളു. അൽപം പ്രായമായ ആനയെ ആയിരുന്നു ക്ഷേത്രത്തിലേക്ക്‌ വാങ്ങിയത്‌. (അന്ന് അതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അറിയില്ല) ഉദര സംബന്ധമായ രോഗം ബാധിച്ച്‌ 2000ൽ ആണെന്ന് തോന്നുന്നു മണികണ്ഠൻ ചെരിഞ്ഞത്‌. ആദ്യമായി ഒരു ആന ചെരിഞ്ഞതും അതിനെ പോസ്റ്റുമോർട്ടം ചെയ്ത്‌ അടക്കം ചെയ്യുന്നതുമെല്ലാം കാണാൻ ഇടയായി. ആ ദിവസം ശാസ്താംകോട്ടക്കാർക്ക്‌ മുഴുവൻ കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയും ദു:ഖവും ആയിരുന്നു ഉണ്ടായിരുന്നത്‌. നാടു മുഴുവൻ ക്ഷേത്രത്തിലേക്ക്‌ ഒഴുകിയെത്തി.

അതിനു ശേഷം ക്ഷേത്രത്തിലേക്ക്‌ ഒരു ആനയെ വാങ്ങാൻ പിരിവും കാര്യവുമൊക്കെ നടന്നിരുന്നു. (ആ പൈസ ഇപ്പോൾ എവിടെ എന്നറിയില്ല) പിന്നീടാണ്‌ പ്രവാസി ബിസിനസുകാരനായ ഒരു ശാസ്താംകോട്ടക്കാരൻ നീലകണ്ഠൻ എന്ന കുഞ്ഞാനയെ ശാസ്താകോട്ട ശാസ്താവിന്‌ മുൻപിൽ നടക്കിരുത്തുന്നത്‌. ഇതിനോടൊപ്പം മറ്റൊരു ആനയെയും ഒരാൾ നടയ്ക്കിരുത്താൻ മുന്നോട്ടു വന്നതായും അറിവുണ്ട്‌. എന്നാൽ രണ്ടാമതൊരു ആനയെ കൂടി പോറ്റുന്ന ഭാരിച്ച ചിലവ്‌ സഹിക്കാൻ കഴിയില്ലെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം കാരണം ആ ആന ക്ഷേത്രത്തിൽ എത്തിയില്ല. അങ്ങനെ മണികണ്ഠൻ ആനയുടെ പിൻഗാമിയായി നീലകണ്ഠൻ ശാസ്താവിന്റെ തോഴനായി എത്തി അവൻ ശാസ്താംകോട്ട നീലകണ്ഠൻ എന്നറിയപ്പെട്ടു. ആദ്യ നാളുകളിൽ കുട്ടിക്കുറുമ്പും പിടിവാശിയുമൊക്കെ കാണിച്ച്‌ അവൻ നാട്ടുകാരുടെ പ്രീയപ്പെട്ടവനായി മാറുകയായിരുന്നു. പതിയെ പതിയെ കോട്ടേക്കാർ മണികണ്ഠനെ മറന്നു തുടങ്ങി.

എന്നാൽ സന്തോഷം അധികം കാലം നീണ്ടു നിന്നില്ല. നീലകണ്ഠൻ പിന്നീട്‌ നാടിന്റെ തീരാദു:ഖമായി മാറുന്ന കാഴ്ചയാണ്‌ കണ്ടു തുടങ്ങിയത്‌. അവന്റെ മുൻ കാലിന്റെ ശേഷി നഷ്ടപ്പെടാൻ തുടങ്ങിയത്‌ ഏവരെയും ഞെട്ടിച്ചു. (ചട്ടം പഠിപ്പിക്കുന്ന സമയത്ത്‌ അടികൊണ്ടാണ്‌ കാല്‌ ഒടിഞ്ഞതെന്നും എന്നാൽ വാദത്തിന്റെ പ്രശ്നമാണെന്നും രണ്ട്‌ അഭിപ്രായങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്‌, സത്യാവസ്ഥ ഇപ്പോഴും അഞ്ജാതം). ദേവന്റെ തിടമ്പേറ്റിയിരുന്ന, മറ്റ്‌ ക്ഷേത്രങ്ങളിൽ എഴുന്നള്ളത്തിന്‌ ശാസ്താംകോട്ട നീൽകണ്ഠൻ എന്ന അടയാളവുമായി പോയിരുന്ന കൊമ്പൻ പതിയെ പതിയെ മാറ്റി നിർത്തപ്പെട്ടു. കോട്ടേലെ ഉത്സവത്തിനു പോലും ദേവന്റെ തിടമ്പ്‌ ഏറ്റാൻ കഴിയാതെ, മറ്റ്‌ കൊമ്പന്മാർ തന്റെ ഇഷ്ടദേവന്റെ തിടമ്പ്‌ എടുത്ത്‌ തല ഉയർത്തി നിൽക്കുന്നത്‌ കണ്ടു കൊണ്ട്‌ മാറി നിൽക്കാൻ അവൻ വിധിക്കപ്പെട്ടു.

