മലയാളം ഇ മാഗസിൻ.കോം

ശാസ്താകോട്ട കായലിന്റെ കാമുകൻ കാണുന്നുണ്ടോ അങ്ങയുടെ കാമുകിയുടെ ജീവൻ നിലനിർത്താൻ ഈ നാട്ടുകാർ ചെയ്യുന്നത്‌ എന്തൊക്കെയാണെന്ന്?

കേരളത്തിൽ കൊല്ലം ജില്ലയിൽ ശാസ്താംകോട്ട എന്നൊരു സ്ഥലം ഉണ്ട് അത് അറിയാമോ എന്നു ചോദിച്ചാൽ പലരും ഇല്ലാ എന്നു മറുപടി നല്കിയേക്കാം എങ്കിലും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ആയ ശാസ്‌താംകോട്ട കായലിനെ അറിയാത്തവർ ഉണ്ടാവില്ല. വെറും ഒരു കായൽ അല്ല ശാസ്‌താംകോട്ട നിവാസികൾക്ക് ഇത്. കായൽ ശാസ്‌താംകോട്ടക്കാരുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണ്.

\"\"

കേരളത്തിലെ ഏക ശുദ്ധജലതടാകം, അന്തര്ദേശീയ റാംസർ തണ്ണീർത്തടം, മൂന്നു പഞ്ചായത്തുകളിൽ 20 കിലോമീറ്ററിലധികം തീരനീളം, മൊട്ടക്കുന്നുകൾക്ക് നടുവിൽ മനം മയക്കുന്ന സൗന്ദര്യം, കൊല്ലം നഗരത്തിലും അനവധി പഞ്ചായത്തുകളിലും നീരൂട്ടുന്ന സ്രോതസ് അങ്ങിനെ വിശേഷണങ്ങൾ പലതും പലരും പലകുറി ചാർത്തി തന്നിട്ടുണ്ട്.

\"\"

ശാസ്താംകോട്ട, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലായി 20 കിലോമീറ്ററിൽ അധികം വ്യാപിച്ചുകിടന്നിരുന്ന ഈ തടാകം ഇന്ന് ശാസ്‌താംകോട്ടക്കാർക്ക് നെഞ്ചു നീറ്റുന്ന വിങ്ങൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തിളയ്ക്കുന്ന വേനൽ കാരണം തടാകക്കര വിണ്ടുകീറിയപ്പോൾ ഒരു കാലത്ത് ശാസ്‌താംകോട്ടയുടെ മാറ്റ് കൂട്ടിയിരുന്ന ഈ സൗന്ദര്യ റാണിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകുമോ എന്നു ഭയക്കാത്ത ശാസ്‌താംകോട്ട നിവാസികൾ ഇല്ല.

\"\"

മുൻപൊക്കെ തറനിരപ്പിൽ നിന്നും ഏകദേശം രണ്ടാൾപ്പൊക്കം വരെ ഉണ്ടായിരുന്ന വെള്ളം കൊടുംവേനലിനൊപ്പം മണലൂറ്റും ചെളിയെടുപ്പും കൂടിയായതോടെ കായലിന്റെ നാശം പൂര്ണമാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിച്ചു.

കഴിഞ്ഞ വർഷത്തെ ഗൂഗിൾ മാപ്പ് പ്രകാരം 2011 മുതൽ 2017 വരെ എത്തിയപ്പോൾ കായലിലെ ജലനിരപ്പ് 30 ശതമാനത്തിൽ അധികമായി കുറഞ്ഞു. ദിവസനേ 3 കോടി ലിറ്റർ വെള്ളമാണ് ശാസ്താംകോട്ട തടാകത്തിൽ നിന്നും കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിയിരുന്നത് എന്നാണ് ജലസേചന വകുപ്പിന്റെ കണക്കുകൾ പോലും പറയുന്നത്. എന്നാൽ ഇന്നതിന്റെ നേർപകുതിയായി കായലും കായലിലെ ജലവും ചുരുങ്ങി.

\"\"

ഇതിനെല്ലാം പുറമെ വടക്കൻ അമേരിക്കൻ രാഷ്ട്രങ്ങളിൽ അക്വേറിയങ്ങളിൽ മീൻ വളർത്താൻ ഉപയോഗിച്ചിരുന്ന കരുമ്പ കാരോലിയൻ എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഒരു തരം മുള്ളൻ പായൽ ആണ് ഇന്ന് ശാസ്‌താംകോട്ടക്കാരുടെ ഈ നീരുറവയെ കാർന്നു തിന്നുന്നത്.