മഴയും വെയിലും കൊണ്ട്‌ തളർന്നു നിന്ന അവന്റെ ദൈന്യത കണ്ട്‌ നടയ്ക്കിരുത്തിയ ആൾ തന്നെ അവന്‌ ഒരു കൊട്ടിലും പണിത്‌ നൽകി. മെച്ചപ്പെട്ട ചികിത്സ നൽകാൻ താൻ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ഫലവത്തായില്ലെന്ന് മാത്രമല്ല നിരന്തരം കെട്ടിയിടപ്പെട്ട്‌ അവന്റെ പിൻകാലുകളിൽ വ്രണങ്ങൾ വന്നു തുടങ്ങിയിരുന്നു. അക്ഷരാർത്ഥത്തിൽ നരകയാതയായിരുന്നു നീലകണ്ഠൻ അനുഭവിച്ചുകൊണ്ടിരുന്നത്‌. മൃഗസ്നേഹികളുടെയും നല്ലവരായ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശ്രമഫലങ്ങൾ മൂലം ഒടുവിൽ അവനെ വിദഗ്ദ സുഖ ചികിത്സയ്ക്കായി തിരുവനന്തപുരം കോട്ടൂർ ആന സങ്കേതത്തിൽ എത്തിച്ചു.

കോട്ടൂർ എത്തിയിട്ട്‌ ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. ഇവിടെ ചികിത്സയൊക്കെ നൽകുന്നുണ്ടെന്നും ആന സുഖം പ്രാപിച്ച്‌ വരുന്നുണ്ടെന്നും ഇടയ്ക്കൊക്കെ കേട്ടിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ കേൾക്കുന്നത്‌ ശാസ്താംകോട്ടക്കാരെ സംബന്ധിച്ച്‌ ഏറെ ദു:ഖമുണ്ടാക്കുന്ന വാർത്തയാണ്‌. അവരുടെ ശാസ്താകോട്ട നീലകണ്ഠന്റെ 70% അവയവങ്ങളുടെയും പ്രവർത്തനം ഏതാണ്ട്‌ നിലച്ച മട്ടാണത്രെ. ഇനി നീലകണ്ഠൻ എത്ര നാൾ ഉണ്ടാകുമെന്ന് ഉറപ്പില്ല. (ഈ കുറിപ്പെഴുതി 2 ദിവസത്തിനു ശേഷമാണ്‌ ആന ചരിഞ്ഞത്‌) ഒരുപക്ഷെ ഏതെങ്കിലുമൊരു കാട്ടിൽ കളിച്ച്‌ നടന്ന് കാലക്രമേണ കൊമ്പനായി വിലസേണ്ട ഒരു ആനയെ ഈ വിധം ആക്കിയവർക്ക്‌ കാലം മാപ്പു തരില്ല. (ആനയെ എന്നും വന്യമൃഗം (Wild Animal) എന്ന് വിശേഷിപ്പിക്കാൻ തന്നെയാണ്‌ എനിക്ക്‌ വ്യക്തിപരമായി ഇഷ്ടം.

Update: ഇനിയില്ല ശാസ്താംകോട്ട നീലകണ്ഠൻ, വേദനയുടെ ലോകത്തുനിന്നും എന്നന്നേക്കുമായി മോചനം… 🌹ഓർമ്മയിൽ മണികണ്ഠൻ എന്ന…

Posted by Sandeep Sasikumar on Friday, December 27, 2019

Staff Reporter