അധികാരികൾ കണ്ണുതുറക്കും എന്നും ശാസ്‌താംകോട്ടയുടെ ഈ പുണ്യ ജലസ്രോതസിനെ രക്ഷിക്കും എന്നൊക്കെയുള്ള മൂഢ ധാരണകൾ ഒരിക്കലും സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നം മാത്രമാണെന്ന് ഇന്ന് ശാസ്‌താംകോട്ടയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കൂട്ടം യുവ തലമുറ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

\"\"

കായൽ നിലനിർത്തേണ്ടത് ഞങ്ങൾ ഓരോരുത്തരുടെയും കടമ ആണെന്ന തിരിച്ചറിവ് അവർക്ക് ഉള്ളത് കൊണ്ട് തന്നെ അവർ ഒരു ഉറച്ച തീരുമാനവും എടുത്തു കഴിഞ്ഞു. ഇനി ആർക്കുമുന്നിലും കായലിനെ സംരക്ഷിക്കുന്ന കാര്യത്തിനായി യാചിക്കുവാൻ അവർ ഇല്ല. പകരം ഇനി അവരാണ് സംരക്ഷകർ.

സമൂഹമാധ്യമങ്ങൾ എന്നത് വെറും ഒരു സമയംകൊല്ലി കഥാപാത്രമായി കൂടെ കൊണ്ട് നടക്കാൻ ഉള്ളത് അല്ലെന്നും സമൂഹമാധ്യമങ്ങൾ വഴി ഒന്നിച്ചു പ്രയത്നിച്ചാൽ പലതും സാധ്യമാക്കാൻ പറ്റും എന്നും പലരും തെളിയിച്ച പാതയിലൂടെ ഇനി ഇവരും സഞ്ചരിക്കുകയാണ്.

\"\"

\”നമ്മുടെ കായൽ \” എന്ന വാട്സ്ആപ് ഗ്രൂപ് ഇനിയും കണ്ണു തുറന്നിട്ടില്ലാത്ത അധികാരികളുടെ മുന്നിലൂടെ വിജയകരമായി മുന്നേറുകയാണ്. പ്രായഭേദമില്ലാതെ മുതിർന്നവരും കുട്ടികളും അടക്കം ഉള്ള ഒരു കൂട്ടം ജനത ഞായറാഴ്ച ദിവസങ്ങൾ കേന്ദ്രീകരിച്ച് കായലിലെ പായൽ നീക്കുന്നതിനായുള്ള ശുദ്ധീകരണ പ്രവർത്തികൾ നടത്തി വരികയാണ്.

വെള്ളത്തിൽ അഴുകി ചേർന്ന് ജലം മലിനമാക്കുന്ന ഈ പായലിനെയും കളകളെയും കയർ ഉപയോഗിച്ച് വൃത്തിയാക്കി കരയ്ക്കെത്തിക്കുകയാണിവർ ചെയ്യുന്നത്. സംരക്ഷണം ലഭിച്ചാൽ എന്നും കായൽ ഇതുപോലെ തന്നെ ഉണ്ടാകും എന്നും പായലുകൾ വൃത്തിയാക്കി കഴിയുമ്പോൾ ഉറവകൾ രൂപപ്പെടുന്നുണ്ട് എന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവർ പറയുന്നു. അധികാരികൾ ശ്രമിച്ചാൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ശുചീകരണം പെട്ടെന്ന് സാധ്യമാകും.

\"\"

കായലിലെ മത്സ്യ സമ്പത്തിനെ പോലും നശിപ്പിക്കുന്ന ഈ വിപത്തിനെ തടയാൻ കായൽ സംരക്ഷണ സമിതി എന്നൊരു വലിയ കൂട്ടായ്മ ആണ് ഇവരുടെ ഇനിയുള്ള ലക്ഷ്യം. ഇവിടെ മതം ഇല്ല, ജാതി ഇല്ല, രാഷ്ട്രീയം ഇല്ല, വര്ണവിവേചനങ്ങൾ ഒന്നും ഇല്ല. ഇവരാരും പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും ഇവർ ഒന്നിച്ചു നിന്ന് കായലിനെ സംരക്ഷിക്കാൻ ഇനിയുള്ള ദിവസങ്ങളിൽ ഇതിലും മികച്ച രീതിയിൽ ഇനിയും പ്രവർത്തിക്കും.

കാരണം ശാസ്‌താംകോട്ടക്കാർക്ക് വെറും ഒരു കായൽ അല്ലിത്… അവരുടെ വിശ്വാസങ്ങളുടെ ജീവിതങ്ങളുടെ ഒരു ഭാഗമാണ്…, അവരുടെ വികാരമാണ്, അവരുടെ സ്വപ്നങ്ങളാണ്. ന്യൂജനറേഷൻ വാക്കുകൾ കടമെടുത്താൽ ചങ്കാണ്… ചങ്കിടിപ്പാണ്… ചങ്കിലെ ചോരയാണ്… അതുകൊണ്ട് ഒരു അധികാരിയും കനിഞ്ഞില്ലെങ്കിലും സംരക്ഷിക്കാൻ മനസാക്ഷി മരവിക്കാത്ത ഒരു കൂട്ടം ആൾക്കാർ ഇനിയും ഇവിടെ ഉണ്ടാകും!

മാളു ഷഹീർഖാൻ – എക്സിക്യൂട്ടീവ്‌ എഡിറ്റർ
(ശാസ്താംകോട്ട കായലിന്റെ അരികത്ത്‌ ജനിച്ച്‌ വളർന്നവൾ)

Malu Sheheerkhan

Malu Sheheerkhan | Executive Editor